Editors Pick
തൊഴിലിടങ്ങളിലെ മാനസിക സമ്മർദ്ദം: ലോകത്ത് ഒരു വർഷം മരിക്കുന്നത് ഒൻപത് ലക്ഷം പേർ; ഞെട്ടിക്കുന്ന യുഎൻ റിപ്പോർട്ട് പുറത്ത്
ജോലിയിലെ അമിതഭാരം, കഠിനാധ്വാനത്തിന് അനുസരിച്ചുള്ള പ്രതിഫലം ലഭിക്കാത്ത സാഹചര്യം, ദീർഘനേരത്തെ ജോലി, തൊഴിൽ സുരക്ഷിതത്വമില്ലായ്മ, സഹപ്രവർത്തകരിൽ നിന്നോ മേലധികാരികളിൽ നിന്നോ ഉള്ള പീഡനങ്ങൾ എന്നിവ ഹൃദ്രോഗങ്ങൾക്കും മാനസിക തകരാറുകൾക്കും കാരണമാകുന്നുണ്ട്.
ദുബൈ | തൊഴിലിടങ്ങളിലെ അമിതമായ മാനസിക സമ്മർദ്ദം ലോകവ്യാപകമായി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും മരണങ്ങൾക്കും കാരണമാകുന്നതായി ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ (ഐ ഐ എൽ ഒ) പുറത്തുവിട്ട പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഓരോ വർഷവും ഏകദേശം 9,00,000 മരണങ്ങൾ തൊഴിൽ സമ്മർദ്ദവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. കേവലം തളർച്ചയോ ജോലിഭാരമോ എന്നതിലുപരിയായി ഇത് മനുഷ്യജീവനുകളെ ഇല്ലാതാക്കുന്ന വില്ലനായി മാറിക്കൊണ്ടിരിക്കുകയാണ്.
ദ സൈക്കോസോഷ്യൽ വർക്കിംഗ് എൻവയൺമെന്റ്: ഗ്ലോബൽ ഡെവലപ്പ്മെന്റ്സ് ആൻഡ് പാത്ത്വേയ്സ് ഫോർ ആക്ഷൻ എന്ന റിപ്പോർട്ടിൽ പ്രധാനമായും മൂന്ന് കാര്യങ്ങളാണ് പരിശോധിച്ചത്. ജോലിയുടെ സ്വഭാവം, മാനേജ്‌മെന്റ് രീതികൾ, സ്ഥാപനങ്ങളിലെ നയങ്ങൾ എന്നിവ തൊഴിലാളികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്നതാണ് ഇതിൽ പ്രധാനം. ജോലിയിലെ അമിതഭാരം, കഠിനാധ്വാനത്തിന് അനുസരിച്ചുള്ള പ്രതിഫലം ലഭിക്കാത്ത സാഹചര്യം, ദീർഘനേരത്തെ ജോലി, തൊഴിൽ സുരക്ഷിതത്വമില്ലായ്മ, സഹപ്രവർത്തകരിൽ നിന്നോ മേലധികാരികളിൽ നിന്നോ ഉള്ള പീഡനങ്ങൾ എന്നിവ ഹൃദ്രോഗങ്ങൾക്കും മാനസിക തകരാറുകൾക്കും കാരണമാകുന്നുണ്ട്.

ലോകാരോഗ്യ സംഘടനയുടെയും ഗ്ലോബൽ ബേർഡൻ ഓഫ് ഡിസീസ് പഠനത്തിന്റെ അടിസ്ഥാനത്തിൽ പ്രതിവർഷം ഏകദേശം 8,40,000 പേർ ഇത്തരം സാഹചര്യങ്ങൾ മൂലം മരണമടയുന്നുണ്ട്. ആഗോളതലത്തിൽ 35 ശതമാനം തൊഴിലാളികളും ആഴ്ചയിൽ 48 മണിക്കൂറിലധികം ജോലി ചെയ്യുന്നവരാണ്. കൂടാതെ 23 ശതമാനം പേർ തൊഴിലിടങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള അക്രമങ്ങളോ പീഡനങ്ങളോ നേരിടുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
ജോലിഭാരം ജീവനെടുക്കുന്നു?; തൊഴിലിടങ്ങളിലെ സമ്മർദ്ദം കുറയ്ക്കാൻ 6 പ്രായോഗിക വഴികൾ
ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ കടന്നുവരവ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഹൈബ്രിഡ് അല്ലെങ്കിൽ റിമോട്ട് ജോലി രീതികൾ എന്നിവ പുതിയ വെല്ലുവിളികൾ ഉയർത്തുന്നുണ്ട്. മാനസിക സാമൂഹിക അപകടസാധ്യതകൾ ആധുനിക തൊഴിൽ ലോകത്തെ ഏറ്റവും വലിയ വെല്ലുവിളിയാണെന്ന് ഐ എൽ ഒ പോളിസി ടീം ലീഡ് മനാലി അസി അഭിപ്രായപ്പെട്ടു. ഇത് കെട്ടിട നിർമ്മാണ മേഖലയിലായാലും ഓഫീസുകളിലായാലും ഒരുപോലെ ബാധകമാണ്.

ഓരോ വർഷവും ഏകദേശം 45 ദശലക്ഷം ആരോഗ്യകരമായ ജീവിത വർഷങ്ങളാണ് (ഡി എ എൽ വൈ) ഈ കാരണങ്ങളാൽ നഷ്ടപ്പെടുന്നത്. ഇത് ആഗോള ആഭ്യന്തര ഉൽപ്പാദനത്തിന്റെ (ജി ഡി പി) 1.37 ശതമാനം സാമ്പത്തിക നഷ്ടത്തിന് തുല്യമാണ്. സർക്കാരുകളും തൊഴിലുടമകളും തൊഴിലാളികളും ഒരുമിച്ച് നിന്ന് കൃത്യമായ നയരൂപീകരണം നടത്തിയാൽ ഈ മരണങ്ങൾ ഒഴിവാക്കാൻ സാധിക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
Summary
A new report by the International Labour Organisation (ILO) indicates that workplace stress is linked to nearly 900,000 deaths globally every year. Key factors such as long working hours, job insecurity, and workplace harassment are driving a rise in cardiovascular diseases and mental health disorders. The study emphasizes that these preventable deaths result in an economic loss equivalent to 1.37% of global GDP, urging for better psychosocial risk management in work environments.






