Connect with us

Ongoing News

ആറാം കിരീടം സ്വന്തമാകുമോ?; ആവേശക്കലാശം ഇന്ന്; പ്രതീക്ഷയോടെ ഇന്ത്യന്‍ ആരാധകര്‍

ഇന്ത്യയുടെ ഒമ്പതാം ഫൈനലാണ് ഇന്നത്തേത്. 2000, 2008, 2012, 2018, 2022 വര്‍ഷങ്ങളിലാണ് ഇന്ത്യ ലോകകിരീടത്തില്‍ മുത്തമിട്ടത്.

Published

|

Last Updated

ബെനോനി | അണ്ടര്‍ 19 ലോകകപ്പില്‍ ആവേശക്കലാശം ഇന്ന്. ഉച്ചക്ക് 1.30ന് നടക്കുന്ന ഇന്ത്യ-ആസ്‌ത്രേലിയ അങ്കം ഇത്തവണത്തെ ലോകകപ്പ് ജേതാക്കളെ തീരുമാനിക്കും. ആറാം കിരീടം തേടിയാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. 2023 ഐ സി സി ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യന്‍ സീനിയര്‍ ടീം ആസ്ത്രേലിയയോട് തോല്‍വിയേറ്റു വാങ്ങിയതിന് പിന്നാലെ നടക്കുന്ന ഇന്ത്യ- ഓസീസ് പോരാട്ടം കാണികളില്‍ ആവേശം നിറക്കും. സ്റ്റാര്‍ സ്പോര്‍ട്സ് ചാനലുകളിലും ഹോട്സ്റ്റാറിലും തത്സമയം കാണാം.

ഇന്ത്യയുടെ ഒമ്പതാം ഫൈനലാണ് ഇന്നത്തേത്. 2000, 2008, 2012, 2018, 2022 വര്‍ഷങ്ങളിലാണ് ഇന്ത്യ ലോകകിരീടത്തില്‍ മുത്തമിട്ടത്. മുഹമ്മദ് കൈഫിന്റെ കീഴിലായിരുന്നു ആദ്യ കിരീടം. പിന്നീട്, വിരാട് കോലി, ഉന്‍മുക്ത് ചന്ദ്, പൃഥ്വി ഷാ, യഷ് ദൂല്‍ എന്നിവരും രാജ്യത്തിന് കിരീടം സമ്മാനിച്ചു.

1988, 2002, 2010 വര്‍ഷങ്ങളില്‍ ഓസീസും കിരീടം ചൂടി. മിച്ചല്‍ മാര്‍ഷിന്റെ കീഴിലായിരുന്നു അവസാന നേട്ടം. മൂന്നാം തവണയാണ് ഇരു ടീമുകളും ഫൈനലില്‍ ഏറ്റുമുട്ടുന്നത്. 2012ലും 2018ലും ആസ്ത്രേലിയയെ തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടമുയര്‍ത്തിയത്.

ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഇന്ത്യ ഫൈനലിലെത്തിയത്. സെമിയില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്കക്കെതിരെ പതറിയെങ്കിലും ക്യാപ്റ്റന്‍ ഉദയ് സഹാരന്റെയം സച്ചിന്‍ ദാസിന്റെയും വീറുറ്റ പോരാട്ടത്തിലൂടെ വിജയം നേടി ഇന്ത്യ ഫൈനലില്‍ ഇടമുറപ്പാക്കി. അവസാന ഓവറിലേക്ക് നീണ്ട ആവേശപ്പോരില്‍ പാകിസ്താനെ ഒരു വിക്കറ്റിന് തോല്‍പ്പിച്ചായിരുന്നു ഓസീസിന്റെ ഫൈനല്‍ പ്രവേശനം.

ആറ് മത്സരങ്ങളില്‍ ഒരു സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയുമടക്കം 389 റണ്‍സ് നേടിയ ഉദയ് സഹാരന്‍ ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമനാണ്. മുഷീര്‍ ഖാന്‍ (338) രണ്ടാം സ്ഥാനത്തും സച്ചിന്‍ ദാസ് (294) മൂന്നാം സ്ഥാനത്തുമുണ്ട്. ഈ ലോകകപ്പില്‍ ഇതുവരെ പിറന്ന 11 സെഞ്ച്വറികളില്‍ അഞ്ചും നേടിയത് ഇന്ത്യന്‍ ബാറ്റര്‍മാരാണ്.

ആറ് മത്സരങ്ങളില്‍ നിന്ന് 17 വിക്കറ്റുകള്‍ വീഴ്ത്തിയ സൗമ്യ പാണ്ഡെയാണ് ബൗളിംഗിലെ തുറുപ്പുചീട്ട്. നമന്‍ തിവാരിയും (പത്ത്) രാജ് ലംബാനിയും (എട്ട്) സൗമ്യക്ക് പിന്തുണ നല്‍കുന്നു.

ഇതെല്ലാം പരിഗണിക്കുമ്പോള്‍ ഇത്തവണയും ലോകകപ്പ് ഇന്ത്യക്ക് സ്വന്തമാകുമെന്നും തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. എങ്കിലും ക്യാപ്റ്റന്‍ ഹ്യൂ വെയ്ബ്‌ജെന്‍, ഓപണര്‍ ഹാരി ഡിക്‌സണ്‍, പേസര്‍മാരായ ടോം സ്ട്രാക്കര്‍, കല്ലം വിഡ്‌ലര്‍ എന്നിവരുള്‍പ്പെടുന്ന ഓസീസ് ടീം ഇന്ത്യക്ക് കാര്യമായ വെല്ലുവിളിയാണ്. 1998 ലോകകപ്പിലാണ് ആസ്ത്രേലിയ ഇന്ത്യയെ അവസാനമായി തോല്‍പ്പിച്ചത്.

Latest