Connect with us

Lokavishesham

ആരാണ് വില കൂട്ടുന്നത്?

ലോക സാമ്പത്തിക ഫോറത്തില്‍ നിന്നോ ഐ എം എഫില്‍ നിന്നോ യു എന്നില്‍ നിന്നോ പോലും ഭക്ഷ്യ ക്ഷാമത്തിനും വിലക്കയറ്റത്തിനും യഥാര്‍ഥ പരിഹാരം ഉയര്‍ന്നുവരില്ല. കാരണം അവരെല്ലാം മുതലാളിത്ത സാമ്പത്തിക മാതൃക പിന്തുടരുന്നവരാണ്.

Published

|

Last Updated

വിശേഷബുദ്ധിയുള്ള, നാളെയെക്കുറിച്ച് ചിന്തിക്കുന്ന മനുഷ്യന്‍ അനുഭവിച്ചതില്‍ വെച്ച് ഏറ്റവും ക്രൂരമായ ശൂന്യത ഏതായിരിക്കും? രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ സംഭവിക്കുന്നതായിരിക്കും അത്. പുലര്‍ന്നാല്‍ ഉണ്ണാന്‍ ഒന്നുമില്ല. എന്തെങ്കിലും കിട്ടുമെന്ന് ഒരു പ്രതീക്ഷയുമില്ല. വല്ലാത്തൊരു ഇല്ലായ്മയായിരിക്കും അത്. ഒരു വേള, വിശപ്പിനേക്കാള്‍ കഠിനമായിരിക്കും അനുഭവിച്ചാല്‍ മാത്രം അറിയുന്ന ആ ശൂന്യത. യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തെ കുറിച്ച് കേട്ട ശക്തമായ വിമര്‍ശങ്ങളിലൊന്ന് വ്ളാദമിര്‍ പുടിന്‍ വിശപ്പിനെ ആയുധമാക്കുന്നുവെന്നതായിരുന്നു. അത് ഉന്നയിച്ചത് യു കെയായിയിരുന്നു. ലോകത്താകെ ഭക്ഷ്യ പ്രതിസന്ധി സൃഷ്ടിച്ചാണ് പുടിന്‍ യുദ്ധം ജയിക്കാന്‍ പോകുന്നതെന്ന് ബ്രിട്ടന്‍ കുറ്റപ്പെടുത്തുന്നു. പട്ടിണിക്കിട്ടും വിഭവക്കൊള്ള നടത്തിയും ചൂഷണം ചെയ്തും പടുത്തുയര്‍ത്തിയ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ വര്‍ത്തമാന കാല ശേഷിപ്പാണല്ലോ യു കെ. അതിന്റെ പ്രതിനിധിക്ക് റഷ്യന്‍ ക്രൂരതയെക്കുറിച്ച് പറയാന്‍ എന്തധികാരമെന്ന ചോദ്യം ശക്തമായി ഉന്നയിക്കുമ്പോഴും അദ്ദേഹം പറഞ്ഞതിലെ വസ്തുത അംഗീകരിച്ചേ തീരൂ. യുക്രൈന്‍ അധിനിവേശത്തിന്റെ ഏറ്റവും വലിയ പ്രത്യാഘാതം സംഭവിക്കാന്‍ പോകുന്നത് ഭക്ഷണ വിതരണത്തിലും ലഭ്യതയിലുമായിരിക്കുമെന്ന് ഉറപ്പായിരിക്കുന്നു. യുക്രൈന്‍ അധിനിവേശം മാത്രമല്ല, കൊവിഡ് മഹാമാരിയുടെ ആഘാതമുണ്ട്. കാലാവസ്ഥാ മാറ്റമുണ്ട്. സര്‍ക്കാറുകളുടെ മണ്ടന്‍ തീരുമാനങ്ങളുണ്ട്. വിശക്കുന്ന പുലര്‍ച്ചയെ കുറിച്ച് ദുസ്വപ്നം തീര്‍ക്കാന്‍.

