medical education
വൈദ്യപഠനം ഹിന്ദിയിലാകുമ്പോള്‍
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പ്രധാന ശിപാര്‍ശകളില്‍ ഒന്നായ പ്രാദേശിക ഭാഷകള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് പാഠ്യപദ്ധതി പരിഷ്‌കരിക്കുകയെന്നതിന്റെ ഭാഗമായാണ് മെഡിക്കല്‍, എന്‍ജിനീയറിംഗ് പാഠപുസ്തകങ്ങള്‍ ഹിന്ദിയിലേക്ക് മൊഴിമാറ്റം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആഹ്വാനം നല്‍കിയിരുന്നത്. എന്നാല്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന മെഡിക്കല്‍ പാഠ്യപദ്ധതിയില്‍ ഹിന്ദിക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് പുസ്തകങ്ങള്‍ പരിഷ്‌കരിക്കുമ്പോള്‍ അതിന്റെ വരുംവരായ്കകള്‍ ചര്‍ച്ചകള്‍ക്ക് വിധേയമാക്കേണ്ടതുണ്ട്.

കഴിഞ്ഞ ഞായറാഴ്ച മധ്യപ്രദേശിലെ ഭോപ്പാലില്‍ നടന്ന ഒരു സമ്മേളനത്തില്‍, ഇംഗ്ലീഷില്‍ നിന്ന് ഹിന്ദിയിലേക്ക് മൊഴിമാറ്റിയ മെഡിക്കല്‍ പാഠ്യപദ്ധതിയിലെ മൂന്ന് പുസ്തകങ്ങള്‍ പ്രകാശനം ചെയ്തുകൊണ്ട് അമിത് ഷാ പറഞ്ഞത് ഇതൊരു ചരിത്രമാണ് എന്നായിരുന്നു. ദേശീയ പാഠ്യപദ്ധതിയിലെ പ്രധാനപ്പെട്ട ഒരു പരിഷ്‌കാരമായ, പ്രാദേശിക ഭാഷകളില്‍ പാഠ്യപദ്ധതികള്‍ തയ്യാറാക്കണമെന്ന തീരുമാനത്തിന്റെ ഒരു പ്രധാനപ്പെട്ട ഏടായി കേന്ദ്രം ഇതിനെ കണക്കാക്കുമ്പോഴും അതിന്റെ പ്രായോഗികമായ പ്രശ്‌നങ്ങളും അതുയര്‍ത്താന്‍ പോകുന്ന വെല്ലുവിളികളും കേന്ദ്രം നിസ്സാരമായാണ് കാണുന്നത്. എന്നാല്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന മെഡിക്കല്‍ പാഠ്യപദ്ധതിയില്‍ ഹിന്ദിക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് പുസ്തകങ്ങള്‍ പരിഷ്‌കരിക്കുമ്പോള്‍ അതിന്റെ വരുംവരായ്കകള്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വിധേയമാക്കേണ്ടതുണ്ട്.
ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്?
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പ്രധാന ശിപാര്‍ശകളില്‍ ഒന്നായ പ്രാദേശിക ഭാഷകള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് പാഠ്യപദ്ധതി പരിഷ്‌കരിക്കുകയെന്നതിന്റെ ഭാഗമായാണ് മെഡിക്കല്‍, എന്‍ജിനീയറിംഗ് പാഠപുസ്തകങ്ങള്‍ ഹിന്ദിയിലേക്ക് മൊഴിമാറ്റം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആഹ്വാനം നല്‍കിയിരുന്നത്. കൂടുതല്‍ സംസ്ഥാനങ്ങള്‍ അതിനെതിരെ രംഗത്ത് വന്നെങ്കിലും, ബി ജെ പി ഭരിക്കുന്ന ചില സംസ്ഥാനങ്ങള്‍ അതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങുകയും, ഇപ്പോള്‍ ആദ്യമായി മധ്യപ്രദേശില്‍ മെഡിക്കല്‍ പാഠ്യപദ്ധതിയിലെ മെഡിക്കല്‍ ഫിസിയോളജി, അനാട്ടമി, മെഡിക്കല്‍ ബയോകെമിസ്ട്രി എന്നീ പുസ്തകങ്ങള്‍ ഹിന്ദിയിലേക്ക് വിവര്‍ത്തനം ചെയ്തിരിക്കുകയുമാണ്. ഭോപ്പാല്‍ ഗാന്ധി മെഡിക്കല്‍ കോളജിലെ 97 അധ്യാപകര്‍ 232 ദിവസങ്ങളെടുത്താണ് ഇത് പൂര്‍ത്തിയാക്കിയിരിക്കുന്നത്.
