Articles
പ്രണയത്തില്‍ വിഷം കലരുമ്പോള്‍
പ്രണയം കൊലപാതകത്തില്‍ എത്തുമ്പോള്‍, അത് ഒരു സാധാരണ സംഭവം എന്ന് നിസ്സാരമായി തള്ളിക്കളയരുത്. പ്രണയിച്ചതിന്റെ പേരിലും പ്രണയം നിരസിച്ചതിന്റെ പേരിലും നാല് വര്‍ഷത്തിനിടയില്‍ കേരളത്തില്‍ 350 പെണ്‍കുട്ടികള്‍ക്ക് ജീവന്‍ നഷ്ടമായെന്ന് 2017 മുതല്‍ 2020 വരെയുള്ള കണക്ക് സൂചിപ്പിക്കുന്നു. 2017ല്‍ പ്രണയ ബന്ധത്തിന്റെ പേരില്‍ 83 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. മൂന്ന് കൊലപാതകങ്ങളും 80 ആത്മഹത്യകളുമാണ് അക്കൊല്ലം റിപോര്‍ട്ട് ചെയ്തത്.

കഴിഞ്ഞ ഒക്ടോബറില്‍, അത്ര സുഖകരമല്ലാത്ത പ്രധാനപ്പെട്ട രണ്ട് വാര്‍ത്തകളാണ് നാം കേട്ടത്. പ്രണയ കൊലയുമായി ബന്ധപ്പെട്ട ആ രണ്ട് വാര്‍ത്തകളും മനഃസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതായിരുന്നു. പ്രണയബന്ധം കൊലപാതകത്തിന്റെ ചേരുംപടിയായി മാറുന്നുവെന്ന തോന്നല്‍ സൃഷ്ടിക്കുന്നതിലേക്ക് ഈ സംഭവങ്ങള്‍ കാരണമായിട്ടുണ്ട്. പാനൂരില്‍ കാമുകന്‍ വിഷ്ണുപ്രിയയെ പ്രണയപ്പകയില്‍ അറുത്തു കൊന്നതും പാറശ്ശാലയില്‍ കാമുകി ഷാരോണിന് വിഷം കൊടുത്ത് കൊന്നതും പ്രണയമറയില്‍ നടത്തിയ ക്രൂരതകളായിരുന്നു.
സ്‌നേഹത്തെ കവിത കൊണ്ടും സാഹിത്യം കൊണ്ടും സംസ്‌കാരം കൊണ്ടും മതമൂല്യം കൊണ്ടും നമുക്ക് ഭംഗി കൂട്ടാം. അതേ സ്ഥാനത്ത് സ്‌നേഹത്തിന്റെയും പ്രണയത്തിന്റെയും രസതന്ത്രം മറ്റു ചില കാര്യങ്ങള്‍ നമ്മെ ഓര്‍മപ്പെടുത്തുന്നുണ്ട്. സ്ത്രീ-പുരുഷന്മാര്‍ തമ്മിലുള്ള മാനസിക അടുപ്പമാണ് പ്രണയം. പ്രണയത്തില്‍ ന്യൂറോ കെമിക്കലാണ് അടുപ്പമുണ്ടാക്കുന്നത്. പ്രായമോ വിദ്യാഭ്യാസമോ സ്ഥാനമോ ഒന്നും തന്നെ പ്രണയത്തെ തടുത്ത് നിര്‍ത്തുന്നില്ല. മൂന്ന് ഘട്ടങ്ങളിലൂടെ പ്രണയത്തിന് സ്വാഭാവികത കൈവരുന്നു. ഒന്നാം ഘട്ടം സ്ത്രീ-പുരുഷന്മാര്‍ക്ക് എവിടെ വെച്ചും ഉണ്ടാകുന്ന ലൈംഗിക ആകര്‍ഷണം. ഈ ആകര്‍ഷണം ആരോടുമുണ്ടാകാം. വ്യക്തികളുടെ സവിശേഷതകള്‍ ഇവിടെ പ്രശ്നമല്ല. ടെസ്റ്റോസ്റ്റീറോണ്‍ എന്ന പുരുഷ ഹോര്‍മോണിന്റെയും ഈസ്ട്രജന്‍ എന്ന സ്ത്രീ ഹോര്‍മോണിന്റെയും സംഭാവനയാണ് ഈ അടുപ്പം. എതിര്‍ലിംഗത്തില്‍ പെട്ടവര്‍ തന്നെ ശ്രദ്ധിക്കണമെന്ന് ആഗ്രഹിക്കുന്നതും അവരുടെ അംഗീകാരം കൊതിക്കുന്നതുമൊക്കെ ഇതുകൊണ്ടാണ്. ഇത് അപരന്‍ അറിയണമെന്നില്ല. ഈ ഘട്ടം കഴിഞ്ഞാല്‍ രണ്ടാം ഘട്ടത്തില്‍ നേരില്‍ കാണാനും സംസാരിക്കാനുമൊക്കെ ആഗ്രഹിക്കുന്നു. അപ്പോള്‍ ശാരീരിക മാറ്റങ്ങളുമുണ്ടാകുന്നു. തൊണ്ട വരളല്‍, ഇടറല്‍, വിയര്‍ക്കല്‍ തുടങ്ങിയവ നോര്‍അഡ്രിനാലിന്‍ എന്ന കെമിക്കലിന്റെ ഭാഗമായിട്ടാണുണ്ടാകുന്നത്. തുടര്‍ന്ന് മൂന്നാം ഘട്ടത്തിലേക്ക് കടക്കുന്നു.
