Kerala
പാമ്പ് കടിയേറ്റ് എട്ട് വയസുകാരന്‍ മരിച്ച സംഭവം; ചിറയിന്‍കീഴ് താലൂക്ക് ആശുപത്രി സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് തേടി ഡിഎംഒ
ആശുപത്രിയില്‍ നിന്ന് കുട്ടിയ്ക്ക് വേണ്ടത്ര ചികിത്സ ലഭ്യമായിട്ടില്ലെന്ന കുടുംബത്തിന്റെ ആരോപണവുമായി ബന്ധപ്പെട്ടാണ് റിപ്പോര്‍ട്ട് തേടിയത്.
തിരുവനന്തപുരം|തിരുവനന്തപുരത്ത് പാമ്പ് കടിയേറ്റ് എട്ട് വയസുകാരന്‍ മരിച്ച സംഭവത്തില്‍ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രി സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് തേടി ഡിഎംഒ. ആശുപത്രിയില്‍ നിന്ന് കുട്ടിയ്ക്ക് വേണ്ടത്ര ചികിത്സ ലഭ്യമായിട്ടില്ലെന്ന കുടുംബത്തിന്റെ ആരോപണവുമായി ബന്ധപ്പെട്ടാണ് റിപ്പോര്‍ട്ട് തേടിയത്. ചിറയിന്‍കീഴ് സ്വദേശികളായ ദിലീപ് അനു ദമ്പതികളുടെ മകന്‍ ദിക്ഷലാണ് പാമ്പ് കടിയേറ്റ് മരിച്ചത്. സംഭവത്തിനുശേഷം നാട്ടുകാര്‍ കുട്ടിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. ഇതിനിടെയാണ് കുട്ടിയെ ആദ്യമെത്തിച്ച ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ നിന്ന് വേണ്ടത്ര ചികിത്സ ലഭ്യമായില്ലെന്ന് കുടുംബം പരാതി പറഞ്ഞത്.
രാവിലെ നാല് മണിയോടെയാണ് കുട്ടിക്ക് പാമ്പ് കടിയേറ്റതായി കുടുംബം അറിഞ്ഞത്. കുഞ്ഞ് കിടന്ന മുറിയില്‍ നടത്തിയ പരിശോധനയില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തുകയും ചെയ്തു. കുഞ്ഞിന് വയ്യെന്ന് പറഞ്ഞിട്ടും ആശുപത്രി അധികൃതര്‍ വേണ്ട രീതിയില്‍ പരിഗണിച്ചില്ലെന്ന് പിതാവ് ദിലീപ് ആരോപിച്ചിരുന്നു. ഡോക്ടര്‍ ഒന്ന് തൊട്ടുപോലും നോക്കിയില്ലെന്നും നഴ്സ് മാത്രമാണ് തട്ടി നോക്കിയതെന്നും ദിലീപ് പറഞ്ഞു.
രാവിലെ രണ്ടരയോടെഎന്തോ കടിച്ചു എന്നു പറഞ്ഞ് കുഞ്ഞ് നിലവിളിക്കുകയായിരുന്നു. കാലില്‍ ചെറിയൊരു പാട് മാത്രമാണ് ഉണ്ടായിരുന്നത്. ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപ്പോള്‍ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ പറഞ്ഞു. ആശുപത്രിയില്‍ എത്തിക്കുമ്പോഴും കുഞ്ഞിന് പ്രശ്നം ഉണ്ടായിരുന്നില്ല. സൂചി കണ്ട് പെട്ടെന്ന് പേടിച്ച് നിലവിളിച്ചു. പിന്നീടാണ് ഛര്‍ദ്ദിക്കാന്‍ വന്നതും വയ്യാതായതും. അവിടെ നിന്നും മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോകുന്ന വഴിയില്‍ തന്നെ അനക്കം ഇല്ലാതായി. കൃത്യമായ ചികിത്സ ലഭിച്ചിരിക്കുന്നങ്കില്‍ കുഞ്ഞ് രക്ഷപ്പെടുമായിരുന്നുവെന്ന് അഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കീര്‍ത്തി സൈജുവും പറഞ്ഞു. ആശുപത്രിക്കെതിരെ പ്രതിഷേധം ഉണ്ടാകുമെന്ന് അവര്‍ പറഞ്ഞു.





