തെളിയോളം
നിങ്ങളുടെ കഥ ധൈര്യമായി എഴുതിക്കോളൂ
നമ്മളിൽ മിക്കവരും ബുദ്ധിമുട്ടുന്ന ഒരു കാര്യം ഇതാണ്. ജീവിതം മാറ്റിമറിക്കുന്ന ഒരു സാധ്യത പ്രയോഗവത്കരിക്കാനിറങ്ങുമ്പോൾ അത് മറ്റുള്ളവരുടെ പ്രതീക്ഷകൾക്ക് ഒത്ത ഒന്നല്ല എന്ന് ചിന്തിച്ച് അത് വേണ്ടെന്ന് വെക്കും. മറ്റുള്ളവരിൽ നിന്ന് അംഗീകാരം തേടേണ്ടതിന്റെ ആവശ്യകത ഉപേക്ഷിക്കാതെ ജീവിതം ഒരു തലത്തിൽ നിന്നും ഉയർത്താൻ കഴിയില്ല.

“ഞാനത് ചെയ്താൽ അതിൽ വരുന്ന കുറവുകൾ ആളുകൾക്കു മുന്നിൽ എന്റെ നിലവിലുള്ള വില നഷ്ടപ്പെടുത്തും’ എന്ന ചിന്തയിൽ നമുക്ക് സാധ്യമായ പലതും ഉപേക്ഷിച്ച ഒരുപാട് പേരെ നിങ്ങൾ കണ്ടിട്ടില്ലേ, കണ്ണാടിയിൽ അടക്കം!. നല്ല ഭാഷയും ഭാവനയും കഴിവും ഒക്കെ ഉണ്ടായിട്ടും, “ഒരു കഥ എഴുതാൻ പറ്റിയ ഒരു മൂഡ് അങ്ങട്ട് വരുന്നില്ല, അതിനൊക്കെ ശ്രമിക്കാൻ വേണ്ടത്ര സമയം എവിടെ?’ എന്നൊക്കെ പറയുന്ന ഒരാളെ എനിക്കറിയാം. “പറ്റും, പക്ഷെ ജോലിത്തിരക്കാണ്’ എന്നാണ് അദ്ദേഹത്തിന്റെ കാരണം.
എന്നാൽ യഥാർഥ കാരണം അതാണോ? അല്ല! ഒരു കാര്യത്തിലും പ്രതിജ്ഞാബദ്ധനാകാതെ, “ഞാൻ ശ്രമിച്ചാൽ എനിക്ക് അത് ചെയ്യാൻ കഴിയും’ എന്ന സാധ്യത ഉള്ളിലിട്ടു നടക്കുന്നു എന്നതാണ് വാസ്തവം. മറ്റൊരർഥത്തിൽ തന്റെ കഥയെ വിമർശനത്തിന് വിധേയമാക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല, നിലവാരമില്ലാത്ത രചന സൃഷ്ടിച്ച് നിരസിക്കപ്പെടാൻ സാധ്യതയുണ്ടെന്ന യാഥാർഥ്യത്തെ അഭിമുഖീകരിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നേയില്ല. സമയമുണ്ടെങ്കിൽ തനിക്ക് അത് ചെയ്യാൻ കഴിയുമെന്നും ശരിയായ അന്തരീക്ഷം ഉണ്ടെങ്കിൽ എഴുതാമായിരുന്നുവെന്നും അതിനുള്ള കഴിവ് തനിക്കുണ്ടെന്നും പറയാൻ കഴിയുന്ന ആ സാധ്യതകളുടെ സാങ്കൽപ്പിക മണ്ഡലത്തിൽ ജീവിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നു. അടുത്ത അഞ്ചോ പത്തോ വർഷത്തിനുള്ളിൽ, “ഓ ആ പ്രായമൊക്കെ കഴിഞ്ഞു’ അല്ലെങ്കിൽ “എനിക്ക് ഇപ്പോൾ ചിന്തിക്കാൻ ഒരുപാട് കാര്യങ്ങൾ വേറെയുണ്ട്’ എന്നിങ്ങനെയുള്ള മറ്റ് ഒഴികഴിവുകൾ അദ്ദേഹം ഉപയോഗിക്കാൻ തുടങ്ങും.
നമ്മളിൽ മിക്കവരും ബുദ്ധിമുട്ടുന്ന ഒരു കാര്യം ഇതാണ്. ജീവിതം മാറ്റിമറിക്കുന്ന ഒരു സാധ്യത പ്രയോഗവത്കരിക്കാനിറങ്ങുമ്പോൾ അത് മറ്റുള്ളവരുടെ പ്രതീക്ഷകൾക്ക് ഒത്ത ഒന്നല്ല എന്ന് ചിന്തിച്ച് അത് വേണ്ടെന്ന് വെക്കും. മറ്റുള്ളവരിൽ നിന്ന് അംഗീകാരം തേടേണ്ടതിന്റെ ആവശ്യകത ഉപേക്ഷിക്കാതെ ജീവിതം ഒരു തലത്തിൽ നിന്നും ഉയർത്താൻ കഴിയില്ല. പുറമെയുള്ളവരുടെ അംഗീകാരം തേടുന്നതിലൂടെ, അവർ നമ്മളിൽ നിന്ന് പ്രതീക്ഷിക്കുന്നത് പിന്തുടരാനാണ് അത് നമ്മെ പ്രേരിപ്പിക്കുക.
