Connect with us

Kerala

ഐഷാ പോറ്റി കോണ്‍ഗ്രസ്സില്‍ വന്നപ്പോള്‍ കോണ്‍ഗ്രസ് നേതാവ് ആര്‍ രശ്മി ബി ജെ പിയിലേക്ക്

2021 ല്‍ താന്‍ മത്സരിച്ച കൊട്ടാരക്കര ഐഷാ പോറ്റിക്ക് നല്‍കുന്നതില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിടുന്നത്

Published

|

Last Updated

കൊല്ലം | സി പി എമ്മുമായി പിണങ്ങി നിന്ന ഐഷാ പോറ്റിയെ കോണ്‍ഗ്രസ്സില്‍ എത്തിച്ചപ്പോള്‍ കോണ്‍ഗ്രസ് വളര്‍ത്തിക്കൊണ്ടുവന്ന ആര്‍ രശ്മി പാര്‍ട്ടി വിട്ട് ബി ജെ പിയിലേക്ക്. 2021ല്‍ കൊട്ടാരക്കരയില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച മഹിളാ കോണ്‍ഗ്രസ് നേതാവ് ആര്‍ രശ്മിയെ അവഗണിച്ച് സീറ്റ് അയിഷാ പോറ്റിക്ക് നല്‍കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ഇവര്‍ പാര്‍ട്ടി വിടുന്നത്.

ഇന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്ന് ഇവര്‍ അംഗത്വം സ്വീകരിക്കുമെന്നാണ് സൂചന. ഐഷാ പോറ്റിക്കുവേണ്ടി മണ്ഡലം നല്‍കുമ്പോള്‍ പകരം തനിക്ക് എന്തു നല്‍കുമെന്ന ഇവരുടെ ചോദ്യത്തെ വി ഡി സതീശന്‍ അവഗണിക്കുകയായിരുന്നു. ഇത്തവണ സീറ്റ് ഇല്ലെങ്കില്‍ പകരം രണ്ട് ഉപാധികള്‍ രശ്മി കോണ്‍ഗ്രസിന് മുന്നില്‍ വച്ചിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഉണ്ടായ സാമ്പത്തിക ബാധ്യത പാര്‍ട്ടി തീര്‍ക്കണമെന്നും യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ ബോര്‍ഡ്-കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ ഏതെങ്കിലുമൊന്ന് നല്‍കണമെന്നുമായിരുന്നു രശ്മിയുടെ ആവശ്യം.

ഐഷാ പോറ്റിയെ കൊണ്ടുവന്നതിലെ മേല്‍ക്കൈ രശ്മി പോയാല്‍ നഷ്ടപ്പെടുമെന്നു കരുതുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഇവരുമായി ചര്‍ച്ച നടത്തിയെങ്കിലും വഴങ്ങിയില്ലെന്നാണ് വിവരം. ിവരം. തുടര്‍ന്ന് പാര്‍ട്ടി വിടാനുള്ള തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു ആര്‍ രശ്മി.
തിരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം നീങ്ങവേ പാര്‍ട്ടികള്‍ക്കിടയില്‍ കൂടുമാറലുകള്‍ തകൃതിയാവുകയാണ്. വിവിധ പാര്‍ട്ടികളില്‍ നിന്ന് യു ഡി എഫ് പക്ഷത്തേക്ക് പലരേയും എത്തിക്കാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ കഴിഞ്ഞിരുന്നു.

ഇപ്പോള്‍ കോണ്‍ഗ്രസ് പക്ഷത്ത് നിന്ന് ബി ജെ പിയിലേക്ക് ചിലര്‍ നീങ്ങുന്ന കാഴ്ച അവര്‍ക്ക് തിരിച്ചടിയാവുകയാണ്. മാരാര്‍ജി ഭവനില്‍ എത്തി ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറുമായി രശ്മി ഇന്ന് കൂടിക്കാഴ്ച നടത്തും. ഇന്നു തന്നെ പാര്‍ട്ടി പ്രവേശനവും ഉണ്ടായേക്കാം. രാജീവ് ചന്ദ്രശേഖറിന്റെ വാര്‍ത്താ സമ്മേളനം ഇന്ന് 12 മണിക്ക് നടക്കുന്നുണ്ട്. അവിടെ വെച്ചായിരിക്കാം രശ്മിയുടെ ബി ജെ പി പ്രവേശനം പ്രഖ്യാപിക്കുക എന്നാണ് വിവരം.

 

---- facebook comment plugin here -----

Latest