National
യുവതിയുടെ മരണം; പ്രതി ദീപക് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി; അന്വേഷണം വ്യാപിപ്പിച്ചു
മര്‍ദനത്തില്‍ സുനിതയുടെ തലച്ചോറിന് ഗുരുതരമായി പരുക്കേറ്റിരുന്നു
ബെംഗളൂരു | ഡോഗ് ഷെല്‍ട്ടര്‍ ഹോമില്‍ മലയാളി യുവതിയെ അതിക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ പ്രതി കൊല്ലം സ്വദേശി ദീപക് കൃഷ്ണ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി. കര്‍ണാടക പോലീസിന് പ്രതിക്കു വേണ്ടിയുള്ള തിരച്ചില്‍ മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു.
ഇയാള്‍ വിദേശത്തുള്ള ഡോക്ടറെ ആക്രമിച്ചതിന് ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. മയക്കുമരുന്ന് കടത്ത് കേസിലും 2024 ല്‍ കറന്‍സി കത്തിച്ചകേസിലും ദീപക് പ്രതിയാണ്. ഇന്നലെയാണ് വാടാനപ്പള്ളി സ്വദേശിനി സുനിത തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണപ്പെടുന്നത്. മര്‍ദനത്തില്‍ സുനിതയുടെ തലച്ചോറിന് ഗുരുതരമായി പരുക്കേറ്റിരുന്നു.
മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ അല്പസമയത്തിനകം തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ ആരംഭിക്കും. ഇക്കഴിഞ്ഞ മൂന്നിനാണ് ബെംഗളൂരുവിലെ സുലിബെലയിലെ തെരുവുനായ്ക്കളെ പരിപാലിക്കുന്ന ഹോമില്‍ ക്രൂരമര്‍ദനം നടക്കുന്നത്. നാട്ടില്‍ ഇതേ പ്രവര്‍ത്തനം നടത്തുന്ന സുനിതയും ബെംഗളൂരുവിലെ ഷെല്‍ട്ടര്‍ ഹോമിന്റെ ഉടമയായ ദീപക് കൃഷ്ണനും തമ്മില്‍ മുന്‍പു തന്നെ പരിചയം ഉണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സുനിതയും ഒപ്പം രണ്ടു യുവതികളും ഷെല്‍ട്ടര്‍ ഹോമില്‍ ജോലി ചെയ്യാന്‍ അവിടെയെത്തിയത്.
എന്നാല്‍ ബെംഗളൂരുവില്‍ എത്തിയപ്പോള്‍ ദീപക് കൃഷ്ണന്റെ പെരുമാറ്റത്തില്‍ മാറ്റം ഉണ്ടായി. സുനിത തിരികെ നാട്ടിലേക്ക് മടങ്ങുകയാണ് എന്ന് അറിയിച്ചപ്പോള്‍ ആയിരുന്നു അതിക്രൂരമര്‍ദനം ഉണ്ടായത്. ബെംഗളൂരുവിലെ ആശുപത്രികളില്‍ എത്തിച്ച ശേഷമാണ് സുനിതയെ ആംബുലന്‍സില്‍ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലേക്ക് എത്തിക്കുന്നത്.







