Connect with us

masjid al haram

റമസാൻ 29-ാം രാവ്: മസ്ജിദുൽ ഹറമിലെ ഖത്മുൽ ഖുർആനിൽ പങ്കെടുത്തത് കാൽക്കോടി വിശ്വാസികൾ

മസ്ജിദുൽ ഹറമിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തിരക്കായിരുന്നു ഇരുപത്തി ഒമ്പതാം രാവിൽ അനുഭവപ്പെട്ടത്.

Published

|

Last Updated

മക്ക | വിശുദ്ധ മക്കയിലെ മസ്ജിദുൽ ഹറമിൽ റമസാൻ  29-ാം രാവിൽ നടന്ന ഖത്മുൽ ഖുർആനിൽ രാജ്യത്തിനകത്തും പുറത്തും നിന്നുമായി 25 ലക്ഷം വിശ്വാസികൾ പങ്കെടുത്തതായി സഊദി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. പുണ്യങ്ങളുടെ പൂക്കാലമായ റമസാനിലെ അവസാന ദിനങ്ങളില്‍ ആരാധനകളിൽ മുഴുകാനും ഉംറ നിർവഹിക്കുന്നതോടൊപ്പം ഖത്മുൽ ഖുർആനിൽ പങ്കെടുക്കുന്നതിനുമായിരുന്നു വിശ്വാസികൾ ഹറമിലേക്ക് ഒഴുകിയെത്തിയത്. മസ്ജിദുൽ ഹറമിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തിരക്കായിരുന്നു ഇരുപത്തി ഒമ്പതാം രാവിൽ അനുഭവപ്പെട്ടത്.

മസ്ജിദുൽ ഹറമിലെ ഖത്മുൽ ഖുർആൻ പ്രാർഥനക്ക് ഇരു ഹറം കാര്യാലയ മേധാവിയും ഹറം ഇമാമുമായ ഡോ.ശൈഖ് അബ്ദുർറഹ്മാൻ അൽ സുദൈസ് നേതൃത്വം നൽകി. റമസാൻ അവസാന ദിനങ്ങളിലേക്ക് കടന്നതോടെ രാവിലെ മുതൽ ഹറമും പരിസരവും വിശ്വാസികളാൽ നിറഞ്ഞു കവിഞ്ഞിരുന്നു. ഈദുൽഫിത്വർ അവധികൂടി ലഭിച്ചതോടെ സഊദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തീർഥാടകർ ചൊവ്വ മുതൽ തന്നെ ഹറമിലെത്തിച്ചേർന്നു.

നേരത്തെ തറാവീഹ് നമസ്‌കാരത്തിലായിരുന്നു ഖത്മുല്‍ ഖുര്‍ആന്‍ പ്രാര്‍ഥന നടന്നിരുന്നത്. എന്നാല്‍ കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍  കഴിഞ്ഞ മൂന്ന് വർഷമായി ഖത്മുല്‍ ഖുര്‍ആന്‍  പാതിരാ നമസ്‌കാരത്തിലാണ് നടക്കുന്നത്. പ്രവാചക നഗരിയായ മദീനയിലെ മസ്ജിദുന്നബവിയിൽ ഇമാം ശൈഖ്  സലാ അൽ ബാദിറാണ് ഖത്മുൽ ഖുർആൻ പ്രാർത്ഥനക്ക് നേതൃത്വം നൽകിയത്.  നിയന്ത്രണങ്ങള്‍ പൂർണമായും ഒഴിവാക്കിയതോടെ ഈ വർഷം കനത്ത തിരക്കായിരുന്നു മക്കയിൽ അനുഭവപ്പെട്ടത്. തിരക്ക് ഒഴിവാക്കുന്നതിനായി ഈ വർഷം ഹറം പള്ളിയുടെ മുഴുവൻ ഭാഗങ്ങളും മുകൾഭാഗവും നിസ്കാരത്തിനായി സജ്ജമാക്കിയിരുന്നു, ഹറമിലേക്കുള്ള റോഡുകളും ഇടനാഴികളും  വിശ്വാസികളാൽ നിറഞ്ഞിരുന്നു.

സിറാജ് പ്രതിനിധി, ദമാം