Connect with us

articles

അവർ ചെയ്ത കുറ്റമെന്ത്?

ഒരു ദിവസമെങ്കിലും സ്വസ്ഥമായി ഉറങ്ങുന്നതിനായി ഒരു കൊതുകുവലക്ക് വേണ്ടി കോടതിക്ക് മുന്നിൽ യാചിക്കേണ്ടി വന്നിരിക്കുകയാണ്. കൊതുകുകടി കാരണം ഉറങ്ങാൻ കഴിയാത്ത, അത് മൂലം രോഗങ്ങൾ പിടിപ്പെട്ടുകൊണ്ടിരിക്കുന്ന 70കാരനായ ഒരു വൃദ്ധന് കേവലം ഒരു കൊതുക് വല കെട്ടാനുള്ള അനുമതി പോലും നിഷേധിക്കപ്പെടുന്ന സാഹചര്യം എത്രമാത്രം മനുഷ്യത്വവിരുദ്ധമാണ്.

Published

|

Last Updated

ഒരു രാജ്യത്തിന്റെ തലസ്ഥാനത്ത് വിവിധ സാമൂഹിക വിഷയങ്ങളുമായി ബന്ധപ്പെട്ട് ദീർഘകാലം പത്രപ്രവർത്തനം നടത്തിയ, നിരവധി ഗ്രന്ഥങ്ങൾ രചിച്ച, ആ രാജ്യത്തെ ഏറ്റവും സുപ്രധാന ജേണലുകളിൽ കോളമിസ്റ്റും എഡിറ്റോറിയൽ കൺസൾട്ടന്റുമെല്ലാമായിരുന്ന, നിരവധി മനുഷ്യാവകാശ സംഘടനകളിൽ ശ്രദ്ധേയമായ ചുമതലകൾ വഹിച്ച പ്രശസ്തനായ ഒരു പത്രപ്രവർത്തകന്റെ വാർധക്യ ജീവിതം എങ്ങിനെയായിരിക്കും. സ്വാഭാവികമായും നിരവധി അംഗീകാരവും ബഹുമതികളോടും കൂടിയ ഒരു വിശ്രമ ജീവിതമായിരിക്കുമല്ലോ അദ്ദേഹം അർഹിക്കുന്നത്. എന്നാൽ സമകാലിക ഇന്ത്യയിൽ അത്തരമൊരു പത്രപ്രവർത്തകന്റെ അനുഭവം അങ്ങേയറ്റം ക്രൂരവും വേദനാജനകവുമാണ്.

മുംബൈയിലെ തലോജ ജയിലിൽ കഴിയുന്ന 70 വയസ്സ് പിന്നിട്ട രാജ്യത്തെ പ്രമുഖനായ പത്രപ്രവർത്തകൻ ഗൗതം നവലാഖ, ഒരു ദിവസമെങ്കിലും സ്വസ്ഥമായി ഉറങ്ങുന്നതിനായി ഒരു കൊതുകുവലക്ക് വേണ്ടി കോടതിക്ക് മുന്നിൽ യാചിക്കേണ്ടി വന്നിരിക്കുകയാണ്. കൊതുകുകടി കാരണം ഉറങ്ങാൻ കഴിയാത്ത, അത് മൂലം രോഗങ്ങൾ പിടിപ്പെട്ടുകൊണ്ടിരിക്കുന്ന 70കാരനായ ഒരു വൃദ്ധന് കേവലം ഒരു കൊതുക് വല കെട്ടാനുള്ള അനുമതി പോലും നിഷേധിക്കപ്പെടുന്ന സാഹചര്യം എത്രമാത്രം മനുഷ്യത്വവിരുദ്ധമാണ്.

സുഖലോലുപനായി ജീവിക്കാനുള്ള എല്ലാ സാഹചര്യങ്ങളുമുണ്ടായിരുന്നിട്ടും അതെല്ലാം ത്യജിച്ച്, മനുഷ്യാവകാശ പത്രപ്രവർത്തനത്തിന്റെ അപകടവഴികളിലൂടെ സഞ്ചരിച്ച, ഒരു മനുഷ്യായുസ്സിന്റെ സിംഹഭാഗവും രാജ്യത്തെ അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങൾക്ക് വേണ്ടി ശബ്ദിച്ച, കശ്മീരിലെയും ചത്തീസ്ഗഢിലെയും വേട്ടയാടപ്പെട്ട മനുഷ്യർക്ക് വേണ്ടി പതിറ്റാണ്ടുകൾ നിലകൊണ്ട ധീരനായ ഒരു പത്രപ്രവർത്തകന് 70ാമത്തെ വയസ്സിൽ ഈ രാജ്യം നൽകിയിരിക്കുന്ന “ബഹുമതി’യാണ് തലോജ ജയിലിലെ ഈ നരകവാസം.

