Education
കുട്ടികളുടെ കൊഴിഞ്ഞുപോക്കിൽ മുന്നിൽ വയനാട്; പഠനനിലവാരത്തിൽ പതിനാലാമത്
സ്‌കൂൾ തുറന്ന് രണ്ട് മാസം കഴിഞ്ഞിട്ടും പന്ത്രണ്ടായിരം കുട്ടികൾ സ്‌കൂളിലെത്തിയിട്ടില്ല.

കൽപ്പറ്റ | വയനാട് ജില്ലയിലെ സ്‌കൂളുകളിൽ നിന്ന് കുട്ടികളുടെ കൊഴിഞ്ഞുപോക്ക് വ്യാപകമാകുമ്പോഴും നിസ്സഹായരായി വിദ്യാഭ്യാസ വകുപ്പ്. സ്‌കൂൾ തുറന്ന് രണ്ട് മാസം കഴിഞ്ഞിട്ടും പന്ത്രണ്ടായിരം കുട്ടികൾ സ്‌കൂളിലെത്തിയിട്ടില്ല. ജില്ലയിലെ മൊത്തം കുട്ടികളുടെ പത്ത് ശതമാനം പേർ സ്‌കൂളിലെത്താതായിട്ടും വിദ്യാഭ്യാസ വകുപ്പിന് നേതൃത്വം കൊടുക്കാനായി വിദ്യാഭ്യാസ ഓഫീസർമാരെ നിയമിക്കാനോ കുട്ടികളെ കണ്ടെത്താനോ വകുപ്പിനായിട്ടില്ല. കണക്കനുസരിച്ച് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കുട്ടികൾ സ്‌കൂളിൽ വരാത്ത ജില്ലയാണ് വയനാട്. നവംബറിലെ കണക്ക് പ്രകാരം 9,545 കുട്ടികളാണ് സ്‌കൂളിലെത്താതെ മാറിനിൽക്കുന്നത്. വയനാട്ടിലെ വിളവെടുപ്പ് കാലമായ ഡിസംബർ മാസത്തിൽ സ്‌കൂളിലെത്താത്ത വിദ്യാർഥികളുടെ എണ്ണം പന്ത്രണ്ടായിരമായി ഉയരുകയായിരുന്നു. കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയാനായി എസ് എസ് കെയും ഡയറ്റും സമയബന്ധിതമായ പദ്ധതികളും പരിപാടികളും പ്രഖ്യാപിക്കാറുണ്ടെങ്കിലും വിദ്യാഭ്യാസ വകുപ്പിന്റെ ഏകോപനമില്ലായ്മ മൂലം പദ്ധതികൾ പലതും പ്രഖ്യാപനത്തിൽ ഒതുങ്ങാറാണ് പതിവ്.
ജില്ലയിൽ ഒന്ന് മുതൽ പത്ത് വരെ ക്ലാസ്സുകളിലായി 1,14,158 കുട്ടികളാണ് പഠിക്കുന്നത്. അതിൽ പന്ത്രണ്ടായിരത്തിലധികം കുട്ടികൾ നിലവിലിപ്പോൾ ക്ലാസ്സിലെത്തുന്നില്ല. അതായത് പത്ത് ശതമാനത്തിലധികം ഹാജരാവുന്നില്ലെന്നർഥം.
