Kerala
സെപ്റ്റിക് ടാങ്ക് മാലിന്യമടക്കം തോട്ടിലേക്ക് ഒഴുക്കിവിട്ടു; ഇടുക്കിയില്‍ കെട്ടിട ഉടമക്ക് അരലക്ഷം രൂപ പിഴയിട്ടു
തോട്ടിലെ വെള്ളത്തെ ആശ്രയിച്ച് പ്രദേശത്ത് നിരവധി കുടിവെള്ള പദ്ധതികളും പ്രവര്‍ത്തിക്കുന്നുണ്ട്
തൊടുപുഴ | ഇടുക്കി നെടുംകണ്ടത്ത് സെപ്റ്റിക് ടാങ്ക് മാലിന്യമടക്കമുള്ള മലിനജലം തോട്ടിലേക്ക് ഒഴുക്കിയ കെട്ടിട ഉടമയ്ക്ക് പിഴ ചുമത്തി ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് .അരലക്ഷം രൂപയാണ് പിഴ ഈടാക്കിയത്. നെടുംകണ്ടം സെന്‍ട്രല്‍ ജംഗ്ഷനില്‍ സ്ഥിതി ചെയ്യുന്ന ‘സെന്റര്‍ പോയിന്റ്’ എന്ന കെട്ടിടത്തില്‍ നിന്നാണ് തുറന്ന ഓടയിലൂടെ ദുര്‍ഗന്ധം വമിക്കുന്ന മലിനജലം സമീപത്തെ തോട്ടിലേക്ക് ഒഴുക്കിയിരുന്നത്.
കെട്ടിടത്തിലെ വിവിധ ശുചിമുറികളില്‍ നിന്നുള്ള കക്കൂസ് മാലിന്യം കലര്‍ന്ന മലിനജലമാണ് തോട്ടിലേക്ക് തുറന്നുവിട്ടിരുന്നത്. ഈ മലിനജലം പതിച്ചിരുന്ന തോട്ടിലെ വെള്ളത്തെ ആശ്രയിച്ച് പ്രദേശത്ത് നിരവധി കുടിവെള്ള പദ്ധതികളും പ്രവര്‍ത്തിക്കുന്നുണ്ട് . മാലിന്യം ഒഴുക്കിയ കെട്ടിട ഉടമ വിജയന് മേപ്പുറത്തില് നിന്ന് 50,000 രൂപ പിഴ ഈടാക്കാനും തുടര്‍നടപടികള്‍ സ്വീകരിക്കാനും നെടുംകണ്ടം പഞ്ചായത്ത് സെക്രട്ടറിയ്ക്ക് ഇടുക്കി എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Content Highlights:The Idukki District Enforcement Squad imposed a fine of ₹50,000 on a building owner in Nedumkandam for discharging septic tank waste into a nearby stream. Sewage from toilets in the ‘Centre Point’ building was found flowing into a local water source vital for drinking water projects. Nedumkandam Panchayat Secretary was directed to collect the penalty and initiate further actions.



