Uae
എന്തുകൊണ്ടാണ് അറബികള്‍ സുഹൈല്‍ നക്ഷത്രത്തെ വരവേല്‍ക്കാനൊരുങ്ങുന്നത്?
ആഗസ്റ്റ് 24ന് സുഹൈല്‍ നക്ഷത്രം പ്രത്യക്ഷപ്പെടുന്നതോടെ ചൂടിന്റെ തീവ്രത കുറയും.

അബൂദബി | ആഗസ്റ്റ് 24ന് സുഹൈല്‍ നക്ഷത്രം പ്രത്യക്ഷപ്പെടുന്നതോടെ ചൂടിന്റെ തീവ്രത കുറയുമെന്ന് എമിറേറ്റ്സ് അസ്ട്രോണമി സൊസൈറ്റി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനും അറബ് യൂണിയന്‍ ഫോര്‍ അസ്ട്രോണമി ആന്‍ഡ് സ്പേസ് സയന്‍സസ് അംഗവുമായ ഇബ്‌റാഹിം അല്‍ ജര്‍വാന്‍.
കാര്‍ഷിക സീസണിന്റെ തുടക്കത്തിന്റെ അടയാളമാണ് ഈ നക്ഷത്രം പ്രത്യക്ഷപ്പെടുന്നത് എന്നതിനാല്‍ അറബികള്‍ ഏറെ ആവേശത്തോടെയാണ് ഈ സീസണിനെ പ്രതീക്ഷിക്കുന്നത്. ഉയര്‍ന്ന താപനില കുറയുന്നതിന്റെയും കാലാവസ്ഥ മെച്ചപ്പെടുന്നതിന്റെയും കാലഘട്ടം ആരംഭിക്കുന്നതും ഇതോടെയാണ്.
സുഹൈല്‍ നക്ഷത്രത്തിന്റെ ഉദയത്തോടെ, സഫി സീസണ്‍ ആരംഭിക്കുന്നു. തുടര്‍ന്ന് വരുന്ന 40 ദിവസങ്ങള്‍ ചൂടില്‍ നിന്ന് മിതമായ കാലാവസ്ഥയിലേക്കും ഒക്ടോബര്‍ പകുതിയോടെ ശീതകാലത്തിലേക്കും നീങ്ങുന്നു. സുഹൈല്‍ നക്ഷത്രത്തിന്റെ ഉദയത്തോടെ, എമിറേറ്റുകളിലെയും മലനിരകളുടെ കിഴക്കന്‍ ചരിവുകളില്‍ താഴ്ന്ന മേഘങ്ങളുണ്ടാകും. ഉയര്‍ന്ന ആര്‍ദ്രതയുള്ള തെക്ക്-കിഴക്കന്‍ കോസ് കാറ്റിനൊപ്പം ചാറ്റല്‍മഴയും ഉണ്ടാകാം.
‘തുറയയുടെ ഉദയം മുതല്‍ സുഹൈല്‍ ഉദിക്കുന്നത് വരെ ചൂട്’ എന്ന് അറബികള്‍ പറയാറുള്ള വാക്കാണ്. നക്ഷത്രങ്ങളുടെ ഉദയമോ അസ്തമയ സമയമോ ആണ് അറബികള്‍ ഋതുക്കള്‍ കണക്കാക്കാന്‍ ഉപയോഗിക്കുന്നത്. കടുത്ത ചൂടിന്റെയും ഇരുട്ടിന്റെയും സമയമാണ്. സുഹൈല്‍ നക്ഷത്രത്തിന്റെ ഉദയത്തോടെ ചൂടിന്റെ തീവ്രത കുറയുന്നു.
ഒക്ടോബര്‍ പകുതിയോടെ അല്‍ വാസം സീസണ്‍ ആരംഭിക്കുന്നു. ആഗസ്റ്റ് 24നാണ് സുഹൈല്‍ നക്ഷത്രം ക്രമേണ പ്രത്യക്ഷപ്പെടുകയും ആകാശത്ത് കുറച്ച് സമയത്തേക്ക് നില്‍ക്കുകയും ചെയ്യുക.