articles
ഗോത്ര സമൂഹങ്ങളോട് ചെയ്യുന്നതെന്ത്?
കോര്‍പറേറ്റ് താത്പര്യങ്ങളുടെ മൃഗീയതയില്‍ ഞെരിഞ്ഞമര്‍ന്ന് മണ്ണും കിടപ്പാടവും ജീവിതവും ഉപേക്ഷിച്ച് പലായനം ചെയ്യുന്ന പരമ്പരാഗത ഗോത്രവര്‍ഗ സമൂഹങ്ങളുടെ എണ്ണം വര്‍ധിച്ചുവരുന്നു. ഇനിയും ഒരുപാട് സഞ്ചരിച്ചാല്‍ മാത്രമേ പൊതുസമൂഹത്തിന്റെ കൂടെ മുഖ്യധാരയില്‍ ഈ സമൂഹങ്ങള്‍ക്ക് എത്താന്‍ സാധിക്കുകയുള്ളൂ. സാമൂഹിക വിവേചനം നേരിടുന്ന സമൂഹങ്ങളായി ഇവര്‍ മാറിയിരിക്കുന്നു.
തനത് സാംസ്‌കാരിക പാരമ്പര്യം, ഭാഷ, അറിവുകള്‍ എന്നിവയുടെ അക്ഷയ ഖനിയാണ് പരമ്പരാഗത സമൂഹം. മണ്ണില്‍ ചവിട്ടി നില്‍ക്കുന്ന ജൈവിക ബന്ധങ്ങളിലൂന്നിയ തദ്ദേശീയ ഗോത്രവര്‍ഗക്കാരുടെ ജീവിതം പ്രകൃതിയെ സ്‌നേഹിച്ചും പ്രകൃതിയോട് ഇണങ്ങിയുമാണ് മുന്നോട്ട് പോകുന്നത്.
കൃത്യമായ നിര്‍വചനമോ ഘടനയോ നാളിതുവരെ പരമ്പരാഗത സമൂഹം എന്നതിന് നല്‍കിയിട്ടില്ല. പല ഘട്ടങ്ങളിലും അന്താരാഷ്ട്ര തലത്തില്‍ നിര്‍വചനം നല്‍കാന്‍ ശ്രമിച്ചെങ്കിലും ഇതില്‍ ഐക്യ രൂപം ഉണ്ടാക്കാന്‍ നാളിതുവരെ സാധിച്ചിട്ടില്ല. പൈതൃകത്തിന്റെ ഹൃദ്യമായ ഓര്‍മപ്പെടുത്തലുമായി ലോകത്തിന്റെ വിവിധ പ്രദേശങ്ങളില്‍ തുരുത്തുകള്‍ പോലെ ജീവിക്കുന്നവരാണ് പരമ്പരാഗത സമൂഹങ്ങള്‍. പ്രത്യേക ഭൂപ്രദേശത്ത് വികസിച്ച്, ചരിത്രപരമായ പിന്തുടര്‍ച്ചയുള്ള, മറ്റു സാമൂഹിക വിഭാഗങ്ങളുമായി വ്യതിരിക്തത പുലര്‍ത്തുന്ന സമൂഹത്തെയാണ് പരമ്പരാഗത സമൂഹം എന്നതുകൊണ്ട് വിവക്ഷിക്കുന്നത്.
പ്രത്യേകമായ ഭാഷ, ആത്മീയമായ പരിശീലനം, തത്ത്വചിന്ത, ഭക്ഷണശീലം, ആഭരണങ്ങള്‍, സൗന്ദര്യബോധം എന്നിവ പരമ്പരാഗതമായി പിന്തുടരുന്നവരാണ് പരമ്പരാഗത സമൂഹങ്ങള്‍. മറ്റു സമൂഹങ്ങളുടെ നേരിട്ടുള്ള നോട്ടങ്ങളോ കുറ്റപ്പെടുത്തലുകളോ ആഗ്രഹിക്കാതെ ഭൂമിശാസ്ത്രപരമായി വൈജാത്യം പുലര്‍ത്തിയാണ് പരമ്പരാഗത സമൂഹം ജീവിക്കുന്നത്. ആദിവാസികള്‍, പ്രാക്തന ജനത, ഗോത്ര ജനത, മലവാസികള്‍, നാടോടികള്‍, നായാടികള്‍ എന്നിങ്ങനെയുള്ള പേരിലൊക്കെ ഈ സമൂഹം നമ്മുടെ നാടുകളില്‍ അറിയപ്പെടുന്നു. ലോക ജനസംഖ്യയില്‍ വെറും 6.2 ശതമാനം വരുന്ന ഈ സമൂഹത്തിലാണ് ലോകത്തെ അതിദരിദ്രരില്‍ 15 ശതമാനവും ഉള്ളത്.
