ഒക്ടോബർ 24 ഐക്യരാഷ്ട്രസഭ ദിനം
രാഷ്ട്രങ്ങൾ ഒന്നിക്കുന്നതിവിടം
ഐക്യരാഷ്ട്രസഭയുടെ രൂപവത്കരണ ദിനമാണ് ഒക്ടോബർ 24.

ലോകരാഷ്ട്രങ്ങളുടെ ആഗോള കൂട്ടായ്മയായ ഐക്യരാഷ്ട്രസഭയുടെ രൂപവത്കരണ ദിനമാണ് ഒക്ടോബർ 24. രണ്ടാം ലോകമ ഹായുദ്ധത്തിന് ശേഷമാണ് ഇനിയൊരു യുദ്ധം വേണ്ട എന്ന ചിന്തയിലേക്ക് ബന്ധപ്പെട്ടവർ എത്തിയത്. അങ്ങനെയാണ് 1945 ഒക്ടോബർ 24ന് ഐക്യരാഷ്ട്രസഭ ഉദയംകൊണ്ടത്.
രാഷ്ട്രങ്ങളുടെ വേദി
1942 ജനുവരി ഒന്നിന് അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ഫ്രാങ്ക്‌ളിൻ ഡി റൂസ്വെൽറ്റ്, ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിൽ, റഷ്യൻ പ്രതിനിധിയായ മാക്‌സിം ലിത്വിനോവ്, ചൈനീസ് പ്രതിനിധി ടി വി സുംഗ് എന്നിവർ ഒപ്പുവെച്ച ഐക്യരാഷ്ട്ര പ്രഖ്യാപനമാണ് അന്താരാഷ്ട്ര സംഘടന എന്ന ആശയത്തിന്റെ പ്രചോദക ഘടകം.
പിറവിയും ആദ്യ സമ്മേളനവും
ലോകരാജ്യങ്ങളുടെ കൂട്ടായ്മ എന്ന ലക്ഷ്യത്തിന്റെ ഒപ്പുശേഖരണത്തിന് ശേഷം അന്നത്തെ വൻശക്തികളായ ബ്രിട്ടൻ, അമേരിക്ക, ചൈന, റഷ്യ എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾ വാഷിംഗ്ടണിൽ ഒരുമിച്ചുചേരുകയും ഐക്യരാഷ്ട്ര സംഘടനയുടെ കരടു രൂപം അവതരിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്തു. അങ്ങനെ, അമേരിക്കൻ പ്രസിഡന്റ് റൂസ്വെൽട്ടാണ് ഈ പേര് നിർദേശിച്ചത്. പിന്നീട് അമേരിക്കയിലെ, സാൻ ഫ്രാൻസിസ്‌കോയിൽ 1945 ഏപ്രിൽ 25 മുതൽ 26 വരെ നടന്ന ആദ്യസമ്മേളനത്തിൽ തയ്യാറാക്കിയ നിയമസംഹിത ജൂൺ 26ന് അംഗരാഷ്ട്രങ്ങൾ അംഗീകരിച്ചു.
പേരിന് പിന്നിൽ
രണ്ടാം ലോകമഹായുദ്ധത്തിൽ അച്ചുതണ്ടുശക്തികൾ എന്ന പേരിലറിയപ്പെട്ടിരുന്ന ജർമനി, ഇറ്റലി, ജപ്പാൻ എന്നീ രാജ്യങ്ങളും സഖ്യകക്ഷികൾ (ഐക്യരാഷ്ട്രങ്ങൾ) എന്ന് വിളിച്ചിരുന്ന ഫ്രാൻസ്, ബ്രിട്ടൻ, റഷ്യ, ചൈന, അമേരിക്ക തുടങ്ങിയ രാജ്യങ്ങളുമായിരുന്നല്ലോ പ്രധാനികൾ. ഇതിലെ ഐക്യരാഷ്ട്രങ്ങളുടെ പ്രതിനിധികൾ രൂപവത്കരിച്ച സംഘടനയായതിനാൽ ഐക്യരാഷ്ട്രസഭ എന്ന പേരു ലഭിച്ചു.