ന്യായമായ വിലക്ക് ഭക്ഷണം ലഭിക്കുമെന്ന പ്രതീക്ഷ അനുദിനം മങ്ങുന്നുവെന്നാണ് അന്താരാഷ്ട്ര നാണയ നിധി മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജീവ ദാവോസില്‍ വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ പറഞ്ഞത്. സമ്പൂര്‍ണ വിലക്കയറ്റം എല്ലാ രാജ്യങ്ങളെയും ഞെരിച്ചു കളയുമെന്നാണ് യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന്റെ മുന്നറിയിപ്പ്. ആഗോള ഭക്ഷ്യവില ഏകദേശം മൂന്നിലൊന്ന് വര്‍ധിച്ചു കഴിഞ്ഞുവെന്നാണ് യു എന്‍ കണക്ക്. വളത്തിന് പകുതിയിലേറെ വില വര്‍ധിച്ചു. എണ്ണവില മൂന്നില്‍ രണ്ടും. ഭക്ഷ്യ സുരക്ഷയില്ലാത്ത ആളുകളുടെ എണ്ണം കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ഇരട്ടിയായി. കൊവിഡ് മഹാമാരിക്ക് മുമ്പ് 135 ദശലക്ഷമായിരുന്നു അത്. ഇപ്പോള്‍ 276 ദശലക്ഷമായി. എത്യോപ്യ, സൊമാലിയ, കെനിയ, യമന്‍ എന്നിവിടങ്ങളില്‍ കടുത്ത പട്ടിണി നേരിടുന്ന ആളുകളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടിയിലധികം വര്‍ധിച്ചു.

ഇന്ത്യയില്‍ ഉഷ്ണ തരംഗമാണ് ഗോതമ്പിന്റെയും അരിയുടെയും അളവ് കുറച്ചത്. ആഭ്യന്തര വിപണിയില്‍ ഗോതമ്പ് വില കൂടുമെന്ന് വന്നപ്പോള്‍ ഇന്ത്യ കയറ്റുമതി നിരോധിച്ചിരിക്കുകയാണ്. അരിയിലേക്കും ഇതേ നയം വരുമെന്നാണ് റിപോര്‍ട്ടുകള്‍. ലോകം ഒന്നാകെ ഈ നയത്തോട് പ്രതിഷേധിക്കുന്നുണ്ട്. പ്രതിഷേധക്കാരില്‍ മുമ്പന്‍മാര്‍ പാശ്ചാത്യ വികസിത രാജ്യങ്ങളാണ്. ഇന്ത്യ ഈ ചതി ചെയ്യാമോയെന്നാണ് ചോദ്യം. ഇന്ത്യക്ക് വേണ്ടി മറുപടി പറഞ്ഞത് ചൈനയായിരുന്നു. അത് ഇന്ത്യയുടെ പരമാധികാരവുമായി ബന്ധപ്പെട്ട കാര്യമാണെന്നും പാശ്ചാത്യ രാജ്യങ്ങള്‍ ഇതേ നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ തുടങ്ങിയിട്ട് കാലമെത്രയായെന്നും ചൈന ഉരുളക്കുപ്പേരി നല്‍കുന്നു. കയറ്റുമതി നിരോധനത്തില്‍ ഇന്ത്യാ- ചൈനാ ഭായി ഭായി ആകുന്നതില്‍ വലിയ ഭൗമ രാഷ്ട്രീയ കാരണങ്ങളുണ്ട്. തങ്ങള്‍ക്കെതിരെ ഉപരോധം അടിച്ചേല്‍പ്പിക്കുന്ന നാറ്റോ- യു എസ് സഖ്യത്തെ പാഠം പഠിപ്പിക്കാന്‍ യുക്രൈനില്‍ നിന്നുള്ള ഭക്ഷ്യ കയറ്റുമതി താറുമാറാക്കുകയാണ് റഷ്യ ചെയ്യുന്നത്.

