Connect with us

Kerala

ആരാണ് പോരാളി ഷാജി, അഡ്മിൻ ഐഡന്റിറ്റി വെളിപ്പെടുത്തണം; എംവി ജയരാജന്‍

ആശയപ്രചാരണത്തിനാവണം സോഷ്യല്‍ മീഡിയ. വ്യക്തികളെ അധിക്ഷേപിക്കാനോ വ്യാജവാര്‍ത്തകള്‍ ചമച്ചുണ്ടാക്കാനോ ആവരുത്.

Published

|

Last Updated

കണ്ണൂര്‍ | ഇടത് വിരുദ്ധ നവമാധ്യമ പ്രചാരണത്തിനെതിരെ ജാഗ്രത വേണമെന്നാണ് ആവശ്യപ്പെട്ടതെന്നും തന്റെ പ്രതികരണത്തെ മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. ഇടതുപക്ഷമെന്ന് കരുതുന്ന പല ഗ്രൂപ്പുകളും ഇടത് വിരുദ്ധ പ്രചാരണമാണ് നടത്തുന്നത്.

തിരഞ്ഞെടുപ്പ് കാലത്ത് വ്യാജപ്രചാരണം വ്യാപകമായി നടന്നു. വടകരയില്‍ തിരഞ്ഞെടുപ്പ് കാലത്ത് സംഭവിച്ച കാര്യങ്ങളുടെ പശ്ചാത്തലത്തിലാണ് സമൂഹമാധ്യമ പരാമര്‍ശം നടത്താന്‍ ഇടയായതെന്നും ജയരാജന്‍ പറഞ്ഞു.

അതേസമയം പോരാളി ഷാജിയുടെ പേരില്‍ പല പ്രെഫൈലുകളുണ്ട്. പോരാളി ഷാജി ആരാണെന്നറിയില്ല. ഇടത് ആശയം നാട്ടില്‍ പ്രചരിപ്പിക്കണമെന്ന് ആഗ്രഹിക്കുന്ന ആളാണെങ്കില്‍ പോരാളി ഷാജിയുടെ അഡ്മിന്‍ ആരാണെന്ന് തുറന്ന് പറയാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്ന് ജയരാജന്‍ പറഞ്ഞു. ഒരു പോരാളിഷാജിയെയും സിപിഎമ്മിന് അറിയില്ലെന്നും സിപിഎം അനുകൂലമെന്ന പേരില്‍ കോണ്‍ഗ്രസ് വ്യാജപ്രൊഫൈലുകള്‍ ഉണ്ടാക്കുന്നെന്നും ജയരാജന്‍ ആരോപിച്ചു.

ആശയപ്രചാരണത്തിനാവണം സോഷ്യല്‍ മീഡിയ. വ്യക്തികളെ അധിക്ഷേപിക്കാനോ വ്യാജവാര്‍ത്തകള്‍ ചമച്ചുണ്ടാക്കാനോ ആവരുത്. പോരാളി ഷാജി എന്ന പേരില്‍ നൂറിലേറെ അക്കൗണ്ടുകളാണ് ഉള്ളത്. ഇത്തരം ഗ്രൂപ്പുകളില്‍ സിപിഎമ്മിനെതിരെ നിരന്തരം തെറ്റായ പ്രചാരണമാണ് നടക്കുന്നത്.ചില ഘട്ടങ്ങളില്‍ സിപിഎമ്മിന് അനുകൂലമായും വരാറുണ്ട്. അതുകൊണ്ട് ഇടതുപക്ഷത്തെ സഹായിക്കാനാണ് ഇത്തരമൊരു സമൂഹമാധ്യമ കൂട്ടായ്മയെങ്കില്‍ പോരാളി ഷാജിയുടെ അഡ്മിന്‍ രംഗത്തുവരണമെന്നും അല്ലാത്തപക്ഷം യഥാര്‍ത്ഥ കള്ളനെ കണ്ടെത്താനാവില്ലെന്നും ജയരാജന്‍ പറഞ്ഞു.

ഇടതുപക്ഷത്തിന്റെ പരാജയത്തിന് കാരണമായത് സോഷ്യല്‍ മീഡിയ പേജുകളിലെ തെറ്റായ രീതിയാണെന്ന് കഴിഞ്ഞ ദിവസം ജയരാജന്‍ വിമര്‍ശിച്ചിരുന്നു. ഇതിനെതിരെ ഇടത് സൈബര്‍ ഇടങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.തുടര്‍ന്നാണ് ഇന്ന് വിശദീകരണത്തിനായി ജയരാജന്‍ വാര്‍ത്താസമ്മേളനം കണ്ണൂരില്‍ നടത്തിയത്.

Latest