Connect with us

Editorial

തമിഴകത്തിന്റെ തലവര മാറ്റുമോ ടി വി കെ?

സിനിമാ ഗ്ലാമറിനപ്പുറം കരുത്തുറ്റ ഒരു കേഡര്‍ രാഷ്ട്രീയ സംവിധാനം ടി വി കെക്കില്ല. നിലവില്‍ പാര്‍ട്ടി കൈവരിച്ച മുന്നേറ്റവും നേട്ടവും നിലനിര്‍ത്താന്‍ ആദര്‍ശ രാഷ്ട്രീയത്തില്‍ ഊന്നിയുള്ള സംഘടനാ സംവിധാനം ആവശ്യമാണ്.

Published

|

Last Updated

പതിറ്റാണ്ടുകളായി ഡി എം കെയും എ ഐ എ ഡി എം കെയും കൈയടക്കി വെച്ചിരുന്ന തമിഴ്‌നാട്ടിലെ ദ്വന്ദ്വ രാഷ്ട്രീയത്തിന് അന്ത്യം കുറിച്ചിരിക്കുന്നു നടന്‍ വിജയ്. രണ്ട് ദ്രാവിഡ കക്ഷികളെയും പിന്തള്ളി രണ്ട് വര്‍ഷം മാത്രം പഴക്കമുള്ള വിജയ്‌യുടെ തമിഴക വെട്രി കഴകം (ടി വി കെ) പാര്‍ട്ടി നൂറിലധികം സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയര്‍ന്നിരിക്കുകയാണ്. ചെറുകക്ഷികളുടെ പിന്തുണയോടെ സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള ശ്രമത്തിലാണ് പാര്‍ട്ടി. സിനിമയും രാഷ്ട്രീയവും ഇഴചേര്‍ന്നു നില്‍ക്കുന്ന ഇടമാണ് തമിഴകമെങ്കിലും, കമലാഹാസന്‍ ഉള്‍പ്പെടെ പല പ്രമുഖ സിനിമാ താരങ്ങളും പ്രായോഗിക രാഷ്ട്രീയത്തില്‍ പരാജയപ്പെട്ട ചരിത്രമാണുള്ളത്. സിനിമയിലെ ജനപ്രീതി മുതലെടുത്ത് രാഷ്ട്രീയത്തിലേക്ക് കടന്നുവന്നവരില്‍ എം ജി ആറിനും ജയലളിതക്കും മാത്രമാണ് തമിഴക രാഷ്ട്രീയത്തില്‍ തിളങ്ങാനും അധികാരം കൈയാളാനും സാധിച്ചത്. സിനിമയിലെ ജനപ്രീതി വോട്ടാക്കി മാറ്റുന്നതില്‍ വന്‍വിജയം കൈവരിച്ച മൂന്നാമത്തെ വെള്ളിത്തിര താരമാണ് വിജയ്.

2021ലെ തിരഞ്ഞെടുപ്പില്‍ 133 മണ്ഡലത്തില്‍ വിജയിച്ച ഡി എം കെ ഇത്തവണ 59 സീറ്റില്‍ ഒതുങ്ങി. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ പരാജയമാണ് ഡി എം കെക്ക് ഏറ്റ ഏറ്റവും വലിയ ആഘാതം. തന്റെ രാഷ്ട്രീയ കോട്ടയായിരുന്ന കൊളത്തൂര്‍ മണ്ഡലത്തില്‍ ടി വി കെ സ്ഥാനാര്‍ഥി വി എസ് ബാബുവിനോട് 8,795 വോട്ടുകള്‍ക്കാണ് സ്റ്റാലിന്‍ പരാജയപ്പെട്ടത്. സംസ്ഥാനത്ത് ഭരണത്തിലിരിക്കെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുന്ന മൂന്നാമത്തെ മുഖ്യമന്ത്രിയാണ് സ്റ്റാലിന്‍. 1967ല്‍ കോണ്‍ഗ്രസ്സ് മുഖ്യമന്ത്രിയായിരുന്ന എം ഭക്തവത്സലവും 1886ല്‍ എ ഐ എ ഡി എം കെ മുഖ്യമന്ത്രിയായിരുന്ന ജയലളിതയും ഭരണത്തിലിരിക്കെ പരാജയപ്പെട്ടിരുന്നു.