യുക്രൈനെ ലോകത്തിന്റെ ബ്രെഡ് ബാസ്‌കറ്റ് എന്ന് വിശേഷിപ്പിക്കാറുണ്ട്. പ്രത്യേകിച്ച് കാലാവസ്ഥാ പ്രശ്നങ്ങളൊന്നുമില്ലെങ്കില്‍ പ്രതിവര്‍ഷം 400 ദശലക്ഷം ആളുകള്‍ക്ക് ആവശ്യമായ ഭക്ഷണം- ഗോതമ്പ്, ചോളം, പാചക എണ്ണ- യുക്രൈന്‍ വിളയിക്കുന്നുണ്ടായിരുന്നു. അതിന്റെ പത്തിലൊന്ന് ഭാഗവും കരിങ്കടലിലൂടെയാണ് കയറ്റിയയക്കപ്പെടുന്നത്. ഈ വര്‍ഷം കടല്‍ വഴി ഒന്നും നീങ്ങിയില്ല, കരയിലൂടെയും. രാസവള കയറ്റുമതിയെയും യുദ്ധം ബാധിച്ചു. അത് ലോകത്താകെ കാര്‍ഷിക പ്രതിസന്ധിക്ക് വഴിവെച്ചു. ഈ സ്ഥിതി തുടരണമെന്ന ക്രൂര മനസ്ഥിതി റഷ്യക്കുണ്ട്. എല്ലാ പിടിയും വിടുമ്പോള്‍ യു എസും നാറ്റോ സഖ്യത്തിലെ വമ്പന്‍മാരും തന്റെ കാല്‍ക്കല്‍ വരുമെന്നാണ് പുടിന്‍ കണക്കൂകൂട്ടുന്നത്. വറുതി കടുക്കണമെങ്കില്‍ ഇന്ത്യയടക്കമുള്ള ഭക്ഷ്യ കയറ്റുമതിക്കാരെല്ലാവരും സ്വന്തം കാര്യം നോക്കി കയറ്റുമതി നിരേധിക്കണമെന്നാണ് റഷ്യയുടെ ആഗ്രഹം. റഷ്യയുടെ സ്വാഭാവിക പങ്കാളിയായിത്തീര്‍ന്ന ചൈന ഇക്കാര്യത്തില്‍ മാത്രം ഇന്ത്യയെ ന്യായീകരിക്കാനെത്തുന്നതിന്റെ കാരണമതാണ്.

അന്താരാഷ്ട്ര ആഘാതങ്ങള്‍ ചില രാജ്യങ്ങളെ ഏതാണ്ട് തകര്‍ച്ചയിലേക്ക് നയിച്ചിരിക്കുന്നു. ശ്രീലങ്കയുടെ കാര്യമാണ് മഹാകഷ്ടം. അഫ്ഗാനിസ്ഥാന്‍ മാസങ്ങളായി പട്ടിണിയിലേക്ക് അടുക്കുകയാണെന്നും ലെബനന്‍ ഒരു വര്‍ഷത്തിലേറെയായി സാമ്പത്തിക പ്രതിസന്ധിയിലാണെന്നും വിവിധ മാനുഷിക ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്നു. അമേരിക്കന്‍ ലേബര്‍ ഡിപാര്‍ട്ട്മെന്റിന്റെയും ചൈനീസ് നാഷനല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെയും കണക്കുകളില്‍ ആ രാജ്യങ്ങളിലെ വിലക്കയറ്റം ദൃശ്യമാണ്.

