Connect with us

Lokavishesham

ലോകത്തിന്റെ 2022

ഏഷ്യയില്‍ ചൈനയുടെ ആധിപത്യം സമ്പൂര്‍ണമായി ഊട്ടിയുറപ്പിക്കപ്പെടുന്ന ഭൗമ രാഷ്ട്രീയമാണ് പുലരാന്‍ പോകുന്നത്. ഇന്ത്യയുടെ അമേരിക്കന്‍ അനുകൂല നയം ഒരു ഭാഗത്ത്. സര്‍വ അയല്‍ക്കാരെയും വശത്താക്കി മുന്നേറുന്ന ചൈന മറുഭാഗത്ത്. ഇന്ത്യക്ക് ചൈന ഭീഷണിയാകുക അതിര്‍ത്തിയില്‍ മാത്രമായിരിക്കില്ല. പഴയ ശീതസമരത്തിന്റെ ആവര്‍ത്തനത്തിലേക്ക് റഷ്യ- യു എസ് ബന്ധം മാറുമ്പോള്‍ പ്രധാന കളിക്കാരന്റെ റോളിലാകും ചൈന.

Published

|

Last Updated

ഒരു വര്‍ഷം കടന്നു പോകുകയും മറ്റൊന്ന് കടന്നു വരികയും ചെയ്യുമ്പോള്‍ ഏറ്റെടുക്കേണ്ട ഏറ്റവും മഹത്തായ കര്‍ത്തവ്യം എന്താണ്? തിരുത്തല്‍ എന്നാണ് ഉത്തരം. പോയ കാലത്തിന്റെ അനുഭവങ്ങളെ മുന്‍നിര്‍ത്തി തെറ്റുകള്‍ തിരുത്താന്‍ സാധിക്കുന്നില്ലെങ്കില്‍ പുതുവര്‍ഷം എന്ന പ്രയോഗം തന്നെ അനര്‍ഥമായിത്തീരും. രോഗവ്യാപനത്തിന്റെ തിരമാലയില്‍ ആടിയുലഞ്ഞ വര്‍ഷമായിരുന്നു 2021. കൊവിഡ് സുനാമി ആഞ്ഞു വീശുമെന്നാണ് വര്‍ഷാന്ത്യത്തില്‍ ഡബ്ല്യു എച്ച് ഒ മുന്നറിയിപ്പ് നല്‍കുന്നത്. ഒമിക്രോണ്‍, ഡെല്‍റ്റ വകഭേദങ്ങളുടെ വ്യാപനം അതിവേഗമായിരിക്കും. മിക്ക രാജ്യങ്ങളുടെയും ആരോഗ്യ സംവിധാനത്തെയാകെ വൈറസ് തകര്‍ക്കും. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കുത്തനെ കൂടും. മരണവും വര്‍ധിക്കും- ഡബ്ല്യു എച്ച് ഒ മേധാവി ടെഡ്രോസ് അഥാനം പറയുന്നു. ഈ വാക്കുകള്‍ക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ എങ്ങനെയാണ് പുതുവത്സരം ആഘോഷിക്കുക? എങ്ങനെയാണ് ഹാപ്പി ന്യൂ ഇയര്‍ ആശംസിക്കാനാകുക? അഹങ്കാരങ്ങള്‍ അസ്തമിച്ച് നിസ്സാരനായിത്തീര്‍ന്ന, കൃത്യമായ ഉത്തരങ്ങളില്ലാത്ത മാനവ കുലത്തെയാണ് 2022ലും കാണുകയെന്ന് ആഗോള സംഭവവികാസങ്ങള്‍ ശ്രദ്ധിക്കുന്ന ആര്‍ക്കും പറയാനാകും. ഇത് കടുത്ത അശുഭാപ്തി വിശ്വാസമല്ലേ, ഇങ്ങനെയൊക്കെ പറയാമോ എന്നായിരിക്കും ചോദ്യം. ഏത് പ്രതിസന്ധിയെയും അതിജയിക്കാനുള്ള കരുത്ത് മാനവരാശിക്കുണ്ടെന്നതില്‍ തര്‍ക്കമില്ല. അതിനാല്‍ ദുരന്തങ്ങളല്ല, അവ നല്‍കുന്ന പാഠങ്ങള്‍ ഗൗനിക്കുന്നില്ലെന്നതാണ് യഥാര്‍ഥ ദുരന്തം.

