National
ഇന്ത്യ-പാക് ചര്‍ച്ചയില്‍ മൂന്നാം കക്ഷിയുടെ ഇടപെടലില്ല; യു എസ് നിലപാട് തള്ളി എസ് ജയശങ്കര്‍
സംഘര്‍ഷം പരിഹരിക്കാന്‍ താന്‍ സഹായിച്ചുവെന്ന യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദത്തോട് പ്രതികരിക്കുകയായിരുന്നു ജയശങ്കര്‍.

ന്യൂഡല്‍ഹി | ഇന്ത്യ-പാക് ചര്‍ച്ചയില്‍ മൂന്നാം കക്ഷിയുടെ ഇടപെടലില്ലെന്ന് വ്യക്തമാക്കി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം പരിഹരിക്കാന്‍ താന്‍ സഹായിച്ചുവെന്ന യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ട്രംപിന്റെ പ്രസ്താവനയെ ജയശങ്കര്‍ തള്ളി. ഡല്‍ഹിയില്‍ ഹോണ്ടുറാസ് എംബസി ഉദ്ഘാടനത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ഓപറേഷന്‍ സിന്ദൂര്‍ ലക്ഷ്യം നേടിയെന്നും സിന്ധു നദീജല കരാര്‍ മരവിപ്പിച്ച ഇന്ത്യന്‍ നിലപാടില്‍ മാറ്റമില്ലെന്നും ജയശങ്കര്‍ വ്യക്തമാക്കി. പാകിസ്ഥാന്‍ ഭീകര പ്രവര്‍ത്തനത്തിനു നല്‍കുന്ന പിന്തുണ അവസാനിപ്പിച്ചാല്‍ മാത്രമേ നദീജല കരാറിലെ നിലവിലെ നിലപാട് ഇന്ത്യ പുനപ്പരിശോധിക്കൂ. പാക് അധീന കശ്മീര്‍ വിഷയത്തില്‍ മാത്രമേ പാകിസ്ഥാനുമായി ചര്‍ച്ചയുള്ളൂവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം പ്രതികരിച്ചു.
ഇന്ത്യ-യു എസ് ഉഭയകക്ഷി വ്യാപാര കരാറില്‍ ചര്‍ച്ചകള്‍ തുടരുകയാണെന്നും എസ് ജയശങ്കര്‍ അറിയിച്ചു. രണ്ട് രാജ്യങ്ങള്‍ക്കും ഗുണകരമാവുന്ന രീതിയില്‍ കരാറില്‍ ധാരണയിലെത്തണം. അതാണ് അമേരിക്കയുമായുള്ള വ്യാപാരക്കരാറില്‍ നിന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നതെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി.