യാത്ര
വിധിയുടെ മണല്പ്പാത
മുഖത്തുനിന്നും കഴുത്തിൽനിന്നും വിയർപ്പ്, തുള്ളികളായി ഇറ്റിവീഴുന്നു. തണുത്ത കാറ്റിനു പകരം കനത്ത ഭയമാണ് മനസ്സിനെ പൊതിഞ്ഞിരിക്കുന്നത്. "നാം എവിടേക്കാണ് ഈ പോകുന്നത്?' മനസ്സ് എന്നോട് തന്നെ ചോദിച്ചു.
യമന്റെ തെക്കുപടിഞ്ഞാറ് ഭാഗത്ത് ഏദൻ ഉൾക്കടലിനോട് ചേർന്നുള്ള അംറാൻ തീരത്തിലൂടെയാണ് ഇപ്പോൾ വാഹനം കടന്നുപോകുന്നത്. പേടിയുടെയും ആശങ്കയുടെയും അറ്റമില്ലാത്ത തടവറയിലാണിപ്പോൾ ഞങ്ങളുള്ളത്. എന്റെ കണ്ണുകൾ മുന്നിലുള്ള വാഹനത്തിലേക്ക് തന്നെ തറഞ്ഞുനിന്നു. വാഹനത്തിന്റെ മുകളിൽ നിൽക്കുന്ന ആൾ ഞങ്ങളുടെ പിന്നാലെ ആരെങ്കിലും വരുന്നുണ്ടെന്ന് മുന്നറിയിപ്പ് നൽകിയാൽ എന്തായിരിക്കും സംഭവിക്കുക? ആ ചിന്ത നെഞ്ചിൽ ഭീതി നിറച്ചു.
പെട്ടെന്നാണ് തീരം കൺമുന്നിൽ നിന്ന് അപ്രത്യക്ഷമായത്. വണ്ടി മണൽക്കൂനകൾ നിറഞ്ഞ കൂറ്റൻ മലനിരകളിലേക്ക് പ്രവേശിച്ചു. മണലിൽ പൂണ്ടുപോകുന്ന കാറിന്റെ എൻജിൻ മുമ്പെങ്ങുമില്ലാത്ത വിധം അലറിവിളിച്ചു. മുന്നോട്ട് വഴി വെട്ടിത്തുറക്കാൻ അത് ആഞ്ഞുശ്രമിച്ചു. ഓരോ നിമിഷവും വണ്ടി മണലിൽപൂണ്ടു നിന്നുപോകുമെന്ന് തോന്നും. ശരീരത്തിൽ വിയർപ്പിൽ കുതിർന്ന് പറ്റിപ്പിടിച്ച മണൽത്തരികൾ അസഹ്യമായ അറപ്പും അസ്വസ്ഥതയും ഉണ്ടാക്കുന്നുണ്ട്.
മുഖത്തുനിന്നും കഴുത്തിൽനിന്നും വിയർപ്പ്, തുള്ളികളായി ഇറ്റിവീഴുന്നു. തണുത്ത കാറ്റിനു പകരം കനത്ത ഭയമാണ് മനസ്സിനെ പൊതിഞ്ഞിരിക്കുന്നത്. “നാം എവിടേക്കാണ് ഈ പോകുന്നത്?’ മനസ്സ് എന്നോട് തന്നെ ചോദിച്ചു.
ഏതെങ്കിലും ഒരു ദിവസം ഇത്രയും വലിയൊരു അപകടം പിടിച്ച സാഹസികതക്ക് ഞാൻ തുനിയുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. മരണത്തിന്റെ പാതയിലൂടെ ജീവനും കൈയിൽ പിടിച്ച് നടത്തുന്ന ഒരു സാഹസിക യാത്ര!
പെട്ടെന്നാണ് ചെറുപ്പത്തിൽ ഉപ്പ പറഞ്ഞുതന്ന കാര്യങ്ങൾ ഓർമ വന്നത്. സ്വർഗത്തെക്കുറിച്ചും സിറാത് പാലത്തെക്കുറിച്ചും ഉപ്പ പറയുമായിരുന്നു: “മക്കളേ, സ്വർഗത്തിൽ എത്തണമെങ്കിൽ നമ്മൾ സിറാത് പാലം കടന്നേ തീരൂ. അതിലൂടെ സുരക്ഷിതമായി അപ്പുറത്തെത്തുന്നവൻ രക്ഷപ്പെട്ടു, അവർ സ്വർഗത്തിലെത്തും. എന്നാൽ സ്വന്തം കർമങ്ങൾ കാരണം ആ പാലത്തിൽ തട്ടിവീഴുന്നവർ താഴെയുള്ള നരകാഗ്നിയിലേക്ക് പതിക്കും..’