വൈറസിന് അതിര്‍ത്തിയില്ല

കൊവിഡ് മഹാമാരിക്കെതിരായി ശാസ്ത്ര ലോകം മുന്നോട്ട് വെക്കുന്ന ഒരേയൊരു പരിഹാരം വാക്‌സീനുകളാണ്. വാണിജ്യ ഉത്പന്നങ്ങളാണ് അവ. കടുത്ത കിടമത്സരം നടക്കുന്ന മേഖലയാണ് അത്. ഫലപ്രാപ്തിയെക്കുറിച്ച് കാര്യമായ ചോദ്യങ്ങളില്ലാതെ വില്‍ക്കാനാകുന്ന ഉത്പന്നമാണ് അവ. ഇതൊക്കെയാണെങ്കിലും വാക്‌സീനെ തള്ളിപ്പറയാനാകില്ല. മറ്റുവഴികളില്ല എന്നത് തന്നെയാണ് കാരണം. അങ്ങനെയെങ്കില്‍ വാക്‌സീന്‍ വിതരണത്തിലെ ക്രൂരമായ വിവേചനം അവസാനിപ്പിക്കുകയെന്നതാകും ലോകത്തിന് മുന്നില്‍ 2022 വെക്കുന്ന മഹത്തായ തിരുത്തല്‍ ദൗത്യം. സമ്പന്ന രാജ്യങ്ങള്‍ പൂഴ്ത്തി വെച്ച വാക്‌സീന്‍ ഡോസുകള്‍ ഉപയോഗ ശൂന്യമായതിന്റെ കണക്കുകളാണ് ഇന്ന് ലോകത്തിന് മുന്നിലുള്ളത്. അമേരിക്കയാണ് ഇത്തരത്തില്‍ ക്രൂരമായ പൂഴ്ത്തി വെപ്പ് നടത്തിയതില്‍ മുന്നില്‍. ബൂസ്റ്റര്‍ ഡോസിനായി ഇനിയും വാക്‌സീനുകള്‍ സംഭരിച്ചു കൊണ്ടിരിക്കുകയാണ് ഇത്തരം രാജ്യങ്ങള്‍. ഇന്ത്യയെപ്പോലെ വാക്‌സീന്‍ ഉത്പാദനത്തില്‍ മുന്നോട്ട് പോയ വികസ്വര രാജ്യങ്ങളാണ് അല്‍പ്പമെങ്കിലും ഉത്തരവാദിത്വത്തോടെ പുറത്തേക്ക് വാക്‌സീന്‍ നല്‍കുന്നത്. ജി ഏഴ് രാജ്യങ്ങള്‍ നൂറ് കോടിയിലേറെ വാക്‌സീന്‍ ഡോസുകള്‍ വാഗ്ദാനം ചെയ്തത് ജൂണിലാണ്. പാലിക്കപ്പെട്ടിട്ടില്ല. നൂറ് രാജ്യങ്ങളിലായി 200 മില്യണ്‍ ഡോസ് സംഭാവന ചെയ്യുമെന്ന് ഒക്‌ടോബറില്‍ യു എസ് നടത്തിയ വാഗ്ദാനവും അവിടെ കിടക്കുന്നുണ്ട്. ഈ വാഗ്ദാനങ്ങളൊക്കെ പാലിക്കപ്പെട്ടാല്‍ തന്നെ ആഫ്രിക്ക, ഏഷ്യാ വന്‍കരകളിലെ അവികസിത രാജ്യങ്ങളുടെ വാക്‌സീന്‍ ആവശ്യം പരിഹരിക്കപ്പെടില്ല. അതത് രാജ്യങ്ങളില്‍ വാക്‌സീന്‍ നിര്‍മിക്കാനുള്ള സാഹചര്യമൊരുക്കുകയാണ് അനിവാര്യമായിട്ടുള്ളത്. അതിന് വന്‍കിട രാജ്യങ്ങളുടെ നിയന്ത്രണത്തിലുള്ള മരുന്ന് കമ്പനികള്‍ തയ്യാറാകുന്നതിന്റെ ഒരു സൂചനയും 2021 നല്‍കുന്നില്ല. തിരുത്താന്‍ തയ്യാറാകുന്നില്ലെന്ന് ചുരുക്കം. രാഷ്ട്രീയ ലാഭവും സാമ്പത്തിക ലാഭവും വേണ്ടെന്നു വെക്കാന്‍ വന്‍കിടക്കാര്‍ തയ്യാറാകില്ല. ഓര്‍ക്കണം. വൈറസിന് അതിര്‍ത്തിയില്ലെന്ന പ്രാഥമിക ബോധം പോലും ഉണരില്ല.

