Connect with us

Siraj Article

പോപ് പറഞ്ഞതും പറയാത്തതും

ട്രംപ് തോറ്റപ്പോൾ ക്യാപിറ്റോൾ ഹിൽ ആക്രമിച്ച വൈറ്റ് സൂപ്രാസിസ്റ്റുകൾക്കും ന്യൂസിലാൻഡ് പള്ളിയിൽ കൂട്ടക്കുരുതി നടത്തിയ ബ്രന്റൺ ഹാരിസൺ ടാറന്റിനും നോർവീജിയൽ കൂട്ടക്കൊല നടത്തിയ ബ്രീവിച്ചിനുമെല്ലാം കുരിശ് പ്രചോദന ചിഹ്നമാകുന്നതിൽ പോപ് ലജ്ജിക്കുന്നുണ്ടാകണം. ഫ്രാൻസിസ് മാർപ്പാപ്പക്കും ഒരു പരിധിക്കപ്പുറം തുറന്ന് സംസാരിക്കാനാകില്ല. സംസാരിച്ചാൽ തന്നെ ആര് കേൾക്കാൻ?

Published

|

Last Updated

ഫ്രാൻസിസ് മാർപ്പാപ്പ കേരളത്തിലെ കല്ലറങ്ങാടൻ വെളിപാടിനോടല്ല പ്രതികരിച്ചത്. വത്തിക്കാനേക്കാൾ വലുതാണ് പാലായെന്ന് അദ്ദേഹത്തിന് അറിയില്ലല്ലോ. രാജ്യത്ത് നിന്ന് ആട്ടിയോടിക്കാനുള്ളവരുടെ പട്ടികയിൽ ക്രിസ്ത്യാനികളെ രണ്ടാമതായി ചേർത്തും മതപരിവർത്തനത്തെ നിരന്തരം പ്രശ്നവത്കരിച്ചും പൗരത്വത്തിന്റെ അടിസ്ഥാനമായി മതം കൊണ്ടുവന്നും കന്യാസ്ത്രീകളെ കൊന്നും ചർച്ചുകൾ തകർത്തും വിദ്വേഷ രാഷ്ട്രീയത്തിൽ അഭിരമിക്കുന്ന ഹിന്ദുത്വ ശക്തികളെ ഗാഢം പുണരുന്ന സഭയാണ് കേരളത്തിലുള്ളതെന്നും പോപ്പിന് ചിന്തിക്കാനാകില്ല. സവർണ ജാതി ബോധമാണ് ഇവരെ നയിക്കുന്നതെന്നും പോപ്പിന് ആരും പറഞ്ഞു കൊടുത്തിരിക്കില്ല. പാവം ക്രിസ്ത്യാനികളെ മാനനഷ്ടത്തിന്റെയും അപകർഷത്തിന്റെയും ഭയത്തിന്റെയും കയത്തിലേക്ക് തള്ളിവിടുന്ന പിതാക്കളുണ്ടിവിടെയെന്നും പോപ്പിനറിയില്ല. കിണറുകളിൽ തലതകർന്ന് ഒടുങ്ങിപ്പോയ അഭയമാരെക്കുറിച്ച് അദ്ദേഹത്തിന് അറിയാമായിരിക്കാം. പക്ഷേ, അതേ കുറിച്ചല്ല അദ്ദേഹം ഹംഗറിയിൽ പറഞ്ഞത്. ക്രിസ്ത്യൻ മൂല്യത്തെ കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്.