ഗൗതം നവലാഖയുടെ കൂടെ ജയിലിലുണ്ടായിരുന്ന വെർനൺ ഗോൺസാൽവസ് എന്ന 65 കാരനായ മറ്റൊരു ട്രേഡ് യൂനിയൻ പ്രവർത്തകനെ കൊതുകുകടി മൂലം ഡെങ്കിപ്പനി ബാധിച്ച് ഗുരുതരാവസ്ഥയിൽ മുംബൈ ജെ ജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിലവിൽ കൃത്രിമ ഓക്സിജൻ നൽകിയാണ് അദ്ദേഹത്തിന്റെ ജീവൻ നിലനിർത്തുന്നത് എന്ന് ഗോൺസാൽവസിന്റെ ജീവിത പങ്കാളിയായ അഡ്വ. സൂസൻ എബ്രഹാം മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്.

വാർധക്യസഹജമായ നിരവധി വെല്ലുവിളികളുള്ള ഈ മനുഷ്യർ രോഗം മൂർച്ഛിച്ച് ജയിലിൽ കിടന്ന് മരിക്കട്ടെയെന്നാണ് ഭരണകൂടം തീരുമാനിച്ചിരിക്കുന്നത് എന്ന മനുഷ്യാവകാശ പ്രവർത്തകർ ഉന്നയിക്കുന്ന ആരോപണം ശരിവെക്കുന്ന വിധത്തിലാണ് ഓരോ കാര്യങ്ങളും. ഗൗതം നവലാഖയും വെർണൻ ഗോൺസാൽവസും ജയിലിലടക്കപ്പെട്ട അതേ കേസിൽ തടവറയിൽ വെച്ച് മരണപ്പെട്ട ഫാ. സ്റ്റാൻ സ്വാമിയുടെ അനുഭവം നമുക്കറിയാം.

വാർധക്യത്തിന്റെ അവശതകളിൽ പാർക്കിൻസസ് രോഗമടക്കം മൂർച്ഛിച്ച് സ്വന്തമായി ഭക്ഷണം പോലും കഴിക്കാൻ പ്രാപ്തനല്ലാതെ നാല് ചുമരുകൾക്കുള്ളിൽ പിടഞ്ഞ ആ വൈദികൻ, ഭക്ഷണം കഴിക്കാൻ ഒരു സ്പൂണോ, സിപ്പറോ വേണമെന്ന് യാചിച്ചപ്പോൾ അതുപോലും നിഷേധിക്കുകയാണ് ഈ ഭരണകൂടം ചെയ്തത്. അരമനയിലെ സുഖസൗകര്യങ്ങളിൽ പരിചാരകരാൽ ശുശ്രൂശിക്കപ്പെട്ട് വാർധക്യ ജീവിതം നയിക്കാൻ സാധിക്കുമായിരുന്ന ഒരു വൈദികൻ 84ാമത്തെ വയസ്സിൽ ആ വിധം ക്രൂരമായ മരണത്തിന് കീഴടങ്ങേണ്ടി വന്നതിന്റെ കാരണം ജീവിതത്തിൽ അദ്ദേഹം സ്വീകരിച്ച രാഷ്ട്രീയ നിലപാടുകളാണ്.

രാജ്യം ഭരിക്കുന്ന സംഘ്പരിവാർ ശക്തികളുടെ ഇരട്ടത്താപ്പിനെതിരെ മർദിത ജനതയോടൊപ്പം നിന്ന് പോരാടിയതിന്റെ പേരിലാണ്, ശരീരം വലിയൊരളവിൽ തളർന്നുകഴിഞ്ഞിട്ടും പക തീർന്നില്ല എന്ന മട്ടിൽ മരണം വരെ ഹിന്ദുത്വ ഭരണകൂടത്താൽ അദ്ദേഹം പീഡിപ്പിക്കപ്പെട്ടത്. രാജ്യത്തെ പ്രമുഖരായ അക്കാദമിക്കുകളും അഭിഭാഷകരും സാമൂഹികപ്രവർത്തകരും മാധ്യമപ്രവർത്തകരും കലാപ്രവർത്തകരുമെല്ലാം അറസ്റ്റ് ചെയ്യപ്പെട്ട ഭീമ കൊറേഗാവ് കേസിലുടനീളം ഇത്തരം ക്രൂരതകൾ കാണാം.