ആണവ കരാര്‍

ഡൊണാള്‍ഡ് ട്രംപ് ചവറ്റുകൊട്ടയിലെറിഞ്ഞ ഇറാന്‍ ആണവ കരാര്‍ വീണ്ടും പ്രാബല്യത്തിലാക്കുകയെന്നത് 2022 ആവശ്യപ്പെടുന്ന അനിവാര്യമായ തിരുത്തലാണ്. അന്താരാഷ്ട്ര കരാറുകളില്‍ നിന്നെല്ലാം ഭ്രാന്തമായി പിന്‍വാങ്ങിയ ട്രംപിസത്തിന്റെ കാലം കഴിഞ്ഞുവെന്നും യു എസ് പഴയ യു എസ് അല്ലെന്നും തെളിയിക്കാനുള്ള അവസരമാണ് ജോ ബൈഡന് കൈവന്നിരിക്കുന്നത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ഈ തിരുത്തലും സാധ്യമാകില്ലെന്നാണ് വ്യക്തമാകുന്നത്. ബരാക് ഒബാമയുടെ കാലത്ത് ഒപ്പുവെക്കുകയും ഡൊണാള്‍ഡ് ട്രംപ് റദ്ദാക്കുകയും ചെയ്ത ആണവ കരാര്‍ പുനഃസ്ഥാപിക്കുമെന്നത് ബൈഡന്റെ പ്രധാന പ്രഖ്യാപനമായിരുന്നു. രണ്ട് തലങ്ങളുണ്ട് ഈ കരാറിന്. ഒന്ന്, ഇറാന്‍ അതിന്റെ ആണവ പരീക്ഷണങ്ങള്‍ അന്താരാഷ്ട്ര പരിശോധനക്ക് വിധേയമാക്കണം. രണ്ട്, ഇറാനെതിരായ ഉപരോധം യു എസും മറ്റ് വന്‍ ശക്തികളും പിന്‍വലിക്കണം. കാര്യത്തോടടുത്തപ്പോള്‍ ബൈഡന്‍ ഭരണകൂടം ഉരുളല്‍ തുടങ്ങിയിരിക്കുന്നു. ഇറാന്‍ ആദ്യം ചുവട് വെക്കട്ടേയെന്നാണ് ബൈഡന്റെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറയുന്നത്. ആണവ പരിപാടികള്‍ പൂര്‍ണമായി നിര്‍ത്തി വെച്ചുവെന്ന് യു എസിന് ബോധ്യപ്പെട്ടാല്‍ മാത്രമേ ഉപരോധം പിന്‍വലിക്കുകയുള്ളൂ. ഈ നിലപാട് ഇറാനെ സമ്മര്‍ദത്തിലാക്കാനും ഇസ്‌റാഈലിനെ തൃപ്തിപ്പെടുത്താനും വേണ്ടിയാണെന്ന് വ്യക്തം. സമാധാനപരമായ ആണവ പരീക്ഷണത്തിന്, ഒരു വേള യുദ്ധാവശ്യത്തിനുള്ള പരീക്ഷണത്തിന് പോലും, ഇറാന് അര്‍ഹതയുണ്ട്. ആ സ്വാഭാവിക നീതിയുടെ വെളിച്ചത്തില്‍ നിന്ന് നോക്കുമ്പോള്‍ ബൈഡന്‍ ഭരണകൂടം ഇപ്പോഴെടുക്കുന്ന നിലപാട് ട്രംപിന്റെ തുടര്‍ച്ച തന്നെയാണ്. പുതിയ വര്‍ഷത്തിലും ഈ അനീതി തുടരാനാണ് സാധ്യത.

