Connect with us

From the print

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രമേയം; അച്ചടക്കം ശക്തം, പാർട്ടിക്കൂറിൽ വിട്ടുവീഴ്ചയില്ല

പാർട്ടിയെ ബാധിച്ചിരിക്കുന്ന "മാലിന്യങ്ങളും വൈറസുകളും' തുടച്ചുനീക്കുമെന്ന്, ഔദ്യോഗിക മാധ്യമമായ സിൻഹുവ പ്രസിദ്ധീകരിച്ച പ്രമേയത്തിൽ പറയുന്നു.

Published

|

Last Updated

ബീജിംഗ് | പാർട്ടിക്കുള്ളിലെ അച്ചടക്കം കൂടുതൽ ശക്തമാക്കുന്നതിനൊപ്പം അഴിമതിവിരുദ്ധ നടപടികൾ ഊർജിതമാക്കുമെന്ന് ചൈനീസ് ഭരണകക്ഷിയായ കമ്യൂണിസ്റ്റ് പാർട്ടി. പാർട്ടി അംഗങ്ങൾക്കിടയിൽ നേതൃത്വത്തോടുള്ള കൂറ് ഉറപ്പാക്കുന്നതിനും അഴിമതിയും മറ്റ് വീഴ്ചകളും ഇല്ലാതാക്കുന്നതിനും ലക്ഷ്യമിട്ടുള്ള പുതിയ പ്രമേയം പാർട്ടി അംഗീകരിച്ചു.

പാർട്ടിയെ ബാധിച്ചിരിക്കുന്ന “മാലിന്യങ്ങളും വൈറസുകളും’ തുടച്ചുനീക്കുമെന്ന്, ഔദ്യോഗിക മാധ്യമമായ സിൻഹുവ പ്രസിദ്ധീകരിച്ച പ്രമേയത്തിൽ പറയുന്നു. കഴിഞ്ഞ ദിവസം പൂർത്തിയായ പ്ലീനത്തിലാണ് പ്രമേയം അംഗീകരിച്ചത്. ഉദ്യോഗസ്ഥരുടെ ദൈനംദിന പ്രവർത്തനം, വ്യക്തിജീവിതത്തിലെ പെരുമാറ്റം, പരാമർശങ്ങൾ, സാമൂഹിക ബന്ധങ്ങൾ, കുടുംബമൂല്യങ്ങൾ എന്നിവ വിലയിരുത്തി പാർട്ടിയോടുള്ള കൂറ് പരിശോധിച്ച ശേഷം സ്ഥാനക്കയറ്റവും നിയമനവും നൽകണമെന്നാണ് നിർദേശം. ഉദ്യോഗസ്ഥരുടെ സ്വത്ത് വിവരങ്ങളും വരുമാനത്തിന് ആനുപാതികമല്ലാത്ത കുടുംബച്ചെലവുകളും സൂക്ഷ്മമായി പരിശോധിക്കും. ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളുടെ ബിസിനസ്സ് ഇടപാടുകളും നിരീക്ഷണവിധേയമാക്കും. പാർട്ടിയിലെ അഴിമതി തടയാനുള്ള നടപടികളിൽ ക്രിപ്റ്റോകറൻസി, ബ്ലോക്ക്ചെയിൻ, അതിർത്തി കടന്നുള്ള സാമ്പത്തിക ഇടപാടുകൾ എന്നിവ ഉപയോഗിച്ചുള്ള അഴിമതിയും ഉൾപ്പെടുത്തും.

മറ്റുള്ളവരുടെ പേരിലുള്ള ഓഹരി ഉടമസ്ഥത വഴിയുള്ള അഴിമതിയും ലക്ഷ്യമിടും. ഒരു പതിറ്റാണ്ടിലേറെയായി തുടരുന്ന അഴിമതിവിരുദ്ധ നീക്കത്തിന്റെ പുതുക്കിയ മാർഗരേഖയാണ് പ്രമേയം. ഇതിനകം ദശലക്ഷക്കണക്കിന് ഉദ്യോഗസ്ഥർ ഈ നടപടികളുടെ ഭാഗമായി അന്വേഷണം നേരിട്ടിട്ടുണ്ട്.

പ്രസിഡന്റ്ഷീ ജിൻപിംഗിനെ പാർട്ടിയുടെ കേന്ദ്ര നേതാവായി അംഗീകരിക്കണമെന്നും ചിന്തയിലും രാഷ്ട്രീയ നിലപാടുകളിലും പ്രവർത്തനങ്ങളിലും ഉന്നത നേതൃത്വവുമായി പൂർണമായി യോജിച്ചുനിൽക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.

Content Highlights: China’s Communist Party passed a new resolution to intensify anti-corruption measures and enforce strict discipline. The initiative targets illegal crypto transactions, cross-border financial deals, and undisclosed assets to ensure absolute loyalty to President Xi Jinping.

Latest