ഇവിടെ സവിശേഷ ശ്രദ്ധ പതിയേണ്ട ഒരു പ്രശ്നമുണ്ട്. ഭക്ഷ്യലഭ്യത കുറയുന്നതിനേക്കാള്‍ പതിന്‍മടങ്ങാണ് വില വര്‍ധിക്കുന്നത്. ക്ഷാമം വരുന്നുവെന്ന ഭീതിയാണ് ആദ്യം പരക്കുന്നത്. ഇത് വില കുത്തനെ കൂടുന്നതിന് കാരണമാകുന്നു. അതോടെ, വിപണിയില്‍ ലഭ്യമായിട്ടും ദരിദ്രര്‍ക്ക് ഭക്ഷ്യ ധാന്യങ്ങള്‍ അപ്രാപ്യമാകുന്നു. ഈ പ്രൈസ് ഇഫക്ട് മനസ്സിലാകാന്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുന്നതിന് മുമ്പ് 1943ല്‍ അരങ്ങേറിയ ബംഗാള്‍ ക്ഷാമത്തെ കുറിച്ച് മാത്രം പഠിച്ചാല്‍ മതിയാകും. ‘ആയിരക്കണക്കായ മനുഷ്യര്‍ വിശന്ന് വലഞ്ഞ് മരിച്ച് വീണു; ചാക്കുകണക്കിന് ഭക്ഷ്യധാന്യങ്ങള്‍ കുന്നുകൂട്ടിവെച്ച കൂറ്റന്‍ വീടുകള്‍ക്കും പാണ്ടികശാലകള്‍ക്കും മുന്നില്‍’ -ബംഗാള്‍ ക്ഷാമത്തെക്കുറിച്ച് ഡോ. അമര്‍ത്യാ സെന്‍ നടത്തിയ പഠനത്തിലെ ഈ നിരീക്ഷണം ഇന്നും പ്രസക്തമാണ്. 30 ലക്ഷം മനുഷ്യര്‍ ഉണ്ണാനില്ലാതെ മരണത്തില്‍ നിശ്ശബ്ദമായെന്നാണ് കണക്ക്. അന്ന് ഭക്ഷ്യധാന്യങ്ങള്‍ ഇല്ലാത്തതായിരുന്നില്ല പ്രശ്നം. സാധാരണ ജനങ്ങള്‍ക്ക് ധാന്യങ്ങള്‍ വാങ്ങാനുള്ള ക്രയശേഷി ഇല്ലാതിരുന്നതാണ് പട്ടിണി മരണങ്ങള്‍ക്ക് വഴിവെച്ചത്. ക്ഷാമം വരാന്‍ പോകുന്നുവെന്ന ഭീതിയാണ് ആദ്യം പടര്‍ന്നത്. ആ ഭീതിയില്‍ സമ്പന്നരായ മനുഷ്യര്‍ കൊല്ലങ്ങളോളം ഉണ്ണാനുളള ധാന്യങ്ങള്‍ വാങ്ങിക്കൂട്ടി. അവരുടെ അധിക ക്രയശേഷി ഇത്തരം ഭ്രാന്തമായ വാങ്ങലുകള്‍ക്ക് ഉപയോഗിക്കുകയായിരുന്നു. അതോടെ ഭക്ഷണ പദാര്‍ഥങ്ങള്‍ വിപണിയില്‍ നിന്ന് അപ്രത്യക്ഷമായി. വില കുതിച്ചുയര്‍ന്നു. കൂലിപ്പണിക്കാര്‍ക്കും നാമമാത്ര കര്‍ഷകര്‍ക്കും ഭക്ഷണ പദാര്‍ഥങ്ങള്‍ അപ്രാപ്യമായ ഒന്നായി മാറി. വിലക്കയറ്റത്തിന്റെ അധികഭാരം പേറാന്‍ അവരുടെ കൈയില്‍ നീക്കിയിരിപ്പ് ഒന്നുമില്ലായിരുന്നു. നിഷ്‌ക്രിയ പണം കുന്നുകൂട്ടിയവര്‍ പക്ഷേ, കൊല്ലുന്ന വിലക്കയറ്റത്തിന്റെ ഘട്ടത്തിലും വാങ്ങല്‍ ഒരു ഹരമാക്കി മാറ്റി. ആഗോള ഭക്ഷ്യ പ്രതിസന്ധിയെക്കുറിച്ചുള്ള ഏത് ചര്‍ച്ചയും ഈ വിരോധാഭാസത്തില്‍ നിന്നാണ് തുടങ്ങേണ്ടത്. ഇപ്പോള്‍ കാണുന്ന വിലക്കയറ്റത്തിന്റെയും അടിസ്ഥാന ഹേതു ക്ഷാമ ഭീതിയും വിതരണത്തിലെ അസമത്വവുമാണ്.

ലോകത്തെ മുഴുവന്‍ സുഭിക്ഷമാക്കി നിര്‍ത്താനുള്ള ഭക്ഷണ പദാര്‍ഥങ്ങള്‍ മാനവ കുലം ഉത്പാദിപ്പിക്കുന്നുണ്ട്. എന്നിട്ടും പട്ടിണി മരണങ്ങള്‍ നടക്കുന്നു. ചില ആഫ്രിക്കന്‍ രാജ്യങ്ങളുടെ പേര് തന്നെ പട്ടിണി മരണങ്ങളുടെ പര്യായമായി മാറിയിരിക്കുന്നു. ക്രൂരമായ അസമത്വത്തിന്റെ ഇരകളാണ് അവര്‍. മനുഷ്യര്‍ വരച്ച അതിര്‍ത്തികളുടെയും സൃഷ്ടിച്ചെടുത്ത സഖ്യങ്ങളുടെയും ഒപ്പുവെച്ച കരാറുകളുടെയും വന്‍മതിലുകള്‍ക്കിടയില്‍, കുന്നില്‍ നിന്ന് കുഴിയിലേക്ക് ഒഴുകാനാകാതെ ദൈവത്തിന്റെ മഹാദാനമായ ഭക്ഷ്യവസ്തുക്കള്‍ കറങ്ങുകയാണ്. ഒരു വശത്ത് ഭക്ഷണം പാഴ്വസ്തുവാകുന്നു. മറുവശത്ത് ഉപ്പു കല്ലിനായ്, ഉരിയരിച്ചോറിനായി മനുഷ്യര്‍ കേഴുന്നു. ഒരു കൂട്ടര്‍ തിന്ന് തിന്ന് തടിച്ച് കൊഴുത്ത് മരിച്ചു വീഴുന്നു. വിശാലമായ കൃഷിയിടങ്ങളുള്ള ഏഷ്യാ പസഫിക് മേഖലയിലാണ് ലോകത്തെ പട്ടിണിക്കാരുടെ മൂന്നില്‍ രണ്ടും അധിവസിക്കുന്നത്. ഇവിടെ അഞ്ച് വയസ്സിന് താഴെയുള്ള നാലില്‍ ഒരു കുട്ടി പോഷകാഹാരക്കുറവ് അനുഭവിക്കുന്നു.