എണ്ണ രാഷ്ട്രീയം

ഓയില്‍ പൊളിറ്റിക്‌സില്‍ വലിയ മാറ്റങ്ങള്‍ക്ക്, പോസിറ്റീവായ മാറ്റങ്ങള്‍ക്ക് പുതിയ വര്‍ഷം സാക്ഷിയാകുമെന്നാണ് ഏറ്റവും ഒടുവില്‍ വന്ന സൂചനകള്‍. സഊദിയുമായുള്ള തന്ത്രപരമായ അകല്‍ച്ചക്ക് അമേരിക്ക മുതിരുന്നുവെന്നാണ് മനസ്സിലാകുന്നത്. ആഗോള എണ്ണ ഉത്പാദനം വര്‍ധിപ്പിക്കണമെന്ന ബൈഡന്റെ നിര്‍ദേശം അപ്പടി അനുസരിക്കാന്‍ സഊദിയുടെ നേതൃത്വത്തിലുള്ള ഒപെക്, ഒപെക് പ്ലസ് കൂട്ടായ്മ തയ്യാറായില്ല. ഇത് അമേരിക്കന്‍ ചേരിയെ വല്ലാതെ പ്രകോപിപ്പിച്ചു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ കൂടെക്കൂട്ടി പകരം ചോദിക്കാനിറങ്ങി യു എസ്. കരുതല്‍ ശേഖരത്തിലെ എണ്ണയെടുത്ത് വിപണിയിലിറക്കാനായിരുന്നു പദ്ധതി. പക്ഷേ, ഏശില്ലെന്ന് ഉറപ്പുള്ള തന്ത്രമായിരുന്നു അത്. ഏതായാലും ഒടുവില്‍ ഉത്പാദനം കൂട്ടാന്‍ ഒപെക് രാജ്യങ്ങള്‍ തയ്യാറായി. അത് പക്ഷേ അമേരിക്ക പറഞ്ഞ അളവിലോ സമയത്തോ ആകില്ല. ഏത് നിമിഷവും തീരുമാനം പിന്‍വലിക്കുകയുമാകാം. റഷ്യയും സഊദിയും നെടുനായകത്വം വഹിക്കുന്ന ഒപെക് കൂട്ടായ്മ സ്വന്തം തീരുമാനങ്ങളില്‍ ഉറച്ച് നില്‍ക്കാനുള്ള ശേഷി കൈവരിക്കുന്നുവെന്നതാണ് ഈ വടംവലിയുടെ ആത്യന്തിക ഫലം.

ഇസ്‌റാഈല്‍ മാറുമോ?