അടിസ്ഥാനമില്ലാത്ത ന്യായങ്ങള്‍
അമിതമായ ഭാഷാ സ്‌നേഹത്തിന്റെ വക്താക്കള്‍, അതെവിടെ, എങ്ങനെ, എത്രമാത്രം ഉപയോഗിക്കണമെന്ന വിഷയത്തില്‍ അജ്ഞരായതിന്റെ ഫലമാണ് മെഡിക്കല്‍ പാഠ്യപദ്ധതിയില്‍ ഈ പരിഷ്‌കാരം. അതിനു പറയുന്ന ന്യായങ്ങളിലും രാജ്യസ്‌നേഹവും പ്രജാസ്നേഹവും നിറഞ്ഞുനില്‍ക്കുന്നുണ്ട്. പാവപ്പെട്ട വീടുകളിലെ കുട്ടികള്‍ക്ക് ഇംഗ്ലീഷില്‍ പഠിക്കുന്നതിനുള്ള ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെന്നും അതിനാല്‍ അവരുടെ മാതൃഭാഷയില്‍ തന്നെ പഠിക്കാന്‍ കഴിഞ്ഞാല്‍ അവര്‍ക്കത് എളുപ്പം പഠിക്കാന്‍ കഴിയുമെന്നുമാണ് ഒരു കാരണമായി എടുത്തുകാണിക്കപ്പെടുന്നത്. ഇംഗ്ലീഷില്‍ പഠിക്കുന്നതുകൊണ്ട് അതിന്റെ ഗുണഫലങ്ങള്‍ ലഭിക്കുന്നത് വിദേശ രാജ്യങ്ങള്‍ക്കാണെന്നും, പഠനം കഴിഞ്ഞിറങ്ങുന്നവര്‍ക്ക് ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യാന്‍ ഹിന്ദി മാത്രമേ ആവശ്യമായി വരികയുള്ളൂ എന്നുമാണ് മറ്റൊരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇംഗ്ലീഷില്‍ പ്രാവീണ്യമുള്ള കുട്ടികള്‍ക്കൊപ്പം പഠിച്ചുവരുന്ന ഇംഗ്ലീഷ് പരിജ്ഞാനം കുറഞ്ഞ കുട്ടികള്‍ക്ക് മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ലെന്നും അത് അവരില്‍ അപകര്‍ഷതാബോധം ഉണ്ടാക്കുന്നെന്നും പുസ്തക പ്രകാശന വേദിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി ഊന്നിപ്പറഞ്ഞിരുന്നു.
പ്രശ്‌നങ്ങള്‍, ആശങ്കകള്‍
ഇന്ത്യയിലെ അസംഖ്യം പ്രാദേശിക ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യണമെന്ന ആഹ്വാനത്തിന്റെ ആദ്യ പടിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന മൂന്ന് പുസ്തകങ്ങളുടെ കാര്യം. അത് ഹിന്ദിയിലേക്ക് മാത്രമാണ് വിവര്‍ത്തനം ചെയ്തിരിക്കുന്നത്. അതുതന്നെ വലിയ ശ്രമഫലമായാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. മെഡിക്കല്‍ പഠനത്തിലുള്ള എണ്ണമില്ലാത്ത പുതിയ വാക്കുകള്‍ തന്നെയാണ് ഏറ്റവും വലിയ വെല്ലുവിളി. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് മാത്രം ഉപയോഗിക്കേണ്ടി വരുന്ന ഇംഗ്ലീഷ് വാക്കുകള്‍, പ്രയോഗങ്ങള്‍ എന്നിവക്ക് കൃത്യമായ പദങ്ങള്‍ നമ്മുടെ പ്രാദേശിക ഭാഷകളില്‍ ഇല്ലായെന്നുതന്നെ പറയാന്‍ കഴിയും. ആ അവസരത്തില്‍ അതുമായി ബന്ധമുള്ള വാക്കുകള്‍ ഉപയോഗിക്കുക എന്നതുമാത്രമാണ് ഏക പ്രതിവിധി. മാത്രമല്ല, ഇത്രയധികം വാക്കുകള്‍ ഹിന്ദിയില്‍ കണ്ടെത്തിയാല്‍ തന്നെയും, ഇതുവരെയുള്ള പഠനങ്ങള്‍ ഇംഗ്ലീഷില്‍ ആയതിനാല്‍ തന്നെ പെട്ടെന്ന് ഹിന്ദിയിലേക്കുള്ള മാറ്റം അത്ര എളുപ്പമാകില്ല. മാത്രമല്ല, തര്‍ജമയിലൂടെ പാഠ്യവിഷയങ്ങളുടെ നിലവാരം സൂക്ഷിക്കാനും കഴിയില്ല.
