International
പോളണ്ടില്‍ ആറ് പേരെ തെരുവില്‍ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവം; പ്രതിയുടെ വീട്ടില്‍ നിന്നും മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു
ഒസ്ട്രോവിയറ്റ് സ്വീറ്റോക്ര്സിക്കിയിലെ അക്രമിയുടെ വീട്ടില്‍ നിന്ന് രണ്ട് സ്ത്രീകളുടെയും ഒരു പുരുഷന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയതായി പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്ക്
വാര്‍സോ | പോളണ്ടില്‍ ആറ് പേരെ വെടിവെച്ച് കൊലപ്പെടുത്തിയ പ്രതിയുടെ വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇന്നലെ നടത്തിയ വെടിവെപ്പിന് പിന്നാലെ ഇയാളെ വെടിവെച്ചു കീഴടക്കിയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാളുടെ വീട്ടില്‍ നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചത്.
പോളണ്ടിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ക്രാക്കോവിന്റെ ഹൃദയഭാഗാണ് വെടിവെപ്പുണ്ടായത്. തോക്കുധാരി വലതുപക്ഷ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ടിട്ടുണ്ടെന്നാണ് ആഭ്യന്തര മന്ത്രി മാര്സിന് കിയെര്വിന്സ്കി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. സംഭവസ്ഥലത്തും പ്രതിയുടെ കുടുംബവീട്ടിലും പോലീസും ആഭ്യന്തര സുരക്ഷാ ഏജന്‍സിയുടെ ഉദ്യോഗസ്ഥരും പരിശോധന നടത്തിവരുന്നുണ്ട്.
കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ബ്രിട്ടീഷ് പൗരനാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ആക്രമണത്തില്‍ പരിക്കേറ്റ അഞ്ച് വിദേശ പൗരന്മാര് ഓസ്ട്രിയ, ജര്‍മ്മനി, പോര്‍ച്ചുഗല്‍, റഷ്യ, ബ്രിട്ടന് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു.കൊല്ലപ്പെട്ടവരില്‍ നാല് സ്ത്രീകളും രണ്ട് പുരുഷന്മാരും ഉള്‍പ്പെടുന്നുവെന്നും രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റതായും പോളിഷ് അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
ക്രാക്കോവില്‍ നിന്ന് ഏകദേശം 200 കിലോമീറ്റര്‍ വടക്കായി സ്ഥിതി ചെയ്യുന്ന ഒസ്ട്രോവിയറ്റ് സ്വീറ്റോക്ര്സിക്കിയിലെ അക്രമിയുടെ വീട്ടില്‍ നിന്ന് രണ്ട് സ്ത്രീകളുടെയും ഒരു പുരുഷന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയതായി പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്ക് പറഞ്ഞു.അവര്‍ പ്രതിയുടെ അടുത്ത ബന്ധുക്കളാണെന്നും അദ്ദേഹം അറിയിച്ചു
അക്രമി താമസിച്ചിരുന്ന കെട്ടിടത്തിലെ താമസക്കാരെ ഒഴിപ്പിച്ചതായും തീവ്രവാദ വിരുദ്ധ ഓഫീസര്‍മാര്‍ കെട്ടിടത്തിനകത്ത് പ്രവേശിച്ചതായും ഒസ്ട്രോവിയറ്റ് സ്വീറ്റോക്ര്സിക്കിയിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.സൈനിക വേഷത്തില്‍ മാരകമായ ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം
പ്രതി 24 കാരനായ പോളിഷ് പൗരനാണെന്ന് പൊലീസ് അറിയിച്ചു.
പോളണ്ടിലെ രണ്ടാമത്തെ വലിയ നഗരവും ജനപ്രിയ ടൂറിസ്റ്റ് കേന്ദ്രവുമായ ഇവിടത്തെ പ്രധാന സ്ക്വയറില്‍ ഒരു കാറില്‍ നിന്ന് അക്രമി പൊടുന്നനെ ജനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
വെടിയൊച്ച കേട്ട് ആളുകള്‍ പരിഭ്രാന്തരായി ഓടുന്നതും പോലീസ് സൈറണുകള്‍ മുഴങ്ങുന്നതും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ദൃശ്യങ്ങളില്‍ വ്യക്തമാണ്. പരുക്കേറ്റ് ചോരയൊലിക്കുന്ന നിലയില്‍ നടപ്പാതയില്‍ കിടക്കുന്ന രണ്ട് ആളുകളെയും അവരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്ന വഴിയാത്രക്കാരെയും മറ്റൊരു വീഡിയോ കാണിക്കുന്നു. മൂന്നാമതൊരാള്‍ സമീപത്ത് അനക്കമില്ലാതെ കിടക്കുന്നുണ്ടായിരുന്നു.
ഒരു കറുത്ത കാര്‍ പെട്ടെന്ന് പ്രത്യക്ഷപ്പെടുകയും ഡ്രൈവര്‍ ഒരു കൂട്ടം ആളുകള്‍ക്ക് നേരെ വെടിയുതിര്‍ത്ത ശേഷം വേഗത്തില്‍ ഓടിച്ചുപോവുകയും ചെയ്യുന്നത് കണ്ടതായി ദക്സാക്ഷി പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
Content Highlights: Polish police discovered three more bodies at the suspect’s home after a mass shooting in Krakow that left six dead. Prime Minister Donald Tusk confirmed the victims at the residence are close relatives of the 24-year-old gunman. Authorities are investigating the attack, which also injured several foreign nationals and two police officers.