ഇസ്‌റാഈലില്‍ ഒരു വ്യാഴവട്ടം പിന്നിട്ട ബെഞ്ചമിന്‍ നെതന്യാഹു വാഴ്ചക്ക് അന്ത്യമായത് പോയ വര്‍ഷത്തിന്റെ വലിയ അടയാളമാണ്. നെതന്യാഹു പടിയിറങ്ങുകയും വിശാല സഖ്യം അധികാരത്തില്‍ വരികയും ചെയ്യുന്നത് കൊണ്ട് ഇസ്‌റാഈല്‍ അടിമുടി മാറുമെന്നും ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ വകവെച്ചു കൊടുക്കുമെന്നും പ്രതീക്ഷിക്കാനാകില്ല. ഇസ്‌റാഈലിന്റെ അടിസ്ഥാന പ്രത്യയശാസ്ത്രം സയണിസം ആയിരിക്കുവോളം അവിടെ ആര് ഭരിക്കുന്നുവെന്നത് വലിയ വ്യത്യാസമുണ്ടാക്കാന്‍ പോകുന്നില്ല. നുണകളിലും അധിനിവേശത്തിലും സൈനിക ശക്തിയിലും കാലൂന്നി നില്‍ക്കുന്ന ആ രാജ്യത്തിന് ശരിയായ ജനാധിപത്യത്തിലേക്കും അന്താരാഷ്ട്ര മര്യാദകളിലേക്കും ഉണരാനാകുമെന്നും പ്രതീക്ഷിക്കാന്‍ വയ്യ. എന്നാല്‍ അറബ് പാര്‍ട്ടിക്ക് കൂടി പങ്കാളിത്തമുള്ള സഖ്യത്തില്‍ നിന്ന് നീതിയുടെ ചെറു തിരി പ്രതീക്ഷിക്കാവുന്നതാണ്.

