Connect with us

Articles

ഇനി എന്താണ് വെട്ടിക്കളയാനുള്ളത്?

രാജ്യത്തിന്റെ പ്രഥമ വിദ്യാഭ്യാസ മന്ത്രിപദം ഏറ്റെടുത്തപ്പോള്‍ വലിയ മാറ്റങ്ങള്‍ ആസാദ് കൊണ്ടുവന്നു. അടിസ്ഥാന, ഉന്നത, സാങ്കേതിക വിദ്യാഭ്യാസം വികസിപ്പിച്ചു. ഗ്രാമീണ വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കി. സ്‌കൂള്‍ ഭക്ഷണ പരിപാടി തുടങ്ങി. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് പദ്ധതികള്‍ ആവിഷ്‌കരിച്ചു. സാക്ഷരതാ നിലവാരമുയര്‍ത്താന്‍ പാടുപെട്ടു. 'അടിസ്ഥാന വിദ്യാഭ്യാസം വ്യക്തിയുടെ ജന്മാവകാശമാണെന്നും അതില്ലാതെ പൗരനെന്നുള്ള തന്റെ ചുമതല നിര്‍വഹിക്കാനാകില്ലെന്നും' അദ്ദേഹം പ്രഖ്യാപിച്ചു.

Published

|

Last Updated

ഇനി ഭരണഘടന മാത്രമേ വെട്ടാനുള്ളൂ. ആദ്യം മലബാര്‍ സമര നായകരെ വെട്ടി. പിന്നെ തമസ്‌കരണം പാഠപുസ്തകങ്ങളിലേക്ക് കടന്നു. മുഗളരെ തമസ്‌കരിച്ചു. സുല്‍ത്വാന്‍മാരെ കുഴിച്ചുമൂടി. ജനകീയ സമരങ്ങളെ വെട്ടിമാറ്റി. ജനാധിപത്യ പാഠങ്ങളെയും വെട്ടി. ഗാന്ധിജിയെ കൊന്നത് തങ്ങളുടെ സ്വന്തക്കാരനായതിനാല്‍ ഗാന്ധി ആത്മഹത്യ ചെയ്തതാണെന്ന് പ്രഖ്യാപിച്ചു. നെഹ്റുവിനെ കുളിപ്പിച്ചു കിടത്തി. ഇവര്‍ക്കൊക്കെ പകരം വെക്കാന്‍ സ്വന്തം ക്യാമ്പില്‍ ആളില്ലാത്തതിനാല്‍ ഇനി ചരിത്ര പുസ്തകമുണ്ടാകില്ല. തങ്ങള്‍ സ്വാതന്ത്ര്യ സമരത്തിനെതിരായത് കൊണ്ട് അങ്ങനെയൊരു ചരിത്രം എന്തിനാണെന്നും ചിന്തിച്ചേക്കാം. ഹിന്ദുത്വയുടെ ഇന്ത്യയില്‍ തൊപ്പിയോ തട്ടമോ മുസ്ലിം പേരോ ഉള്ളവരെ കാണാനേ പാടില്ല. കോണ്‍ഗ്രസ്സുകാരെ അപ്പാടെ വെട്ടിമാറ്റിയേക്കും. വിമര്‍ശിക്കാനാളുണ്ടാകില്ല. കാരണം അധികാരം തേടി കോണ്‍ഗ്രസ്സുകാരൊക്കെ ബി ജെ പിയുടെ താവളത്തിലെത്തിയിരിക്കുന്നു. ഇവര്‍ക്കിനി ആസാദും നെഹ്റുവും ഗാന്ധിജിയുമെക്കെ എന്തിനാണ്?

