Connect with us

amithshah

അമിത് ഷാ പങ്കെടുത്ത പരിപാടിക്കിടെ സൂര്യാഘാതമേറ്റ് 13 മരണം; നരഹത്യക്ക് കേസ് എടുക്കണമെന്ന ആവശ്യം ശക്തമാകുന്നു

ഇതു മനുഷ്യ നിര്‍മിത ദുരന്തമാണെന്ന ആരോപണം ശക്തിപ്പെടുകയാണ്.

Published

|

Last Updated

മുംബൈ | മഹാരാഷ്ട്രയിലെ നവി മുംബൈയില്‍ കേന്ദ്രമന്ത്രി അമിത് ഷാ പങ്കെടുത്ത പൊതുപരിപാടിക്കിടെ 13 പേര്‍ സൂര്യാഘാതമേറ്റ് മരിച്ച സംഭവത്തില്‍ നരഹത്യക്ക് കേസ് എടുക്കണമെന്ന ആവശ്യം ശക്തമാകുന്നു.

ഇതു മനുഷ്യ നിര്‍മിത ദുരന്തമാണെന്ന ആരോപണം ശക്തിപ്പെടുകയാണ്. കൊടും ചൂടില്‍ പൊരിവെയിലില്‍ പരിപാടിക്കെത്തിയ ജനങ്ങളെ അമിത് ഷാ പ്രകീര്‍ത്തിക്കുന്ന ദൃശ്യം കോണ്‍ഗ്രസ് പുറതത്തുവിട്ടിരുന്നു. കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രവും ദുരന്ത നിരവാരമ അതോറിറ്റിയും നല്‍കിയ മുന്നറിയിപ്പുകള്‍ അവഗണിച്ചാണ് ആയിരങ്ങളെ യോഗസ്ഥലത്ത് എത്തിച്ചിരുന്നത്.

ഞായറാഴ്ച പൊതുചടങ്ങിനിടെയുണ്ടായ അപകടത്തില്‍ 13 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരുന്നു.

ഇത് സ്വാഭാവിക ദുരന്തമല്ലെന്നും മനുഷ്യനിര്‍മ്മിതമാണെന്നുമുള്ള ആരോപണങ്ങള്‍ ഉയര്‍ത്തി പ്രതിപക്ഷ നേതാവ് അജിത് പവാര്‍ രംഗത്തുവന്നിട്ടുണ്ട്. മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയ്ക്കയച്ച കത്തില്‍ അദ്ദേഹം ശക്തമായ നടപടി ആവശ്യപ്പെട്ടു.

ദുരന്തത്തില്‍ മരണപ്പെട്ടവര്‍ക്കു 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചു.

സര്‍ക്കാര്‍ സ്‌പോണ്‍സേഡ് ദുരന്തമാണ് നടന്നതെന്ന ആരോപണവുമായി എന്‍സിപിയും രംഗത്തുണ്ട്. മഹാരാഷ്ട്ര സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും ഉയര്‍ന്ന ബഹുമതിയായ മഹാരാഷ്ട്രാ ഭൂഷണ്‍ സമ്മാനിക്കുന്ന ചടങ്ങാണ് വന്‍ ദുരന്തത്തിലേക്ക് എത്തിയത്. ഈ കൊടും വേനലില്‍ പരിപാടിക്കായി ലക്ഷക്കണക്കിന് ജനങ്ങളെ എത്തിച്ചത് എന്തിനെന്ന ചോദ്യമാണ് ഉയരുന്നത്.

കൊടും ചൂടില്‍ പ്രതിരോധ സൗകര്യങ്ങളൊന്നും ഒരുക്കിയില്ല. രാവിലെ എട്ടരയോടെ എത്തിയ ജനങ്ങളെ ഉച്ചക്കു രണ്ടരക്കു പരിപാടി കഴിയുന്നതു വരെ തിരിച്ചുപോകാന്‍ അനുവദിക്കാതെ തടഞ്ഞുവച്ചു. ചൂട് 42 ഡിഗ്രിയാണെന്ന് പറഞ്ഞ് അമിത് ഷാ ജനങ്ങളെ പ്രശംസിച്ചു.

കൊടുംചൂടില്‍ പാലിക്കേണ്ട പ്രോട്ടോകോളുകളെല്ലാം ലംഘിക്കപ്പെട്ടു എന്നതിനാല്‍ ഇതിനെതിരെ നിയമാനുസൃത നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം

രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ ഉഷ്ണതരംഗം അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നല്‍കിയിരുന്നു. പശ്ചിമ ബംഗാള്‍, ബീഹാര്‍, ആന്ധ്രാപ്രദേശ്, സിക്കിം, ജാര്‍ഖണ്ഡ്, ഒഡീഷ, ഉത്തര്‍പ്രദേശ്, ജമ്മു കാശ്മീര്‍, ഹിമാചല്‍ പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ക്കൊപ്പം ഉത്തരേന്ത്യയാകെ ജാഗ്രത പുലര്‍ത്തണം എന്നായിരുന്നു നിര്‍ദ്ദേശം.

വിവിധ സംസ്ഥാനങ്ങളില്‍ ചൂട് 45 ഡിഗ്രി എത്തുമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചതു മുഖവിലക്കെടുക്കാതെയാണ് കേന്ദ്ര മന്ത്രി തന്നെ തുറന്ന സ്ഥലത്തുള്ള പരിപാടിയില്‍ സംബന്ധിച്ചത്. പശ്ചിമ ബംഗാള്‍, ബീഹാര്‍, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ അപകടകരമായ തോതില്‍ താപനില ഉയരുന്ന പശ്ചാത്തലത്തില്‍ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിരുന്നു.

മഹാരാഷ്ട്രയില്‍ മണിക്കൂറുകളോളം തുറസ്സായ സ്ഥലത്ത് ഇരുന്നവരില്‍ സൂര്യപ്രകാശമേറ്റ് 13 പേര്‍ മരിച്ചതിന് തൊട്ടുപിന്നാലെ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് ശക്തമാക്കി. സിക്കിം, ജാര്‍ഖണ്ഡ്, ഒഡീഷ, ഉത്തര്‍പ്രദേശ് എന്നീ നാല് സംസ്ഥാനങ്ങളിലും ഉഷ്ണതരംഗം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്.

ദീര്‍ഘനേരം സൂര്യപ്രകാശം ഏല്‍ക്കുന്നവര്‍ക്ക് ഉഷ്ണരോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണു പ്രധാന മുന്നറിയിപ്പ്.
കഠിനമായ ചൂടില്‍ ശിശുക്കള്‍, വയോധികര്‍, വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍ എന്നിവരുള്‍പ്പെടെയുള്ള ദുര്‍ബലരായ ആളുകളില്‍ അപകടസാധ്യത കൂടുതലാണെന്നും മുന്നറിയിപ്പുണ്ട്. ആവശ്യത്തിന് വെള്ളം കുടിക്കുക തുറന്ന സ്ഥലത്ത് വെയില്‍ കൊള്ളാതിരിക്കുക തുടങ്ങിയ മുന്നറിയിപ്പുകളെ അവഗണിച്ചായിരുന്നു അമിത് ഷാ തന്നെ പൊരിവെയിലില്‍ മണിക്കൂറുകളോളം ഇരുന്നവരെ പ്രശംസിച്ചത്. പ്രശംസകഴിഞ്ഞ് മന്ത്രി മടങ്ങിയതിനു പിന്നാലെ മനുഷ്യര്‍ കുഴഞ്ഞുവീണു മരിക്കുകയായിരന്നു.

---- facebook comment plugin here -----

Latest