നിബന്ധനകൾ, നിയമങ്ങൾ
സംഘടന പ്രാബല്യത്തിൽ വന്നപ്പോൾ 51 രാഷ്ട്രങ്ങൾ മാത്രമായിരുന്നു അംഗങ്ങളായി ഉണ്ടായിരുന്നത്. സമാധാന കാംക്ഷികളും ചാർട്ടറിലെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ സന്നദ്ധരുമായ രാഷ്ട്രങ്ങളെ മാത്രമേ ഇതിൽ അംഗങ്ങളായി ചേർക്കുകയുള്ളൂ.
അംഗങ്ങളാകാനുള്ള മാനദണ്ഡം
രക്ഷാസമിതിയുടെ ശിപാർശയാണ് ആദ്യം വേണ്ടത്. ആ ശിപാർശയിൽ പൊതുസഭ 2/3 ഭൂരിപക്ഷത്തോടെ അംഗീകാരം നൽകിയശേഷം മാത്രമാണ്. സമാധാനകാംക്ഷിളും ചാർട്ടറിൽ പറഞ്ഞിരിക്കുന്ന ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ സന്നദ്ധതയുള്ളവരുമായ രാഷ്ട്രങ്ങളെ അംഗങ്ങളായി ചേർക്കുക.
ആസ്ഥാനം
അമേരിക്കയിലെ ന്യൂയോർക്ക് നഗരത്തിലെ ഫസ്റ്റ് അവന്യൂ യു എൻ പ്ലാസയിലാണ് ഐക്യരാഷ്ട്രസഭയുടെ ഇപ്പോഴത്തെ ആസ്ഥാനം. ഈ നീണ്ടുപരന്ന നീലക്കെട്ടിടത്തിന് മുറിയിൽ 193 അംഗരാജ്യങ്ങളുടെ ദേശീയപതാകകൾ പാറിപ്പറക്കുന്നുണ്ട്.
ലക്ഷ്യങ്ങൾ
അന്താരാഷ്ട്രരംഗത്ത് സമാധാനം ഉറപ്പാക്കുക, അംഗങ്ങൾ തമ്മിൽ സൗഹൃദബന്ധം നിലനിർത്തുക, സാംസ്‌കാരികവും സാമ്പത്തികവും മറ്റുമായ പ്രശ്‌നങ്ങൾ അന്താരാഷ്ട്ര സഹകരണം വഴി പരിഹരിക്കുക, യുദ്ധം എന്ന കെടുതിയിൽ നിന്ന് മനുഷ്യരാശിയെ രക്ഷിക്കുക, മനുഷ്യന്റെ മൗലികാവകാശങ്ങൾ ഉറപ്പുവരുത്തുക, അന്താരാഷ്ട്രബന്ധങ്ങളോടും കടമകളോടും നീതിപുലർത്തുകയും അവയെ ആദരിക്കുകയും ചെയ്യുക, ലോകമെങ്ങും സാമൂഹിക പുരോഗതിയും മെച്ചപ്പെട്ട ജീവിതനിലവാരവും ഉറപ്പാക്കുക.
സ്ഥിരാംഗങ്ങൾ
ഐക്യരാഷ്ട്രസഭക്ക് പ്രധാനമായും ആറ് നിർവാഹക ഘടകങ്ങളാണുള്ളത്. പൊതുസഭ, രക്ഷാസമിതി, സാമ്പത്തിക സാമൂഹിക കൗൺസിൽ, ട്രസ്റ്റിഷിപ്പ് കൗൺസിൽ, അന്താരാഷ്ട്ര നീതിന്യായ കോടതി, സെക്രട്ടേറിയറ്റ് എന്നിവ. 193 രാഷ്ട്രങ്ങൾ ഇപ്പോൾ യു എന്നിലെ അംഗങ്ങളാണ്. അമേരിക്ക, റഷ്യ, ഇംഗ്ലണ്ട്, ഫ്രാൻസ്, ചൈന എന്നീ രാജ്യങ്ങൾ സ്ഥിരാംഗങ്ങളാണ്.