National
തമിഴ്‌നാട്ടില്‍ പോളിംഗ് ബൂത്തില്‍ പോലീസുകാരന് കുത്തേറ്റു; മുന്‍ സൈനികന്‍ പിടിയില്‍
തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന കുത്താലം പോലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ വിഘ്‌നേഷിന് നേരെയാണ് ആക്രമണം
ചെന്നൈ | തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടിംഗ് പുരോഗമിക്കവെ മയിലാടുതുറൈ ജില്ലയിലെ പൂമ്പുഹാര്‍ മണ്ഡലത്തില്‍ പോലീസുകാരന് കുത്തേറ്റു. പൊറയാറിലെ ജമാലിയ മിഡില്‍ സ്‌കൂളില്‍ സജ്ജീകരിച്ചിരുന്ന 324-ാം നമ്പര്‍ ബൂത്തിലാണ് സംഭവം. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന കുത്താലം പോലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ വിഘ്‌നേഷിന് നേരെയാണ് ആക്രമണം. സംഭവത്തില്‍ വിരമിച്ച സൈനികനായ പ്രഭാകരനെ പോലീസ് അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച രാവിലെ 11 ഓടെയാണ് അക്രമമുണ്ടായത്. വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ പ്രഭാകരന്‍ കൈവശമുണ്ടായിരുന്ന ചെറിയ കത്തി ഉപയോഗിച്ച് വിഘ്‌നേഷിനെ ആക്രമിക്കുകയായിരുന്നു. വിഘ്‌നേഷിന്റെ കഴുത്തിനും ഇരു കൈകള്‍ക്കും ഗുരുതരമായി പരുക്കേറ്റു. ഉടന്‍ തന്നെ അദ്ദേഹത്തെ പൊറയാര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് മറ്റൊരു പോലീസുകാരനെ ആക്രമിച്ച കേസിലും പ്രഭാകരന്‍ പ്രതിയായിരുന്നു. അക്രമത്തെത്തുടര്‍ന്ന് ബൂത്തിലെ വോട്ടെടുപ്പ് അല്‍പനേരം തടസപ്പെട്ടെങ്കിലും പിന്നീട് പുനരാരംഭിച്ചു.