ഇവിടെ, ഈ വിശാലമായ മരുഭൂമിയിൽ മനുഷ്യന്റെ കർമങ്ങൾക്കൊന്നും യാതൊരു വിലയുമില്ലെന്ന് എനിക്ക് തോന്നി. ഇവിടെ വിധിയെഴുതുന്നത് ആളുകളുടെ ഭാഗ്യവും അല്ലാഹുവിന്റെ അനുഗ്രഹവുമാണ്. ഭാഗ്യമുള്ളവൻ രക്ഷപ്പെടും; അല്ലാത്തവൻ തടവറയിലാവുകയോ സ്വന്തം ജീവൻ തന്നെ നഷ്ടപ്പെടുത്തുകയോ ചെയ്യും.
“എന്തിനായിരുന്നു ഞാൻ ഈ സാഹസികതക്ക് മുതിർന്നത്?’ ചിന്തകൾ വീണ്ടും പിറകോട്ട് സഞ്ചരിച്ചു. സ്വന്തം നാട്ടിൽ, സ്വന്തം മണ്ണിൽ ജീവിക്കുന്നതായിരുന്നില്ലേ ലക്ഷ്യമില്ലാതെ അന്യനാട്ടിൽ അലഞ്ഞുതിരിയുന്നതിനേക്കാൾ നല്ലത്?
ഏതാനും മാസങ്ങൾക്ക് മുമ്പ് എന്റെ മനസ്സിൽ തുടങ്ങിയ പോരാട്ടത്തിന്റെ ഫലമാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. വികാരങ്ങളും വിവേകവും തമ്മിലുള്ള കഠിനമായ പോരാട്ടം! ദൂരത്തിന്റെ ദൈർഘ്യവും വഴിയിലൊളിഞ്ഞിരിക്കുന്ന അപകടങ്ങളും ഈ യാത്രയുടെ പ്രത്യാഘാതങ്ങളുമെല്ലാം ഞാൻ എത്രയോ തവണ മനസ്സിൽ കണക്കുകൂട്ടിയിരുന്നു. ഒരു അധികാരത്തിന്റെ മുന്നിലും തലകുനിക്കാനോ, സൗകര്യങ്ങൾ നേടാനോ ആയിരുന്നില്ല ഈ പുറപ്പാട്.
മറിച്ച്, എന്റെ ജീവിതത്തെയും ലക്ഷ്യത്തെയും കുറിച്ച് എനിക്കുണ്ടായ ആത്മബോധമായിരുന്നു ഇതിന് കാരണം. എന്നാൽ, തീരുമാനമെടുക്കാൻ ഓരോ നിമിഷവും വൈകുംതോറും ഉള്ളിലെ സംഘർഷങ്ങൾ കൂടുതൽ ആഴത്തിലേക്ക് നീണ്ടുപോയി. ഒടുവിൽ, പടച്ചവന്റെ അദൃശ്യമായ ഇടപെടലും ഉള്ളിന്റെ ആഴങ്ങളിൽനിന്ന് ആരോ പകർന്നുനൽകിയ പ്രചോദനവും ചേർന്നപ്പോൾ ഞാൻ യാത്രക്കായി ഇറങ്ങിത്തിരിച്ചു. ഇപ്പോൾ സംഭവിക്കേണ്ടത് സംഭവിച്ചു കഴിഞ്ഞിരിക്കുന്നു!
തീരുമാനങ്ങളെടുക്കുക എന്നത് ചിലർക്ക് വളരെ എളുപ്പമുള്ള കാര്യമായിരിക്കാം. എന്നാൽ എന്റെ സ്വഭാവം അതായിരുന്നില്ല. പെട്ടെന്ന് വൈകാരികമായി തീരുമാനങ്ങളെടുക്കാൻ എന്റെ നിയമബോധം എന്നെ അനുവദിച്ചില്ല. നാളെ അതോർത്ത് ഖേദിക്കേണ്ടി വരുമോ എന്ന ഭയമായിരുന്നു ഉള്ളിൽ.