കാലക്രമേണ അന്താരാഷ്ട്രതലത്തില്‍ പരമ്പരാഗത സമൂഹങ്ങളുടെ പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നു. കാലാവസ്ഥാ വ്യതിയാനം ലോകത്തിലെ ഏറ്റവും വലിയ പ്രശ്‌നമായി തീരുകയും അത് പരമ്പരാഗത സമൂഹങ്ങളെ വലിയ രീതിയില്‍ ബാധിക്കുകയും ചെയ്തതോടെ ലോകത്തിന്റെ മുന്‍ഗണനയിലേക്ക് പരമ്പരാഗത സമൂഹങ്ങളുടെ പ്രശ്‌നങ്ങളും കടന്നു വരാന്‍ തുടങ്ങി. 2007ല്‍ നടത്തിയ പരമ്പരാഗത വിഭാഗങ്ങള്‍ക്ക് വേണ്ടിയുള്ള അന്താരാഷ്ട്ര പ്രഖ്യാപനത്തില്‍ 46 വകുപ്പുകളാണുള്ളത്. ഇത് പരമ്പരാഗത സമൂഹങ്ങളെ സംബന്ധിച്ചിടത്തോളം സമഗ്രമായ മനുഷ്യാവകാശ ദര്‍ശന രേഖയായി കണക്കാക്കപ്പെടുന്നു. ഈ രേഖ ഉണ്ടാക്കുന്ന കാര്യത്തില്‍ അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ വലിയ പിന്തുണയുമുണ്ടായിരുന്നു. പ്രകൃതിയോട് ഒട്ടിച്ചേര്‍ന്ന് നില്‍ക്കുന്ന ജനവിഭാഗങ്ങളായ പരമ്പരാഗത സമൂഹങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ലോക രാജ്യങ്ങള്‍ക്ക് അവഗണിക്കാനാകാതെ വന്നിട്ടുണ്ട്.
ചിതറിക്കിടക്കുന്ന ജനവിഭാഗം
പരമ്പരാഗത സമൂഹങ്ങളില്‍ 70 ശതമാനവും ഏഷ്യന്‍ രാജ്യങ്ങളിലാണ് അധിവസിക്കുന്നത്. കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളായ ചൈന, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍ 105.23 ദശലക്ഷം പേരും, ഇന്ത്യ ഉള്‍പ്പെടെയുള്ള തെക്കന്‍ രാജ്യങ്ങളില്‍ 94.9 ദശലക്ഷം പേരും ജീവിക്കുന്നു. ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളിലാണ് കൂടുതല്‍ പരമ്പരാഗത സമൂഹങ്ങള്‍ അധിവസിക്കുന്നത്. നേപ്പാളില്‍ 37.19, മ്യാന്മാറില്‍ 32, ഫിലിപ്പൈന്‍സില്‍ 20, വിയറ്റ്‌നാമില്‍ 14, മലേഷ്യയില്‍ 12, ഭൂട്ടാനില്‍ 10, ബംഗ്ലാദേശില്‍ 2.5 എന്നിങ്ങനെയാണ് ശതമാനക്കണക്ക്. പല രാജ്യങ്ങളിലും സര്‍ക്കാര്‍ കണക്കുകളേക്കാള്‍ കൂടുതല്‍ പരമ്പരാഗത സമൂഹങ്ങള്‍ അധിവസിക്കുന്നുണ്ട്. ഐക്യരാഷ്ട്ര സഭയുടെ കണക്ക് പ്രകാരം പരമ്പരാഗത സമൂഹങ്ങളില്‍ 200 ഗ്രൂപ്പുകള്‍ ഏത് നിമിഷവും ലോകത്ത് നിന്ന് പല കാരണങ്ങളാല്‍ നിഷ്‌കാസിതമാകാം. ലോകത്തെ 80 ശതമാനം ജൈവ വൈവിധ്യങ്ങളും സംരക്ഷിക്കുന്നത് ഗോത്രവര്‍ഗക്കാരാണ് എന്ന വസ്തുത കണക്കിലെടുക്കുമ്പോള്‍, പരമ്പരാഗത സമൂഹങ്ങളുടെ നിഷ്‌കാസനം പ്രകൃതിക്ക് ഉണ്ടാക്കുന്ന അസന്തുലിതാവസ്ഥ വലിയ രീതിയിലുള്ളതാകും എന്ന് തിരിച്ചറിയാനാകും.