സംഘ്പരിവാർ ഭരണകൂടവും അവരുടെ പ്രത്യയശാസ്ത്രവും ശത്രുക്കളായി കണ്ട മനുഷ്യർക്ക് വേണ്ടി ജീവിതം കൊണ്ട് നിലകൊണ്ടവരെയെല്ലാം തിരഞ്ഞുപിടിച്ച് പ്രതിചേർത്ത് ജയിലിലടച്ച രീതിയാണ് ഭീമ കൊറേഗാവ് കേസിൽ സംഭവിച്ചത്. കേസിലെ മിക്ക തെളിവുകളും വ്യാജമായി സൃഷ്ടിച്ചതാണ് എന്ന വെളിപ്പെടുത്തൽ അന്താരാഷ്ട്ര മാധ്യമങ്ങൾ വരെ നടത്തിയിട്ടും ജയിലിൽ കഴിയുന്ന ഈ ഉന്നത വ്യക്തികൾക്ക് പ്രാഥമിക മനുഷ്യാവകാശങ്ങൾ പോലും നിഷേധിക്കപ്പെടുകയാണ്.

ഒരു കൊതുകുവല വേണമെന്ന ഗൗതം നവലാഖയുടെ ആവശ്യത്തിന് ജയിൽ ഉദ്യോഗസ്ഥർ മറുപടിയായി പറഞ്ഞത് അത് സുരക്ഷയെ ബാധിക്കുമെന്നാണ്. കാഴ്ചശക്തി തീരെ കുറഞ്ഞ അദ്ദേഹത്തിന്റെ കണ്ണട രണ്ട് വർഷം മുമ്പ് ജയിലിൽ വെച്ച് കളവുപോയപ്പോൾ, അദ്ദേഹത്തിന്റെ ജീവിത പങ്കാളി, സാബാ ഹുസൈൻ ഒരു പുതിയ കണ്ണട ജയിലിലെത്തിച്ചു, അന്നത് ഏറ്റുവാങ്ങാൻ തയ്യാറാകാതെ മടക്കിയയക്കുകയാണ് ജയിൽ ഉദ്യോഗസ്ഥർ ചെയ്തത്. പതിറ്റാണ്ടുകളോളം ഇന്ത്യയിലെ അടിച്ചമർത്തപ്പെട്ട മനുഷ്യർക്ക് വേണ്ടി പത്രപ്രവർത്തനം നടത്തിയ ഒരു മുതിർന്ന മാധ്യമപ്രവർത്തകൻ, ഇനിയൊരിക്കലും ഒന്നും വായിക്കരുത്, എഴുതരുത് എന്നാണ് നമ്മുടെ ഭരണകൂടം കൽപ്പിക്കുന്നത്.

ഭീമ കൊറേഗാവ് കേസിലൂടെ സംഘ്പരിവാർ ലക്ഷ്യം വെച്ചത്

സംഘ്പരിവാർ രാഷ്ട്രീയം അവരുടെ എതിരാളികളായി കണക്കാക്കുന്ന വിഭാഗങ്ങൾ, പ്രത്യേകിച്ചും ദളിത് ആദിവാസി ജനത, മുസ്്ലിംകൾ അടക്കമുള്ള മത ന്യൂനപക്ഷങ്ങൾ, കമ്മ്യൂണിസ്റ്റുകൾ, രാഷ്ട്രീയത്തടവുകാർ, ഇവരുടെയെല്ലാം അവകാശങ്ങൾക്ക് വേണ്ടി സംസാരിക്കുകയും സമരങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്ന ആക്ടിവിസ്റ്റുകളെയും മനുഷ്യാവകാശ പ്രവർത്തകരെയുമെല്ലാം തടവറക്കുള്ളിലാക്കി ആ ശബ്ദങ്ങളെ ഇല്ലാതാക്കാനാണ് ഭീമ കൊറേഗാവ് കേസിലൂടെ മോദി ഭരണകൂടം ശ്രമിച്ചത് എന്നത് വ്യക്തമാണ്. കേസിന്റെ നാൾവഴികളിൽ നിന്ന് നമുക്കത് ബോധ്യമാകും.