ഫേസ്ബുക്ക്, മൊബൈല്‍, വാട്സ്ആപ്പ് തുടങ്ങിയവയിലൂടെ ബന്ധങ്ങള്‍ വളരുന്നു. ഈ ഘട്ടത്തില്‍ വിവേകത്തെ നിയന്ത്രിക്കാന്‍ കഴിയാതെ വരുന്നു. തിരിച്ചറിവ് നഷ്ടപ്പെടുന്ന അവസ്ഥയിലെത്തുന്നു. വീട്ടുകാരോടും മറ്റും റിബലായി പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നു. അക്രമം കാട്ടുന്നു. താന്‍ ഇഷ്ടപ്പെടുന്ന വ്യക്തിയെ കണ്ണടച്ച് വിശ്വസിക്കേണ്ടിവരുന്നു. ഓക്സിട്ടോസിന്‍, വാസോപ്രസിന്‍ എന്നീ കെമിക്കലുകളുടെ ഫലമായിട്ടാണ് ഇത് സംഭവിക്കുന്നത്. പിന്നീടത് സ്പര്‍ശന, ചുംബന, ശാരീരിക ബന്ധത്തിലേക്ക് തള്ളിയിടുന്നു. ഇത്തരം സാഹചര്യമുണ്ടാകുന്നതിനു മുമ്പ് തന്നെ നിയന്ത്രണമേര്‍പ്പെടുത്തലാണ് ബുദ്ധി.
ഒരോ ജീവജാലങ്ങളും അടുത്ത തലമുറയെ മുന്നോട്ടു കൊണ്ടുപോകാന്‍ വേണ്ടി അവയില്‍ അവ അറിയാതെ നിക്ഷേപിച്ചിരിക്കുന്ന രാസപ്രക്രിയ ആണ് പ്രേമം. താജ്മഹല്‍ പ്രണയ സിമ്പലായി തല ഉയര്‍ത്തി നില്‍ക്കുന്നു. പക്ഷേ പുതിയ കാലത്ത് പ്രണയത്തില്‍ രക്തം കലരുന്നു. വിഷം ചേര്‍ക്കുന്നു. പ്രണയം കൊലപാതകത്തില്‍ എത്തുമ്പോള്‍, അത് ഒരു സാധാരണ സംഭവം എന്ന് നിസ്സാരമായി തള്ളിക്കളയരുത്. പ്രണയിച്ചതിന്റെ പേരിലും പ്രണയം നിരസിച്ചതിന്റെ പേരിലും നാല് വര്‍ഷത്തിനിടയില്‍ കേരളത്തില്‍ 350 പെണ്‍കുട്ടികള്‍ക്ക് ജീവന്‍ നഷ്ടമായെന്ന് 2017 മുതല്‍ 2020 വരെയുള്ള കണക്ക് സൂചിപ്പിക്കുന്നു. 2017ല്‍ പ്രണയ ബന്ധത്തിന്റെ പേരില്‍ 83 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. മൂന്ന് കൊലപാതകങ്ങളും 80 ആത്മഹത്യകളുമാണ് അക്കൊല്ലം റിപോര്‍ട്ട് ചെയ്തത്. 2018ല്‍ പ്രണയം മൂലം കൊലപാതകങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ 76 പെണ്‍കുട്ടികളാണ് ആത്മഹത്യ ചെയ്തത്. 2019ല്‍ അഞ്ച് കൊലപാതകങ്ങളും 88 ആത്മഹത്യകളും ഉള്‍പ്പെടെ 93 കേസുകള്‍ റിപോര്‍ട്ട് ചെയ്തു. പ്രണയബന്ധങ്ങളുടെ പേരില്‍ 2020ലാണ് ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികള്‍ മരണപ്പെട്ടത്. രണ്ട് കൊലപാതകങ്ങളും 96 ആത്മഹത്യകളും അടക്കം 98 കേസുകളാണ് ആ വര്‍ഷം റിപോര്‍ട്ട് ചെയ്തത്.