അങ്ങനെയാണ് ഞാൻ നിയമപരമായ നടപടിക്രമങ്ങളിലൂടെ അനുമതി വാങ്ങി രാജ്യം വിടാൻ തീരുമാനിച്ചത്. ഉദ്യോഗസ്ഥരിൽ നിന്ന് ഉദ്യോഗസ്ഥരിലേക്ക് ഞാൻ എന്റെ അപേക്ഷയുമായി കയറിയിറങ്ങി. അധികാരത്തിന്റെ ഏറ്റവും താഴെ തട്ടിൽ നിന്ന് മുകളിലേക്ക്, മുകളിൽ നിന്ന് താഴേക്കും… എന്നാൽ വാതിലുകളിൽ മുട്ടിവിളിക്കുന്ന സാധാരണക്കാരോട് ആ ഉദ്യോഗസ്ഥർക്ക് യാതൊരു സഹതാപവുമുണ്ടായിരുന്നില്ല. അഴിമതിയും പരസ്പരവിശ്വാസമില്ലായ്മയുമായിരുന്നു അവരുടെ മുഖമുദ്ര. ഓരോ നീക്കത്തെയും സംശയത്തോടെ നോക്കിക്കണ്ട അവർ, നിയമങ്ങളെല്ലാം സ്വന്തം ഇഷ്ടാനുസരണം മാറ്റിമറിച്ചു. അധികാരത്തിലുള്ള ഏതെങ്കിലും ഉന്നതരുടെ പ്രീതി ലഭിച്ചാൽ അല്ലെങ്കിൽ സ്വാധീനമുള്ള ആരുടെയെങ്കിലും ശിപാർശയുണ്ടെങ്കിൽ വർഷങ്ങളോളം നടക്കാത്ത കാര്യങ്ങൾ നിമിഷനേരം കൊണ്ട് നടക്കും! അല്ലാത്തവർക്ക് മുന്നിൽ ഭയത്തിന്റെയും ഉത്കണ്ഠയുടെയും വലിയ കടൽ അവർ തീർക്കും.
എന്റെ നാല് മക്കളും എന്നെ വിട്ടു സഊദിയിലേക്ക് പോയിട്ട് ഒരു വർഷമായിരിക്കുന്നു. വേണമെങ്കിൽ അവരുടെ യാത്രയുടെ അന്നു രാത്രി തന്നെ എനിക്ക് തനിച്ച് ഒളിച്ചോടാമായിരുന്നു. എന്നാൽ എന്റെ മനസ്സ് അതിന് സമ്മതിച്ചില്ല. ഞാൻ വിദൂര വിദ്യാഭ്യാസം വഴി പഠിക്കുന്ന ഒരു സർവകലാശാലാ വിദ്യാർഥിയാണ്, ഒപ്പം ഒരു സെക്കൻഡറി സ്കൂളിലെ അധ്യാപകനുമാണ്. എന്റെ മതത്തോടും രാജ്യത്തോടുമുള്ള വലിയ ചുമതലകൾ എന്റെമേലുണ്ടായിരുന്നു. അതിനാൽ ഒളിച്ചോടാൻ ഞാൻ ആഗ്രഹിച്ചില്ല.
നിയമപരമായി തന്നെ കാര്യങ്ങൾ ചെയ്യാൻ ഞാൻ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഓഫീസുകളിൽ കയറിയിറങ്ങി. എന്നാൽ അവിടെ എന്നെ എതിരേറ്റത് ഭരണപരമായ അഴിമതിയുടെ ദുർഗന്ധമായിരുന്നു! വലിയ അഹങ്കാരത്തോടെയാണ് ചില ഉദ്യോഗസ്ഥർ പെരുമാറിയത്. ഞാൻ എന്താണ് പറയാൻ വരുന്നതെന്ന് കേൾക്കാൻ പോലും തയ്യാറാകാതെ അവർ അപേക്ഷ നിരസിച്ചു.
കൂട്ടത്തിലൊരു ഉദ്യോഗസ്ഥൻ എന്നെ നോക്കി ഗർവോടെ പറഞ്ഞു: “ഇതൊക്കെ നിയമത്തിന്റെ പരിധികളാണ്! ഒരു സർക്കാർ ജീവനക്കാരൻ എന്ന നിലയിൽ നിങ്ങളത് അനുസരിച്ചേ പറ്റൂ. മറ്റുള്ളവരെക്കാൾ മുന്പേ നിയമങ്ങൾ മനസ്സിലാക്കേണ്ട ആളല്ലേ നിങ്ങൾ?’