ചരിത്ര ധ്വംസനത്തിന് കാലപ്പഴക്കമുണ്ട്. ഭരിക്കുന്ന പാര്‍ട്ടിയുടെ ഇഷ്ടാനുസരണം ചരിത്രം മാറ്റിയെഴുതും. ഇന്ത്യയുടെ ചരിത്രത്തില്‍ നിന്ന് സുല്‍ത്വാന്‍മാരുടെയും മുഗളരുടെയും വലിപ്പം കുറച്ചത് കോണ്‍ഗ്രസ്സ് ഭരണ കാലത്താണ്. എട്ട് നൂറ്റാണ്ട് ഭരിച്ച മുസ്ലിം കാലത്തെ മൂലക്കിരുത്താന്‍ നേരത്തേ ശ്രമമുണ്ട്. മൗലാനാ മുഹമ്മദലി, ഹസ്റത് മൊഹാനി, മഹ്മൂദ് ഹസന്‍, ഭഗത് സിംഗ്, ബഹദൂര്‍ ഷാ സഫര്‍ തുടങ്ങി മലബാര്‍ സമരത്തെ വരെ പാഠപുസ്തകങ്ങളില്‍ നിന്നൊഴിവാക്കിയത് കോണ്‍ഗ്രസ്സ് കാലത്താണ്. അതാണ് ഐ എന്‍ എയും തൊഴിലാളി സമരങ്ങളും പുസ്തകങ്ങളില്‍ സ്ഥലം പിടിക്കാതെ പോയത്. ക്വിറ്റ് ഇന്ത്യാ സമരം നടന്ന 1942 മുതല്‍ 1947 വരെ മറ്റൊരു സമരവും പാഠപുസ്തകത്തില്‍ കാണില്ല. കൊല്‍ക്കത്തയിലും മീററ്റിലും കാണ്‍പൂരിലും മുംബൈയിലും പുന്നപ്രയിലും മലബാറിലും നടന്ന സമരങ്ങള്‍ പാഠപുസ്തകങ്ങള്‍ കാണാതെ പോയത് എങ്ങനെയാണ്? ഇപ്പോള്‍ ബി ജെ പി കുറേക്കൂടി തീവ്രമായി ആ പണി ഏറ്റെടുത്തിരിക്കുന്നു. പക്ഷേ, ബി ജെ പിയെ അലട്ടുന്ന പ്രശ്നം തങ്ങള്‍ സ്വാതന്ത്ര്യ സമരത്തെ എതിര്‍ത്തു എന്നതാണ്. രക്തസാക്ഷി പോയിട്ട് ഒരു ലാത്തിയടി കൊണ്ടവന്‍ പോലും ആ ക്യാമ്പിലില്ല. അതിനാല്‍ സ്വാതന്ത്ര്യ സമരം എന്നൊന്ന് ഈ രാജ്യത്ത് ഇല്ല എന്ന് പറയുന്നതാണ് ബുദ്ധി. ഇന്ത്യക്ക് വേണ്ടി രക്തസാക്ഷികളായവരില്‍ മുഖ്യ പങ്കും മുസ്ലിംകളാണെന്ന സത്യം മൂടിവെക്കാന്‍ വേറെ മാര്‍ഗങ്ങളൊന്നും ഇവര്‍ക്കില്ല.

എന്‍ സി ഇ ആര്‍ ടിയിലും ഐ സി എച്ചാറിലുമുള്ള വിദ്വാന്‍മാരുടെ കൈയില്‍ പരശുരാമന് കൊടുത്ത പോലെ കോടാലി കൊടുത്തിരിക്കുകയാണ്. കോടാലി കൊണ്ട് വെട്ടിത്തെളിച്ച് ചരിത്രഭൂമി സ്വന്തമാക്കണം. ഇന്റര്‍നെറ്റില്‍ പോലും സ്വാധീനമുപയോഗിച്ച് ചരിത്രം തമസ്‌കരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. ജനങ്ങള്‍ ജാഗരൂകരായാല്‍ ഒരു ചരിത്രവും മറച്ചു പിടിക്കാനാകില്ല. ഗാന്ധിജി ആരാണെന്ന് പോലും അറിയാത്ത ന്യൂജെന്നിന് ഇതിലൊന്നും താത്പര്യമില്ല. ഇതാണ് ലോകം നേരിടുന്ന ഇന്നത്തെ പ്രശ്നം. ചരിത്രം പഠിക്കാനാളില്ലാതായാല്‍ ഒരു ജനതയുടെ സംസ്‌കൃതി മണ്ണിലാണ്ടു പോകും.

മൗലാനാ അസാദ് മഹാ പണ്ഡിതനാണ്. ദുയൂബന്ദി പണ്ഡിതന്‍മാര്‍ അദ്ദേഹത്തെ വിപ്ലവ മൗലാന എന്നാണ് വിളിച്ചത്. ഞൊടിയിട കൊണ്ട് കാര്യങ്ങള്‍ തീരുമാനിക്കാനും പ്രവര്‍ത്തിക്കാനുമുള്ള തന്റെ കഴിവാണ് അദ്ദേഹത്തെ കോണ്‍ഗ്രസ്സിന്റെ നേതൃനിരയിലെത്തിച്ചത്. രാഷ്ട്രീയ രംഗത്ത് ആസാദിന് പണ്ടേ ശത്രുക്കളുണ്ട്. ജിന്നയും ആസാദും തമ്മിലുള്ള വൈരം അവരുടെ അവസാനം വരെ നീണ്ടു. കോണ്‍ഗ്രസ്സിലെ കാഴ്ചപ്പണ്ടം എന്നാണ് ജിന്ന ആസാദിനെ വിളിച്ചത്. നിസ്‌കരിക്കാത്ത, ഖുര്‍ആന്‍ അറിയാത്ത, മദ്യപിക്കുന്ന ജിന്ന മുസ്ലിം ലീഗിന്റെ തലപ്പത്തെത്തിയതിനെ ആസാദും കൂട്ടരും നിരന്തരം പരിഹസിച്ചു.