പ്രധാനമായും മൂന്ന് വിധത്തില്‍ പ്രണയ കൊലപാതകം രൂപപ്പെടുന്നു. ഒന്ന്, എനിക്ക് അനുഭവിക്കാന്‍ അവസരം കിട്ടാത്തവ എല്ലാം എന്നോടുകൂടെ നശിക്കണം. ഈ ചിന്തയാണ് പ്രണയ കൊലപാതകങ്ങളിലേക്ക് നയിക്കുന്ന പ്രധാനപ്പെട്ട കാരണം. ഇരുപത്തഞ്ചുകാരനായ ആദര്‍ശ്, ആദ്യം സ്വയം തീ കൊളുത്തിയ ശേഷം ലക്ഷ്മി എന്ന ഇരുപത്തൊന്നുകാരിയെ ചേര്‍ത്ത് പിടിച്ചു. കൊലപാതകവും ആത്മഹത്യയും ഒരേസമയത്ത് സംഭവിച്ചു. ഇതില്‍ പെണ്‍കുട്ടി പ്രണയം നിരസിച്ചതോടെ കാമുകനില്‍ തീവ്രമായി കിടന്ന പ്രണയം പെണ്‍കുട്ടിയെ ഇല്ലാതാക്കുന്നതിലേക്ക് എത്തിച്ചു. പ്രണയം തീവ്രമാകുമ്പോള്‍ കാമത്തിലേക്ക് വഴി തുറക്കും. കാമ മോഹത്തിന് ആഗ്രഹിച്ച് ശമനം കിട്ടാത്തവന് അതിന്റെ നിരാശയില്‍ നിന്ന് ഉണ്ടാകുന്ന ക്രോധം കാമഭ്രാന്തിലേക്ക് തള്ളിയിടും. എനിക്ക് അനുഭവിക്കാന്‍ അവസരം കിട്ടാത്തവ എല്ലാം എന്നോടുകൂടെ നശിക്കണമെന്ന ചിന്ത മനസ്സിനുള്ളില്‍ രൂപപ്പെടുകയും കൊല നടത്തി സ്വയം ഹത്യ നടത്തുകയും ചെയ്യുന്നു.
രണ്ട്, തനിക്ക് ലഭിക്കാത്തത് മറ്റുള്ളവര്‍ സ്വന്തമാക്കുമെന്നതില്‍ നിന്ന് ഉടലെടുക്കുന്ന അപകര്‍ഷത, ആകുലത, ഭയം. ഇത് കൊലപാതകം നടത്തുന്നതിന് പ്രേരിപ്പിക്കുന്നു. ഏതെങ്കിലും ഒരു കക്ഷി പ്രണയത്തില്‍ നിന്ന് പിന്മാറുന്നതോടെ പ്രണയ നിരാശ ഉണ്ടാകുന്നു. എന്റെ ആഗ്രഹം (പ്രണയം) മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കുക, പരാജയപ്പെട്ടാല്‍ ആക്രമിക്കുക എന്ന ചിന്തയിലേക്ക് അവര്‍ എത്തുകയും ചെയ്യുന്നു. പ്രണയപ്പകയില്‍ പാനൂരില്‍ പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ചു കയറി ചുറ്റികകൊണ്ട് തലക്കടിച്ച ശേഷം യുവതിയെ കാമുകന്‍ കഴുത്തറുത്തുകൊന്നത് ഇങ്ങനെയുണ്ടാകുന്ന നിരാശയുടെ അനന്തര ഫലമായട്ടാണ്.