എന്ത്കൊണ്ടാണ് ഇങ്ങനെ? ലോകത്തെ തീറ്റിപ്പോറ്റുകയെന്നത് കൂറ്റന്‍ ബിസിനസ്സായി മാറിയിരിക്കുന്നു എന്നതാണ് ഉത്തരം. ബഹുരാഷ്ട്ര കമ്പനികളാണ് എവിടെ, ആരൊക്കെ, എന്ത് തിന്നണമെന്ന് തീരുമാനിക്കുന്നത്. ക്രാഫ്റ്റ്, കോണ്‍ആഗ്ര, കാര്‍ഗില്‍, പെപ്സികോ തുടങ്ങിയ കമ്പനികള്‍ ലോകത്തെവിടെയും വിളയുന്ന ധാന്യത്തിന്റെ ഉടമകളായി മാറുന്നു. വലിയ സംഭരണ ശേഷിയുണ്ടവര്‍ക്ക്. കര്‍ഷകര്‍ക്ക് അതില്ല. ദരിദ്ര, അവികസിത രാഷ്ട്രങ്ങളിലെ സര്‍ക്കാറുകള്‍ക്കാകട്ടെ അത്തരം സംവിധാനങ്ങള്‍ രൂപപ്പെടുത്താന്‍ താത്പര്യവുമില്ല. അവയുടെ സാമ്പത്തിക നയം രൂപവത്കരിക്കുന്നത് ഈ ബഹുരാഷ്ട്ര കുത്തകകളും നവ സാമ്രാജ്യത്വ ശക്തികളുമാണല്ലോ. വിളവെടുപ്പിന്റെ ഘട്ടത്തില്‍ മൊത്തമായി ഇത്തരം കമ്പനികള്‍ തുച്ഛമായ വിലക്ക് വാങ്ങിക്കൂട്ടുന്നു. മണ്ണില്‍ പണിയെടുത്തവന്‍ നിസ്സഹായനാണ്. കാത്തിരിക്കാന്‍ അവന് സാധ്യമല്ല. വിലപേശാനുള്ള ശക്തിയില്ല. ഇങ്ങനെ അടിച്ചുമാറ്റുന്ന ധാന്യങ്ങള്‍ ക്ഷാമ കാലത്ത് കഴുത്തറപ്പന്‍ വിലക്ക് തിരിച്ച് കമ്പോളത്തില്‍ എത്തുന്നു. ഇന്ത്യയിലെ കര്‍ഷകര്‍ ചെറുത്തു തോല്‍പ്പിച്ച നിയമങ്ങളുടെ ലക്ഷ്യം ഈ ചൂഷണമായിരുന്നുവല്ലോ. താങ്ങുവില നല്‍കി ഭക്ഷ്യ വസ്തുക്കള്‍ സംഭരിക്കുന്നതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് സര്‍ക്കാര്‍ പൂര്‍ണമായി പിന്‍വാങ്ങുകയും, സംഭരണ കുത്തക കോര്‍പറേറ്റുകള്‍ നല്‍കുകയുമായിരുന്നു ആ കരിനിയമങ്ങളുടെ ലക്ഷ്യം.