2018 ജനുവരി ഒന്നിന് മഹാരാഷ്ട്രയിലെ ഭീമ കൊറേഗാവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബ്രിട്ടീഷ് ഭരണകാലത്ത്, 1818ൽ ഈസ്റ്റ് ഇന്ത്യാ കമ്പനിയും മറാഠികളും തമ്മിൽ നടന്ന യുദ്ധത്തിന്റെ വാർഷികം എല്ലാ വർഷവും ദളിത് വിഭാഗത്തിൽ നിന്നുള്ളവർ ആചരിക്കാറുണ്ടായിരുന്നു. ഭീമ കൊറേഗാവ് യുദ്ധം എന്നറിയപ്പെടുന്ന അന്നത്തെ ആ സംഭവത്തിൽ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സൈന്യത്തിൽ കൂടുതലുമുണ്ടായിരുന്നത് ഇന്ത്യക്കാരായ മഹർ എന്ന ദളിത് സമുദായക്കാരായിരുന്നു.

അതുകൊണ്ട് തന്നെ ദളിത് വിഭാഗക്കാർ ഭീമ കൊറേഗാവ് യുദ്ധസ്മരണ നിലനിർത്തുന്നത് രാജസേനയെ ചെറുത്തു തോൽപ്പിച്ച ദളിതരുടെ ആത്മ വീര്യത്തിന്റെ ഓർമ പുതുക്കൽ എന്ന നിലയിലാണ്. വർഷം തോറും ജനുവരി ഒന്നിന് മാഹാരാഷ്ട്രയിലെ പ്രമുഖ ദളിത് വിഭാഗമായ മഹറുകൾ പുണെക്ക് സമീപമുള്ള കൊറേഗാവ് ഗ്രാമത്തിൽ യുദ്ധ സ്മരണക്കായി ഒത്തുചേരാറുമുണ്ട്. ഇത് കാലങ്ങളായി ഹിന്ദുത്വ രാഷ്ട്രീയത്തെ പ്രകോപിപ്പിക്കുന്നുണ്ടായിരുന്നു. അങ്ങനെയാണ് ഭീമ കൊറേഗാവ് യുദ്ധത്തിന്റെ 200ാം വാർഷികത്തിൽ സംഘടിപ്പിക്കപ്പെട്ട മഹാസമ്മേളനത്തിന് നേരെ ആക്രമണം അഴിച്ചുവിടാൻ സംഘ്പരിവാർ കേന്ദ്രങ്ങൾ തീരുമാനിക്കുന്നത്.

2018ൽ നടന്ന യുദ്ധ അനുസ്മരണ പരിപാടിയിലേക്ക് സംഘ്പരിവാർ പ്രവർത്തകർ അതിക്രമിച്ചെത്തിയത് ദളിത് പ്രവർത്തകരും സംഘ്പരിവാറും തമ്മിലുള്ള വലിയ ഏറ്റുമുട്ടലിലേക്ക് നീങ്ങുകയും ഒരാൾ കൊല്ലപ്പെടുകയും ചെയ്തു. യുദ്ധ വാർഷികത്തിന് നേരെ കലാപം അഴിച്ചുവിട്ടത് ഹിന്ദുത്വ നേതാക്കളായ മിലിന്ദ് ഏക്ബോട്ടെയും സംഭാജി ഭിടെയുമാണെന്ന് ആദ്യ ഘട്ടത്തിൽ പോലീസ് കണ്ടെത്തുകയും ഇതിൽ മിലിന്ദ് ഏക്ബോട്ടെയെ ഒരു ഘട്ടത്തിൽ അറസ്റ്റ് ചെയ്യുകയും ചെയ്തതാണ്. എന്നാൽ പിന്നീട് കേസ് അട്ടിമറിക്കപ്പെട്ടു. മിലിന്ദ് ഏക്ബോട്ടെക്കും സംഭാജി ഭിടെക്കുമെതിരെ പോലീസിൽ മൊഴി നൽകിയ ദളിത് വിഭാഗത്തിൽപ്പെട്ട ഒരു പെൺകുട്ടിയെ ദുരൂഹസാഹചര്യത്തിൽ കിണറ്റിൽ കൊല്ലപ്പെട്ട നിലയിലാണ് പിന്നീട് കണ്ടത്.