ഒരു പുസ്തകത്തിന്റെ ഭാഷ അപ്പാടെ മാറ്റി പാഠ്യപദ്ധതിയില്‍ ചേര്‍ക്കുമ്പോള്‍ അത് ആ വര്‍ഷത്തേക്കുള്ള എല്ലാ പുസ്തകങ്ങളിലും, മുഴുവനായും ചേര്‍ക്കേണ്ടിവരും. അല്ലെങ്കില്‍ പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന വിവിധ വിഷയങ്ങളില്‍ ഒരേ വാക്കുതന്നെ ഇംഗ്ലീഷിലും ഹിന്ദിയിലും പഠിക്കേണ്ടിവരും. അതിനാലാണ് ഈ രംഗത്തെ വിദഗ്ധര്‍, ഇത് നടപ്പാക്കാനായി ഏറ്റവും കുറഞ്ഞത് അഞ്ച് വര്‍ഷങ്ങളെങ്കിലും വേണ്ടിവരുമെന്ന് വാദിക്കുന്നത്. ഡോ. എന്‍ ടി ആര്‍ യൂനിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സിലെ വൈസ് ചാന്‍സലര്‍ ഡോ. ശ്യാമപ്രസാദ് പിജിലം ഈ വാദം ശരിവെക്കുന്നു. മാത്രമല്ല ഇത്തരത്തില്‍ പാഠ്യപദ്ധതി ഹിന്ദിയില്‍ പരിഷ്‌കരിക്കുന്ന നീക്കങ്ങള്‍ നാഷനല്‍ മെഡിക്കല്‍ കൗണ്‍സില്‍ മെമ്പറായ അദ്ദേഹം അറിഞ്ഞിട്ടുപോലുമില്ല എന്നാണ് പ്രതികരിച്ചത്. അതായത്, ഈ രംഗത്തെ വേണ്ടപ്പെട്ടവരുടെ മുന്നില്‍ ഒരു ചര്‍ച്ചപോലും ഇല്ലാതെയാണ് ഈ പരിഷ്‌കാരങ്ങള്‍ സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് എന്നര്‍ഥം.
മാതൃഭാഷയെ പരിഗണിക്കേണ്ടതാണോ?
മാതൃഭാഷയില്‍ പഠനം നടത്തേണ്ടത് ആവശ്യമാണ്. എന്നാല്‍, അത് എപ്പോള്‍ വരെ എന്നതും എന്തൊക്കെ എന്നതും പ്രധാനമാണ്. കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ മാതൃഭാഷ പഠിപ്പിക്കേണ്ടത് നിര്‍ബന്ധം തന്നെയാണ്. അവന്റെ ഭാഷയുടെ അടിത്തറ തീര്‍ച്ചയായും മാതൃഭാഷയിലാണ് കെട്ടിയുയര്‍ത്തേണ്ടത്. എന്നാല്‍ അതിനൊപ്പം വിശ്വഭാഷയായ ഇംഗ്ലീഷ് പഠിക്കേണ്ടത് ഓരോരുത്തരും തന്റെ നാടുവിട്ട് കൂടുതല്‍ മെച്ചപ്പെട്ട മേച്ചില്‍പ്പുറങ്ങള്‍ തേടുമ്പോഴാണ്. നമ്മുടെ നാട്ടില്‍ സ്വന്തം ദേശത്തുതന്നെ തൊഴില്‍ചെയ്യുന്ന എത്രപേരെ കാണാന്‍ കഴിയും. എത്ര ശതമാനം യുവാക്കളുടെ തൊഴിലാവശ്യങ്ങള്‍ നമ്മുടെ സര്‍ക്കാറിന് ഏറ്റെടുക്കാന്‍ കഴിയുന്നുണ്ട്? അങ്ങനെ നാടുവിട്ട് തൊഴില്‍ തേടുമ്പോഴാണ് മാതൃഭാഷ മാത്രം പഠിച്ച കുട്ടികള്‍ ഒറ്റപ്പെടാനിരിക്കുന്നത്. എന്നാല്‍, മാതൃഭാഷക്കൊപ്പം തന്നെ വിശ്വഭാഷയും ഒരുപോലെ കൈകാര്യം ചെയ്യാന്‍ കഴിയുന്ന കുട്ടികളാകട്ടെ എവിടെയും ശോഭിക്കുകയും ചെയ്യുന്നു.
