ബാര്‍ ലൈസന്‍സ്: അഴിമതിയുടെ തെളിവുകള്‍ നല്‍കാന്‍ തയ്യാര്‍- കോടിയേരി

Posted on: April 5, 2014 12:50 am | Last updated: April 5, 2014 at 12:50 am

കൊല്ലം: സംസ്ഥാനത്ത് ബാര്‍ ലൈസന്‍സ് നല്‍കിയതില്‍ 25 കോടി രൂപയുടെ അഴിമതി നടത്തിയത് സംബന്ധിച്ചുള്ള തെളിവുകള്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചാല്‍ അന്വേഷണ കമ്മീഷന് കൈമാറാമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. ഇതു സംബന്ധിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വെല്ലുവിളി സ്വീകരിക്കാന്‍ തയാറാണെന്നും കൊല്ലം പ്രസ് ക്ലബ്ബിന്റെ ‘ലോക്‌സഭ-2014’ പരിപാടിയില്‍ സംസാരിക്കവെ കോടിയേരി പറഞ്ഞു. 418 ചെറുകിട ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കാത്തത് വിലപേശലില്‍ തീരുമാനമാകാത്തത് കൊണ്ടാണ്. ഇപ്പോള്‍ പുതുതായി ലൈസന്‍സ് നല്‍കിയതും 418 ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള നീക്കവും വലിയൊരു അഴിമതിക്കാണ് കളമൊരുങ്ങുന്നത്.
ആര്‍ എസ് പിയുടെ മുന്നണി മാറ്റം ഗൂഢാലോചനയുടെ ഭാഗമാണെന്ന എന്‍ പീതാംബരക്കുറുപ്പിന്റെ വെളിപ്പെടുത്തലില്‍ വാസ്തവമുണ്ടെന്ന് ചോദ്യത്തിന് മറുപടിയായി കോടിയേരി പറഞ്ഞു. സിറ്റിംഗ് സീറ്റുകളായ ഇടുക്കിയും വടകരയും ഘടക കക്ഷികള്‍ക്ക് നല്‍കാന്‍ തയ്യാറാകാത്ത കോണ്‍ഗ്രസ് കൊല്ലത്തെ സീറ്റ് ആര്‍ എസ് പിക്ക് നല്‍കാന്‍ തയ്യാറായത് നേരത്തെ നിശ്ചയിച്ചുറപ്പിച്ച തിരക്കഥയുടെ ഭാഗമായാണ്. കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പ് സമയത്ത് തന്നെ ഇതിന്റെ സൂചന പുറത്തുവന്നിരുന്നു. ആര്‍ എസ് പി യു ഡി എഫില്‍ ചേക്കേറുന്നത് സംബന്ധിച്ച് നാല് മാസം മുമ്പ് തന്നെ അണിയറ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു. വി പി രാമകൃഷ്ണപ്പിള്ളയുടെ ജന്മദിനാഘോഷ വേളയിലാണ് ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നതെന്നും യു ഡി എഫില്‍ ചേക്കേറി അധികാര സ്ഥാനത്തെത്താനുള്ള മോഹമാണ് ആര്‍ എസ് പിയുടെ ചുവട് മാറ്റത്തിന് പിന്നിലെന്നും കോടിയേരി ആരോപിച്ചു. ട്രഷറി സ്തംഭനം സര്‍ക്കാറിന്റെ സാമ്പത്തിക പാപ്പരത്തമാണ് വ്യക്തമാക്കുന്നതെന്ന് കോടിയേരി കുറ്റപ്പെടുത്തി.
പെന്‍ഷന്‍ വിതരണം നിലച്ചിരിക്കുന്നു. 5050 കോടി രൂപ ട്രഷറിയില്‍ നിന്ന് സ്വകാര്യ ബേങ്കിലേക്ക് കൈമാറിയതാണ് ട്രഷറി സ്തംഭനത്തിന് വഴി വെച്ചത്. ഇത്രയും തുക എന്തിനാണ് ബേങ്കിലേക്ക് മാറ്റിയതെന്ന് വ്യക്തമാക്കണം. കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ നിന്നിറങ്ങുമ്പോള്‍ 3250 കോടി രൂപ മിച്ചമുണ്ടായിരുന്നു. സാമ്പത്തിക വര്‍ഷാരംഭത്തില്‍ തന്നെ കടപ്പത്രം ഇറക്കിയത് സാമ്പത്തിക അരാജകത്വമാണ് വ്യക്തമാക്കുന്നതെന്നും കോടിയേരി പറഞ്ഞു. പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് സി വിമല്‍കുമാര്‍ അധ്യക്ഷത വഹിച്ചു.