Connect with us

book review

നിസ്‌കാരവും യോഗയും തമ്മിലെന്ത്?

ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് മുന്തിയ പരിഗണനയാണ് ഇസ്‌ലാം നൽകുന്നതെങ്കിലും അതിന് തിരഞ്ഞെടുക്കുന്ന മാർഗങ്ങൾ ഇസ്‌ലാമിക ദർശനങ്ങളോടും ശാസനകളോടും പൊരുത്തപ്പെടുന്നതായിരിക്കണം. ഇതര മതങ്ങളുടെയും ആചാര്യന്മാരുടെയും മുറകൾ അപ്പടി ഉൾക്കൊള്ളാവതല്ല. യോഗയിൽ കഠിനതരമായ മുറകളിലൂടെയും അനുഷ്ഠാനങ്ങളിലൂടെ നേടിയെടുക്കുന്ന മാനസികവും ശാരീരികവുമായ നേട്ടങ്ങൾ നിസ്‌കാരത്തിലെ ലളിതമായ വ്യായാമങ്ങളിലൂടെ ലഭ്യമാകുന്നുണ്ടെന്നും കൃത്യമായി നിസ്‌കാരം നിർവഹിക്കുന്ന ഒരു വിശ്വാസിക്കും യോഗ ചെയ്യേണ്ട ആവശ്യം വരുന്നില്ലെന്നും സമർഥിച്ചു കൊണ്ടാണ് ഗ്രന്ഥം ഉപസംഹരിക്കുന്നത്.

Published

|

Last Updated

യോഗക്ക് പ്രചാരം കൂടിവരികയാണ് ആഗോളതലത്തിൽ.മനുഷ്യരാശിയുടെ ആരോഗ്യത്തിനും സന്തുഷ്ട ജീവിതത്തിനും പ്രയോജനകരമാകുന്ന സമഗ്രകർമ പദ്ധതിയെന്ന നിലയിൽ ഐക്യരാഷ്ട്ര സഭ യോഗക്കു അംഗീകാരം നൽകുകയും ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി ആചരിച്ചു വരികയുമാണ്.

മുസ്‌ലിംകളുടെ ഏറ്റവും മുഖ്യമായ ആരാധനയാണ് നിസ്‌കാരം. ദിനംപ്രതി ചുരുങ്ങിയത് അഞ്ച് നേരമെങ്കിലും നിർവഹിക്കാൻ നിർദേശിക്കപ്പെട്ട നിസ്‌കാരം അല്ലാഹുവിനുള്ള സമ്പൂർണ സമർപ്പണവും അനുസരണവും എന്നതോടൊപ്പം മാനസിക – ശാരീരിക ആരോഗ്യത്തിനും ഏറെ ഗുണപ്രദമാണ്.

നിസ്‌കാരവും യോഗയും തമ്മിൽ ബന്ധമുണ്ടോ? പ്രത്യക്ഷത്തിൽ ബന്ധമില്ലെങ്കിലും ഇവ തമ്മിൽ അനന്യമായ ബന്ധവും സാമ്യവുമുണ്ടെന്നു ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ സ്ഥാപിക്കുകയാണ് “യോഗയും നിസ്‌കാരവും’ എന്ന ഗ്രന്ഥത്തിലൂടെ പണ്ഡിതനും പ്രമുഖ എഴുത്തുകാരനുമായ അബൂബക്കർ ശർവാനി.

മനുഷ്യശരീരത്തിന്റെ മൂലവിത്താണ് നട്ടെല്ലിന്റെ ഏറ്റവും താഴ്ഭാഗത്ത് സ്ഥിതി ചെയ്യുന്ന കുണ്ഡലിനി പദ്മം. ഇതിന്റെ ഉത്തേജനമാണ് മനുഷ്യനു മാനസികവും ശാരീരികവുമായ ശക്തി പകരുന്നത്. നിസ്‌കാരത്തിലൂടെയും യോഗയിലൂടെയും ഇത് സാധ്യമാകുന്നുണ്ട്. കേവലം ശാരീരിക വ്യായാമ മുറയായാണ് യോഗയെ പലരും കാണുന്നതെങ്കിലും മനുഷ്യമനസ്സിന്റെയും ആത്മാവിന്റെയും അനന്ത സാധ്യതകൾ പുറത്തേക്കു കൊണ്ടുവരുന്ന ഉദാത്തമായ ധന്യാവസ്ഥയെന്നാണ് ആചാര്യന്മാർ പരിചയപ്പെടുത്തുന്നത്. നിസ്‌കാരവുമായി ബന്ധപ്പെട്ട ഓരോ കർമങ്ങളും വിശിഷ്യാ റൂകൂഉം (കുമ്പിടൽ) സുജൂദും(സപ്താംഗ പ്രണാമം) ശരീരത്തിനും മനസ്സിനും കൂടുതൽ ഊർജവും ഓജസ്സും പകരുന്നു.