ലോകത്ത് എല്ലായിടത്തും വൈദ്യശാസ്ത്രം ഇംഗ്ലീഷില്‍ അല്ല. പക്ഷേ, ഇംഗ്ലീഷില്‍ ഉള്ളയിടങ്ങളില്‍ മെഡിക്കല്‍ രംഗം പഠനത്തിലും ഗവേഷണത്തിലുമൊക്കെ കൂടുതല്‍ പുരോഗതി പ്രാപിച്ചതായി കാണുന്നുണ്ട്. ഉദാഹരണത്തിന് ജപ്പാനില്‍ പഠനം ജാപ്പനീസ് ഭാഷയിലാണ്. അവിടെ ഇംഗ്ലീഷ് സംസാരിക്കുന്ന ഡോക്ടര്‍മാര്‍ വിരളമാണ്. ഒരു പഠനത്തില്‍ പറയുന്നത്, ഇംഗ്ലീഷ് ഭാഷയിലുള്ള ജപ്പാന്‍ കാരുടെ പരിമിതമായ അറിവ് വൈദ്യരംഗത്ത് അവരെ ഏറെ പിന്നിലാക്കി എന്നതാണ്. ആദ്യത്തെ 20 വികസിതരാജ്യങ്ങളില്‍ വൈദ്യരംഗത്ത് ഏറ്റവും പിന്നിലുള്ള രാജ്യം ജപ്പാനാണ്. ശാസ്ത്ര സാങ്കേതികരംഗത്ത് ഏറെ മുന്നിലുള്ള ജപ്പാനില്‍ നിന്ന് ഇതുവരെ വൈദ്യശാസ്ത്രത്തില്‍ നൊബേല്‍ സമ്മാനം നേടിയത് വെറും ഒരാള്‍ മാത്രമാണ് എന്നതും ഈ പഠനത്തെ ശരിവെക്കുന്നു.
ചൈന, ജര്‍മനി, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ മാതൃഭാഷകളിലാണ് പാഠ്യപദ്ധതി ക്രമീകരിച്ചിരിക്കുന്നത്. നമ്മള്‍ ആ മാതൃകയാണ് പിന്തുടരാന്‍ ശ്രമിക്കുന്നതും. എന്നാല്‍ മേല്‍പ്പറഞ്ഞ രാജ്യങ്ങളുടെ അവസ്ഥയല്ല നമ്മുടെ രാജ്യത്തിന്റേത്. ലോകത്തുതന്നെ ഏറ്റവുമധികം ഭാഷകള്‍ നിലവിലുള്ള രാജ്യമാണ് നമ്മുടേത്. ഇവിടെ മാതൃഭാഷയില്‍ പാഠ്യപദ്ധതി തയ്യാറാക്കുമ്പോള്‍ ഇപ്പോള്‍ പിന്തുടരുന്ന ഇംഗ്ലീഷ് പുസ്തകങ്ങള്‍ അത്രതന്നെ ഭാഷകളിലേക്ക് തര്‍ജമ ചെയ്യേണ്ടിവരുന്നു. അതത്ര എളുപ്പമുള്ള കാര്യമല്ല.
ഉന്നത വിദ്യാഭ്യാസം എങ്ങനെ?