കേസന്വേഷണത്തിനായി തുടർന്ന് നിയോഗിക്കപ്പെട്ട മുൻസൈനിക ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള ഒരു പ്രത്യേക കമ്മിറ്റി മറ്റൊരു അന്വേഷണം നടത്തുകയും സംഭവങ്ങൾക്കെല്ലാം പിന്നിൽ മാവോയിസ്റ്റ് ബന്ധമുള്ള ഒരു സംഘമാണെന്ന് ആരോപിക്കുകയുമായിരുന്നു. ഇതിനെ തുടർന്നാണ് ഇന്ത്യയിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകയായ സുധാ ഭരദ്വാജ്, മനുഷ്യാവകാശ പ്രവർത്തകരായ വെർനോൺ ഗോൺസാൽവസ്, അരുൺ ഫെരേറിയ, റോണ വിൽസൺ, സുധീർ ധവാലെ, അഭിഭാഷകനായ സുരേന്ദ്ര ഗാഡ്ലിംഗ്, നാഗ്പൂർ യൂനിവേഴ്‌സിറ്റിയിലെ ഇംഗ്ലീഷ് അധ്യാപികയായ ഷോമ സെൻ, ഗവേഷകനും ആക്ടിവിസ്റ്റുമായ മഹേഷ് റൗത്ത്, കവിയും എഴുത്തുകാരനുമായ വരവരറാവു, ദളിത് ചിന്തകനും അക്കാദമിസ്റ്റുമായ ആനന്ദ് തെൽതുംദെ, പത്രപ്രവർത്തകനായ ഗൗതം നവലാഖ, ഡൽഹി സർവകലാശാലയിലെ അധ്യാപകനായ ഹാനി ബാബു, സാമൂഹിക പ്രവർത്തകനും വൈദികനുമായ ഫാ. സ്റ്റാൻ സ്വാമി, കലാപ്രവർത്തകരായ സാഗർ ഗോർഖെ, രമേഷ് ഗായ്‌ചോർ, ജ്യോതി ജഗ്തപ് എന്നിവരെല്ലാം വിവിധ ഘട്ടങ്ങളിലായി കുറ്റം ചുമത്തപ്പെട്ട് ജയിലിൽ അടക്കപ്പെട്ടത്.

കൃത്യമായ തെളിവുകളൊന്നുമില്ലാതെ കേവലം സംശയത്തിന്റെ പേരിൽ രാജ്യത്തെ പ്രഗത്ഭരായ പത്രപ്രവർത്തകരും അഭിഭാഷകരും എഴുത്തുകാരുമെല്ലാമായ ആക്ടിവിസ്റ്റുകളെ കാലങ്ങളോളം തടവിലിടുന്നതിനെതിരെ അന്തർദേശീയ തലത്തിൽ തന്നെ വിമർശനങ്ങൾ ഉയർന്നിട്ടും കേന്ദ്രസർക്കാർ അവയൊന്നും ഗൗനിച്ചതേയില്ല. കേസിൽ സുധ ഭരദ്വാജ്, വരവര റാവു എന്നിവർക്ക് മാത്രമാണ് ഇതുവരെ ജാമ്യം ലഭിച്ചത്. ബാക്കിയുള്ളവരെല്ലാം ഇപ്പോഴും തടവറയിൽ തന്നെയാണ്.

കെട്ടിച്ചമച്ച തെളിവുകൾ, എന്നിട്ടും ജാമ്യമില്ല

ഭീമ കൊറേഗാവ് മൂവ്മെന്റിലൂടെ രാജ്യവിരുദ്ധ കലാപങ്ങൾ നടത്താനും പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാനും കുറ്റാരോപിതർ ശ്രമിച്ചു എന്ന പോലീസ് തിരക്കഥകളെ സാധൂകരിക്കുന്ന യാതൊരു തെളിവുകളും അന്വേഷണ സംഘത്തിന് കണ്ടെത്താനായിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാനുള്ള നക്‌സലൈറ്റുകളുടെ രൂപരേഖ കേസിൽ പ്രതിയായ റോണ വിൽസന്റെ കന്പ്യൂട്ടറിൽ നിന്ന് ലഭിച്ചുവെന്നായിരുന്നു പോലീസിന്റെ ഭാഷ്യം.

