From the print
1,086 ഹാജിമാര്‍ ഇന്ന് വിശുദ്ധഭൂമിയിലേക്ക്
ഈ വര്‍ഷം ആദ്യമായാണ് ഇത്രയും ഹാജിമാര്‍ ഒറ്റദിവസം മൂന്ന് കേന്ദ്രങ്ങളില്‍ നിന്നായി പുറപ്പെടുന്നത്.

കൊണ്ടോട്ടി | സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ കേരളത്തിലെ പുറപ്പെടല്‍ കേന്ദ്രങ്ങളായ കരിപ്പൂര്‍, കണ്ണൂര്‍, കൊച്ചി എന്നിവിടങ്ങളില്‍ നിന്നായി 1,086 ഹാജിമാര്‍ ഇന്ന് വിശുദ്ധഭൂമിയിലേക്ക് യാത്ര തിരിക്കും. ഈ വര്‍ഷം ആദ്യമായാണ് ഇത്രയും ഹാജിമാര്‍ ഒറ്റദിവസം മൂന്ന് കേന്ദ്രങ്ങളില്‍ നിന്നായി പുറപ്പെടുന്നത്.
കരിപ്പൂരില്‍ നിന്ന് രണ്ട് വിമാനങ്ങളിലായി 344 ഹാജിമാരും കണ്ണൂരില്‍ നിന്ന് ഒരു വിമാനത്തില്‍ 167 ഹാജിമാരും കൊച്ചിയില്‍ നിന്ന് രണ്ട് വിമാനങ്ങളിലായി 575 പേരുമാണ് യാത്ര പുറപ്പെടുന്നത്. കരിപ്പൂരില്‍ നിന്ന് പുലര്‍ച്ചെ 1.10നും രാവിലെ 8.05 നും കണ്ണൂരില്‍ നിന്ന് വൈകുന്നേരം 4.30നുമാണ് സര്‍വീസ്. കൊച്ചിയില്‍ നിന്ന് ആദ്യ വിമാനം ഇന്ന് വൈകിട്ട് 5.55നും രണ്ടാമത്തെ വിമാനം രാത്രി 8.20 നുമാണ് പുറപ്പെടുക. ആദ്യ വിമാനത്തില്‍ 146 പുരുഷന്മാരും 143 സ്ത്രീകളും യാത്ര തിരിക്കും. ഈ വിമാനം സഊദി സമയം രാത്രി 9.20ന് ജിദ്ദയിലിറങ്ങും.
കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് സര്‍വീസുകള്‍ ഈ മാസം 22ന് സമാപിക്കും. കൊച്ചിയില്‍ ആദ്യ വിമാനത്തിന് ഹജ്ജ് മന്ത്രി വി അബ്ദുര്‍റഹ്മാന്‍ ഫ്‌ലാഗ് ഓഫ് ചെയ്യും. കരിപ്പൂരില്‍ നടന്ന യാത്രയയപ്പ് സംഗമത്തിന് ഹജ്ജ് കമ്മിറ്റി അംഗം കെ ഉമര്‍ ഫൈസി മുക്കം നേതൃത്വം നല്‍കി. മുന്‍ മന്ത്രി ടി കെ ഹംസ, ഹജ്ജ് സെല്‍ സ്പെഷ്യല്‍ ഓഫീസര്‍ യു അബ്ദുല്‍ കരീം, ഹസന്‍ സഖാഫി തറയിട്ടാല്‍, യൂസുഫ് പടനിലം സംബന്ധിച്ചു.