Connect with us

Kerala

സംസ്ഥാനത്ത് 227 പേര്‍ക്ക് കൂടി കൊവിഡ്; ഒരു മരണം

രാജ്യത്ത് ഏറ്റവുമധികം രോഗബാധിതരും കേരളത്തില്‍. കേരളത്തില്‍ മാത്രം 1634 കേസുകളുണ്ട്.

Published

|

Last Updated

തിരുവനന്തപുരം| സംസ്ഥാനത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധന.  ഇന്നലെ മാത്രം 227 പേര്‍ക്ക് കൊവിഡ്  സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒരു മരണവും കൊവിഡ് രോഗബാധ മൂലം കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.  1634 പേര്‍ രോഗം ബാധിച്ച് ചികിത്സയിലാണ്. ഈ മാസം കേരളത്തില്‍ കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 10 ആയി.

ആക്ടീവ് കേസുകള്‍ രാജ്യത്ത് 1828 ആയി ഉയര്‍ന്നിട്ടുണ്ട്. ഇതില്‍ കേരളത്തില്‍ മാത്രം 1634 കേസുകളുണ്ട്. തമിഴ്‌നാട്ടില്‍ ഇന്നലെ 15 കേസുകളാണ് അധികമായി റിപ്പോര്‍ട്ട് ചെയ്തത്. കര്‍ണാടകയില്‍ 60 ആക്ടീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ രണ്ട് കേസുകളാണ് ഇന്നലെ അധികമായി റിപ്പോര്‍ട്ട് ചെയ്തത്. ഗോവയില്‍ രണ്ട് കേസുകളും ഗുജറാത്തില്‍ ഒരു കേസും അധികമായി റിപ്പോര്‍ട്ട് ചെയ്തു.

കൊവിഡിന്റെ വകഭേദമായ ഒമിക്രോണിന്റെ ഉപവകഭേദമാണ് ജെഎന്‍. വണ്‍. സെപ്തംബറില്‍ അമേരിക്കയിലാണ് ഈ വൈറസിനെ ആദ്യം കണ്ടെത്തിയത്. രണ്ട് ദിവസം മുന്‍പ് ചൈനയിലും 7 കേസുകള്‍ സ്ഥിരീകരിച്ചു. ആകെ 38 രാജ്യങ്ങളിലായി ഈ വൈറസ് പടരുന്നുണ്ട്. കേരളത്തിലും ഔദ്യോഗികമായി കേസ് സ്ഥിരീകരിച്ചതോടെ ഈ പട്ടികയിലേക്ക് ഇന്ത്യയുമെത്തി.

ചില രാജ്യങ്ങളില്‍ രോഗ ലക്ഷണങ്ങളുമായി നിരവധി പേര്‍ ആശുപത്രിയില്‍ ചികിത്സയിലെത്തുന്നതിന് കാരണം ഈ വൈറസിന്റെ സാന്നിധ്യമാണെന്നാണ് വിലയിരുത്തല്‍. തുടര്‍ന്ന് സിംഗപ്പൂരിലടക്കം അധികൃതര്‍ യാത്രാ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരുന്നു. ബൂസ്റ്റര്‍ ഡോസിന്റെ ആവശ്യകതയെകുറിച്ചും പലയിടത്തും ചര്‍ച്ചയാകുന്നുണ്ട്. നിലവില്‍ ഇന്ത്യയില്‍ കണ്ടെത്തിയ എക്‌സ്ബിബി അടക്കമുള്ള വകഭേദങ്ങളേക്കാള്‍ ജെഎന്‍ 1 വകഭേദം വളരെ വേഗത്തില്‍ പടരുന്നതും പ്രതിരോധശേഷിയെ മറികടക്കുന്നതുമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.