നിസ്‌കാരത്തിലെ രണ്ട് സുജൂദിനും ഇടയിലെയും അത്തഹിയ്യാത്തിലെയും ഇരുത്തം യോഗയിലെ വജ്രാസനത്തിനും റുകൂഅ് അർധപാദ ഹസ്താസനത്തിനും സമാനമാണെന്നു രണ്ടിനെയും പഠന വിധേയമാക്കിയ ചില യോഗാചാര്യന്മാർ വിലയിരുത്തിയതായി കാണാം.
പതഞ്ജലിയാണ് യോഗയുടെ ഉപജ്ഞാതാവെന്നാണ് വിശ്വസിക്കപ്പെടുന്നത്. ബി സി 1400-ാം നൂറ്റാണ്ടിലാണ് അദ്ദേഹത്തിന്റെ ജനനം. എന്നാൽ അദ്ദേഹത്തിന്റെ യോഗയും ആധുനിക യോഗയും ഏറെ വ്യത്യസ്തമാണെന്നും ഗ്രന്ഥകാരൻ സമർഥിക്കുന്നു. വർഷങ്ങൾ നീണ്ടുനിൽക്കുന്ന കഠിനതരമായ മുറകളാണ് പതഞ്ജലി വിഭാവനം ചെയ്തത്. ആധുനിക യോഗമുറകളെല്ലാം പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ ആവിഷ്‌കരിച്ചതോ ഹഠായോഗത്തിൽ നിന്നു കൂട്ടിച്ചേർത്തതോ ആയ വ്യായാമ മുറകളാണ്. പാശ്ചാത്യ രാജ്യങ്ങളിലെ ഡ്രില്ലിൽ നിന്നു ജിംനാസ്റ്റിക്കിൽ നിന്നും കടമെടുത്തതാണ് ഇവയിൽ മിക്കതും. യോഗ കൊണ്ടുദ്ദേശിക്കുന്ന യഥാർഥ ലക്ഷ്യം നേടാൻ ഇതുകൊണ്ടു സാധ്യമല്ല. ആധുനിക കാലത്ത് യോഗക്കു ചില ഭരണകൂടങ്ങൾ അമിത പ്രാധാന്യം നൽകുന്നതിനു പിന്നിൽ, ഭരണകൂട വിരുദ്ധ വികാരത്തിൽ നിന്നു ജനശ്രദ്ധ തിരിച്ചു വിടാനുള്ള രാഷ്ട്രീയ തന്ത്രമാണെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

യോഗയോടുള്ള ഇസ്‌ലാമിന്റെ നിലപാടെന്തെന്നും ഗ്രന്ഥം വിലയിരുത്തുന്നു. ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് മുന്തിയ പരിഗണനയാണ് ഇസ്‌ലാം നൽകുന്നതെങ്കിലും അതിന് തിരഞ്ഞെടുക്കുന്ന മാർഗങ്ങൾ ഇസ്‌ലാമിക ദർശനങ്ങളോടും ശാസനകളോടും പൊരുത്തപ്പെടുന്നതായിരിക്കണം. ഇതര മതങ്ങളുടെയും ആചാര്യന്മാരുടെയും മുറകൾ അപ്പടി ഉൾക്കൊള്ളാവതല്ല. മുസ്‌ലിംകൾക്ക് സ്വീകാര്യമല്ലാത്തതാണ് പല യോഗമുറകളും. യോഗയിൽ കഠിനതരമായ മുറകളിലൂടെയും അനുഷ്ഠാനങ്ങളിലൂടെ നേടിയെടുക്കുന്ന മാനസികവും ശാരീരികവുമായ നേട്ടങ്ങൾ നിസ്‌കാരത്തിലെ ലളിതമായ വ്യായാമങ്ങളിലുടെ ലഭ്യമാകുന്നുണ്ടെന്നും കൃത്യമായി നിസ്‌കാരം നിർവഹിക്കുന്ന ഒരു വിശ്വാസിക്കും യോഗ ചെയ്യേണ്ട ആവശ്യം വരുന്നില്ലെന്നും സമർഥിച്ചുകൊണ്ടാണ് ഗ്രന്ഥം ഉപസംഹരിക്കുന്നത്. നിസ്‌കാരവും യോഗയും താരതമ്യം ചെയ്തുകൊണ്ടുള്ള മലയാളത്തിലെ ആദ്യത്തെ ഗ്രന്ഥമാണിത്. കൂടുതൽ പഠനങ്ങൾക്കും ഗവേഷണങ്ങൾക്കും വിധേയമാക്കേണ്ടതാണ് ഇതിലെ നിരീക്ഷണങ്ങൾ. പ്രസാധകർ ബറകാത്ത് ബുക്സ്. വില 80 രൂപ.

Latest