Connect with us

Articles

പശ്ചിമ ബംഗാള്‍ മുസ്ലിംകളെ ഉലയ്ക്കുമോ ഈ വിധി?

അഞ്ച് ലക്ഷത്തോളം ഒ ബി സി സര്‍ട്ടിഫിക്കറ്റ് അസാധുവാകുന്നതോടൊപ്പം അത്രയും പേരുടെ ജോലി സാധ്യതയുള്‍പ്പെടെ ലഭ്യമായിക്കൊണ്ടിരുന്ന ആനുകൂല്യങ്ങള്‍ ഇല്ലാതാകുകയാണ്. കോടതികളെ ബഹുമാനിക്കുന്നു. എന്നാല്‍ മുസ്ലിംകളെ ഒ ബി സി സംവരണത്തില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന വിധിയെ അംഗീകരിക്കാനാകില്ല എന്നായിരുന്നു വിധി അറിഞ്ഞ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പ്രതികരണം.

Published

|

Last Updated

പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ 2010ന് ശേഷം നല്‍കിയ മറ്റു പിന്നാക്ക സമുദായങ്ങള്‍ക്കുള്ള (ഒ ബി സി) സര്‍ട്ടിഫിക്കറ്റുകള്‍ അസാധുവാക്കി കൊണ്ടുള്ള കൊല്‍ക്കത്ത ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ വിധി കൂടുതല്‍ ദോഷകരമായി ബാധിക്കുക സംസ്ഥാനത്തെ മുസ്ലിം വിഭാഗത്തെയാണ്. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ അസാധുവാകുന്നത് അഞ്ച് ലക്ഷത്തിലധികം ഒ ബി സി സര്‍ട്ടിഫിക്കറ്റുകളാണ്. 2010ന് ശേഷം ഒ ബി സി സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ ജോലി നേടിയവര്‍ക്ക് വിധി ബാധകമല്ലെന്ന് വിധിന്യായത്തില്‍ രണ്ടംഗ ബഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ അഞ്ച് ലക്ഷത്തോളം ഒ ബി സി സര്‍ട്ടിഫിക്കറ്റ് അസാധുവാകുന്നതോടൊപ്പം അത്രയും പേരുടെ ജോലി സാധ്യതയുള്‍പ്പെടെ ലഭ്യമായിക്കൊണ്ടിരുന്ന ആനുകൂല്യങ്ങള്‍ ഇല്ലാതാകുകയാണ്. ഹൈക്കോടതി വിധി അംഗീകരിക്കുകയില്ലെന്നും വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്നും മുഖ്യമന്ത്രി മമതാ ബാനര്‍ജി വ്യക്തമാക്കിയിട്ടുണ്ട്. കോടതികളെ ബഹുമാനിക്കുന്നു. എന്നാല്‍ മുസ്ലിംകളെ ഒ ബി സി സംവരണത്തില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന വിധിയെ അംഗീകരിക്കാനാകില്ല എന്നായിരുന്നു വിധി അറിഞ്ഞ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പ്രതികരണം.
കൊല്‍ക്കത്ത ഹൈക്കോടതി രണ്ട് മാസം മുമ്പ് മമത സര്‍ക്കാറിനെതിരെ സുപ്രധാനമായ മറ്റൊരു വിധി പ്രസ്താവിച്ചിരുന്നു. മമത സര്‍ക്കാര്‍ നടപ്പാക്കിയ 26,000ത്തോളം അധ്യാപക നിയമനം റദ്ദാക്കിക്കൊണ്ടുള്ളതായിരുന്നു ആ വിധി. യോഗ്യതയില്ലാത്തവരെ കോഴ വാങ്ങി അധ്യാപകരായി നിയമിച്ചുവെന്നായിരുന്നു പരാതി. സി ബി ഐ അന്വേഷണ റിപോര്‍ട്ടിന്മേലായിരുന്നു കോടതിയുടെ പ്രസ്തുത വിധി. മമത സര്‍ക്കാറിന്റെ അധ്യാപക നിയമനത്തിനെതിരെ സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ടത് അന്നത്തെ കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി അഭിജിത് ഗംഗോപാധ്യായ ആണ്. ഇദ്ദേഹം വിരമിച്ചതിന്റെ പിറ്റെ ദിവസം ബി ജെ പിയില്‍ അംഗത്വമെടുത്തു. ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായ നിലവില്‍ പശ്ചിമ ബംഗാളില്‍ ബി ജെ പിയുടെ ലോക്സഭാ സ്ഥാനാര്‍ഥിയാണ്. അധ്യാപക നിയമനം റദ്ദാക്കിക്കൊണ്ടുള്ള കൊല്‍ക്കത്ത ഹൈക്കോടതി വിധി സുപ്രീം കോടതി പിന്നീട് സ്റ്റേ ചെയ്യുകയുണ്ടായി.