നെതന്യാഹുവിന്റെ പതനം മനുഷ്യസ്‌നേഹികള്‍ക്ക് പ്രത്യാശ പകരുന്നുണ്ട്. ആ തോല്‍വിയുടെ അടിസ്ഥാന കാരണം അഴിമതിയാണ്. തന്റെ പേരില്‍ ഉയര്‍ന്ന അഴിമതി ആരോപണങ്ങളും കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാറിന് സംഭവിച്ച വീഴ്ചകളും മറച്ച് വെക്കാനാണ് ജൂതവികാരം ജ്വലിപ്പിക്കുന്ന നീക്കങ്ങള്‍ അദ്ദേഹം നടത്തിയത്. എന്നാല്‍ അത് വേണ്ടവിധം വിജയിച്ചില്ലെന്നത് ഇന്ത്യയില്‍ ഇരുന്നു കൊണ്ട് കാണുമ്പോള്‍ സന്തോഷം പകരുന്നുണ്ട്. പ്രമുഖ കമ്പനികള്‍ക്ക് വേണ്ടി നിയമം മാറ്റിയെഴുതാന്‍ കൈക്കൂലി വാങ്ങിയതിലും സാമ്പത്തിക ക്രമക്കേടിലും മൂന്ന് കേസുകളിലാണ് നെതന്യാഹു നിയമ നടപടി നേരിടുന്നത്. ഈ കേസുകളില്‍ പ്രോസിക്യൂഷന്‍ ഒഴിവാക്കാന്‍ അദ്ദേഹം പഠിച്ച പണി പതിനെട്ടും പയറ്റിയതാണ്. തിരിച്ചു വന്നിരുന്നെങ്കില്‍ ഉറപ്പാണ് ഇമ്മ്യൂണിറ്റി ബില്‍ കൊണ്ടുവന്ന് വിചാരണ മറികടക്കുമായിരുന്നു. പക്ഷേ, അഴിമതി വെച്ചുപൊറുപ്പിക്കില്ലെന്നാണ് ഇസ്‌റാഈലിലെ വോട്ടര്‍മാര്‍ തീരുമാനിച്ചത്. എന്ത് കെടുകാര്യസ്ഥത കാണിച്ചാലും അതിര്‍ത്തിയില്‍ സംഘര്‍ഷമുണ്ടാക്കിയും പുതിയൊരു മസ്ജിദിന് മേല്‍ അവകാശവാദം ഉന്നയിച്ചും നഗരങ്ങളുടെ പേര് മാറ്റിയും ന്യൂനപക്ഷവിരുദ്ധ നിയമങ്ങള്‍ കൊണ്ടുവന്നും വികാരമിളക്കി വിട്ടാല്‍ മതിയെന്ന് കരുതുന്ന ഇന്ത്യയിലെ സംഘ്പരിവാര്‍ രാഷ്ട്രീയത്തിന് വ്യക്തമായ സന്ദേശമാണ് നെതന്യാഹുവിന്റെ പതനം.
കടുത്ത തീവ്രവലതുപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ള എട്ട് പാര്‍ട്ടികളുടെ സഖ്യമാണ് ഇസ്‌റാഈലില്‍ ഭരണം നടത്തുന്നത്. അവയിലൊന്ന് മന്‍സൂര്‍ അബ്ബാസിന്റെ നേതൃത്വത്തിലുള്ള യുനൈറ്റഡ് അറബ് ലിസ്റ്റ് പാര്‍ട്ടിയാണ്. നെസ്സറ്റില്‍ (ഇസ്‌റാഈല്‍ പാര്‍ലിമെന്റ്) നാല് അംഗങ്ങളുള്ള അറബ് ലിസ്റ്റ് ഭരണത്തില്‍ പങ്കാളിയാകുന്നത് ഇസ്‌റാഈലിനകത്തുള്ള അറബികളുടെ ജീവിതത്തില്‍ വലിയ മാറ്റമുണ്ടാക്കുമെന്നാണ് അബ്ബാസിന്റെ അവകാശവാദം. എന്നാല്‍ ഫലസ്തീന്‍ ആക്ടിവിസ്റ്റുകളും നേതാക്കളും മണ്ടത്തരം എന്നാണ് ഈ തീരുമാനത്തെ വിശേഷിപ്പിക്കുന്നത്. ഏതായാലും നെതന്യാഹുവിനെ പുറത്താക്കാന്‍ ഒരു അറബ് പാര്‍ട്ടിയുടെ സഹായം വേണ്ടി വന്നുവെന്നത് ചരിത്രത്തിന്റെ മധുര പ്രതികാരമാണ്.

