vizhinjam port
വിഴിഞ്ഞം പദ്ധതി നിര്‍ത്തിവെക്കാനാവില്ല; പദ്ധതി ഉപേക്ഷിച്ചാല്‍ വിശ്വാസ്യത തകരും മുഖ്യമന്ത്രി
പേരില്‍ തന്നെ രാജ്യദ്രോഹിയുടെ നിലയുണ്ടെന്ന് പറയാന്‍ ഒരാള്‍ക്ക് കഴിയുന്നുവെന്ന് വന്നാല്‍ എന്താണ് അതിന്റെ അര്‍ഥം. എങ്ങോട്ടാണ് ഇത് പോകുന്നതെന്നും എന്ത് വികാരമാണ് ഇളക്കി വിടാന്‍ നോക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.

തിരുവനന്തപുരം | വിഴിഞ്ഞത്തെ അക്രമ സംഭങ്ങളില്‍ സമര സമിതിക്കെതിരെ രൂക്ഷ വിമര്‍ശമുന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഴിഞ്ഞം പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്നും പദ്ധതി നിര്‍ത്തണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നാടിന്റെ ശാന്തിയും സമാധാനവും തകര്‍ക്കാനുള്ള ശ്രമങ്ങളുണ്ടാകുന്നുണ്ട്. സര്‍ക്കാറിനെ വിരട്ടിക്കളയാമെന്ന് ആരും കരുതേണ്ടതില്ലെന്നും മുന്നറിയിപ്പ് നല്‍കി. പദ്ധതി നിര്‍ത്തിവച്ചാല്‍ അത് മോശം സന്ദേശം നല്‍കും. വിഴിഞ്ഞം പദ്ധതി ഉപേക്ഷിച്ചാല്‍ കേരളത്തിന്റെ വിശ്വാസ്യത തകരുന്ന സാഹചര്യമുണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഹരിതോര്‍ജ വരുമാന പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രി വി അബ്ദുറഹ്മാനെതിരെ വിഴിഞ്ഞം സമര സമിതി നേതാവ് ഫാ. തിയോഡോഷ്യസ് ഡിക്രൂസ് നടത്തിയ വര്‍ഗീയ പരാമര്‍ശത്തെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. നാല് തെറിവിളിച്ചാലും ഏത് വേഷമിട്ട് വന്നാലും സമാധാനവും ശാന്തിയും തകര്‍ക്കാന്‍ സമ്മതിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിയായി പ്രവര്‍ത്തിക്കുന്ന ഒരാളുടെ പേര് അബ്ദുർറഹ്മാന്‍ എന്നാണ്. ആ പേരില്‍ തന്നെ രാജ്യദ്രോഹിയുടെ നിലയുണ്ടെന്ന് പറയാന്‍ ഒരാള്‍ക്ക് കഴിയുന്നുവെന്ന് വന്നാല്‍ എന്താണ് അതിന്റെ അര്‍ഥം. എങ്ങോട്ടാണ് ഇത് പോകുന്നതെന്നും എന്ത് വികാരമാണ് ഇളക്കി വിടാന്‍ നോക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.
വിഴിഞ്ഞത്തെ സംഘര്‍ഷം സര്‍ക്കാറിനെതിരെയുള്ള നീക്കമല്ലെന്നും നാടിന്റെ മുന്നോട്ടുപോക്കിനെ തടയാനുള്ള ശ്രമമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. നാടിന്റെ സമാധാനം തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഈ കൂട്ടര്‍ പോലീസിനെതിരെ വ്യാപകമായി അക്രമം നടത്തി. പോലീസ് ഓഫീസറുടെ കാല് തല്ലിയൊടിച്ചു. നമ്മുടേത് പോലുള്ള സംസ്ഥാനത്തെ ഒരിക്കലും നടക്കില്ല എന്ന് നമ്മള്‍ കരുതിയ സംഭവമാണ് നടന്നത്. ഇത് എന്തിന് വേണ്ടിയാണെന്ന് നാം ചിന്തിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
നാടിന് ആവശ്യമുള്ള പദ്ധതിയെ എതിര്‍ക്കുന്നവരുണ്ട്. എന്നാല്‍, നാടിന്റെ ഭാവിയില്‍ താത്പര്യമുള്ള എല്ലാവരും സഹകരിക്കുകയും പിന്തുണ നല്‍കുകയും ചെയ്യുമെന്നാണ് സര്‍ക്കാറിന്റെ പ്രതീക്ഷ. ചില പദ്ധതികളുടെ പേരില്‍ സര്‍ക്കാറിനെ വല്ലാതെ ആക്രമിക്കുന്നു. പ്രക്ഷോഭത്തെ കണ്ട് വികസന പദ്ധതികളില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോകില്ല. സമരക്കാരുടെ ബാക്കി എല്ലാം ആവശ്യവും സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. എന്നാല്‍, പദ്ധതി നിര്‍ത്തണമെന്ന് ആവശ്യം അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.