National
രാജ്യത്തെ 18 വിമാനത്താവളങ്ങള്‍ അടച്ചു; 200ലേറെ വിമാന സര്‍വീസുകള്‍ റദ്ദാക്കി
വ്യോമാതിര്‍ത്തിയിലെ പ്രശ്നങ്ങളെ തുടർന്ന് ഡല്‍ഹി വിമാനത്താവളത്തിലും സർവീസുകൾക്ക് തടസ്സം നേരിടുമെന്ന് അധികൃതർ

ന്യൂഡൽഹി | ഇന്ത്യ- പാക് സംഘർഷത്തെ തുടർന്ന് രാജ്യത്തെ 18 വിമാനത്താവളങ്ങള്‍ താത്കാലികമായി അടച്ചുപൂട്ടി. 200ലധികം വിമാന സര്‍വീസുകളാണ് ഇതുവരെ റദ്ദാക്കിയത്. ശ്രീനഗര്‍, ലേ, അമൃത്സര്‍, ചണ്ഡീഗഢ് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളാണ് അടച്ചത്. ജമ്മു, പത്താന്‍കോട്ട്, ജോധ്പൂര്‍, ജയ്‌സാല്‍മീര്‍, ഷിംല, ധര്‍മശാല, ജാംനഗര്‍ എന്നിവയുള്‍പ്പെടെയുള്ള പ്രധാന വടക്കന്‍, പടിഞ്ഞാറന്‍ വിമാനത്താവളങ്ങളിലെ വിമാന സർവീസുകൾ സുരക്ഷാ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതിനാല്‍ നിര്‍ത്തിവെച്ചു.
എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, സ്പൈസ് ജെറ്റ്, എയര്‍ ഇന്ത്യ എക്സ്പ്രസ്, ആകാശ എയര്‍ എന്നിവയും നിരവധി വിദേശ വിമാനക്കമ്പനികളും പ്രശ്നമേഖലകളിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. ഇന്‍ഡിഗോ മാത്രം 165 വിമാനങ്ങള്‍ റദ്ദാക്കി.
രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ഡല്‍ഹിയിൽ 35 വിമാനങ്ങള്‍ അര്‍ധരാത്രിയും രാവിലെയുമായി റദ്ദാക്കി. ഇതില്‍ 23 ആഭ്യന്തര പുറപ്പെടലുകള്‍, എട്ട് ആഗമനങ്ങള്‍, നാല് അന്താരാഷ്ട്ര വിമാനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. അമേരിക്കന്‍ എയര്‍ലൈന്‍സും മറ്റ് ആഗോള വിമാനക്കമ്പനികളും സര്‍വീസുകള്‍ പിന്‍വലിച്ചു. വ്യോമാതിര്‍ത്തിയിലെ തടസ്സത്തെ തുടർന്ന് ഡല്‍ഹി അന്താരാഷ്ട്ര എയര്‍പോര്‍ട്ട് ലിമിറ്റഡിൻ്റെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം കൈകാര്യം ചെയ്യുന്ന വിമാന സര്‍വീസുകൾക്ക് മുടക്കമുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.
വ്യോമയാന അധികൃതരുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഈ മാസം പത്തിന് പുലര്‍ച്ചെ 5.29 വരെ ശ്രീനഗര്‍, ജമ്മു, ലേ, ജോധ്പൂര്‍, അമൃത്സര്‍, ഭുജ്, ജാംനഗര്‍, ചണ്ഡീഗഡ്, രാജ്‌കോട്ട് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചതായി എയര്‍ ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു. യാത്രക്കാര്‍ക്ക് ഒറ്റത്തവണ പുനഃക്രമീകരണ ഇളവ് അല്ലെങ്കില്‍ മുഴുവന്‍ പണവും റീഫണ്ട് ചെയ്യും. ശ്രീനഗര്‍, ജമ്മു, അമൃത്സര്‍, ലേ, ചണ്ഡീഗഢ്, ധര്‍മ്മശാല, ബിക്കാനീര്‍, ജോധ്പൂര്‍ എന്നിവയുള്‍പ്പെടെ പ്രധാന വടക്കന്‍ വിമാനത്താവളങ്ങളിലെ എല്ലാ പ്രവര്‍ത്തനങ്ങളും ഇന്‍ഡിഗോ റദ്ദാക്കി.