From the print
ഇസ്റാഈൽ കൈയേറ്റത്തിന്റെ നാളുകൾ
ഗസ്സയിലെ 21 അനധികൃത കുടിയേറ്റ കേന്ദ്രങ്ങൾ പൊളിച്ചുമാറ്റിയത്, അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെയും കിഴക്കൻ ജറൂസലമിലെയും കുടിയേറ്റ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ഇസ്റാഈലിന് സഹായകമായെന്ന് അൽ ജസീറ പുറത്തുവിട്ട വിശകലന റിപോർട്ട് വ്യക്തമാക്കുന്നു.

ജറൂസലം | 2005 സെപ്തംബറിൽ ഇസ്റാഈൽ സേന ഗസ്സാ മുനമ്പിൽ നിന്ന് പൂർണമായി പിൻവാങ്ങിയെങ്കിലും ഇത് കൂടുതൽ കുടിയേറ്റങ്ങൾക്ക് വഴിതുറന്നതായി റിപോർട്ട്. ഗസ്സയിലെ 21 അനധികൃത കുടിയേറ്റ കേന്ദ്രങ്ങൾ പൊളിച്ചുമാറ്റിയത്, അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെയും കിഴക്കൻ ജറൂസലമിലെയും കുടിയേറ്റ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ഇസ്റാഈലിന് സഹായകമായെന്ന് അൽ ജസീറ പുറത്തുവിട്ട വിശകലന റിപോർട്ട് വ്യക്തമാക്കുന്നു.
പിൻവാങ്ങൽ
തന്ത്രപരമായ നീക്കം
പ്രധാനമന്ത്രിയായിരുന്ന ഏരിയൽ ഷാരോണിന്റെ നേതൃത്വത്തിൽ നടന്ന പിൻവാങ്ങൽ അധിനിവേശം അവസാനിപ്പിക്കുന്നതിനുള്ള നീക്കമായാണ് അന്ന് വിലയിരുത്തപ്പെട്ടത്. എന്നാൽ, ഇത് യഥാർഥത്തിൽ ഒരു തന്ത്രപരമായ നീക്കമായിരുന്നെന്ന് റിപോർട്ടിൽ പറയുന്നു. ഒറ്റപ്പെട്ട കുടിയേറ്റ കേന്ദ്രങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഉയർന്ന ചെലവും വലിയ ഫലസ്തീൻ ജനസംഖ്യയെ ഭരിക്കുന്നതിലുള്ള വെല്ലുവിളികളും കാരണമാണ് ഷാരോൺ ഈ തീരുമാനമെടുത്തത്. ഗസ്സയിലെ കുടിയേറ്റ കേന്ദ്രങ്ങൾ ഉപേക്ഷിച്ച് കൂടുതൽ തന്ത്രപ്രധാനമായ വെസ്റ്റ് ബാങ്കിലെ കുടിയേറ്റ മേഖലകളിൽ ഇസ്റാഈൽ പിന്നീട് പിടിമുറുക്കി.”ഹിത്‌നാത്കുത്’ (പിൻമാറ്റം) എന്ന് പേരിട്ട ഈ പദ്ധതി 2003 ഡിസംബറിലാണ് പ്രഖ്യാപിച്ചത്. തുടർന്ന് 2005ൽ ഗസ്സയിലെ 21 കേന്ദ്രങ്ങളും വടക്കൻ വെസ്റ്റ് ബാങ്കിലെ നാല് കേന്ദ്രങ്ങളും പൊളിച്ചുമാറ്റി. ഇതോടെ ഗസ്സയുടെ നിയന്ത്രണം ഇസ്റാഈൽ ഉപേക്ഷിച്ചു എന്ന് തോന്നിപ്പിക്കുകയും ചെയ്തു.
കുടിയേറ്റം: ജനീവ കൺവെൻഷന്റെ ലംഘനം
1967 ലെ യുദ്ധത്തിന് ശേഷം ഇസ്റാഈൽ പിടിച്ചടക്കിയ ഫലസ്തീൻ ഭൂമിയിലാണ് ഈ കുടിയേറ്റ കേന്ദ്രങ്ങൾ നിർമിച്ചത്.
അന്താരാഷ്ട്ര നിയമമനുസരിച്ച് ഇത്തരം കുടിയേറ്റങ്ങൾ നിയമവിരുദ്ധമാണ്. ഒരു അധിനിവേശ ശക്തിക്ക് സ്വന്തം പൗരന്മാരെ അധിനിവേശ പ്രദേശത്തേക്ക് മാറ്റിപ്പാർപ്പിക്കാൻ അവകാശമില്ല. ഇത് നാലാം ജനീവ കൺവെൻഷന്റെ ലംഘനമാണ്.
ഗസ്സയിലെ 21 കുടിയേറ്റ കേന്ദ്രങ്ങളിൽ 8,000ത്തോളം ഇസ്റാഈൽ കുടിയേറ്റക്കാരാണ് താമസിച്ചിരുന്നത്. ഗസ്സയിലെ ജനസംഖ്യയുടെ 0.6 ശതമാനം മാത്രമായിരുന്ന ഇവർ ഗസ്സയിലെ ഭൂമിയുടെ 20 ശതമാനം കൈവശം വെച്ചിരുന്നതായി റിപോർട്ടിൽ പറയുന്നു.
വെസ്റ്റ് ബാങ്കിലെ
കുടിയേറ്റം
ഗസ്സയിൽ നിന്ന് പിൻവാങ്ങിയ ശേഷം വെസ്റ്റ് ബാങ്കിലെ കുടിയേറ്റ പ്രവർത്തനങ്ങൾ ഇസ്റാഈൽ വലിയ തോതിൽ വർധിപ്പിച്ചു. നിലവിൽ 250ഓളം കുടിയേറ്റ കേന്ദ്രങ്ങളിലും ഔട്ട്പോസ്റ്റുകളിലുമായി 600,000 നും 750,000 നും ഇടയിൽ ഇസ്റാഈൽ കുടിയേറ്റക്കാർ താമസിക്കുന്നുണ്ട്.
ഈ കേന്ദ്രങ്ങൾ ഫലസ്തീനികൾക്ക് തങ്ങളുടെ ഭൂമിയിലേക്കുള്ള പ്രവേശനം തടയുകയും അവരുടെ സഞ്ചാര സ്വാതന്ത്ര്യം പരിമിതപ്പെടുത്തുകയും ചെയ്യുന്നു.
ഏറ്റവും പുതിയ റിപോർട്ടുകൾ അനുസരിച്ച്, ധനകാര്യ മന്ത്രി ബെസലേൽ സ്‌മോട്രിച്ച് കിഴക്കൻ ജറൂസലമിനും മാഅലേ അദുമിമിനും ഇടയിലുള്ള തന്ത്രപ്രധാനമായ സ്ഥലത്ത് 3,400 പുതിയ ഭവന യൂനിറ്റുകൾ നിർമിക്കാൻ അനുമതി നൽകിയിട്ടുണ്ട്. ഈ നീക്കം സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം എന്ന ആശയത്തെ ദുർബലപ്പെടുത്തുമെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.