Kerala
പത്തനംതിട്ടയില്‍ സ്‌കൂട്ടര്‍ യാത്രക്കാരായ അമ്മയ്ക്കും മകള്‍ക്കും നേരെ കാട്ടാനയുടെ ആക്രമണം
ഇരുവരും സ്‌കൂട്ടറില്‍ കോന്നിയിലേക്ക് വരുമ്പോള്‍ കല്ലേലി മേശിരിക്കാന ഭാഗത്ത് ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ ചെളിയില്‍ പുതയുകയായിരുന്നു

പത്തനംതിട്ട | അരുവാപ്പുലം കല്ലേലിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരായ അമ്മയ്ക്കും മകള്‍ക്കും നേരെ കാട്ടാനയുടെ ആക്രമണം. ഇരുവരും രക്ഷപെട്ടത് തലനാരിഴയ്ക്ക്. കല്ലേലി ഒരേക്കര്‍ ചരിവുകാലായില്‍ ആശ, മകള്‍ അഞ്ജലി രാജ് എന്നിവര്‍ക്കു നേരെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.ഇന്ന് രാവിലെ 11.45 ഓടെ ആയിരുന്നു സംഭവം.
ഇരുവരും സ്‌കൂട്ടറില്‍ കോന്നിയിലേക്ക് വരുമ്പോള്‍ കല്ലേലി മേശിരിക്കാന ഭാഗത്ത് ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ ചെളിയില്‍ പുതയുകയായിരുന്നു. തുടര്‍ന്ന് സ്‌കൂട്ടര്‍ മുന്നിലേക്ക് എടുക്കുവാന്‍ തുടങ്ങിയെങ്കിലും ടയറുകള്‍ കൂടുതല്‍ ആഴത്തിലേക്ക് താഴ്ന്നതിനാല്‍ ഇതിനു കഴിഞ്ഞില്ല. അപ്പോഴേക്കും കാട്ടാന ഇവര്‍ക്കു നേരെ ഓടി അടുക്കുകയായിരുന്നു. ആന ഓടി വരുന്നതു കണ്ട് മകള്‍ ഓടി രക്ഷപെട്ടുവെങ്കിലും ആശ സ്‌കൂട്ടറിന് അടിയില്‍ പെടുകയായിരുന്നു. ഇതേസമയം ഇതുവഴിയെത്തിയ വനപാലകസംഘത്തിന്റെ ജീപ്പിന്റെ ശബ്ദം കേട്ട് ആന പിന്തിരിഞ്ഞു.
വനപാലകരാണ് ഇരുവരെയും രക്ഷപെടുത്തി ഫോറസ്റ്റ് സ്റ്റേഷനിലും പിന്നീട് വീട്ടിലുമെത്തിച്ചത്.
കല്ലേലി മേഖലയില്‍ കാട്ടാനയുടെ ആക്രമണം വര്‍ധിച്ചുവരികയാണ്.കല്ലേലി എസ്റ്റേറ്റ് ഭാഗത്ത് അനവധി തവണ കാട്ടാന തൊഴിലാളികളെ ഓടിക്കുകയും ചെയ്തിരുന്നു. പട്ടാപകലും ആന ഇറങ്ങിത്തുടങ്ങിയതോടെ യാത്രക്കാരും ഭീതിയിലാണ്.