ഹയർ സെക്കൻഡറിയിൽ ഉൾപ്പെടെ കുട്ടികളുടെ കൊഴിഞ്ഞുപോക്ക് ഭീഷണി നിലനിൽക്കുകയാണ്. ഒന്ന് മുതൽ 12വരെ ക്ലാസ്സുകളിലായി പ്രവേശനം ലഭിച്ചിട്ടും ഇതുവരെ സ്‌കൂളിൽ വരാത്തത് 9,545 കുട്ടികളാണ്. എൽ പി വിഭാഗത്തിൽ 4,965 കുട്ടികളും യു പി വിഭാഗത്തിൽ 2,503 ഉം ഹൈസ്‌കൂളുകളിൽ 1,549 ഉം ഹയർ സെക്കൻഡറിയിൽ 528 കുട്ടികളും ഇതുവരെ ഹാജരായിട്ടില്ല. സ്‌കൂൾ രജിസ്റ്ററിലും മറ്റ് രേഖകളിലും കുട്ടികളുടെ പേരുണ്ട്. പക്ഷേ, ക്ലാസ്സിൽ ഇത് വരെ ഹാജരായിട്ടില്ലെന്ന് മാത്രം. ഹാജരാകാതിരിക്കുന്നവരിൽ ഭൂരിഭാഗവും ഗോത്ര വിദ്യാർഥികളാണ്. 7,450 ഗോത്ര കുട്ടികളാണ് സ്‌കൂളിലെത്താതെ മാറിനിൽക്കുന്നത്. വിദ്യാഭ്യാസ വകുപ്പിന് പുറമെ അവർക്ക് മാത്രമായി പ്രത്യേക വകുപ്പും സംവിധാനവും നിലവിലുണ്ടായിട്ടും ഗോത്ര വിദ്യാർഥികളെ കണ്ടെത്താനോ സ്‌കൂളിലെത്തിക്കാനോ ആയിട്ടില്ല.നവംബർ ഒന്നിന് സ്‌കൂൾ തുറന്നത് മുതൽ കുട്ടികളുടെ ഹാജർ വിവരം ഓരോ ദിവസവും ജില്ലാ- ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരെ സ്‌കൂൾ പ്രിൻസിപ്പൽമാരും ഹെഡ്മാസ്റ്റർമാരും അറിയിക്കാറുണ്ട്.
കൂടാതെ, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർമാരെയും അറിയിക്കും. അതിനിടെ, ജില്ലയിലെ വിദ്യാഭ്യാസ ഓഫീസർമാരുടെ അഭാവം വലിയ പ്രതിസന്ധി തീർക്കുകയാണ്. വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് മേൽനോട്ടവും ഏകോപനവും നടത്തേണ്ട ഓഫീസർമാരുടെ കസേരയിൽ ആളില്ല. ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ (ഡി ഡി ഇ), ജില്ലാ വിദ്യാഭ്യാസ ഓഫീസർ (ഡി ഇ ഒ), അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് (എ എ), അസിസ്റ്റന്റ് പ്രോവിഡന്റ് ഫണ്ട് ഓഫീസർ (എ പി എഫ് ഒ) തുടങ്ങി വിദ്യാഭ്യാസ ഓഫീസിലെ നാല് സുപ്രധാന കസേരകളാണ് ഒഴിഞ്ഞുകിടക്കുന്നത്.
98.13 ശതമാനം വിദ്യാർഥികളാണ് കഴിഞ്ഞ തവണ ജില്ലയിൽ എസ് എസ് എൽ സിയിലും പ്ലസ് ടുവിലും വിജയിച്ചത്. എസ് എസ് എൽ സിയിൽ സംസ്ഥാനത്തെ തന്നെ ഏറ്റവും കുറഞ്ഞ വിജയശതമാനമായിരുന്നു വയനാട്ടിലേത്. പ്ലസ് ടുവിൽ പത്തനംതിട്ടയാണ് ഏറ്റവും പിന്നിൽ. തൊട്ടുമുന്നിലാണ് വയനാടിന്റെ ഇടം. പൊതുപരീക്ഷകൾക്ക് പുറമെ എൽ എസ് എസ്, യു എസ് എസ് പരീക്ഷകളിലും കേന്ദ്ര ഗവൺമെന്റ് മൂന്ന്, അഞ്ച്, എട്ട് ക്ലാസ്സുകളിൽ നടത്തുന്ന ദേശീയ വിദ്യാഭ്യാസ ഗുണനിലവാര സർവേയിലും വയനാട് ജില്ലയാണ് സംസ്ഥാനത്ത് ഏറ്റവും പിന്നിൽ.
സ്‌കൂളുകളിൽ പൊതുപരീക്ഷക്കുള്ള മുന്നൊരുക്കങ്ങൾ നടക്കുന്ന സമയത്താണ് കുട്ടികൾ എത്താതിരിക്കുന്നത്. പഠനാസൂത്രണങ്ങളും പഠന ക്യാമ്പുകളും അധിക സമയ ക്ലാസ്സുകളും യൂനിറ്റ് പരീക്ഷകളും നടത്തി വിജയ ശതമാനം ഉയർത്താനുള്ള തീവ്രശ്രമങ്ങൾ നടത്തി വരികയാണ് അധികൃതർ. അതിനിടെയാണ് കുട്ടികളുടെ കൊഴിഞ്ഞുപോക്കിന്റെ കണക്ക് പുറത്തുവന്നിരിക്കുന്നത്.