Connect with us

ഫെഡറൽ

പുതു"ചേരി'യിൽ ഇളകുമോ കോട്ട

ബി ജെ പിയുടെ വർഗീയ, ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ നിരന്തരം പ്രതിരോധവും ശബ്ദവുമുയർത്തുന്ന തമിഴ്‌നാടിന്റെ സംസ്‌കാരം വലിയൊരളവോളമുള്ള പുതുച്ചേരിയിൽ അട്ടിമറിയുണ്ടാകില്ലെന്നാണ് കോൺഗ്രസ്സ്- ഡി എം കെ സഖ്യത്തിന്റെ വിശ്വാസം.

Published

|

Last Updated

മൂന്ന് സംസ്ഥാനങ്ങളിൽ ചിതറിക്കിടക്കുന്ന, 483 ച. കി. മീ. മാത്രം വിസ്തീർണമുള്ള കേന്ദ്ര ഭരണ പ്രദേശമാണെങ്കിലും തിരഞ്ഞെടുപ്പ് ഗോദയിൽ തീപ്പൊരി മത്സരം അരങ്ങേറുന്ന ഇടമാണ് പുതുച്ചേരി. തമിഴ്‌നാട്ടിലെ കാരയ്ക്കലും പുതുച്ചേരിയുമാണ് പ്രധാന സ്ഥലങ്ങളെന്നതിനാൽ തമിഴ് രാഷ്ട്രീയ, സാമൂഹിക, സാമുദായിക പരിസരമാണ് മുഖ്യമായും നിർണായക ഘടകങ്ങളാകുന്നത്. വടക്കൻ കേരളത്തിലെ മാഹി, ആന്ധ്രയിലെ യാനം എന്നിവയാണ് പുതുച്ചേരിയിലെ മറ്റ് സ്ഥലങ്ങൾ. നിയമസഭയുള്ള കേന്ദ്ര ഭരണ പ്രദേശം കൂടിയായതിനാൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയം കരുത്തുറ്റതാണ്.

കഴിഞ്ഞ തവണ ഒരു ലക്ഷത്തിലേറെ ഭൂരിപക്ഷത്തിന് കോൺഗ്രസ്സ് ജയിച്ച ഇവിടെ ഇത്തവണ ബി ജെ പി നേരിട്ട് രംഗത്തെത്തിയിരിക്കുന്നു. ആൾ ഇന്ത്യ എൻ ആർ കോൺഗ്രസ്സിനൊപ്പം ഭരണം നടത്തുന്ന ബി ജെ പിയുടെ പുതിയ ആത്മവിശ്വാസം പട്ടാളി മക്കൾ കച്ചി (പി എം കെ) മുന്നണിയിലുള്ളതാണ്. എന്നാൽ, വി വൈതിലിംഗമെന്ന സിറ്റിംഗ് എം പിക്ക് പോറലേൽപ്പിക്കാൻ സാധിക്കില്ലെന്ന് ഡി എം കെ ഉൾപ്പെട്ട മതേതര ജനാധിപത്യ മുന്നണി പ്രതീക്ഷിക്കുന്നു.

കോൺഗ്രസ്സ് V/S കോൺഗ്രസ്സ്

2019ൽ കോൺഗ്രസ്സിന്റെ വൈതിലിംഗവും എ ഐ എൻ ആർ സിയുടെ ഡോ. നാരായണസ്വാമി കേശവനെന്ന യുവസ്ഥാനാർഥിയും തമ്മിലായിരുന്നു മത്സരം. 81.19 ശതമാനം പോളിംഗുണ്ടായ ആ തിരഞ്ഞെടുപ്പിൽ 1,97,025 എന്ന കൂറ്റൻ മാർജിനിൽ വൈതിലിംഗം ഡൽഹിയിലെത്തി. അദ്ദേഹം 4,44,981 വോട്ടുകൾ നേടിയപ്പോൾ എതിരാളി 2,47,956 വോട്ടിലൊതുങ്ങി. ഇപ്രാവശ്യം ഒരറ്റത്ത് വൈതിലിംഗവും മറുഭാഗത്ത്, കോൺഗ്രസ്സിൽ നിന്ന് കൂടൊഴിഞ്ഞെത്തിയ ആഭ്യന്തര മന്ത്രി എ നമശ്ശിവായവും ആണ്. സീമാന്റെ നാം തമിളർ കച്ചി സ്ഥാനാർഥി മേനക, ബി എസ് പിയുടെ അലംഗർവേലു, എസ് യു സി ഐയുടെ പി ശങ്കരൻ, യു ആർ പി ഐയുടെ കെ പ്രഭുദേവൻ എന്നിവരും മത്സരിക്കുന്നു. 19 സ്വതന്ത്രരുമുണ്ട്.

2021ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പാണ് നമശ്ശിവായം ബി ജെ പിയിൽ ചേർന്നത്. മണ്ണാടിപേട് സീറ്റിൽ ഡി എം കെയുടെ എ കൃഷ്ണനെതിരെ ബി ജെ പി പിന്തുണയോടെ സ്വതന്ത്രനായി മത്സരിക്കുകയും ജയിക്കുകയുമായിരുന്നു. എ ഐ എൻ ആർ സി- ബി ജെ പി സഖ്യം കോൺഗ്രസ്സ് സർക്കാറിനെ അട്ടിമറിച്ചതോടെ പുതിയ സർക്കാറിൽ ആഭ്യന്തര മന്ത്രിയുമായി. ലോക്‌സഭയിലും അട്ടിമറി തുടരാൻ നമശ്ശിവായത്തിന് സാധിക്കുമെന്ന് എൻ ഡി എ കരുതുന്നു.

