Kerala
വയനാട് ദുരന്തത്തെ എല്‍3 പട്ടികയില്‍ ഉള്‍പ്പെടുത്തണം: വി ഡി സതീശന്‍
ദേശീയ ദുരന്തമായി പ്രഖ്യാപില്ലെങ്കിലും അതിനനുസൃതമായ സഹായം കേരളത്തിന് നല്‍കാന്‍ കേന്ദ്രം തയ്യാറാകണം.
തിരുവനന്തപുരം | വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തെ എല്‍3 പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അന്താരാഷ്ട്ര തലത്തിലെ കാഴ്ചപ്പാട് അനുസരിച്ച് വയനാട് ദുരന്തത്തെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടതാണെന്ന് സതീശന്‍ പറഞ്ഞു. ദേശീയ ദുരന്തമായി പ്രഖ്യാപില്ലെങ്കിലും അതിനനുസൃതമായ സഹായം കേരളത്തിന് നല്‍കാന്‍ കേന്ദ്രം തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
ഓരോ കുടുംബങ്ങളെയും പ്രത്യേകം പ്രത്യേകം പരിഗണിച്ചുള്ള പുനരധിവാസമാണ് വയനാട്ടില്‍ നടപ്പാക്കേണ്ടത്. വാടക വീടുകള്‍ ഒരുക്കിനല്‍കണം. പുതിയ വീടുകളിലേക്ക് മാറാനുള്ള സൗകര്യങ്ങളും ദുരന്തത്തിന് ഇരയായവര്‍ക്ക് തൊഴിലും ഉറപ്പു വരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. സ്വയം തൊഴിലുകള്‍ കണ്ടെത്താനുള്ള സൗകര്യമൊരുക്കുന്നത് ഉള്‍പ്പെടെ സമഗ്രമായ ഒരു ഫാമിലി പാക്കേജ് എന്ന രൂപത്തില്‍ പുനരധിവാസ പദ്ധതി ആസൂത്രണം ചെയ്യണമെന്നും സതീശന്‍ നിര്‍ദേശിച്ചു.
ദേശീയ ദുരന്തമായി വയനാട് സംഭവത്തെ പ്രഖ്യാപിക്കുന്നത് സംബന്ധിച്ച കേന്ദ്രമന്ത്രി വി മുരളീധരന്റെ പ്രതികരണത്തിലെ വസ്തുതയെ കാണാതെ പോകുന്നില്ല. ദേശീയ ദുരന്തം എന്ന പ്രഖ്യാപനം ഇപ്പോഴില്ലെന്നത് ശരിയാണ്. എന്നാല്‍, അങ്ങനെയൊരും പ്രഖ്യാപനം നടത്തിയില്ലെങ്കിലും ആ നിലയ്ക്കുള്ള സഹായം ഉണ്ടാകണമെന്ന അഭ്യര്‍ഥനയാണ് മുന്നോട്ടു വെക്കുന്നത്.
ഭാവിയില്‍ ഇങ്ങനെ ഒരു അപകടം ഉണ്ടാകാതിരിക്കുന്നതിനായുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണം. മുന്നറിയിപ്പുകള്‍ നല്‍കുന്നതിന് സങ്കേതിക വിദ്യയെ ഉപയോഗപ്പെടുത്തിയുള്ള സംവിധാനം നടപ്പിലാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.