ഒ ബി സി സംവരണ നിയമത്തിലെ വ്യവസ്ഥകളെ ചോദ്യം ചെയ്തുകൊണ്ട് 2012ല്‍ സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസുമാരായ തപബ്രത ചക്രവര്‍ത്തി, രാജശേഖര മന്‍ത എന്നിവരുടെ ഉത്തരവ്. സംസ്ഥാന ന്യൂനപക്ഷ കമ്മീഷനെ അറിയിക്കാതെയാണ് സര്‍ക്കാര്‍ ഒ ബി സി പട്ടിക തയ്യാറാക്കിയതെന്നു കുറ്റപ്പെടുത്തിയ കോടതി, ദേശീയ മാനദണ്ഡങ്ങള്‍ക്കനുസൃതമായി പുതുക്കിയ ഒ ബി സി നിയമം കൊണ്ടുവരണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. പശ്ചിമ ബംഗാളിലെ മുസ്ലിം ജനസംഖ്യ രണ്ട് കോടിയിലേറെയാണ്. ഇവരില്‍ 87.01 ശതമാനത്തോളം വരുന്ന 53 ഉപ വിഭാഗത്തില്‍പ്പെട്ട മുസ്ലിംകളെ ബുദ്ധദേവ് ഭട്ടാചാര്യയുടെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാര്‍ ഒ ബി സി പട്ടികയില്‍ ഉള്‍പ്പെടുത്തുകയുണ്ടായി. ബുദ്ധദേവ് സര്‍ക്കാറിന്റെ തീരുമാനം സച്ചാര്‍ കമ്മീഷന്‍ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു. ജോലികളില്‍ അന്ന് സംസ്ഥാനത്ത് നിലവിലുണ്ടായിരുന്ന ഒ ബി സി സംവരണം ഏഴ് ശതമാനമായിരുന്നു. സംവരണ പട്ടികയില്‍ കൂടുതല്‍ വിഭാഗങ്ങളെ ഉള്‍പ്പെടുത്തി ബുദ്ധദേവ് സര്‍ക്കാര്‍ ഒ ബി സി സംവരണം 17 ശതമാനമായി ഉയര്‍ത്തി. ബംഗാള്‍ സര്‍ക്കാര്‍ ജീവനക്കാരില്‍ മുസ്ലിം ജീവനക്കാര്‍ 3.05 ശതമാനം മാത്രമാണെന്നാണ് സച്ചാര്‍ കമ്മീഷന്റെ കണ്ടെത്തല്‍. ഇതിന് പരിഹാരം നിര്‍ദേശിക്കാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ രംഗനാഥ മിശ്രയെ അധ്യക്ഷനാക്കി കമ്മീഷനെ നിയമിച്ചു. ഒ ബി സി സംവരണം ഏഴില്‍ നിന്ന് 17 ശതമാനമാക്കി ആയി ഉയര്‍ത്തി മുസ്ലിംകള്‍ നേരിടുന്ന വിവേചനം പരിഹരിക്കണമെന്നായിരുന്നു രംഗനാഥ മിശ്രയുടെ റിപോര്‍ട്ട്. ഇതനുസരിച്ചാണ് ബുദ്ധദേവ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്. 42 സമുദായങ്ങളെ അധികമായി ഒ ബി സിയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെടുന്ന നിര്‍ദേശം ഒ ബി സി കമ്മീഷന്‍ സര്‍ക്കാറിനു നല്‍കി. എന്നാല്‍ ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പിട്ടില്ല.