നിരവധി ജനക്ഷേമ പദ്ധതികള്‍ നടപ്പാക്കുകയും വര്‍ഗീയ- വിദ്വേഷ രാഷ്ട്രീയത്തിനെതിരെ സ്വീകരിച്ച തീവ്രനിലപാടിലൂടെ മതേതര രാഷ്ട്രീയത്തിന്റെ ശക്തനായ നേതാവായി ഉയരുകയും ചെയ്ത സ്റ്റാലിന്റെ പരാജയം രാഷ്ട്രീയ മേഖലയില്‍ അമ്പരപ്പുളവാക്കിയിരിക്കുകയാണ്. ഒരു ഡസനോളം ഡി എം കെ മന്ത്രിമാര്‍ക്കും അടിപതറി ടി വി കെയുടെ മുന്നേറ്റത്തില്‍. രാഷ്ട്രീയത്തിലെ പുതുമുഖങ്ങളോടാണ് പതിറ്റാണ്ടുകളുടെ രാഷ്ട്രീയ പാരമ്പര്യമുള്ള ഇവര്‍ പരാജയപ്പെട്ടത്. ഭരണവിരുദ്ധ വികാരത്തിനപ്പുറം വിജയ്‌യുടെ താരപ്രഭയും ടി വി കെയുടെ ചിട്ടയായ പ്രവര്‍ത്തനങ്ങളുമാണ് ഡി എം കെയുടെ പരാജയത്തിനു കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. കൃത്യമായ സംഘടനാ സംവിധാനത്തിലൂടെ ജനകീയാടിത്തറ ബലപ്പെടുത്തിയതിനു ശേഷമാണ് വിജയ് പ്രായോഗിക രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. തമിഴകത്തെങ്ങും സന്നദ്ധ, സേവനങ്ങള്‍ നടത്തിയിരുന്ന അനുയായികളുടെ കൂട്ടായ്മകളെ(രസികന്‍ മന്‍ട്രം)യാണ് അദ്ദേഹം രാഷ്ട്രീയ പാര്‍ട്ടിയുടെ അടിത്തറയാക്കി മാറ്റിയത്.

തമിഴകത്തെ സ്ത്രീകളെയും യുവാക്കളെയും ലക്ഷ്യമിട്ട് ടി വി കെ നടത്തിയ വാഗ്ദാനങ്ങളും പാര്‍ട്ടിയെ തുണച്ചു. സ്ത്രീകള്‍ക്ക് പ്രതിമാസം 2,500 രൂപ ധനസഹായം, പ്രതിവര്‍ഷം ആറ് എല്‍ പി ജി സിലിന്‍ഡറുകള്‍, തൊഴിലില്ലാത്ത യുവാക്കള്‍ക്ക് സാമ്പത്തിക സഹായം, കര്‍ഷകരുടെ വായ്പ എഴുതിത്തള്ളല്‍, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായം എന്നിങ്ങനെ നീളുന്നു പാര്‍ട്ടി പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍.

