Connect with us

Kerala

രണ്ടു വയസുകാരനായ സഹോദരനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി 13കാരിയെ ബലാത്സംഗം ചെയ്തു; പ്രതി അറസ്റ്റില്‍

പശ്ചിമ ബംഗാള്‍ നദിയ ജില്ലയിലെ ബല്ലാവാര സ്വദേശി രഞ്ജിത് രജോയാര്‍ (28) ആണ് അറസ്റ്റിലായത്.

Published

|

Last Updated

കോട്ടയം | രണ്ടു വയസുകാരനായ സഹോദരനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി 13കാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ അതിഥി തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാള്‍ നദിയ ജില്ലയിലെ ബല്ലാവാര സ്വദേശി രഞ്ജിത് രജോയാര്‍ (28) ആണ് അറസ്റ്റിലായത്. കുറവിലങ്ങാട് പോലീസ് ഇന്‍സ്‌പെക്ടര്‍ നിര്‍മല്‍ ബോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടിയുടെ വീടിനടുത്താണ് പ്രതി താമസിച്ചിരുന്നത്. ആറുമാസം മുമ്പാണ് പെണ്‍കുട്ടിയെ ആദ്യം പീഡനത്തിനിരയാക്കിയത്. കുട്ടികളുടെ രക്ഷിതാക്കള്‍ ജോലിക്കുപോയ സമയത്താണ് ഇയാള്‍ വീട്ടിലെത്തിയത്. എട്ടുവയസുകാരനായ സഹോദരനെ സമീപത്തെ കടയിലേക്ക് ജ്യൂസ് വാങ്ങാന്‍ പറഞ്ഞയച്ച ശേഷം ഇയാള്‍ പെണ്‍കുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. കുട്ടി ബഹളമുണ്ടാക്കിയതോടെ കട്ടിലില്‍ ഉറങ്ങിക്കിടന്ന രണ്ടുവയസുകാരന്റെ കഴുത്തില്‍ കത്തിവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെ ഭയന്നുപോയ പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.

സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പിന്നീടും പെണ്‍കുട്ടിയെ പലതവണ ബലാത്സംഗത്തിനിരയാക്കി. അടുത്തിടെ വയറുവേദനയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് മനസ്സിലായത്. ഇതോടെ കുട്ടി മാതാവിനെ നടന്നതെല്ലാം അറിയിക്കുകയായിരുന്നു. അന്വേഷണം ആരംഭിച്ചതോടെ നാടുവിട്ട പ്രതിയെ പോലീസ് സംഘം പശ്ചിമ ബംഗാളില്‍ നിന്ന് പിടികൂടുകയായിരുന്നു.

എ എസ് ഐ മാരായ കെ എം സാജുലാല്‍, ബി പി വിനോദ്, സി പി ഒ. എം കെ സിജു, ഹോംഗാര്‍ഡ് സാജു ജോസഫ് എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പാലാ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

---- facebook comment plugin here -----

Latest