തുടര്‍ന്നു വന്ന തൃണമൂല്‍ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ പശ്ചിമ ബംഗാള്‍ പിന്നാക്ക വിഭാഗ നിയമരേഖ തയ്യാറാക്കി. അതില്‍ 77 സമുദായങ്ങളെ ഒ ബി സി വിഭാഗങ്ങളായി നിശ്ചയിച്ചു. ഇവര്‍ക്ക് ഒ ബി സി സര്‍ട്ടിഫിക്കറ്റ് നല്‍കാനും ഉത്തരവായി. ഈ നിയമത്തെ ചോദ്യം ചെയ്ത് ആ വര്‍ഷം തന്നെ ഹൈക്കോടതിയില്‍ ഒരു കേസ് ഫയല്‍ ചെയ്തു. കേസ് 12 വര്‍ഷം നീണ്ടു. കഴിഞ്ഞ ദിവസമാണ് വിധി പ്രസ്താവിച്ചത്. പശ്ചിമ ബംഗാള്‍ പിന്നാക്ക വിഭാഗ നിയമത്തിലെ സെക് ഷന്‍ 16 റദ്ദാക്കുകയാണെന്ന് കോടതി വിധിയില്‍ പറഞ്ഞു. ഒ ബി സി കമ്മീഷന്റെ അംഗീകാരമില്ലാതെ 37 സമുദായങ്ങളെ ഒ ബി സിയായി അംഗീകരിച്ചത് സ്വീകാര്യമല്ലെന്ന് കോടതി വ്യക്തമാക്കി. ഒ ബി സി കമ്മീഷന്‍ ശിപാര്‍ശകളുടെ അടിസ്ഥാനത്തില്‍ പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പാണ് ഒ ബി സി കമ്മ്യൂണിറ്റി ഐഡന്റിഫിക്കേഷന്‍ നടത്തുന്നത്. എന്നിട്ട് അത് നടപ്പാക്കാന്‍ നിയമപരമായ നടപടിക്രമങ്ങള്‍ സ്വീകരിക്കണമെന്നും കോടതി പറഞ്ഞു.

മമത സര്‍ക്കാര്‍ സര്‍വേ നടത്തിയാണ് കൂടുതല്‍ ഉപജാതികളെ ഉള്‍പ്പെടുത്തിയതെന്ന വാദം കോടതി അംഗീകരിച്ചില്ല. പുതുതായി ചേര്‍ത്ത 43 ഉപ വിഭാഗങ്ങളില്‍ 41ഉം മുസ്ലിം വിഭാഗമാണെന്നാണ് ആരോപണം. 2012ല്‍ തൃണമൂല്‍ കോണ്‍ഗ്രസ്സ് ഇതുസംബന്ധിച്ച ബില്ല് നിയമസഭയില്‍ അവതരിപ്പിച്ചിരുന്നു. ഈ ബില്ല് സച്ചാര്‍ കമ്മീഷന്‍ റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയ മുസ്ലിം വിവേചനം ഒരു പരിധിവരെ പരിഹരിക്കുന്നതായിരുന്നു. സംസ്ഥാനത്തെ മുസ്ലിം സമൂഹത്തില്‍ 90 ശതമാനം പേര്‍ക്കും ഈ ബില്ല് പ്രകാരം ഒ ബി സി ആനുകൂല്യം ലഭിക്കുമായിരുന്നു.