തിരഞ്ഞെടുപ്പുകളില്‍ ജയപരാജയങ്ങളും ഭരണമാറ്റവും സ്വാഭാവികമാണെങ്കിലും തമിഴകത്തെ ഇപ്പോഴത്തെ ഭരണമാറ്റം ഉയര്‍ത്തുന്ന ചില ആശങ്കകളുണ്ട്. കേവല അധികാര മാറ്റത്തിനപ്പുറം ദ്രാവിഡ രാഷ്ട്രീയത്തിന്റെ ദിശയെ ഇതെങ്ങനെ ബാധിക്കുമെന്നതും സവര്‍ണ- വര്‍ഗീയ രാഷ്ട്രീയത്തെ പ്രതിരോധിക്കുന്നതില്‍ എം കെ സ്റ്റാലിനോളം ആര്‍ജവം കാണിക്കാന്‍ വിജയ്ക്കാകുമോ എന്നതുമാണ് മുഖ്യ ആശങ്ക. സാമൂഹിക നീതി, ഫെഡറലിസം തുടങ്ങിയ ആശയങ്ങളില്‍ അടിയുറച്ചാണ് ഡി എം കെ. ബി ജെ പിയുടെ സവര്‍ണ- വര്‍ഗീയ രാഷ്ട്രീയത്തെ നേരിട്ടത്. വിജയ്‌യുടെ ടി വി കെയും “മതേതര സാമൂഹിക നീതി’ എന്ന ആശയം മുന്നോട്ടുവെക്കുന്നുണ്ടെങ്കിലും ബി ജെ പിയോടുള്ള അവരുടെ നിലപാട് ഇനിയും പൂര്‍ണമായി വ്യക്തമല്ല. ഒരു ജനപ്രിയ സിനിമാ താരത്തിന്റെ പാര്‍ട്ടിയെന്ന നിലയില്‍ വലിയൊരു വിഭാഗത്തിന്റെ വികാരപരമായ പിന്തുണ ടി വി കെക്ക് ഉണ്ടെങ്കിലും ആശയപരമായ പോരാട്ടത്തില്‍ അത്രയും കരുത്ത് കാട്ടാന്‍ പാര്‍ട്ടിക്കാകുമോ?

ദ്രാവിഡ- ആര്യന്‍ എന്ന രീതിയിലുള്ള രാഷ്ട്രീയ പോരാട്ടമാണ് തമിഴ്‌നാട്ടില്‍ കഴിഞ്ഞ കാലങ്ങളില്‍ അരങ്ങേറിയത്. തമിഴ്‌നാടിന്റെ മുക്കുമൂലകളിലടക്കം ശക്തമായ കേഡര്‍ സംവിധാനവുമുണ്ട് ഡി എം കെക്ക്. ദ്രാവിഡ രാഷ്ട്രീയത്തിന്റെ സംരക്ഷണത്തിനായി ഡി എം കെ തീവ്രപ്രയത്‌നം നടത്തുന്നതിനിടെ ടി വി കെയുടെ വരവ് ദ്രാവിഡ വോട്ടുകളില്‍ കൂടുതല്‍ ഭിന്നിപ്പിനിടയാക്കുമോ എന്ന ആശങ്ക നിലനില്‍ക്കുന്നു. ഇത് ബി ജെ പിക്കനുകൂലമായ സാഹചര്യം ഒരുക്കും. ടി വി കെയുടെ ശക്തി ആരാധനാ കൂട്ടായ്മ മാത്രമാണ്. അവര്‍ക്ക് ബി ജെ പിയുടെ സംഘടനാ ശക്തിയെ നേരിടാനുള്ള രാഷ്ട്രീയ കരുത്തുണ്ടാകുമോ? ബി ജെ പിക്കെതിരെ നേര്‍ക്കുനേരെ ആശയപരമായ പോരാട്ടമാണ് ഡി എം കെ നടത്തുന്നതെങ്കില്‍, ബി ജെ പി സര്‍ക്കാറിന്റെ ഭരണപരമായ വീഴ്ചകളെയും അഴിമതിയെയും മുന്‍നിര്‍ത്തിയാണ് വിജയ്‌യുടെ എതിര്‍പ്പ്. ബി ജെ പിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരായ തുറന്ന പോരാട്ടം അദ്ദേഹത്തില്‍ നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല.

സിനിമാ താരമെന്ന നിലയില്‍ വിജയ്ക്കുള്ള സ്വാധീനം രാഷ്ട്രീയ മേഖലയില്‍ സ്ഥിരമായി നിലനിര്‍ത്താനാകുമോ എന്ന ചോദ്യവും പ്രസക്തമാണ്. സിനിമാ ഗ്ലാമറിനപ്പുറം കരുത്തുറ്റ ഒരു കേഡര്‍ രാഷ്ട്രീയ സംവിധാനം ടി വി കെക്കില്ല. നിലവില്‍ പാര്‍ട്ടി കൈവരിച്ച മുന്നേറ്റവും നേട്ടവും നിലനിര്‍ത്താന്‍ ആദര്‍ശ രാഷ്ട്രീയത്തില്‍ ഊന്നിയുള്ള സംഘടനാ സംവിധാനം ആവശ്യമാണ്.

Latest