Connect with us

From the print

കപ്പൽ ടിക്കറ്റിന് ക്ഷാമം ലക്ഷദ്വീപിലെത്താനാകാതെ വോട്ടർമാർ

ദ്വീപിന് പുറത്ത് മൂവായിരത്തിലേറെ പേർ

Published

|

Last Updated

കൊച്ചി | ഈ മാസം 19ന് ഒന്നാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന ലക്ഷദ്വീപിൽ വോട്ട് ചെയ്യാനെത്തേണ്ട കേരളത്തിലെ ദ്വീപ് നിവാസികൾക്ക് യാത്രാസൗകര്യമില്ലെന്ന് പരാതി. ചികിത്സാ, വ്യാപാര ആവശ്യങ്ങൾക്ക് ദ്വീപിൽ നിന്ന് കേരളത്തിലുൾപ്പെടെ എത്തിയവരാണ് കപ്പൽ ടിക്കറ്റ് കിട്ടാതെ പ്രതിസന്ധിയിലായത്. ലക്ഷദ്വീപിൽ നിന്നുള്ള വിദ്യാർഥികൾ, ഉദ്യോഗസ്ഥർ എന്നിവരെല്ലാമടക്കം 3000ത്തിലധികം പേർ കൊച്ചിയിൽ മാത്രമുണ്ട്. ഇവരിൽ ഏറെ പേർക്കും കപ്പലിൽ ടിക്കറ്റ് ലഭ്യമല്ലാത്ത അവസ്ഥയാണ് നിലവിലുള്ളതെന്നാണ് ആക്ഷേപം.

22 വരെയുള്ള കപ്പൽ സർവീസുകൾക്ക് ബുക്കിംഗ് തുടങ്ങിയെങ്കിലും പലർക്കും ടിക്കറ്റ് കിട്ടിയിട്ടില്ല. നിലവിൽ മുഴുവൻ ടിക്കറ്റുകളും ഓൺലൈനായാണ് നൽകുന്നത്. എന്നാൽ,സോഫ്‌റ്റ്‌വെയറിലെ തകരാർ ഉൾപ്പെടെയുള്ള കാരണത്താൽ പലർക്കും പേമെന്റ് വരെയെത്തി ടിക്കറ്റ് കിട്ടാത്ത അവസ്ഥയാണുള്ളത്. ഫാമിലി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ചിലരുടെ ടിക്കറ്റുകൾ ഉറപ്പാകാത്ത സ്ഥിതിയുമുണ്ട്.

ലക്ഷദ്വീപ് ഭരണകൂടം നേരിട്ടാണ് ടിക്കറ്റ് ബുക്കിംഗ് സൈറ്റ് നടത്തുന്നത്. ദ്വീപ് നിവാസികൾ നിരവധി തവണ ആവശ്യപ്പെട്ടിട്ടും വെബ്സൈറ്റിലെ ന്യൂനതകൾ പരിഹരിക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്. നേരത്തേ ലക്ഷദ്വീപിലേക്ക് കൗണ്ടർ ടിക്കറ്റുകളും നൽകിയിരുന്നു. 50-50 അനുപാതത്തിലായിരുന്നു ഓൺലൈൻ-ഓഫ്‌ലൈൻ ടിക്കറ്റുകൾ അനുവദിച്ചിരുന്നത്. അടുത്തിടെയാണ് ടിക്കറ്റ് വിൽപ്പന മുഴുവനും ഓൺലൈനിലാക്കിയത്. ഇതോടെയാണ് പലർക്കും ടിക്കറ്റ് കിട്ടാത്ത അവസ്ഥയുണ്ടായത്.