ഉൾക്കൊള്ളലിനെ കുറിച്ചും വാക്കുകളിൽ പാലിക്കേണ്ട മര്യാദയെ കുറിച്ചും ആത്യന്തികമായി മനുഷ്യത്വത്തെ കുറിച്ചുമാണ് ക്ഷീണിച്ച സ്വരത്തിൽ പാപ്പ പറഞ്ഞത്. ആ വാക്കുകൾ ഒരിക്കലും പാഴാകില്ല. ചിലരെയെങ്കിലും അത് സ്വാധീനിക്കും. വിദ്വേഷപ്രചാരകരായ പിതാക്കൻമാർക്ക് ആത്മനിന്ദ തോന്നാനെങ്കിലും അത് ഉപകരിക്കും. അതിനാൽ അങ്ങയോട് ഈ നാട് കടപ്പെട്ടിരിക്കുന്നു. പരോക്ഷമായെങ്കിലും ഞങ്ങളെ നിങ്ങൾ തൊട്ടുവല്ലോ.

കത്തോലിക്കാ നേതാക്കൾ വിഭജനമോ വിഭാഗീയതയോ വിതക്കരുതെന്നാണ് ഫ്രാൻസിസ് മാർപ്പാപ്പ പറഞ്ഞതിന്റെ ആകെത്തുക. വ്യക്തികളുടെയും സമൂഹങ്ങളുടെയും സൗഹാർദമാണ് ദൈവം ആഗ്രഹിക്കുന്നത്. മതനേതാക്കളുടെ നാവുകളിൽനിന്ന് വിഭജനമുണ്ടാക്കുന്ന വാക്കുകൾ ഉണ്ടാകരുത്. സമാധാനവും ഐക്യവുമാണ് ഉദ്‌ഘോഷിക്കേണ്ടത്. അപരന്റെ പേര് പറഞ്ഞല്ല, നാം സംഘടിക്കേണ്ടത് ദൈവത്തിന്റെ പേരിലാണ്. ഭൂരിപക്ഷം ന്യൂനപക്ഷത്തിന്റെ സംരക്ഷകരാകണം. ഒട്ടേറെ സംഘർഷങ്ങൾ നിറഞ്ഞ ലോകത്ത് നാം സമാധാന പക്ഷത്ത് നിൽക്കണം. എല്ലാവരെയും ചേർത്തു പിടിക്കുന്നതാണ് ക്രൂശിത രൂപം നൽകുന്ന സന്ദേശം. സംരക്ഷണവാദം തീർക്കുന്ന ഇരുമ്പുമറക്കുള്ളിൽ കഴിയുകയല്ല, മറ്റ് മതസ്ഥരെ ചേർത്തുപിടിക്കുകയാണ് വേണ്ടെതെന്ന് പറയുക വഴി കുടിയേറ്റത്തെ കുറിച്ചുള്ള തന്റെ നിലപാട് കൂടി മാർപ്പാപ്പ പ്രഖ്യാപിക്കുന്നു.

ഹംഗറിയിൽ ചെന്നാണ് പോപ്പ് ഈ വാക്കുകൾ ഉച്ചരിച്ചത് എന്നതിനാൽ അവക്ക് കൂടുതൽ മുഴക്കമുണ്ട്. കുടിയേറ്റവിരുദ്ധതയുടെ ആൾരൂപമാണ് ഹംഗേറിയൻ പ്രധാനമന്ത്രി വിക്ടർ ഓർബാൻ. അഭയം തേടി വരുന്നവർ മുഴുവൻ തീവ്രവാദികളാണെന്ന് അദ്ദേഹം ആക്രോശിക്കുന്നു. ഒറ്റപ്പെട്ട സംഭവങ്ങളെ പർവതീകരിച്ച് അഭയാർഥി സമൂഹത്തെ ഒന്നടങ്കം ആക്ഷേപിക്കുന്നതിൽ ഏറ്റവും മുൻപന്തിയിലുള്ള നേതാവാണ് ഓർബാൻ. കടൽത്തീരത്ത് മുഖം പൂഴ്ത്തി ഐലൻ കുർദിയുടെ മയ്യിത്ത് കിടക്കുന്ന ചിത്രം കണ്ടിട്ടും മനസ്സിളകാത്തയാളാണ് ഓർബാൻ. കത്തോലിക്കാ തീവ്ര ബോധത്തിന്റെ വക്താവുമാണ് അദ്ദേഹം. അങ്ങനെയുള്ള ഒരാളുടെ മുഖത്ത് നോക്കി, സ്‌നേഹപൂർവം സ്വീകരിക്കലാണ് ആട്ടിയോടിക്കലല്ല ക്രിസ്തു മാർഗമെന്ന് പോപ്പ് ഓർമിപ്പിക്കുമ്പോൾ അതിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്.

ഒരു കാലത്ത് യൂറോപ്പിലെത്തുന്ന അഭയാർഥികളെ സമ്പന്ന രാജ്യങ്ങൾ സ്വീകരിച്ചിരുന്നത് അവരുടെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയായിരുന്നു. ആളില്ലായ്മ അനുഭവിച്ചിരുന്ന ഈ രാജ്യങ്ങളിലെ തൊഴിൽ ഘടനയിലേക്ക് ഈ അഭയാർഥികൾ സ്വാഭാവികമായി തുന്നിച്ചേർക്കപ്പെട്ടു. അന്ന് ക്രിസ്ത്യൻ മതനേതൃത്വം അതിനെ സ്വാഗതം ചെയ്തത് മതപരിവർത്തനത്തിന്റെ സാധ്യത കൂടി മുന്നിൽക്കണ്ടായിരുന്നു. ഓരോ അഭയാർഥിയും ഓരോ ഉപഭോക്താവാണെന്ന സാമ്പത്തിക പാഠവും ഈ രാജ്യങ്ങൾ ഉൾക്കൊണ്ടു. ഹിറ്റ്‌ലറുടെ വംശ ശുദ്ധീകരണ ഘട്ടത്തിൽ ജൂതൻമാരെ യൂറോപ്പ് സ്വീകരിച്ചത് ഈ നിലയിലായിരുന്നു. എന്നാൽ ഇന്ന് സ്ഥിതി വ്യത്യസ്തമാണ്. അഭയാർഥികളെയും കുടിയേറ്റക്കാരെയും ആട്ടിയോടിക്കണമെന്ന തീവ്രദേശീയ വാദമാണ് യൂറോപ്പിൽ പടരുന്നത്. മുസ്‌ലിംവിരുദ്ധതയും കൊട്ടിയടച്ച് കുറ്റിയിട്ട അതിർത്തിക്കായുള്ള മുറവിളിയും ഏറ്റവും പ്രഹര ശേഷിയുള്ള രാഷ്ട്രീയമായി പരിണമിച്ചിരിക്കുന്നു.

