Connect with us

International

പശ്ചിമേഷ്യന്‍ സമാധാനം; ഇ യു പ്രത്യേക പ്രതിനിധിയുമായി കൂടിക്കാഴ്ച നടത്തി ജി സി സി സെക്രട്ടറി ജനറല്‍

ഫലസ്തീന്‍ പ്രശ്‌നത്തിലെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ ഉള്‍പ്പെടെ നിരവധി പ്രധാന വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ അവലോകനം ചെയ്തു.

Published

|

Last Updated

ന്യൂയോര്‍ക്ക്/റിയാദ് | പശ്ചിമേഷ്യന്‍ സമാധാന പ്രക്രിയയ്ക്കുള്ള യൂറോപ്യന്‍ യൂണിയന്‍ പ്രത്യേക പ്രതിനിധി ക്രിസ്റ്റോഫ് ബിഗോട്ടും ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി സി സി) സെക്രട്ടറി ജനറല്‍ ജാസിം അല്‍ബുദൈവിയും കൂടിക്കാഴ്ച നടത്തി.

ന്യൂയോര്‍ക്കിലെ യു എന്‍ ആസ്ഥാനത്ത്, ഫലസ്തീന്‍ പ്രശ്നത്തിന്റെ സമാധാനപരമായ പരിഹാരവും ദ്വിരാഷ്ട്ര പരിഹാരം നടപ്പിലാക്കലും സംബന്ധിച്ച ഐക്യരാഷ്ട്രസഭയുടെ ഉന്നതതല മന്ത്രിതല സമ്മേളനത്തിനിടെയായിരുന്നു കൂടിക്കാഴ്ച. ഫലസ്തീന്‍ പ്രശ്‌നത്തിലെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ ഉള്‍പ്പെടെ നിരവധി പ്രധാന വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ അവലോകനം ചെയ്തു. അന്താരാഷ്ട്ര നിയമസാധുതയും അറബ് സമാധാന സംരംഭവും അടിസ്ഥാനമാക്കിയുള്ള സമാധാന പ്രക്രിയയെ പിന്തുണയ്ക്കുന്നതിനുള്ള പ്രാദേശിക, അന്തര്‍ദേശീയ ശ്രമങ്ങളും ചര്‍ച്ചയായി.

ഗസ്സ മുനമ്പിലെ ഫലസ്തീന്‍ ജനതയ്ക്കു മേലുള്ള ഉപരോധം നീക്കുന്നതിനുള്ള സംയുക്ത ശ്രമങ്ങളുടെ പ്രാധാന്യം, മേഖലയിലെ ദുരിതപൂര്‍ണമായ സാഹചര്യങ്ങള്‍ ലഘൂകരിക്കുന്നതിന് എല്ലാത്തരം മാനുഷിക സഹായങ്ങളും ലഭ്യമാക്കേണ്ടതിന്റെ അടിയന്തരാവശ്യം, ഇസ്‌റാഈലി അധിനിവേശം അവസാനിപ്പിക്കുന്നതിനും മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും ഭീഷണിയായ എല്ലാ നിയമവിരുദ്ധ നടപടികളും നിര്‍ത്തലാക്കുന്നതിനുമുള്ള അന്താരാഷ്ട്ര ശ്രമങ്ങള്‍ ശക്തമാക്കേണ്ടതിന്റെ ആവശ്യകത എന്നിവയും ചര്‍ച്ചാവിഷയമായി.

സംയുക്ത ഏകോപനവും സഹകരണവും ശക്തിപ്പെടുത്താനും പ്രാദേശികവും അന്തര്‍ദേശീയവുമായ സുരക്ഷയും സ്ഥിരതയും പ്രോത്സാഹിപ്പിക്കാനും കൂടിക്കാഴ്ചയില്‍ ധാരണയായി. പശ്ചിമേഷ്യയില്‍ നീതിയുക്തവും ശാശ്വതവുമായ സമാധാനം കൈവരിക്കുക ലക്ഷ്യമിട്ടുള്ള എല്ലാ അന്താരാഷ്ട്ര സംരംഭങ്ങളെയും ശ്രമങ്ങളെയും പിന്തുണയ്ക്കുന്നതിനുമുള്ള ജി സി സിയുടെയും യൂറോപ്യന്‍ യൂണിയന്റെയും പ്രതിബദ്ധതയും ഇരുപക്ഷവും ആവര്‍ത്തിച്ചു.

 

Latest