അല്‍ ഉലായിലെ പ്രതീക്ഷ

ജനുവരിയിലെ ഏറ്റവും മനോഹരമായ ചിത്രം സഊദി അറേബ്യയിലെ വടക്കുപടിഞ്ഞാറന്‍ പൗരാണിക നഗരിയായ അല്‍ ഉലായിലെ മറായ (ഗ്ലാസ് ഹൗസ്)യില്‍ നിന്നായിരുന്നു. വിമാനമിറങ്ങി വന്ന ഖത്വര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയും സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും നടത്തിയ ആ ആശ്ലേഷം അത്രമേല്‍ മനോഹരമായിരുന്നു. ലോകം മുഴുവന്‍ മഹാമാരിയില്‍ അകന്നു നില്‍ക്കാന്‍ വിധിക്കപ്പെടുമ്പോള്‍ ആ ചിത്രം നല്‍കിയ ആത്മവിശ്വാസം എത്ര വലുതാണ്. രാഷ്ട്രങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിന്റെയും അകല്‍ച്ചയുടെയും അവിശ്വാസത്തിന്റെയും യഥാര്‍ഥ ഗുണഭോക്താക്കള്‍ ആരാണ്? ആയുധ ഇടപാടുകാര്‍, മാനവരാശിയെ മുഴുവന്‍ ഭസ്മമാക്കാന്‍ ശേഷിയുള്ള മാരകായുധങ്ങള്‍ ഉണ്ടാക്കി വില്‍പ്പനക്ക് വെച്ചിരിക്കുന്ന വന്‍ ശക്തി രാഷ്ട്രങ്ങള്‍, ഇത്തരം ആയുധ കരാറുകള്‍ക്കായി നിലമൊരുക്കുന്ന ഇടനിലക്കാര്‍. അവരാണ് ശത്രുതകള്‍ വളര്‍ത്തിയെടുക്കുന്നത്. അവരാണ് പക്ഷം പിടിച്ച് ആ ശത്രുതകള്‍ കത്തിച്ച് നിര്‍ത്തുന്നത്. എപ്പോഴൊക്കെ ശത്രുതയുടെ തിരി താഴുന്നുവോ അപ്പോഴൊക്കെ അവര്‍ അവിശ്വാസത്തിന്റെയും ഭയത്തിന്റെയും എണ്ണ പകര്‍ന്നു കൊടുക്കും. അതുകൊണ്ട് ലോകത്തെവിടെ തര്‍ക്കങ്ങള്‍ക്ക് അവധി കൊടുത്ത് രാഷ്ട്രങ്ങള്‍ കൈകോര്‍ക്കുന്നുവോ, അതെത്ര തൊലിപ്പുറമേ ആയാലും, അവിടെയെല്ലാം സാമ്രാജ്യത്വത്തിനെതിരായ ഉജ്ജ്വലമായ വിജയം നേടിയെന്ന് മാത്രമേ വിലയിരുത്താനാകൂ. അല്‍ ഉലാ കരാറില്‍ ഖത്വര്‍ എന്ന പേരേ ഇല്ലായിരിക്കാം. ഖത്വറിനെതിരെ ക്വാര്‍ട്ടറ്റ് (സഊദി അറേബ്യ, യു എ ഇ, ബഹ്‌റൈന്‍, ഈജിപ്ത്) ഏര്‍പ്പെടുത്തിയ ഉപരോധത്തെ കുറിച്ച് കരാറില്‍ ഒന്നും പറയുന്നില്ലെന്നും ആക്ഷേപിക്കാം.

എന്നാല്‍ അല്‍ ഉലാ കരാര്‍ ഉണ്ടാക്കിയ സദ്ഭാവന ജി സി സിയില്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നതാണ് പിന്നീട് കണ്ടത്. അതിര്‍ത്തി തുറന്നത് തെരുവിലിറങ്ങി ആഹ്ലാദ പ്രകടനം നടത്തിയാണ് ജനങ്ങള്‍ ആഘോഷിച്ചത്. എത്രമാത്രം വേദനയാണ് അവരുടെ ഉള്ളിലുണ്ടായിരുന്നത് എന്ന് ഈ ചിത്രങ്ങള്‍ വിളിച്ചു പറയുന്നു. ഖത്വര്‍- സഊദി അതിര്‍ത്തികള്‍ തുറന്നെന്ന വാര്‍ത്ത പുറത്തുവന്നയുടന്‍ ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍ നിന്ന് ദോഹയിലേക്ക് പോകുകയായിരുന്ന ഖത്വര്‍ എയര്‍വെയ്‌സ് വിമാനം റൂട്ട് മാറ്റി സഊദി വ്യോമ മേഖലയില്‍ പ്രവേശിച്ചു. അതിര്‍ത്തി വിലക്കുകള്‍ നീങ്ങിയതോടെ ചരക്കു നീക്കം സുഗമമാകും. സഊദി അറേബ്യയിലെ അല്‍ഹസക്കു സമീപമുള്ള സല്‍വ അതിര്‍ത്തിയാണ് കരയിലൂടെ പരസ്പരം കൂട്ടിയിണക്കുന്നത്. ഒമാന്‍, യു എ ഇ, ബഹ്‌റൈന്‍ എന്നിവിടങ്ങളിലേക്കും കര മാര്‍ഗം പോകുന്നതിന് ഖത്വറികള്‍ ആശ്രയിച്ചിരുന്നത് സല്‍വ അതിര്‍ത്തിയായിരുന്നു. വാണിജ്യ ബന്ധങ്ങള്‍ വീണ്ടും ഊഷ്മളമാകുന്നതോടെ സഊദിയിലും യു എ ഇയിലും പ്രവര്‍ത്തിക്കുന്ന നിരവധി സംരംഭകര്‍ക്കും അവിടെ ജോലി ചെയ്യുന്നവര്‍ക്കും ഗുണകരമായി മാറും. ഖത്വറില്‍ അടുത്ത വര്‍ഷം നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പ് ശരിക്കും ഉത്സവമാകും.