അപ്രത്യക്ഷമാകുന്ന ഗോത്ര ഭാഷകള്‍
ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ 2019 മുതല്‍ അന്യം നിന്ന് പോകുന്ന ഭാഷകളുടെ ദിനം ആചരിക്കുന്നുണ്ടെങ്കിലും ഗോത്ര ഭാഷകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ വിവരണാതീതമാണ്. ലോകത്ത് 2,680 ഗോത്ര ഭാഷകള്‍ കടുത്ത നിലനില്‍പ്പ് ഭീഷണി നേരിടുന്നു. അമൂല്യമായ വിജ്ഞാനദായകമായ ഗ്രന്ഥങ്ങള്‍ അപ്രത്യക്ഷമായി. ഗോത്രവര്‍ഗക്കാര്‍ ഉണ്ടാക്കിയ സാംസ്‌കാരിക സമ്പന്നത, കലകള്‍, സാംസ്‌കാരിക അടയാളങ്ങള്‍, ഏടുകള്‍ എല്ലാം വീണ്ടെടുക്കാന്‍ കഴിയാത്ത രീതിയില്‍ നഷ്ടപ്പെട്ടു.
ഭാഷകള്‍ അപ്രത്യക്ഷമാകുന്നതിലൂടെ പ്രകൃതിയുമായി ബന്ധപ്പെട്ട അറിവുകള്‍ ഭാവിതലമുറക്ക് നഷ്ടപ്പെട്ടു. പ്രത്യേക തൊഴിലെടുത്ത് ജീവിക്കുന്ന, പ്രത്യേക ഭൂപ്രദേശത്ത് ജീവിക്കുന്നവര്‍ ഉപയോഗിക്കുന്ന ഭാഷ ആ സമൂഹത്തിന്റെ നിഷ്‌കാസനത്തോടെ അപ്രത്യക്ഷമാകുന്നു. ലോകത്തുള്ള 7,000 വരുന്ന ഭാഷകളില്‍ 5,000 ഭാഷകളും പരമ്പരാഗത സമൂഹങ്ങളുടേതാണ്. ഇതില്‍ 40 ശതമാനത്തിനും നാശം സംഭവിക്കുന്നു. ഇത്തരം ഭാഷകള്‍ സ്‌കൂളുകളിലോ മറ്റോ ഉപയോഗിക്കുന്നില്ല. ശാസ്ത്രപുരോഗതിക്ക് കാരണമായ പല അറിവുകളും പരമ്പരാഗത സമൂഹങ്ങളുടെ കൈയിലുണ്ട്. അത് ഫലപ്രദമായി രാജ്യപുരോഗതിക്ക് പ്രയോജനപ്പെടുത്തേണ്ടതുണ്ട്.
നേരിടുന്ന പ്രശ്‌നങ്ങള്‍
ജനിച്ച സ്ഥലവും ആവാസവ്യവസ്ഥയും വന്‍കിട വികസന പദ്ധതികള്‍ കാരണം പരമ്പരാഗത സമൂഹങ്ങള്‍ക്ക് ഉപേക്ഷിക്കേണ്ടി വരുന്ന ചിത്രമാണ് ഇപ്പോള്‍ എവിടെയുമുള്ളത്. വികസനത്തിന്റെ പുതിയ കാല്‍വെപ്പുകളെ നെടുവീര്‍പ്പുകളോടെ മാത്രമേ പരമ്പരാഗത സമൂഹം നോക്കിക്കാണുന്നുള്ളൂ. പ്രകൃതിയുടെ മടിത്തട്ടില്‍ ശാന്തമായി ജീവിക്കുന്ന തങ്ങളുടെ ആവാസ പ്രദേശത്ത് വന്‍കിട വികസന പദ്ധതികള്‍ വന്നത് കാരണം പ്രകൃതിയില്‍ ഉണ്ടാകുന്ന മാറ്റങ്ങളും തുടര്‍ സംഹാരതാണ്ഡവങ്ങളും