ആസാദ് തന്റെ നിലപാടുകളില്‍ ഉറച്ചു നിന്നു. ഗാന്ധിജി പോലും രക്തക്കുരുതി ഭയന്ന് ഇന്ത്യാ വിഭജനത്തിന് തലയാട്ടിയപ്പോള്‍ ആസാദ് വിഭജനത്തിനെതിരെ ഉറച്ചു നിന്നു. എന്നാലും ഗാന്ധിജിയുടെ ഇഷ്ടമിത്രമായിരുന്നു ആസാദ്. നെഹ്റുവിന്റെ സോഷ്യലിസ്റ്റ് ആശയങ്ങളെ തുണച്ചുവെങ്കിലും ഗാന്ധിയന്‍ സമീപനമാണ് ഇന്ത്യക്ക് നല്ലതെന്ന് അദ്ദേഹം വിശ്വസിച്ചു. മുസ്ലിം സമൂഹത്തിനെതിരെ പട്ടേലിന്റെ പരാമര്‍ശമുണ്ടായപ്പോള്‍ അദ്ദേഹം ശക്തിയായി തന്നെ പ്രതികരിച്ചു. വിഭജന കാര്യത്തിലുള്ള കോണ്‍ഗ്രസ്സ് നയം തെറ്റാണെന്ന് അതിന്റെ തലപ്പത്തിരിക്കുമ്പോള്‍ തന്നെ തുറന്ന് പറയാന്‍ ആര്‍ജവം കാണിച്ചു. ക്യാബിനറ്റ് മിഷനുമായുള്ള ചര്‍ച്ചയില്‍ നെഹ്റു വരുത്തിയ വിനയെ അദ്ദേഹം പാര്‍ട്ടി വേദിയില്‍ തുറന്നുകാട്ടി. വിഭജനത്തിലേക്ക് ഇന്ത്യയെ നയിച്ചതില്‍ മുസ്ലിം ലീഗിനെ പോലെ നെഹ്റുവിനും പട്ടേലിനും പങ്കുണ്ടെന്ന് തുറന്നുകാട്ടി. അദ്ദേഹത്തിന്റെ ഹിലാല്‍, അല്‍ബലാഗ് തുടങ്ങിയ പത്ര മാസികകള്‍ പല തവണ ബ്രിട്ടീഷുകാര്‍ കണ്ടുകെട്ടി. പത്ത് വര്‍ഷം അദ്ദേഹം ജയിലില്‍ കിടന്നു. കോണ്‍ഗ്രസ്സ് ക്യാമ്പില്‍ ഏറ്റവും പാണ്ഡിത്യമുള്ള വ്യക്തിയായിരുന്നു ആസാദ്.