മിക്ക യൂറോപ്യൻ രാജ്യങ്ങളിലും ഇത്തരം പാർട്ടികൾ ശക്തിയാർജിക്കുകയാണ്. പോളണ്ടിൽ ഭരണം കൈയാളുന്നത് ദി ലോ ആൻഡ് ജസ്റ്റിസ് പാർട്ടിയെന്ന തീവ്രവലതുപക്ഷ സംഘമാണ്. ഹംഗറിയിൽ വിക്ടർ ഓർബാന്റെ നേതൃത്വത്തിലുള്ള ഫിഡസ് പാർട്ടിയാണ് ഭരിക്കുന്നത്. നോർവേയിൽ ദി പോർച്ചുഗീസ് പാർട്ടിയെന്ന തീവ്രവലതുപക്ഷ ഗ്രൂപ്പ് 2013 മുതൽ സഖ്യ സർക്കാറിൽ അംഗമാണ്. ഫിൻലാൻഡിൽ ദി ഫിൻസ് പാർട്ടിയുണ്ട്. സ്വിറ്റ്‌സർലാൻഡിൽ ദി സ്വിസ്സ് പീപ്പിൾസ് പാർട്ടിയും.
സ്വീഡനിൽ ദി സ്വീഡൻ ഡെമോക്രാറ്റിക് പാർട്ടി പാർലിമെന്റിൽ നിർണായക ശക്തിയാണ്. ബ്രിട്ടനിലെ മൂന്നാമത്തെ വലിയ കക്ഷിയായ ദി യു കെ ഇൻഡിപെൻഡൻസ് പാർട്ടി ലക്ഷണമൊത്ത മുസ്‌ലിം വിരുദ്ധ തീവ്ര ഗ്രൂപ്പാണ്. നെതർലാൻഡ്‌സിൽ പാർട്ടി ഫോർ ഫ്രീഡം, ഡെൻമാർക്കിൽ ഡാനിഷ് പീപ്പിൾസ് പാർട്ടി, ബെൽജിയത്തിൽ ഫ്‌ളമിഷ് ഇന്ററസ്റ്റ് പാർട്ടി, ആസ്ട്രിയയിൽ ഫ്രീഡം പാർട്ടി ഓഫ് ആസ്ത്രിയ, ഇറ്റലിയിൽ ദി നോർതേൺ ലീഗ് തുടങ്ങിയവക്കെല്ലാം പാർലിമെന്റിൽ നിർണായക സ്ഥാനമുണ്ട്. ഫ്രാൻസിൽ ഫ്രന്റ് നാഷനലിന്റെ നേതാവ് മാരിനെ ലി പെൻ വർഗീയ വിഷം ചീറ്റി ആളെക്കൂട്ടുന്നു. പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ പാർട്ടിയും അതേ വഴിയിലാണ്. ബ്രിട്ടനിലെ ബ്രക്‌സിറ്റ് ഈ രാഷ്ട്രീയത്തിന്റെ പ്രകടമായ ആവിഷ്‌കാരമായിരുന്നു. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഈ പാർട്ടികളുടെയെല്ലാം മതപരമായ അടിത്തറ ക്രിസ്ത്യാനിറ്റിയാണ്. അപരനെ അന്യവത്കരിച്ചല്ല ക്രിസ്ത്യൻ പ്രൈഡ് ഉയർത്തേണ്ടതെന്ന മാർപ്പാപ്പയുടെ വാക്കുകൾ ഈ രാഷ്ട്രീയ കൗശലക്കാരോട് കലഹിക്കുന്നതാണ്.

ട്രംപ് തോറ്റപ്പോൾ ക്യാപിറ്റോൾ ഹിൽ ആക്രമിച്ച വൈറ്റ് സൂപ്രമാസിസ്റ്റുകളും ന്യൂസിലാൻഡ് പള്ളിയിൽ കൂട്ടക്കുരുതി നടത്തിയ ബ്രന്റൺ ഹാരിസൺ ടാറന്റിനും നോർവീജിയൽ കൂട്ടക്കൊല നടത്തിയ ബ്രീവിച്ചിനുമെല്ലാം കുരിശ് പ്രചോദന ചിഹ്നമാകുന്നതിൽ പോപ്പ് ലജ്ജിക്കുന്നുണ്ടാകണം. ഇറാഖിൽ നരനായാട്ടിനിറങ്ങിയതിനെ കുറിച്ച് ബുഷ് പറഞ്ഞത് എന്നെ ദൈവം അങ്ങോട്ട് അയച്ചുവെന്നായിരുന്നു. തന്നോട് നേരിട്ട് പറഞ്ഞ കാര്യം അന്നത്തെ ഫലസ്തീൻ വിദേശകാര്യ മന്ത്രി നബീൽ ശഅത്ത് ലോകത്തോട് വിളിച്ചു പറഞ്ഞപ്പോൾ ബുഷിന് അപകടം മണത്തു. വൈറ്റ് ഹൗസ് നിഷേധക്കുറിപ്പിറക്കി. എന്നാൽ ഫ്രഞ്ച് മുൻ പ്രസിഡന്റ് ജാക്ക് ഷിറാക്ക് പിന്നീട് ഇതേ കാര്യം ആവർത്തിച്ചു. ഇറാഖ് അധിനിവേശത്തിൽ ചേരാൻ ജാക്കിനോട് ആവശ്യപ്പെട്ട ബുഷ് പറഞ്ഞ വാചകം ‘നമ്മളെല്ലാം ഒരേ മതവിശ്വാസം പങ്കുവെക്കുന്നവരല്ലേ’ എന്നായിരുന്നു.