ആൾ ഇന്ത്യ എൻ ആർ സിയിലൂടെ ബി ജെ പി

നിയമസഭയിലെ 30 സീറ്റുകളിൽ 16 എണ്ണം നേടിയാണ് എൻ ഡി എ സഖ്യം അധികാരത്തിലേറിയത്. പത്തെണ്ണം നേടിയ എ ഐ എൻ ആർ സിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ഇവരുടെ തണലിൽ ആറെണ്ണം ബി ജെ പി കരസ്ഥമാക്കി. മേഖലയിലെ വലിയൊരു മുന്നേറ്റമാണ് ഇതിലൂടെ ബി ജെ പി സാധ്യമാക്കിയത്. 2011ൽ കോൺഗ്രസ്സ് വിട്ട് എ ഐ എൻ ആർ സിയെന്ന സ്വന്തം പാർട്ടിയുണ്ടാക്കിയ സി എം രംഗസ്വാമി, തുടർന്നുവന്ന തിരഞ്ഞെടുപ്പുകളിൽ വിജുഗീഷുവായ ചരിത്രമാണുള്ളത്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുൻ സ്പീക്കർ ആർ രാധാകൃഷ്ണനാണ് എ ഐ എൻ ആർ സിക്കു വേണ്ടി മത്സരിച്ചതും ജയിച്ചതും. അതേസമയം, സഖ്യകക്ഷിയെ വഞ്ചിച്ച ചരിത്രവും ഈ പാർട്ടിക്കുണ്ട്. സ്ഥാപിതമായുടനെ നടന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ എ ഐ എ ഡി എം കെയുമായി സഖ്യത്തിലാകുകയും 15 സീറ്റ് നേടിയ എ ഐ എൻ ആർ സി സഖ്യകക്ഷിയോട് ഒരക്ഷരം ഉരിയാടാതെ സർക്കാർ രൂപവത്കരിക്കുകയും ചെയ്തു. അന്ന് വഞ്ചകൻ എന്നാണ് രംഗസ്വാമിയെ ജയലളിത വിളിച്ചത്. 2016ലെ തിരഞ്ഞെടുപ്പിൽ രംഗസ്വാമിക്ക് അടിപതറി. 15 സീറ്റ് നേടിയ കോൺഗ്രസ്സും ഡി എം കെയും സർക്കാർ രൂപവത്കരിച്ചു. രാംദോസിന്റെ പി എം കെ മുന്നണിയിലുള്ളത് ഗുണമായി ബി ജെ പി കരുതുന്നുണ്ട്.

2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പുതുച്ചേരി, വണ്ണിയാർ സമുദായത്തിന്റെ സ്വന്തം പാർട്ടിയായ പി എം കെ നേടിയിരുന്നു. എന്നാൽ, അന്ന് ഡി എം കെയും കോൺഗ്രസ്സും ഉൾപ്പെട്ട സഖ്യത്തിലായിരുന്നു. തിരഞ്ഞെടുപ്പാനന്തരം യു പി എ സഖ്യത്തിലെത്തുകയും കേന്ദ്രമന്ത്രിമാരുള്ള പാർട്ടിയാകുകയും ചെയ്തു. ഇന്നിപ്പോൾ പഴയ ശൗര്യമെല്ലാം നശിച്ച് കറങ്ങിത്തിരിഞ്ഞ് എൻ ഡി എയിൽ അടിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒന്നിൽ പോലും ജയിക്കാനായില്ല. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ 23 സീറ്റുകളിൽ മത്സരിച്ചെങ്കിലും 4.04 ശതമാനം വോട്ടോഹരിയോടെ അഞ്ച് സീറ്റുകളാണ് നേടിയത്. ചുരുക്കത്തിൽ പി എം കെയിൽ അമിത പ്രതീക്ഷ വേണ്ടെന്നർഥം.

ബി ജെ പിയുടെ വർഗീയ, ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ നിരന്തരം പ്രതിരോധവും ശബ്ദവുമുയർത്തുന്ന തമിഴ്‌നാടിന്റെ സംസ്‌കാരം വലിയൊരളവോളമുള്ള പുതുച്ചേരിയിൽ അട്ടിമറിയുണ്ടാകില്ലെന്നാണ് കോൺഗ്രസ്സ്- ഡി എം കെ സഖ്യത്തിന്റെ വിശ്വാസം.
തമിഴ്‌നാട്ടിൽ തോളോടുതോൾ ചേർന്നാണ് മത്സരിക്കുന്നതെങ്കിലും മാഹിയിൽ യുനൈറ്റഡ് റിപബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (യു ആർ പി ഐ) സ്ഥാനാർഥി കെ പ്രഭുദേവനാണ് സി പി എം പിന്തുണ പ്രഖ്യാപിച്ചത്. ഇങ്ങനെ ഒരുപാട് സ്ഥാനാർഥികളിലൂടെ വോട്ടുകൾ ചിതറി ഭൂരിപക്ഷം കുറയുമോയെന്ന ഭയം മതേതര സഖ്യത്തിനുണ്ട്.