Connect with us

Kerala

അതിര്‍ത്തി ഗ്രാമങ്ങളും കടന്ന് വന്യമൃഗങ്ങള്‍ വയനാടന്‍ നഗരങ്ങളിലേക്ക്

വയനാട്ടില്‍ വന്യജീവികള്‍ അപഹരിച്ചത് 161 മനുഷ്യ ജീവനുകള്‍

Published

|

Last Updated

കല്‍പ്പറ്റ | കാടും നാടും വേര്‍തിരിച്ചറിയാത്ത, ചുറ്റും വനത്താല്‍ ചുറ്റപ്പെട്ട പ്രദേശമാണ് വയനാട്. ജില്ലയുടെ മുഴുവന്‍ അതിര്‍ത്തികളും തീരുന്നത് വനത്തിലാണ്. മനുഷ്യ, വന്യജീവി സംഘര്‍ഷങ്ങള്‍ പതിവ് കാഴ്ചയാണ്. മരണത്തോളം ഭീതിതമായ അന്തരീക്ഷത്തിലാണ് അതിര്‍ത്തി മേഖലകളില്‍ ഓരോ ദിവസവും മനുഷ്യന്‍ ജീവിക്കുന്നത്.

എന്നാല്‍, മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി വയനാട്ടിലെ നഗര മേഖലകളിലും വന്യജീവികള്‍ ഇറങ്ങി ആക്രമണം നടത്തുന്നതാണ് വര്‍ത്തമാന കാഴ്ച. ദിവസങ്ങള്‍ക്ക് മുമ്പ് ബത്തേരി ടൗണിലുണ്ടായ ആനയുടെ ആക്രമണവും വന്യജീവി ആക്രമണം കേട്ടുകേള്‍വി മാത്രമായ തൊണ്ടര്‍നാട് പുതുശ്ശേരിയിലെ ജനവാസ മേഖലയില്‍ ഇന്നലെ കടുവ ഒരാളെ കടിച്ച് കൊന്നതും ഒടുവിലത്തെ ഉദാഹരണമാണ്.

161 മനുഷ്യ ജീവനുകളാണ് വയനാട്ടില്‍ ഇതിനകം വന്യജീവി ആക്രമണങ്ങളില്‍ പൊലിഞ്ഞത്. ഇതില്‍ 151ഉം കാട്ടാനയുടെ ആക്രമണത്തിലാണ്. കടുവയുടെ ആക്രമണത്തില്‍ ആറ് പേരും കാട്ടുപോത്തിന്റെയും പന്നിയുടെയും ആക്രമണത്തില്‍ രണ്ട് പേർ വീതവും കൊല്ലപ്പെട്ടു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 49 മനുഷ്യജീവനുകളാണ് നഷ്ടപ്പെട്ടത്. ഇതില്‍ അെഞ്ചണ്ണം കടുവയുടെ ആക്രമണത്തിലാണ്. 41 പേരെ കാട്ടാന ചവിട്ടിക്കൊന്നതായും ഔദ്യോഗിക രേഖകള്‍ പറയുന്നു.

വയനാട് വന്യജീവി സങ്കേതത്തില്‍ മാത്രം 19 പേര്‍ കൊല്ലപ്പെട്ടു. സൗത്ത് വയനാട് ഡിവിഷന്‍ പരിധിയില്‍ പത്ത് വര്‍ഷത്തിനിടെ പത്ത് പേര്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. നോര്‍ത്ത് വയനാട് ഡിവിഷന്‍ പരിധിയില്‍ 13 ജീവനുകളാണ് അപഹരിച്ചത്. വന്യജീവി ആക്രമണങ്ങളില്‍ പരുക്കേറ്റവർ ആയിരങ്ങള്‍ വരുമെന്നാണ് പ്രദേശവാസികൾ പറയുന്നത്.

ജില്ലയില്‍ വന്യമൃഗങ്ങള്‍ ഏറ്റവും കൂടുതല്‍ ദുരിതം വിതച്ചത് തിരുനെല്ലി പഞ്ചായത്തിലാണ്. വയനാട് വന്യജീവി സങ്കേതം, വടക്കേവയനാട് വനം ഡിവിഷന്‍, കര്‍ണാടകയിലെ നാഗര്‍ഹോള ദേശീയോദ്യാനം എന്നിവയുമായി അതിരിടുന്നതാണ് വടക്കേ വയനാട്ടിലെ തിരുനെല്ലി പഞ്ചായത്ത്. വനത്താല്‍ ചുറ്റപ്പെട്ട, ആദിവാസികള്‍ തിങ്ങിവസിക്കുന്ന ഈ പഞ്ചായത്തില്‍ കഴിഞ്ഞ മൂന്നര പതിറ്റാണ്ടിനിടെ 83 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 81 പ്രാണനെടുത്തത് കാട്ടാനകളാണ്.

കാലങ്ങളായി തുടരുന്ന വന്യജീവി ആക്രമണത്തിന് ഫലപ്രദമായ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ക്ക് കഴിയാത്തതാണ് പ്രശ്നങ്ങള്‍ ഇത്രയും വഷളാക്കുന്നത്. മുന്പില്ലാത്ത വിധം വയനാടന്‍ കാടുകളില്‍ ആനകളും കടുവകളും മാനുകളും പെറ്റുപെരുകുകയാണെന്നാണ് റിപോര്‍ട്ടുകള്‍.

മൃഗങ്ങള്‍ വനാതിര്‍ത്തി കടന്ന് എത്തുന്നത് തടയാന്‍ പതിവായി സ്വീകരിക്കുന്ന മാര്‍ഗങ്ങളാണ് സോളാര്‍ ഫെന്‍സിംഗും ട്രഞ്ചുമെല്ലാം. ഇത്തരം താത്കാലിക പ്രതിരോധ മാര്‍ഗങ്ങള്‍ക്ക് പുറമെ വിവിധ സര്‍ക്കാറുകള്‍ പ്രഖ്യാപിച്ച നിരവധി പദ്ധതികള്‍ ഇപ്പോഴും കടലാസിലൊതുങ്ങുകയാണ്.

വനത്തോട് ചേര്‍ന്ന് വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ റിസോര്‍ട്ടുകളും ഹോംസ്റ്റേകളും നിര്‍മിച്ച് അര്‍ധരാത്രിയില്‍ സ്വകാര്യവാഹനങ്ങളില്‍ വന്യമൃഗങ്ങളെ കാണാന്‍ നടത്തുന്ന ട്രക്കിംഗ്് മൃഗങ്ങള്‍ക്ക് കനത്ത ഭീഷണിയാണ് ഉയര്‍ത്തുന്നത്. വനത്തിനുള്ളിലെ ആവാസവ്യവസ്ഥയില്‍ ജീവിക്കുന്ന കടുവ ഉള്‍പ്പെടെ വന്യമൃഗങ്ങള്‍ക്ക് ഇതുമൂലം കാടിറങ്ങുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന്് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.

 

Latest