“ആഹാ!’ എനിക്ക് ഉറക്കെ ഒച്ചവെക്കാൻ തോന്നി. വ്യാജമായ ഈ നിയമങ്ങളുടെ അർഥം ഗ്രഹിക്കാത്ത ഒരു നിരക്ഷരനായിരുന്നെങ്കിൽ എത്ര നന്നായിരുന്നു! അസത്യം നിറഞ്ഞ അവരുടെ വിഷവാക്കുകൾ എനിക്ക് കേൾക്കേണ്ടി വരില്ലായിരുന്നു. ഏറ്റവും ഒടുവിൽ, പാസ്സ്പോർട്ട് ആൻഡ് ഇമിഗ്രേഷൻ ഓഫീസിലെ ഉദ്യോഗസ്ഥന്റെ മുന്നിലെത്തി. അയാൾ എന്നെ പരിഹാസത്തോടെ നോക്കി ചോദിച്ചു: “തനിക്ക് യാത്ര ചെയ്യണമെന്നോ?! അതിന്റെയൊന്നും ഒരു ആവശ്യവുമില്ല! നിയമം അതിന് അനുവദിക്കുന്നില്ല. വിദേശത്തുള്ള താങ്കളുടെ കുട്ടികൾ തിരിച്ചുവന്നതിന് ശേഷം വേണമെങ്കിൽ തനിക്ക് യാത്ര ചെയ്യാം.’
ആ വാക്കുകൾ എന്റെ നെഞ്ചിൽ ഒരു മഞ്ഞുകട്ട പോലെ വന്നുപതിച്ചു! എന്റെ ആത്മാവിനെ അത് കീറിമുറിച്ചു. ഈ നിയമ വ്യവസ്ഥയിൽ തൃപ്തനായിരുന്നെങ്കിൽ പിന്നെന്തിനാണ് ഞാൻ ഓരോ വാതിലിലും കയറിയിറങ്ങി യാചിച്ചത്?
മക്കളെക്കുറിച്ച് ഒരു പിതാവിനുള്ള ആധിയും ഉത്കണ്ഠയും ഈ ഉദ്യോഗസ്ഥർക്ക് എങ്ങനെ മനസ്സിലാകാനാണ്? അവർ സാധാരണക്കാരോട് വലിയ തത്ത്വങ്ങൾ പ്രസംഗിക്കും. എന്നാൽ അതേ നിയമങ്ങൾ പണക്കാരുടെയോ, അധികാരമുള്ളവരുടെയോ അല്ലെങ്കിൽ ഒരുകെട്ട് പണത്തിന്റെയോ മുന്നിൽ വഴിമാറി കൊടുക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഞാനൊരു നല്ല പൗരനായിരുന്നല്ലോ. എന്റെ കടമകളെല്ലാം ഭംഗിയായി നിർവഹിച്ചിരുന്നു. എന്റെ വിശ്വാസത്തിനോ തൊഴിലിനോ ഒരു കളങ്കവും വരുത്തിയിട്ടില്ല. പകലും രാവും അധ്വാനിച്ചു. വിജ്ഞാനത്തിന്റെ ഉന്നതങ്ങൾ കീഴടക്കാൻ ഏറെ ആഗ്രഹിച്ചു.
എന്നിട്ടും… എന്തുകൊണ്ടാണ് ഈ മനുഷ്യർക്ക് എന്നെ മനസ്സിലാകാത്തത്? തങ്ങളുടെ ഉത്തരവാദിത്വം എന്താണെന്ന് പോലും അറിയാത്ത ഒരു കൂട്ടം വിഡ്ഢികൾക്ക് മുന്നിലാണോ ഞാൻ എന്റെ ബുദ്ധിയും അധ്വാനവും പണയം വെച്ചത്?
“അതെ!’ എന്റെ ഉള്ളിൽ നിന്ന് ഒരു ശബ്ദം ഉയർന്നു. വെറും തർക്കങ്ങളും കുയുക്തികളും കൊണ്ട് അവർ എന്നെ മടുപ്പിച്ചു കഴിഞ്ഞിരിക്കുന്നു. ഇനി ഇവരുടെ മുന്നിൽ യാചിക്കുന്നതിൽ അർഥമില്ല. എന്റെ ഉത്തരവാദിത്വങ്ങൾ ഞാൻ തന്നെ ഏറ്റെടുക്കണം. എന്റെ ജീവിതത്തിനും കാഴ്ചപ്പാടുകൾക്കും അനുയോജ്യമായ ഒരു തീരുമാനം ഇനി ഞാൻ തന്നെ എടുക്കും. ആരോടും ഒന്നും ബോധിപ്പിക്കാനില്ലാത്ത, സ്വന്തം ഉൾക്കാഴ്ചകളെ മാത്രം വിശ്വസിച്ചുകൊണ്ടുള്ള ആ വലിയ തീരുമാനം!
Content Highlights: A traveler shares a tense and perilous journey across the Amran coast and desert dunes in Yemen. Driven by bureaucratic corruption and the longing to join children abroad, the escape becomes a test of survival. The narrative reflects deep emotional struggles against oppressive systems and the ultimate choice of freedom.