കര്‍ഷക സമരത്തിന് മുന്നില്‍ മുട്ടുമടക്കിയ മോദി സര്‍ക്കാര്‍ ഇതേ നയം പുതിയ രീതിയില്‍ നടപ്പാക്കാനൊരുങ്ങുകയാണ്. കൂടുതല്‍ ഭക്ഷ്യധാന്യശേഖരം ഇന്ധന ഉത്പാദനത്തിനു വിട്ടുകൊടുക്കാന്‍ അനുമതി നല്‍കുന്ന ജൈവ ഇന്ധന നയത്തിന് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിക്കഴിഞ്ഞു. പെട്രോളില്‍ ചേര്‍ക്കുന്ന എഥനോളിന്റെ തോത് 2030ഓടെ 20 ശതമാനമായി ഉയര്‍ത്താന്‍ നയം ലക്ഷ്യമിടുന്നു. ടണ്‍ കണക്കിന് ഗോതമ്പും പഞ്ചസാരയും സോയയും ഇന്ധനമായി മാറുന്നതിനാകും ഇത് വഴിവെക്കുക. റിലയന്‍സ് പോലെ ഇന്ധനരംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് ഭക്ഷ്യ സംഭരണത്തിലേക്ക് കടന്നുകയറാനുള്ള പഴുതൊരുക്കുന്നതാണ് ഈ നയം. അത്യുത്പാദന ശേഷിയുള്ളതും ജനിതക മാറ്റം വരുത്തിയതുമായ വിത്തിനങ്ങള്‍ അടിച്ചേല്‍പ്പിക്കുകയെന്നതാണ് കോര്‍പറേറ്റുകളുടെ മറ്റൊരു തന്ത്രം. അവികസിത രാജ്യങ്ങള്‍ ഒന്നടങ്കം ഈ കുഴിയില്‍ വീഴുന്നു. തദ്ദേശീയ വിത്തിനങ്ങള്‍ മുഴുവന്‍ അപ്രസക്തമാകുന്നതോടെ യഥാര്‍ഥ കര്‍ഷകര്‍ കോര്‍പറേറ്റുകളുടെ അടിമകളായിത്തീരും. മോണ്‍സാന്റോ പോലുള്ള ജി എം ഭീമന്‍മാര്‍ക്കായി അമേരിക്കയുടെയും ബ്രിട്ടന്റെയും രാഷ്ട്രത്തലവന്‍മാര്‍ തന്നെയാണ് ലോബീയിംഗ്
നടത്തുന്നത്.

ദരിദ്ര രാജ്യങ്ങളിലെ കൃഷിഭൂമി തുച്ഛമായ പാട്ടത്തിന് വന്‍ ശക്തികള്‍ ഏറ്റെടുക്കുന്നതാണ് മറ്റൊരു കുടിലത. പാട്ടക്കാലാവധി ഒരു കാലത്തും തീരില്ല. തദ്ദേശീയരായ കര്‍ഷകത്തൊഴിലാളികളെ അടിമകളെപ്പോലെയാണ് ഉപയോഗിക്കുന്നത്. പ്രതിഷേധിക്കുന്നവരെ പോലീസിനെയും സൈന്യത്തെയും ഉപയോഗിച്ച് അടിച്ചമര്‍ത്തും. ചൈനയാണ് ഇക്കാര്യത്തില്‍ ഏറ്റവും മുന്‍പന്തിയില്‍. മിക്ക ആഫ്രിക്കന്‍ രാജ്യങ്ങളിലും ചൈനക്ക് കൃഷിയിടങ്ങള്‍ ഉണ്ട്.

ലോക സാമ്പത്തിക ഫോറത്തില്‍ നിന്നോ ഐ എം എഫില്‍ നിന്നോ യു എന്നില്‍ നിന്നോ പോലും ഭക്ഷ്യ ക്ഷാമത്തിനും വിലക്കയറ്റത്തിനും യഥാര്‍ഥ പരിഹാരം ഉയര്‍ന്നു വരില്ല. കാരണം അവരെല്ലാം മുതലാളിത്ത സാമ്പത്തിക മാതൃക പിന്തുടരുന്നവരാണ്. ഭക്ഷ്യ വിതരണത്തിലെ അസമത്വം ഇല്ലാതാക്കാനും സ്വയംപര്യാപ്തതയിലേക്ക് എല്ലാ രാജ്യങ്ങളെയും നയിക്കാനും അതാതിടങ്ങളില്‍ ഉയര്‍ന്നു വരുന്ന പരിഹാരങ്ങള്‍ തന്നെ വേണം. സര്‍ക്കാറുകള്‍ ഉത്തരവാദിത്വം നിര്‍വഹിക്കണം. മിച്ച ഭക്ഷണം കമ്മിയിടങ്ങളിലേക്ക് ഒഴുകണം. വയറൊട്ടി, എല്ലുന്തി, കണ്ണു തുറിച്ച കുട്ടികളുടെ ചിത്രങ്ങള്‍ക്കായി ഒഴിച്ചിട്ട പത്രത്താളുകളും അത്തരം ദൃശ്യങ്ങള്‍ക്കായി കാത്തിരിക്കുന്ന ഫണ്ടിംഗ് ഏജന്‍സികളുമുള്ള ലോകക്രമത്തില്‍ ശാശ്വത പരിഹാരം എങ്ങനെ സാധ്യമാകാനാണ്?

 

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്