Connect with us

Ongoing News

ദുബൈയില്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിന് വ്യാപക ഒരുക്കം

ദുബൈ മറീന ഹാര്‍ബറില്‍ ഇന്ന് രാവിലെ ഏഴിന് കൂറ്റന്‍ യോട്ടുകളുടെ പരേഡ് നടക്കും. ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനം ദുബൈയിലും ഗംഭീരമായി ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് യോട്ട് പരേഡ്.

Published

|

Last Updated

ദുബൈ | ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കാന്‍ യു എ ഇയിലെ വിവിധ മേഖലയില്‍ ഒരുക്കം. വാരാന്ത്യ അവധി ആയതിനാല്‍ ചടങ്ങുകള്‍ സംഘടിപ്പിക്കുക എളുപ്പമായി. ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളില്‍ നടക്കുന്ന ആഘോഷ ചടങ്ങുകളില്‍ മികച്ച പങ്കാളിത്തം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. രാവിലെ 7.30 ന് പതാക ഉയര്‍ത്തും. ദുബൈ മറീന ഹാര്‍ബറില്‍ ഇന്ന് രാവിലെ ഏഴിന് കൂറ്റന്‍ യോട്ടുകളുടെ പരേഡ് നടക്കും. ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനം ദുബൈയിലും ഗംഭീരമായി ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് യോട്ട് പരേഡ്. വെയര്‍ ഇന്‍ തമിഴ്നാട്-ഡബ്ല്യു ഐ ടി എന്ന വനിതാ സംഘടനയാണ് 50 യോട്ടുകള്‍ അണിനിരത്തുക. ഇവ ഹാര്‍ബറില്‍ ഇന്ത്യന്‍ ഭൂപടം സൃഷ്ടിക്കും. ആസാദി കാ അമൃത് മഹോത്സവിനുള്ള ഐക്യദാര്‍ഢ്യം കൂടിയാണിത്. യു എ ഇ രൂപവത്കരണത്തിന്റെ 50 വര്‍ഷം ആയതിനാലാണ് 50 യോട്ടുകള്‍ എന്ന ആശയത്തിലെത്തിയത്. റോയല്‍ സ്റ്റാര്‍ യോട്ട് കമ്പനീസ് ഈ സംരംഭത്തെ പിന്തുണക്കുന്നുണ്ട്. ആയിരത്തോളം ആളുകള്‍ പങ്കെടുക്കാനെത്തുമെന്നാണ് പ്രതീക്ഷ.

ത്രിവര്‍ണ പതാകകള്‍ കൊണ്ട് അലങ്കരിക്കുന്ന യോട്ടുകള്‍ ഹാര്‍ബര്‍ വലംവെക്കും. ഡബ്ല്യു ഐ ടി അംഗങ്ങള്‍ ത്രിവര്‍ണ വസ്ത്രം ധരിച്ചെത്തും. പതാക ഉയര്‍ത്തല്‍ ചടങ്ങുണ്ടാവുമെന്നും സംഘാടകര്‍ അറിയിച്ചു. സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് യു എ ഇയിലെ ഇന്ത്യന്‍ മാധ്യമ കൂട്ടായ്മ പ്രൊഫഷണല്‍ ക്രിക്കറ്റ് ടീം അവതരിപ്പിക്കും. ഇന്ന് വൈകിട്ട് ഏഴിന് പുള്‍മാന്‍ ഹോട്ടലിലാണ് പരിപാടി. ലുലു ശാഖകളില്‍ ഇന്ത്യന്‍ ഉത്പന്നങ്ങളുടെ പ്രമോഷനുകള്‍ നടക്കും.

 

Latest