നിര്‍വികാരതയോടെ നോക്കിനില്‍ക്കാനേ പരമ്പരാഗത സമൂഹങ്ങള്‍ക്ക് സാധിക്കുന്നുള്ളൂ. ഭീതിദമായ സാഹചര്യത്തിലാണ് ബഹുഭൂരിഭാഗം ഗോത്രവര്‍ഗ വിഭാഗങ്ങളും ജീവിക്കുന്നത്. ചരിത്രപരമായ കാരണങ്ങളാല്‍ പ്രയാസം നേരിടുന്ന വിഭാഗങ്ങള്‍ നിലവില്‍ കടുത്ത ബുദ്ധിമുട്ട് അനുഭവിക്കുന്നു. ഭക്ഷ്യസുരക്ഷാ പ്രശ്‌നവും സാമൂഹിക, സാമ്പത്തിക പിന്നാക്കാവസ്ഥയും അതിദാരിദ്ര്യം ഉണ്ടാക്കുന്നു. ഇന്ത്യ, യൂറോപ്പ്, ലാറ്റിനമേരിക്ക, ആഫ്രിക്കന്‍ രാജ്യങ്ങള്‍, കെനിയ, പോളണ്ട്, എത്യോപ്യ, ബൊളീവിയ, ബ്രസീല്‍, കൊളംബിയ, ഇക്വഡോര്‍, ഇന്തോനേഷ്യ, പപ്പു ന്യൂ ഗിനിയ, പെറു, വെനിസ്വേല, ഉഗാണ്ട എന്നീ രാജ്യങ്ങളില്‍ പരമ്പരാഗത സമൂഹം വലിയ പ്രതിസന്ധി അനുഭവിക്കുന്നു.
ഫിലിപ്പൈന്‍സില്‍ ഊര്‍ജ പുനരുപയോഗ പദ്ധതിക്ക് വേണ്ടി ഭൂമി ഏറ്റെടുത്തത് കാരണവും ബ്രസീലിലെ ആമസോണ്‍ മഴക്കാടുകളിലെ 9,000 സ്‌ക്വയര്‍ കിലോമീറ്റര്‍ കാട് നഷ്ടപ്പെടുത്തിയതും ലോകത്ത് വിവിധ രാജ്യങ്ങളിലെ 22 ശതമാനം വനനശീകരണം സംഭവിച്ചതും ടൂറിസം പദ്ധതികള്‍ വലിയ രീതിയില്‍ കടന്നുവന്നതും പരമ്പരാഗത ജനവിഭാഗങ്ങളെ സാരമായി ബാധിക്കുന്നു. ബംഗ്ലാദേശില്‍ 24 ഗോത്ര ജനവിഭാഗങ്ങള്‍ കടുത്ത പ്രയാസം നേരിടുന്നു. കോര്‍പറേറ്റ് താത്പര്യങ്ങളുടെ മൃഗീയതയില്‍ ഞെരിഞ്ഞമരുന്ന തങ്ങളുടെ മണ്ണും കിടപ്പാടവും ജീവിതവും ഉപേക്ഷിച്ച് പലായനം ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നു. ഇനിയും ഒരുപാട് സഞ്ചരിച്ചാല്‍ മാത്രമേ പൊതു സമൂഹത്തിന്റെ കൂടെ മുഖ്യധാരയില്‍ ഈ സമൂഹങ്ങള്‍ക്ക് എത്താന്‍ സാധിക്കുകയുള്ളൂ. വിവേചനം നേരിടുന്ന സമൂഹങ്ങളായി ഇവര്‍ മാറിയിരിക്കുന്നു. തായ്്ലാന്‍ഡ്, മ്യാന്മാര്‍, ഇന്ത്യ, നേപ്പാള്‍, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളില്‍ പരമ്പരാഗത സമൂഹങ്ങളില്‍ ലൈംഗിക രോഗങ്ങളും വ്യാപകമായി വര്‍ധിച്ചു വരുന്നു.
