Kerala
പാങ്ങോട് യുവതിയെ തീ കൊളുത്തി കൊന്ന കേസ്; മാതാവിനും മകനും ജീവപര്യന്തം
2016 ഡിസംബര്‍ ഒമ്പതിനായിരുന്നു കൊലപാതകം
തിരുവനന്തപുരം| തിരുവനന്തപുരം പാങ്ങോട് യുവതിയെ തീ കൊളുത്തി കൊന്ന കേസില്‍ മാതാവിനും മകനും ജീവപര്യന്തം. ചന്തക്കുന്നിലെ റാഹില ബീവി, മകന്‍ സാഗര്‍ സാജന്‍ എന്നിവര്‍ക്കാണ് ജീവപര്യന്തവും 50,000 രൂപ പിഴയും ശിക്ഷ. വിധിച്ചത്. നെടുമങ്ങാട് കോടതിയാണ് ശിക്ഷ വിധിച്ചത്.
2016 ഡിസംബര്‍ 9ന് പഴവിള സ്വദേശിനി സിന്ധുവിനെ തീ കൊളുത്തി കൊലപ്പെടുത്തിയ കേസിലാണ് വിധി. പാങ്ങോട് അപ്പൂപ്പന്‍പാറ സ്വദേശിയായ സിന്ധുവിനെ ഇവരുടെ ഭര്‍ത്താവ് സാജന്‍, പാങ്ങോട് ചന്തക്കുന്നിലെ വീട്ടില്‍ വിളിച്ചുവരുത്തി 11 വയസുള്ള മകളുടെ മുന്നില്‍ വച്ച് തീ കൊളുത്തി കൊല്ലുകയായിരുന്നു.
സാജനും മാതാവ് റാഹിലാ ബീവിയും ചേര്‍ന്നാണ് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. ഗുരുതരമായി പരുക്കേറ്റ സിന്ധു തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. സിന്ധുവിന്റെ മകളുടെ മൊഴി കേസില്‍ നിര്‍ണായകമായി. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ആര്‍ എന്‍ സന്ദീപ് ആണ് ഹാജരായത്.




