National
യുക്രൈനില്‍ നിന്ന് ഒഴിപ്പിച്ചത് 17,000 ഇന്ത്യക്കാരെ; നടപടികള്‍ കൂടുതല്‍ ഊര്‍ജിതമാക്കുമെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍
ന്യൂഡല്‍ഹി | യുക്രൈനില്‍ നിന്ന് ഇതുവരെ 17,000 ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. ഒഴിപ്പിക്കല്‍ നടപടികള്‍ കൂടുതല്‍ ഊര്‍ജിതമാക്കാന്‍ പ്രധാന മന്ത്രി ഇന്നും ഉന്നതതല യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ടെന്നും അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു. പരാതിക്കിട വരുത്താത്ത വിധം ഒഴിപ്പിക്കല്‍ പൂര്‍ത്തിയാക്കും.
റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ കാര്യത്തില്‍ കോടതി ആശങ്ക പ്രകടിപ്പിച്ചു. കുടുംബാംഗങ്ങള്‍ക്ക് വിവരങ്ങള്‍ അറിയാന്‍ ഹെല്‍പ് ലൈന്‍ നമ്പറുകള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാറിന് നിര്‍ദേശം നല്‍കുകയും ചെയ്തു.
കിഴക്കന്‍ യുക്രൈനിലെ കാര്‍കീവ്, പിസോച്ചിന്‍, സുമി തുടങ്ങിയ നഗരങ്ങളില്‍ മലയാളികളടക്കം നിരവധി ഇന്ത്യക്കാര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ട്. സുമിയില്‍ 600 മലയാളി വിദ്യാര്‍ഥികള്‍ സഹായം കിട്ടാതെ പ്രയാസപ്പെടുന്നുണ്ടെന്നാണ് വിവരം. പിസോച്ചിനിലും മലയാളികള്‍ ഉള്‍പ്പടെ ആയിരത്തിലേറെ ഇന്ത്യക്കാര്‍ എപ്പോള്‍ നാട്ടില്‍ തിരിച്ചെത്താനാകുമെന്ന് അറിയാതെ പ്രതിസന്ധിയിലാണ്.