എം ബി ബി എസ് പഠനത്തിനായാണ് ആദ്യഘട്ടത്തില്‍ പുസ്തകങ്ങള്‍ ഹിന്ദിയിലേക്ക് തര്‍ജമ ചെയ്യുന്നത്. എന്നാല്‍ അതിനു ശേഷം സ്‌പെഷ്യലൈസ് ചെയ്യാനുള്ള കോഴ്സുകള്‍ക്ക് ദേശീയതലത്തിലെ എന്‍ട്രന്‍സ് പരീക്ഷകള്‍ നേരിടേണ്ടിവരും. അത് ദേശീയതലത്തിലെ ഒറ്റ പരീക്ഷയായതിനാല്‍ തന്നെ ഇംഗ്ലീഷില്‍ തന്നെ നടത്തേണ്ടിവരും. മാതൃഭാഷയില്‍ മാത്രം പഠിച്ചവര്‍ക്ക് അത് ബുദ്ധിമുട്ടായി വരികയും ചെയ്‌തേക്കാം.
വിരളമായ അധിക പഠന സാധ്യതകള്‍
ഉന്നത വിദ്യാഭ്യാസ രംഗത്ത് പാഠ്യപദ്ധതിയില്‍ പഠിക്കാനുള്ള പുസ്തകങ്ങള്‍ ഒരു സൂചകം മാത്രമാണ്. അത് അടിസ്ഥാനമാക്കി ധാരാളം മറ്റുപുസ്തകങ്ങള്‍ റഫര്‍ ചെയ്തുകൊണ്ട് മാത്രമേ അവര്‍ക്കാവശ്യമുള്ള അറിവുകള്‍ ശേഖരിക്കാനാകൂ. പഠനത്തിനുള്ള ചുരുങ്ങിയ പുസ്തകങ്ങളില്‍ മാറ്റം വരുത്തുമ്പോഴും കുട്ടികള്‍ക്ക് റഫര്‍ ചെയ്യാനായി ഇംഗ്ലീഷിലുള്ള പുസ്തകങ്ങളെത്തന്നെ ആശ്രയിക്കേണ്ടി വരുന്നു. അതുപോലെ തന്നെയാണ് ലോകത്തെമ്പാടും ഓരോ ദിനവും പ്രസിദ്ധീകരിക്കപ്പെടുന്ന പുതിയ വിവരങ്ങള്‍ അടങ്ങിയ പ്രബന്ധങ്ങള്‍. ഇവയൊക്കെ ഇംഗ്ലീഷ് തന്നെ ആയിരിക്കുന്ന പക്ഷം ചുരുങ്ങിയ ചില പുസ്തകങ്ങള്‍ തര്‍ജമ ചെയ്തു പഠിപ്പിച്ചുകൊണ്ട് അത് ചരിത്രമാണെന്ന് വിളിച്ചുപറയുന്നതിലെ ശരിതെറ്റുകള്‍ ജനങ്ങള്‍ വിലയിരുത്തുകതന്നെ വേണം. മാത്രമല്ല, ഈ മാറ്റങ്ങള്‍ മെഡിക്കല്‍ പഠനങ്ങളില്‍ ആണെന്നത് ഇതിന്റെ ഗൗരവം കൂട്ടുന്നു. എന്തെന്നാല്‍ കൂടുതല്‍ റഫര്‍ ചെയ്യുകയും കൂടുതല്‍ ഗവേഷണങ്ങള്‍ നടത്തി പുതിയ കണ്ടുപിടിത്തങ്ങള്‍ നടത്തുകയും ചെയ്യേണ്ടത് മാനവരാശിയുടെ നിലനില്‍പ്പിന്റെ തന്നെ വിഷയമായി വേണം കാണാന്‍. വിദ്യാഭ്യാസ രംഗത്ത് പരീക്ഷണങ്ങള്‍ നല്ലതുതന്നെ. പക്ഷേ, ഉന്നത വിദ്യാഭ്യാസ രംഗത്ത് ആഗോളതലത്തില്‍ തന്നെ നാം പുരോഗതിയിലേക്ക് നടന്നടുക്കുമ്പോള്‍ ഭാഷയുടെ കാര്യത്തിലെ അപര്യാപ്തതകള്‍ നമ്മെ പിന്നോട്ടടിപ്പിക്കരുത്. കൂട്ടായ ചര്‍ച്ചകളിലൂടെയും വിദഗ്ധരുടെ അഭിപ്രായങ്ങള്‍ കണക്കിലെടുത്തും ഈ രംഗത്ത് മാറ്റം വരുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്.