കോടതിയിൽ ഹാജരാക്കിയ റോണ വിൽസന്റെ ഹാർഡ് ഡിസ്‌ക്ക് സൈബർ ഫോറൻസിക് മേഖലയിൽ അമേരിക്കയിലെ വിദഗ്ധ ഏജൻസിയായ ആഴ്സനൽ കൺസൾട്ടിംഗ് എന്ന ലബോറട്ടറി വിശദമായി പരിശോധിച്ചതിന്റെ റിപോർട്ട് അന്താരാഷ്ട്ര മാധ്യമമായ വാഷിംഗ്ടൺ പോസ്റ്റ് പുറത്തുവിട്ടിരുന്നു. റോണ വിൽസന്റെ കന്പ്യൂട്ടർ പുറത്തു നിന്ന് നിയന്ത്രിക്കാനും ഫയലുകൾ അതിൽ ഉൾപ്പെടുത്താനും സാധിക്കുന്ന മാൽവയർ ആ ഹാർഡിസ്കിൽ പ്രവേശിപ്പിച്ചതായാണ് ആഴ്‌സനൽ കണ്ടെത്തിയത്. റോണ വിൽസന്റെ വീട്ടിൽ നടന്ന റെയ്ഡിൽ ലാപ്ടോപ് പിടിച്ചെടുക്കുന്നതിന്റെ തലേദിവസമാണ് മാൽവെയർ വഴി ഈ ഫലയുകൾ അതിൽ പ്രവേശിപ്പിച്ചത് എന്ന കണ്ടെത്തലിൽ നിന്ന് തന്നെ ഇതിലെ ഗൂഢാലോചനകളും രഹസ്യാസൂത്രണങ്ങളും വ്യക്തമാണ്.

അന്താരാഷ്ട്ര മാധ്യമങ്ങളിൽ പലരും ഇത് റിപോർട്ട് ചെയ്തിട്ടും കേന്ദ്ര സർക്കാറോ കോടതിയോ അവയൊന്നും ഇതുവരെ മുഖവിലക്കെടുത്തിട്ടില്ല. തെളിവുകളുടെ അടിസ്ഥാനത്തിൽ കൃത്യമായ വിചാരണ നടന്നാൽ കേസിലെ പ്രതികൾ നിരപരാധികളായി പുറത്തുവരും എന്നത് നന്നായറിയുന്നതുകൊണ്ടാവാം മോദി സർക്കാർ കുറ്റാരോപിതരായ ഈ പാവങ്ങളെ ജയിലിലിട്ട് പരമാവധി പീഡിപ്പിക്കുന്നത്. ഈ കേസിലെ തന്നെ മറ്റൊരു കുറ്റാരോപിതൻ കവി വരവര റാവു ക്രൂരമായ പീഡനങ്ങളാണ് അനുഭവിച്ചത്.

മലമൂത്രവിസർജനത്തിന് എഴുന്നേൽക്കാൻ പോലും സാധിക്കാതെ കിടന്നകിടപ്പിൽ വൃത്തിഹീനമായ സാഹചര്യങ്ങളിൽ കാര്യം സാധിക്കേണ്ടി വന്ന ഘട്ടത്തിൽ പോലും അദ്ദേഹത്തിന് മതിയായ പരിചരണം നൽകാൻ ജയിൽ അധികൃതർ തയ്യാറായിരുന്നില്ല. മലയാളിയായ ഹനി ബാബുവും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ഹിന്ദുത്വ രാഷ്ട്രീയ പദ്ധതികളുടെ ക്രൂരമായ നടത്തിപ്പുകൾക്ക് ചിന്ത കൊണ്ടും ജീവിതം കൊണ്ടും പ്രവൃത്തികൊണ്ടും എതിരുനിന്ന മനുഷ്യരെ ജാമ്യമെന്ന പ്രാഥമികനീതിക്ക് പോലും വിട്ടുകൊടുക്കാതെ ജയിലിലിട്ട് ഇഞ്ചിഞ്ചായി ഉന്മൂലനം ചെയ്യാനുള്ള ഫാസിസ്റ്റ് പദ്ധതികളുടെ ഭാഗമാണ് ഈ കൊടുംക്രൂരതകൾ.

മാധ്യമപ്രവർത്തകൻ

Latest