അഫ്ഗാനിലെ യു എസ് സൈനികർ ഉപയോഗിച്ച തോക്കിൽ പുതിയ നിയമത്തിലെ വചനങ്ങൾ എഴുതിവെച്ചിരുന്നുവെന്ന് ചിത്ര സഹിതം റിപ്പോർട്ട് വന്നപ്പോൾ കമ്പനി അധികൃതരിൽ പാപം കെട്ടിവെക്കാൻ ശ്രമിച്ചു. ഇറാഖ് യുദ്ധകാലത്ത് ഏറ്റവും കൂടുതൽ മുസ്‌ലിംകളെ കൊന്ന ക്രിസ് കെയ്ൽ തന്റെ കൈ മുട്ടിന് താഴെ കുരിശ് പച്ച കുത്തിയിരുന്നു. ‘ഞാൻ ഇതെല്ലാം ചെയ്യുന്നത് എന്റെ വിശ്വാസത്തിന് വേണ്ടിയാണ്. ഞാൻ ഒരു ക്രിസ്ത്യാനിയാണെന്ന് എല്ലാവരും കാണട്ടെ’യെന്നാണ് ക്രിസ് പറഞ്ഞത്. ഭീകരവിരുദ്ധ യുദ്ധം ഏകോപിപ്പിക്കാനായി നിയോഗിക്കപ്പെട്ട മുതിർന്ന യു എസ് സൈനിക ഉദ്യോഗസ്ഥരിൽ ഒരാളായ ലഫ്. ജനറൽ വില്യം ബോയ്കിൻ തുറന്നു പറഞ്ഞിട്ടുണ്ട്: ‘അമേരിക്കയുടെ ശത്രു ഇസ്‌ലാമാണ്. എന്റെ ദൈവത്തിന്റെ മാർഗത്തിലാണ് ഞാൻ ആയുധമെടുക്കുന്നത്’ മറ്റ് രണ്ട് പ്രധാന ഉദ്യോഗസ്ഥരായ ജനറൽ സ്റ്റാൻലി മക് ക്രിസ്റ്റൽ, സ്റ്റീഫൻ കാംബോൺ എന്നിവർ ‘സ്വയം പരിചയപ്പെടുത്തുന്നത് ഇസ്‌ലാമിനെതിരായ മഹത്തായ കുരിശുയുദ്ധത്തിലെ സഹയാത്രികർ’ എന്നാണ്. ജോർജ് ഡബ്ല്യു ബുഷിന് അന്നത്തെ ഡിഫൻസ് സെക്രട്ടറി ഡൊണാൾഡ് റംസ്‌ഫെൽഡ് അയച്ച രഹസ്യാന്വേഷണ റിപ്പോർട്ടുകളെല്ലാം തുടങ്ങിയത് ബൈബിളിലെ വാചകങ്ങളോടെയായിരുന്നു. ഇറാഖിലും അഫ്ഗാനിലും നിയോഗിക്കപ്പെട്ട സൈനിക ഉദ്യോഗസ്ഥരിൽ നല്ല പങ്കിനും മതപരമായ കർത്തവ്യ നിർവഹണമായിരുന്നു യുദ്ധം. അഫ്ഗാനിൽ മത പരിവർത്തന ദൗത്യം നിർവഹിച്ച യു എസ് സൈനിക നേതൃത്വത്തിന്റെ കുതന്ത്രങ്ങൾ പുറത്തു വന്നപ്പോൾ പെന്റഗൺ ക്ഷമാപണം നടത്തി കൈകഴുകുകയായിരുന്നു.