തീവ്ര വലതുപക്ഷം
ശക്തമാകും

തീവ്ര വലതുപക്ഷത്തിന്റെ തേരോട്ടം മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും ശക്തമാകുകയാണ്. ജര്‍മനിയില്‍ ആഞ്ചലാ മെര്‍ക്കല്‍ നേതൃസ്ഥാനത്ത് നിന്ന് മാറി നിന്ന തിരഞ്ഞെടുപ്പില്‍ നാസി പാര്‍ട്ടികള്‍ക്ക് വലിയ നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ല എന്നത് ആശ്വാസകരമാണ്. എന്നാല്‍ ഹംഗറിയില്‍ വിക്ടര്‍ ഓര്‍ബാന്‍ വീണ്ടും അധികാരത്തില്‍ വരുമെന്നാണ് സൂചനകള്‍. കടുത്ത കുടിയേറ്റവിരുദ്ധനും വംശീയവാദിയുമാണ് ഓര്‍ബാന്‍. മാരിനെ ലീ പെന്നിനെ പോലുള്ള തീവ്ര ദേശീയ വാദികള്‍ കളം കീഴടക്കുമ്പോള്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ തന്റെ ഇസ്‌ലാമോഫിബിക് നയങ്ങള്‍ ശക്തമാക്കാനാണ് സാധ്യത. ഭീകരവിരുദ്ധ യുദ്ധം എന്ന് വിളിക്കപ്പെടുന്ന പാശ്ചാത്യ സൈനിക നീക്കങ്ങളുടെ കേന്ദ്രമായി ആഫ്രിക്ക മാറുമെന്നതും പുതിയ വര്‍ഷത്തിന്റെ ലോകവിശേഷമാകും. പാരിസ്ഥിതിക പ്രശ്‌നങ്ങളോടുള്ള പ്രതികരണം പതിവുപോലെ വികസ്വര രാജ്യങ്ങളുടെ മാത്രം ഉത്തരവാദിത്വമാകുകയും വന്‍കിടക്കാര്‍ പുറം തിരിഞ്ഞ് നില്‍പ്പ് തുടരുകയും ചെയ്യും.
ഏഷ്യയില്‍ ചൈനയുടെ ആധിപത്യം സമ്പൂര്‍ണമായി ഊട്ടിയുറപ്പിക്കപ്പെടുന്ന ഭൗമ രാഷ്ട്രീയമാണ് പുലരാന്‍ പോകുന്നത്. ഇന്ത്യയുടെ അമേരിക്കന്‍ അനുകൂല നയം ഒരു ഭാഗത്ത്. സര്‍വ അയല്‍ക്കാരെയും വശത്താക്കി മുന്നേറുന്ന ചൈന മറുഭാഗത്ത്. ഇന്ത്യക്ക് ചൈന ഭീഷണിയാകുക അതിര്‍ത്തിയില്‍ മാത്രമായിരിക്കില്ല. പഴയ ശീതസമരത്തിന്റെ ആവര്‍ത്തനത്തിലേക്ക് റഷ്യ- യു എസ് ബന്ധം മാറുമ്പോള്‍ പ്രധാന കളിക്കാരന്റെ റോളിലാകും ചൈന.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്