Connect with us

പ്രധാനമന്ത്രി നരേന്ദ്ര മോദി സൗഹൃദത്തിന്റെ കാര്യത്തില്‍ മഹാഭാഗ്യവാനാണ്. മിക്ക വിദേശ ഭരണത്തലവന്‍മാരും അദ്ദേഹത്തിന്റെ ഒക്കച്ചെങ്ങായിമാരാണ്. അവരുമായുള്ള സൗഹൃദം വിശേഷിപ്പിക്കാന്‍ അദ്ദേഹത്തിന്റെ കൈയില്‍ വൈകാരികത മുറ്റി നില്‍ക്കുന്ന പ്രയോഗങ്ങളുണ്ട്.

വരണ്ട നയതന്ത്ര ഭാഷയിലല്ല അദ്ദേഹം അവരെ കുറിച്ച് പറയാറുള്ളത്. ഇസ്‌റാഈല്‍ മുന്‍ പ്രധാനമന്ത്രിയുമായുള്ള സൗഹൃദത്തെ വിശേഷിപ്പിച്ചത് ‘ഹെവന്‍ലി’ എന്നായിരുന്നു. സ്വര്‍ഗീയം.

യു എസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അദ്ദേഹം സംബോധന ചെയ്യുന്നത് ‘മൈ പ്രണ്ട്’ എന്ന് വക്രീകരിച്ച് ട്രോള്‍ വിഷയമായതാണ്. തന്റെ വിശിഷ്ട സുഹൃത്തെന്നാണ് ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ മോദി വിശേഷിപ്പിക്കാറുള്ളത്.

ഈയിടെ വെടിയേറ്റ് മരിച്ച ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷ്ന്‍സോ ആബേയുമായി ഗാഢ ബന്ധമാണ്. ആബേയുടെ മരണത്തില്‍ അനുശോചിച്ചിട്ട ട്വീറ്റില്‍ ‘ഏറ്റവും വിശ്വസ്തനായ സുഹൃത്തെ’ന്നാണ് മോദി അദ്ദേഹത്തെ വിശേഷിപ്പിച്ചത്.

ശ്രീലങ്കയില്‍ നില്‍ക്കക്കള്ളിയില്ലാതെ നാടുവിട്ട മഹീന്ദാ രജപക്‌സേയും ഗൊതാബയ രജപക്‌സേയും മോദിയുടെ വിശിഷ്ട സുഹൃത്തുക്കള്‍ തന്നെ. ബ്രീസില്‍ പ്രസിഡന്റ് ബോള്‍സനാരോയാണ് മറ്റൊരു കിടിലന്‍ സുഹൃത്ത്.

ഇവര്‍ക്കെല്ലാം ചില സമാനതകളുണ്ട്. എല്ലാവരും തീവ്രദേശീയത ആയുധമാക്കി തിരഞ്ഞെടുപ്പില്‍ ജയിച്ചു വന്നവരാണ്. ന്യൂനപക്ഷങ്ങളോടുള്ള വെറുപ്പ്, സൈന്യത്തിന്റെ മഹത്വവത്കരണം, വര്‍ഗീയ വിഭജനം, ഇതര രാജ്യങ്ങളോടുള്ള ശത്രുതാ നിര്‍മിതി, വീണ്ടു വിചാരമില്ലാത്ത സര്‍ജിക്കല്‍ നടപടികള്‍, രാജ്യത്തിന്റെ പരമ്പരാഗത മൂല്യങ്ങളോടുള്ള പുച്ഛം, അതിഭീകരമായ ഷോ ഓഫ്. ഇവയൊക്കെയാണ് ഇവരെ ഒരേ തൂവല്‍ പക്ഷികളാക്കുന്നത്. ഒരേ രാഷ്ട്രീയം. ഒരേ സാമ്പത്തിക നയം. തീവ്രവലതുപക്ഷമെന്ന് വിളിക്കാം.

 

വീഡിയോ കാണാം

 

 

Latest