കാനഡയിലെ കത്തോലിക്കാ റസിഡൻഷ്യൽ സ്‌കൂൾ കോമ്പൗണ്ടുകളിൽ ഈയിടെ കണ്ടെത്തിയ കൂട്ടക്കുഴിമാടങ്ങൾ വാർത്തകളിൽ നിറഞ്ഞിരുന്നു. തദ്ദേശീയ ഗോത്ര വർഗക്കാരുടെ മക്കളെ പിടിച്ചു കൊണ്ടുപോയി മതപരിവർത്തനം നടത്തി, ഇംഗ്ലീഷ് സംസ്‌കാരം പഠിപ്പിച്ച്, പുതിയ അധികാരികളുടെ അന്തസ്സിനൊത്ത യോഗ്യൻമാരാക്കാനായി കത്തോലിക്കാ സഭയും ഭരണകൂടവും നടത്തിയ ക്രൂരതകളുടെ കഥകൾ വിളിച്ചു പറയുന്നു ഈ കുഴിമാടങ്ങൾ. ചരിത്രത്തിൽ അരങ്ങേറിയ ഈ ക്രൂരതയെ കുറിച്ച് പോപ്പ് എന്തുപറയും?
ഫ്രാൻസിസ് മാർപ്പാപ്പയുടെ വാക്കുകൾ കത്തോലിക്കാ കർദിനാൾമാരും ബിഷപുമാരും ചെവികൊള്ളുമെന്ന് പ്രതീക്ഷിക്കാമോ? ഒരിക്കലുമില്ല. തൊട്ടു മുമ്പത്തെ പോപ്പിന്റെ അനുഭവം മാത്രം മതി ഇപ്പറഞ്ഞതിന് തെളിവ്. ഇതിനേക്കാൾ രൂക്ഷമായി സഭാ നേതാക്കളെ വിമർശിച്ചയാളായിരുന്നു പോപ്പ് ബെനഡിക്ട് പതിനാറാമൻ. സ്വവർഗരതി, ഭ്രൂണ ഹത്യ, വിവാഹപൂർവ ലൈംഗികത, മദ്യാസക്തി, സ്ത്രീപൗരോഹിത്യം തുടങ്ങിയവക്കെതിരെ ബെനഡിക്ട് ശക്തമായ നിലപാടെടുത്തു. കത്തോലിക്കാ പുരോഹിതൻമാരുടെ ബാലപീഡനത്തിലും ലൈംഗിക അരാജകത്വത്തിലും പല തവണ അദ്ദേഹം വടിയെടുത്തു. പരിസ്ഥിതി വിഷയത്തിലും തന്റെ മുമ്പേ നടന്നവരിൽ നിന്നെല്ലാം വ്യത്യസ്തമായി വ്യക്തമായ കാഴ്ചപ്പാടുകളുണ്ടായിരുന്ന അദ്ദേഹം ഗ്രീൻ പോപ്പെന്ന് വിളിക്കപ്പെട്ടു. വലിയ അന്തച്ഛിദ്രങ്ങൾക്കും ആരോപണ പ്രത്യാരോപണങ്ങൾക്കുമാണ് അന്ന് വത്തിക്കാൻ സാക്ഷ്യം വഹിച്ചത്. ഒടുവിൽ അനാരോഗ്യം ചൂണ്ടിക്കാട്ടി ബെനഡിക്ട് പോപ്പ് സ്ഥാനം ഉപേക്ഷിച്ചു. 1294ൽ സെലസ്‌റ്റൈൻ അഞ്ചാമന് ശേഷം അത്തരമൊരു സ്ഥാനത്യാഗം ആദ്യമായിരുന്നു. മരിച്ചു പിരിയുകയാണ് പതിവ്.
ഫ്രാൻസിസ് മാർപ്പാപ്പക്കും ഒരു പരിധിക്കപ്പുറം തുറന്ന് സംസാരിക്കാനാകില്ല. സംസാരിച്ചാൽ തന്നെ ആര് കേൾക്കാൻ?

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്