നിയമസഭ പാസ്സാക്കിയ ആ നിയമമാണ് കൊല്‍ക്കത്ത ഹൈക്കോടതി റദ്ദാക്കിയത്. മുസ്ലിംകളില്‍ ചില വിഭാഗങ്ങളെ ഒ ബി സി പട്ടികയില്‍ ഉള്‍പ്പെടുത്തിയത് രാഷ്ട്രീയ ലക്ഷ്യം വെച്ചാണെന്ന് വിധിന്യായത്തില്‍ ജസ്റ്റിസ് തപബ്രത ചക്രവര്‍ത്തിയും ജസ്റ്റിസ് രാജശേഖര മന്‍തയും പ്രസ്താവിക്കുകയുണ്ടായി. അതേസമയം നിലവില്‍ സംവരണം ലഭിക്കുന്നവര്‍ക്ക് ദോഷം വരുത്താത്ത രീതിയിലാണ് പുതിയ നിയമം കൊണ്ടുവന്നത് എന്ന കാര്യം പരാമര്‍ശിക്കുകയുണ്ടായില്ല.

മമത സര്‍ക്കാര്‍ നടപ്പാക്കിയ സംവരണ നയം മുസ്ലിംകള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഏറെ ഗുണം ചെയ്തതായി റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 2011നും 2015നും ഇടയില്‍ പശ്ചിമ ബംഗാള്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തിയ റിക്രൂട്ട്‌മെന്റുകളില്‍ 9.01 ശതമാനവും ന്യൂനപക്ഷങ്ങളാണെന്ന് 2015ലെ റിപോര്‍ട്ടില്‍ ന്യൂനപക്ഷ വകുപ്പ് അവകാശപ്പെട്ടിരുന്നു. ഇതേ കാലയളവില്‍ പശ്ചിമ ബംഗാള്‍ സ്റ്റാഫ് സെലക്്ഷന്‍ കമ്മീഷന്‍ നടത്തിയ റിക്രൂട്ട്‌മെന്റുകളില്‍ പതിനഞ്ച് ശതമാനവും ന്യൂനപക്ഷങ്ങളായിരുന്നു. പശ്ചിമ ബംഗാള്‍ മുനിസിപല്‍ സര്‍വീസ് കമ്മീഷന്‍ നടത്തിയ റിക്രൂട്ട്‌മെന്റുകളില്‍ നിയമനം ലഭിച്ചവരില്‍ 12.5 ശതമാനം പേര്‍ മുസ്ലിംകള്‍ ഉള്‍പ്പെട്ട ന്യൂനപക്ഷ വിഭാഗങ്ങളായിരുന്നു. കോടതി വിധി സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗത്തെ സച്ചാര്‍ കമ്മീഷന്‍ റിപോര്‍ട്ടിനു മുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ചു നടത്താനുള്ള സാഹചര്യം ഒരുക്കുമോ എന്ന് ആശങ്കപ്പെടുന്നവരുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും കോടതി വിധിയെ വിഷം ചീറ്റാനുള്ള മറ്റൊരു അവസരമായി മാറ്റുകയാണ്. എസ് സി, എസ് ടി വിഭാഗങ്ങള്‍ക്കുള്ള സംവരണം പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ മുസ്ലിംകള്‍ക്ക് നല്‍കിയെന്ന ആരോപണം പ്രധാനമന്ത്രി നരേന്ദ്ര മോദി ആവര്‍ത്തിച്ചു. കോടതി വിധി പശ്ചിമ ബംഗാള്‍ സര്‍ക്കാറിനേറ്റ ഇരുട്ടടിയാണെന്ന് പ്രധാനമന്ത്രി പരിഹസിച്ചു. ‘മമത സര്‍ക്കാറിന്റെ പ്രീണന നയമാണ് കോടതി വിധിയിലൂടെ പുറത്തായിരിക്കുന്നത്. എസ് സി, എസ് ടി വിഭാഗങ്ങളുടെ അവകാശത്തില്‍ കൈകടത്താന്‍ ബി ജെ പി അനുവദിക്കില്ലെ’ന്നായിരുന്നു അമിത് ഷായുടെ പ്രതികരണം.

 

Latest