ഇന്ത്യയിലെ അവസ്ഥ
ഇന്ത്യന്‍ ഭരണഘടനയില്‍ ചില ഗോത്രവര്‍ഗ വിഭാഗങ്ങള്‍ക്ക് പ്രത്യേക പരിഗണനയും സംരക്ഷണ കവചവും നല്‍കുന്നുണ്ട്. ലോകത്ത് മറ്റ് രാജ്യങ്ങളില്‍ നിന്ന് വിഭിന്നമായ ഒരു രക്ഷാകവചമാണ് പ്രത്യേക ഗോത്രവര്‍ഗ സമൂഹത്തിന് ഇന്ത്യയില്‍ ഒരുക്കിയിട്ടുള്ളത്. 635 ഗോത്രവര്‍ഗ വിഭാഗങ്ങള്‍ ഉണ്ട് എന്നാണ് അനൗദ്യോഗിക കണക്ക്. മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ കൂടുതല്‍ ഗോത്രവര്‍ഗക്കാര്‍ ഉണ്ട്. ഏതാണ്ട് 13 കോടി ആദിവാസികള്‍ ഇന്ത്യയിലുണ്ട് എന്നാണ് കണക്കാക്കുന്നത്. ഇതില്‍ 1.04 കോടി ആദിവാസികള്‍ മാത്രമേ നഗരത്തില്‍ താമസിക്കുന്നുള്ളൂ. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 338 എ വകുപ്പ് പ്രകാരം ഗോത്രവര്‍ഗ വിഭാഗങ്ങള്‍ക്ക് പ്രത്യേക കമ്മീഷന്‍ ഇന്ത്യയില്‍ നിലവിലുണ്ട്. ഇന്ത്യയില്‍ നിലവിലുള്ള 700 ഭാഷകളില്‍ ബഹുഭൂരിഭാഗം ഭാഷയും ഗോത്രവര്‍ഗ സമൂഹവുമായി ബന്ധപ്പെട്ടതാണ്. ഇന്ത്യയില്‍ 75ഓളം ആദിവാസി സമൂഹങ്ങള്‍ വംശനാശ ഭീഷണിയിലാണ്. 2023ല്‍ മണിപ്പൂരില്‍ ഉണ്ടായ കലാപം കൂട്ട പലായനത്തിന് വഴിവെച്ചു. ഏതാണ്ട് എഴുപതിനായിരത്തോളം ഗോത്രവര്‍ഗ സമൂഹങ്ങള്‍ മണിപ്പൂരില്‍ നിന്നും ജീവിക്കുന്ന സ്ഥലങ്ങളില്‍ നിന്നും മാറിത്താമസിക്കേണ്ടി വന്നു.
ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ 17,000 ഏക്കര്‍ ഭൂമി വികസനത്തിനായി ഏറ്റെടുത്തതും 2023ലെ വന നിയമത്തില്‍ വന്ന പുതിയ ഭേദഗതിയും അവിടുത്തെ ഗോത്രവര്‍ഗ മേഖലയില്‍ വലിയ പ്രയാസങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. കൂടാതെ ഒഡിഷയില്‍ ഗോത്രവര്‍ഗ വിഭാഗങ്ങളുടെ ഭൂമി വില്‍ക്കാനുള്ള അനുവാദം നല്‍കിയതും പ്രതിസന്ധി സൃഷ്ടിക്കുന്നു. ഇന്ത്യയിലെ ഗോത്രവര്‍ഗക്കാരില്‍ നാലില്‍ ഒന്നും ദുരിതപൂര്‍ണമായ ജീവിതാനുഭവങ്ങളിലൂടെയാണ് മുന്നോട്ടു പോകുന്നത്. 2022ല്‍ മാത്രം ഗോത്രവര്‍ഗ സമൂഹത്തിലെ സ്ത്രീകള്‍ക്കെതിരെ 1,347 ബലാത്സംഗ കേസുകള്‍ റിപോര്‍ട്ട് ചെയ്തു. നിലവില്‍ നേരിടുന്ന അസ്തിത്വ പ്രശ്‌നം പരിഹരിക്കാന്‍ പരമ്പരാഗത സമൂഹത്തിലെ യുവാക്കള്‍ മുന്നോട്ടു വരേണ്ടതുണ്ട്.
കേരളത്തില്‍ പരമ്പരാഗത സമൂഹങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങളെ കോളനി എന്ന് വിളിക്കുന്നത് നിര്‍ത്തലാക്കിയ വിപ്ലവകരമായ ഉത്തരവിറങ്ങിയത് കഴിഞ്ഞ ജൂണ്‍ 18നാണ്. ഇതുപോലുള്ള പ്രവര്‍ത്തനങ്ങളും ഇടപെടലുകളും ഉണ്ടായാല്‍ മാത്രമേ ചരിത്രപരമായ കാരണങ്ങളാല്‍ സവിശേഷ സാഹചര്യത്തില്‍ ജീവിക്കുന്ന പരമ്പരാഗത സമൂഹത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ സാധിക്കുകയുള്ളൂ.