അവരുടെ പ്രതീക്ഷകൾ നിറവേറ്റുന്നതിൽ നാം മുഴുകിയാൽ, അവർ നിങ്ങളെ എങ്ങനെ കാണുന്നു എന്നതിനെക്കുറിച്ച് നിരന്തരം ആശങ്കാകുലരായി അടഞ്ഞ ഒരു ജീവിതമായിരിക്കും നാം നയിക്കുക. ഇച്ചിരോ കിഷിമി എന്ന മനശ്ശാസ്ത്ര ഗ്രന്ഥകാരന്റെ “വെറുക്കപ്പെടാൻ ധൈര്യപ്പെടുക’ എന്ന പുസ്തകത്തിൽ ഇതുസംബന്ധമായി പറയുന്ന ഏറ്റവും പ്രധാനപ്പെട്ട ആശയം, ഒരാൾക്ക് യഥാർഥത്തിൽ ഒരു നേട്ടം കൈവരിക്കുമെന്ന തോന്നൽ ഉണ്ടെങ്കിൽ, അയാൾക്ക് മറ്റുള്ളവരിൽ നിന്നുള്ള അംഗീകാരം ആവശ്യമില്ലെന്നും നമ്മുടെ ഉത്കണ്ഠകളും സമ്മർദങ്ങളും കൂടുതലും ഉണ്ടാകുന്നത് ഇത്തരം സാങ്കൽപ്പിക പ്രതീക്ഷകൾ നിറവേറ്റാൻ ശ്രമിക്കുന്നതിൽ നിന്നാണെന്നുമാണ്.
എല്ലാവരും നിങ്ങളെ ഇഷ്ടപ്പെടില്ല എന്ന വസ്തുത അംഗീകരിക്കുകയും സ്ഥിരീകരണത്തിനു പകരം നിങ്ങളുടെ മൂല്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും മറ്റുള്ളവരുടെ ഡിസ് ലൈക്കുകളോട് കുറ്റബോധമില്ലാതെ “കുഴപ്പമില്ല’ എന്ന് പറയാൻ പരിശീലിക്കുകയും ചെയ്യുമ്പോൾ നിങ്ങൾ ചെയ്യുന്ന ഏത് കാര്യത്തിലും നിങ്ങൾക്ക് പ്രതിബദ്ധത പുലർത്താനാകും.
ആളുകൾ നമ്മിൽ നിന്ന് പ്രതീക്ഷിക്കുന്നതിൽ നിന്നും നാം പിന്മാറാൻ തുടങ്ങുമ്പോൾ, നാം നമ്മോടുതന്നെ കൂടുതൽ കൂടുതൽ ഇണങ്ങിച്ചേരും. അത് നൽകുന്ന സ്വാതന്ത്ര്യവും വ്യക്തതയും ശക്തിയും ചെറുതല്ല. പുതിയ ഒരു വസ്ത്രം ധരിച്ച് നാം നമ്മെ തന്നെ ഏറെ നേരം നോക്കിനിൽക്കുന്ന തരത്തിൽ തന്നെത്തന്നെ ശ്രദ്ധിക്കാനുള്ള കഴിവ് ഇത് നമ്മിൽ വികസിപ്പിക്കും. മറ്റൊരാൾ ഭക്ഷണം കഴിച്ചാൽ നമ്മുടെ വിശപ്പ് മാറില്ല എന്ന് പ്രാഥമിക തത്വം നമ്മിൽ നിറയണം. നമ്മൾ എന്ത് ചെയ്താലും ആരെങ്കിലും എവിടെയെങ്കിലും അംഗീകരിക്കില്ല. നിങ്ങൾ ദയാലുവും ഉദാരമതിയും ആയിരുന്നാൽ “പാവത്താൻ’ എന്ന് മുദ്രകുത്തപ്പെടാം. ആശയദൃഢതയും ഉറച്ച നിലപാടും പുലർത്തിയാൽ “അഹങ്കാരി’ എന്ന് വിളിക്കപ്പെടാം.
എല്ലാവരെയും പ്രീതിപ്പെടുത്താൻ ശ്രമിക്കുന്നത് മണൽ ഒരു മുഷ്ടിയിൽ പിടിക്കാൻ ശ്രമിക്കുന്നത് പോലെയാണ് – നിങ്ങൾ കൂടുതൽ മുറുകെ പിടിക്കുന്തോറും അത് കൂടുതൽ വഴുതിപ്പോകും. യഥാർഥ ധൈര്യം നിങ്ങളായിരിക്കുന്നതിലാണ്, നിങ്ങളെ ചുറ്റിപ്പറ്റിയുള്ള എല്ലാ അഭിപ്രായങ്ങളോടും പൊരുത്തപ്പെടുന്നതിലല്ല. ഇതിനർഥം പരുഷമായി പെരുമാറുകയോ നിസ്സംഗത പുലർത്തുകയോ ചെയ്യുക എന്നല്ല, മറിച്ച് മറ്റുള്ളവരുടെ കൈയടിയോ വിമർശനമോ അല്ല, മറിച്ച് നിങ്ങളുടെ സ്വന്തം മൂല്യങ്ങളാൽ നയിക്കപ്പെടുക എന്നതാണ്. എഴുത്തുകാരിയായ ബ്രെനെ ബ്രൗൺ പറയുന്നതുപോലെ, “അതിരുകൾ നിശ്ചയിക്കാൻ ധൈര്യപ്പെടുക എന്നാൽ മറ്റുള്ളവരെ നിരാശരാക്കാൻ സാധ്യതയുള്ളപ്പോഴും നമ്മെത്തന്നെ സ്നേഹിക്കാനുള്ള ധൈര്യം കാണിക്കുക എന്നതാണ്.’