മൂന്ന്, പുതിയ ബന്ധത്തിന് തടസ്സം നില്‍ക്കുന്നതിനെ ഇല്ലായ്മ ചെയ്യുക. കൂടത്തായി ജോളിയില്‍ കണ്ടത് ആ സ്വഭാവ വിശേഷമാണ്. തന്റെ പുതിയ ബന്ധത്തിന് തടസ്സം നില്‍ക്കുന്നവരെ സയനൈഡ് നല്‍കി ഇല്ലാതാക്കിയത് അങ്ങനെയായിരുന്നു. പാറശ്ശാല സ്വദേശി ഷാരോണിനെ കാമുകി കഷായത്തില്‍ വിഷം നല്‍കി കൊലപ്പെടുത്തിയത് പ്രണയ ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ്. പെണ്‍കുട്ടിക്ക് സൈനികനുമായി വിവാഹം നിശ്ചയിച്ചിരുന്നു. ഇതിന് പിന്നാലെ ഷാരോണിനോട് ബന്ധം അവസാനിപ്പിക്കാമെന്ന് പറഞ്ഞെങ്കിലും പിന്മാറാത്തത് വിഷം നല്‍കി കൊലപ്പെടുത്തുന്നതില്‍ എത്തിച്ചു.
ഭയവും ബഹുമാനവും ഒരു വ്യക്തിയുടെ ജീവിതത്തെ ക്രമപ്പെടുത്തുന്നതില്‍ പ്രധാന ഘടകമാണ്. താന്‍ ചെയ്യുന്ന കാര്യങ്ങള്‍ സമൂഹം ഭയത്തോടെയാണ് വീക്ഷിക്കുന്നത് എന്നറിയുന്ന വ്യക്തി കുറ്റകൃത്യങ്ങളിലും മറ്റും ഏര്‍പ്പെടുകയില്ല. മുതിര്‍ന്നവരെയും കുടുംബാംഗങ്ങളെയും ബഹുമാനിക്കണം എന്ന ബോധമുള്ള വ്യക്തി സമൂഹത്തില്‍ സ്വീകാര്യമാകുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളിലാകും ഏര്‍പ്പെടുക. എന്നാല്‍ ഇത് രണ്ടും നഷ്ടപ്പെട്ടതോടു കൂടി കുറ്റകൃത്യം ചെയ്യുന്നതിലേക്കും മറ്റുള്ളവരെ അവഗണിക്കുന്നതിലേക്കും പുതുതലമുറയിലെ ചിലരെങ്കിലും മാറിയിരിക്കുന്നു.
ബന്ധം തകര്‍ന്നാല്‍ അതിനോടുള്ള പ്രതികരണം കൊലയും പിടിക്കപ്പെടും മുമ്പ് സ്വയം ഹത്യയുമാണെന്ന് പുതു തലമുറയില്‍ പലരും കരുതുന്നു. കേരളത്തില്‍ ഒന്നിനുപിറകെ ഒന്നായി ഇത്തരം കുറ്റകൃത്യങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. വ്യക്തിത്വ തകരാറുകളും വൈകാരിക നിയന്ത്രണമില്ലാത്ത മനസ്സിന്റെ തോന്നലുകളുമാണ് ഇതിനെല്ലാം സത്യത്തില്‍ കാരണം. വൈകാരിക പക്വതയില്ലാത്ത, ഒരു പ്രശ്‌നമുണ്ടായാല്‍ പരിഹാര വഴികള്‍ അറിയാത്ത ആള്‍ പെട്ടെന്നുള്ള പ്രതികരണത്തിലേക്ക് കടക്കുന്നു. പ്രതികാരം ചെയ്യേണ്ടത് മറ്റൊരാളെ ഇല്ലായ്മ ചെയ്ത് കൊണ്ടല്ല എന്ന ചിന്ത വ്യക്തിക്ക് ഉണ്ടാകണം. അതിനുള്ള പരിശീലനം ചെറു പ്രായത്തില്‍ തന്നെ കുട്ടികള്‍ക്ക് ലഭ്യമാകണം. പ്രണയ നിരാശയിലകപ്പെട്ടവരുടെ മനസ്സ് തളര്‍ത്തുന്നതിന് പകരം, ആത്മവിശ്വാസത്തിന്റെ കരുത്ത് നല്‍കി പുതിയ സ്വപ്‌നങ്ങള്‍ നേടിയെടുക്കുന്നതിന് വേണ്ടി പരിശ്രമിക്കാന്‍ പ്രേരിപ്പിക്കുകയാണ് കുടുംബവും സമൂഹവും ചെയ്യേണ്ടത്. നല്ല ബന്ധങ്ങള്‍ സൃഷ്ടിക്കുന്നതിനും അതിനെ പരിപാലിക്കുന്നതിനും ആവശ്യമായ ക്ലാസ്സുകളും അറിവുകളും നല്‍കിക്കൊണ്ടേയിരിക്കണം.