Connect with us

Kerala

മുക്കത്ത് പീഡനശ്രമത്തിനിടെ യുവതി കെട്ടിടത്തില്‍ നിന്ന് ചാടിയ സംഭവം; ദൃശ്യങ്ങള്‍ പുറത്തുവിട്ട് കുടുംബം

സംഭവത്തില്‍ ഹോട്ടല്‍ ഉടമ ദേവദാസ്, ജീവനക്കാരായ റിയാസ്, സുരേഷ് എന്നിവരെ മുക്കം പോലീസ് പ്രതിചേര്‍ത്തു.

Published

|

Last Updated

കോഴിക്കോട്|കോഴിക്കോട് മുക്കത്ത് പീഡനശ്രമത്തിനിടെ യുവതി കെട്ടിടത്തില്‍ നിന്ന് ചാടിയ സംഭവത്തില്‍ ചാടുന്നതിന് തൊട്ട് മുമ്പുള്ള ദൃശ്യങ്ങള്‍ പുറത്തുവിട്ട് കുടുംബം. യുവതിയെ ഹോട്ടല്‍ ഉടമയും ജീവനക്കാരും ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങളും സംഭാഷണങ്ങളുമാണ് കുടുംബം പുറത്തുവിട്ടത്. സംഭവത്തില്‍ ഹോട്ടല്‍ ഉടമ ദേവദാസ്, ജീവനക്കാരായ റിയാസ്, സുരേഷ് എന്നിവരെ മുക്കം പോലീസ് പ്രതിചേര്‍ത്തു. ഹോട്ടല്‍ ഉടമയും ജീവനക്കാരും ഒളിവിലാണ്.

ശനിയാഴ്ച രാത്രി പതിനൊന്നു മണിയോടയൊണ് യുവതിയുടെ താമസ സ്ഥലത്തേക്ക് ദേവദാസ്, റിയാസ്, സുരേഷ് എന്നിവര്‍ കയറി ചെല്ലുന്നത്. ഈ സമയത്ത് വീഡിയോ ഗെയിമിങ്ങിലായിരുന്നു യുവതി. വീട്ടില്‍ അതിക്രമിച്ചു കയറിയ മൂവരും ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നാണ് യുവതി മുക്കം പോലീസിന് മൊഴി നല്‍കിയത്. പ്രതികളില്‍ നിന്ന് കുതറി രക്ഷാര്‍ത്ഥം പെണ്‍കുട്ടി കെട്ടിടത്തില്‍ നിന്ന് ചാടുകയായിരുന്നു. നട്ടെല്ലിനും ഇടുപ്പിനും പരുക്കേറ്റ യുവതി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

യുവതി മുക്കത്തെ ഹോട്ടലില്‍ ജോലിക്ക് കയറിയിട്ട് മൂന്ന് മാസമായി. പെണ്‍കുട്ടിയുടെ വിശ്വാസ്യത നേടിയ ശേഷം ഹോട്ടല്‍ ഉടമ ദേവദാസ് പ്രലോഭനത്തിന് ശ്രമിച്ചിരുന്നുവെന്ന് കുടുബം ആരോപിക്കുന്നു. ഇത് സംബന്ധിച്ച ഡിജിറ്റല്‍ തെളിവുകളുണ്ടെന്നും കുടുംബം പറഞ്ഞു. ഹോട്ടലിലെ സിസിടിവി അടക്കം വീണ്ടെടുത്ത് പരിശോധിക്കും. ഒളിവിലുള്ള മൂന്ന് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയെന്നും പോലീസ് അറിയിച്ചു. യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനും പോലീസ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.