ഖുര്‍ആന് തര്‍ജമ രചിച്ച ആസാദ് സ്വതന്ത്ര ചിന്തകനെന്നാണ് (ആസാദ്) സ്വയം പരിചയപ്പെടുത്തിയത്. നിയമ നിര്‍മാണ സഭയില്‍ അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ ഗാന്ധിജിയും കോണ്‍ഗ്രസ്സ് നേതാക്കളും മുഖവിലക്കെടുത്തു. വിഭജന വേളയിലുണ്ടായ വര്‍ഗീയ സംഘര്‍ഷത്തില്‍ ഹിന്ദു-മുസ്ലിം ഐക്യം നിലനിര്‍ത്താന്‍ അദ്ദേഹം ജവഹര്‍ലാല്‍ നെഹ്റുവിനോടൊപ്പം മുന്‍നിരയിലുണ്ടായിരുന്നു. ‘ആസാദ്, നെഹ്റു, പട്ടേല്‍’ എന്ന മൂന്ന് പേരുകള്‍ ഈ വേളയില്‍ ആവര്‍ത്തിക്കപ്പെട്ടു. കോണ്‍ഗ്രസ്സിന്റെ നേതൃത്വം വഹിക്കവെയാണ് ക്വിറ്റ് ഇന്ത്യാ സമരം വന്നത്. അതിന്റെ മുന്‍നിരയിലും ആസാദ് തന്നെ. പല തവണ കോണ്‍ഗ്രസ്സ് പ്രസിഡന്റായ ആസാദ്, ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ് കൂടിയാണ്. 1946ലാണ് നെഹ്റു പ്രസിഡന്റ് സ്ഥാനത്തേക്ക് വരുന്നത്. രാജ്യത്തിന്റെ പ്രഥമ വിദ്യാഭ്യാസ മന്ത്രിപദം ഏറ്റെടുത്തപ്പോള്‍ വലിയ മാറ്റങ്ങള്‍ ആസാദ് കൊണ്ടുവന്നു. അടിസ്ഥാന വിദ്യാഭ്യാസവും ഉന്നത വിദ്യാഭ്യാസവും സാങ്കേതിക വിദ്യാഭ്യാസവും വികസിപ്പിച്ചു. ഗ്രാമീണ വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കി. സ്‌കൂള്‍ ഭക്ഷണ പരിപാടി തുടങ്ങി. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് പദ്ധതികള്‍ ആവിഷ്‌കരിച്ചു. രാജ്യത്തിന്റെ സാക്ഷരതാ നിലവാരമുയര്‍ത്താന്‍ പാടുപെട്ടു. ‘അടിസ്ഥാന വിദ്യാഭ്യാസം ഓരോ വ്യക്തിയുടെയും ജന്മാവകാശമാണെന്നും അതില്ലാതെ പൗരനെന്നുള്ള തന്റെ ചുമതല നിര്‍വഹിക്കാനാകില്ലെന്നും’ അദ്ദേഹം പ്രഖ്യാപിച്ചു.

ആസാദിന്റെ ദേശസ്നേഹത്തെ ചോദ്യം ചെയ്ത സാമുദായിക വാദികളോട് അദ്ദേഹം പ്രഖ്യാപിച്ചു: ‘ഒരിന്ത്യക്കാരനെന്നതില്‍ ഞാനഭിമാനിക്കുന്നു. ഇന്ത്യന്‍ ദേശീയത എന്ന ഭിന്നിപ്പിക്കാനാകാത്ത ഐക്യത്തിന്റെ ഭാഗമാണ് ഞാന്‍.’ വിഭജനാനന്തരം ഇന്ത്യയിലവശേഷിച്ച മുസ്ലിംകളുടെ സംരക്ഷണത്തിന് വേണ്ടി ജീവന്‍ മറന്ന് ആസാദ് രംഗത്തിറങ്ങി. മുസ്ലിംകളാണ് കൂടുതലും ദുരിതമനുഭവിച്ചത്. വര്‍ഗീയവാദികള്‍ മുസ്ലിം വീടുകളിലും പള്ളികളിലും കയറി പോലീസ് സഹായത്തോടെ താണ്ഡവമാടുന്നത് ആസാദറിഞ്ഞു. പോലീസ് കമ്മീഷണറെ മാറ്റണമെന്ന് അദ്ദേഹം പാര്‍ട്ടിയോടാവശ്യപ്പെട്ടു.

നവംബര്‍ പതിനൊന്ന് ആസാദിന്റെ ജന്മ ദിനമാണ്. അന്ന് ഇന്ത്യാ രാജ്യം ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നു. ഈ കഴിഞ്ഞ വര്‍ഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആസാദിന്റെ ഖബറിടത്തില്‍ പോയത്. അന്ന് അദ്ദേഹം പറഞ്ഞത്, ആസാദിന്റെ പാണ്ഡിത്യവും ബുദ്ധിശക്തിയും പരക്കെ അഭിനന്ദിക്കപ്പെട്ടു എന്നാണ്. ‘അദ്ദേഹം സ്വാതന്ത്ര്യ സമരത്തിന്റെ മുന്നണിയില്‍ നിന്നു. മാര്‍ഗദര്‍ശകരായ മറ്റ് ദീപങ്ങളോടൊപ്പം പ്രവര്‍ത്തിച്ചു. വിദ്യാഭ്യാസം അദ്ദേഹത്തിന്റെ വികാരമായിരുന്നു.’ (ഹിന്ദുസ്ഥാന്‍ ടൈംസ്, 11-9-2022). ഈ വിരോധാഭാസങ്ങളെയൊക്കെ എങ്ങനെയാണ് വിലയിരുത്തുക. മോദിയുടെ കൂടെയുള്ള ചക്കിക്കൊത്ത ചങ്കരന്‍മാര്‍ എല്ലാം ശരിയാക്കുന്നുണ്ടല്ലോ.

 

 

Latest