ടിക്കറ്റ് ബുക്ക് ചെയ്തവർ യാത്രക്ക് വരാതിരുന്നാൽ അത്തരം ടിക്കറ്റുകൾ തത്സമയം മറ്റ് യാത്രക്കാർക്ക് അനുവദിക്കുന്ന രീതി നിർത്തലാക്കിയതും തിരിച്ചടിയായി. ഇത്തരത്തിൽ സീറ്റുകൾ ഒഴിച്ചിട്ട് കപ്പലുകൾ പുറപ്പെടുന്നുമുണ്ട്. നേരത്തേ മംഗളൂരു, ബേപ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള സർവീസുകൾ ഭരണകൂടം നിർത്തലാക്കിയിരുന്നു. നിലവിൽ കൊച്ചിയിൽ നിന്ന് മാത്രമാണ് കപ്പൽ സർവീസുള്ളത്. വിമാന സർവീസ് ഉണ്ടെങ്കിലും ടിക്കറ്റ് നിരക്ക് താങ്ങാനാകാത്തതിനാൽ ഭൂരിഭാഗം പേരും കപ്പൽ യാത്രയാണ് തിരഞ്ഞെടുക്കുന്നത്.

എം വി കോറൽസ്, അറേബ്യൻ സീ, എം വി ലഗൂൺസ്, എം വി കവരത്തി കപ്പലുകളാണ് ഇപ്പോൾ ദ്വീപിലേക്ക് സർവീസ് നടത്തുന്നത്. ഇതിൽ എം വി കവരത്തിയിലാണ് കൂടുതൽ സീറ്റുകളുള്ളത് (600). ലഗൂൺ, കോറൽസ് കപ്പലുകളിൽ 400 പേർക്കാണ് യാത്ര ചെയ്യാനാകുക. അറേബ്യൻ സീയിൽ 200 പേർക്കും യാത്രാസൗകര്യമുണ്ട്. മൂവായിരത്തിലേറെ വോട്ടർമാർ നിലവിൽ ദ്വീപിന് പുറത്തുണ്ടെന്നും ഇതിൽ ആയിരത്തോളം പേർക്ക് ഇപ്പോഴും ടിക്കറ്റ് ഉറപ്പായില്ലെന്നും യൂത്ത് കോൺഗ്രസ്സ് ലക്ഷദ്വീപ് പ്രസിഡന്റ് അലി അക്ബർ പറഞ്ഞു. നിലവിൽ ദ്വീപുകൾ തമ്മിൽ സർവീസ് നടത്തുന്ന ചെറുകപ്പലുകൾ അധിക സർവീസിനായി ഉപയോഗിക്കാമെങ്കിലും അക്കാര്യം ഭരണകൂടം പരിഗണിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ദ്വീപിൽ മതിയായ സൗകര്യങ്ങളില്ലാത്തതിനാലാണ് പലരും ചികിത്സ, വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി വൻകരകളിലേക്ക് പോവുന്നത്. ഇവർക്ക് വോട്ടിംഗ് സൗകര്യം ഒരുക്കാനുള്ള ഉത്തരവാദിത്വം ദ്വീപ് ഭരണകൂടത്തിനുണ്ട്. എന്നാൽ, പോളിംഗ് കൂട്ടാൻ നടപടിയെടുക്കാതെ തികച്ചും നിരുത്തരവാദപരമായ നിലപാടാണ് ഭരണകൂടത്തിന്റേതെന്നും യൂത്ത് കോൺഗ്രസ്സ് ആരോപിച്ചു. അതേസമയം, ചെറിയ വോട്ടുകളുടെ വ്യത്യാസത്തിൽ ജയ പരാജയങ്ങൾ നിർണയിക്കുന്ന രാജ്യത്തെ ഏറ്റവും ചെറിയ ലോക്സഭാ മണ്ഡലമായ ലക്ഷദ്വീപിൽ ഓരോ വോട്ടിനും ഏറെ പ്രാധാന്യമുണ്ട്. 2019ൽ 823 വോട്ടുകൾക്കാണ് എൻ സി പിയുടെ മുഹമ്മദ് ഫൈസലിനോട് കോൺഗ്രസ്സിന്റെ മുഹമ്മദ് ഹംദുല്ല സഈദ് തോറ്റത്.

 

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest