Kannur
ഹിജ്റ അന്വേഷണ പഠന സഞ്ചാരത്തിന്റെ ദൃശ്യാവിഷ്‌കാരം നാളെ കണ്ണൂരില്‍
ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരി നേതൃത്വം നല്‍കും

കണ്ണൂര്‍ | അറേബ്യന്‍ പണ്ഡിത ഗവേഷകരോടൊപ്പം ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരി നടത്തിയ ഹിജ്റ അന്വേഷണ പഠന സഞ്ചാരത്തിന്റെ ദൃശ്യാവിഷ്‌കാരം ‘ഹിജ്റ എക്സ്പെഡിഷന്‍’ നാളെ കണ്ണൂര്‍ റബ്‌കോ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് എസ് വൈ എസ് ജില്ലാ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പ്രവാചകര്‍ മുഹമ്മദ് നബി (സ്വ) മക്കയില്‍ നിന്ന് മദീനയിലേക്ക് പോയ ചരിത്ര പലായനമാണ് ഹിജ്റ. നാഗരിക രാഷ്ട്ര നിര്‍മിതിക്ക് വേണ്ടിയുള്ള മക്കയിലെ ശ്രമങ്ങള്‍ക്ക് വിഘാതം വന്നപ്പോഴാണ് മതത്തിന്റെ പ്രബോധന-സാമൂഹിക സമുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ആസ്ഥാനമായി മദീനയെ തിരഞ്ഞെടുത്തത്. നശീകരണ പ്രവൃത്തികളുടെയും ഗൂഢമായ വധ ശ്രമങ്ങളുടെയും ഇടയിലൂടെ, വന്യമായ മരുഭൂമികളും വിജനതകളും താണ്ടിയാണ് പ്രവാച കരും സംഘവും മദീനയിലേക്ക് പോയത്. അവിടെ എത്തിയ ശേഷം തദ്ദേശീയര്‍ ഒരുക്കിയ സ്വീകരണവും പലായനം ചെയ്തെത്തിയവരോടുള്ള മാനവിക പരിഗണനയും ചരിത്രത്തില്‍ അതുല്യമാണ്.
ത്യാഗങ്ങളുടെയും ഉദാത്തമായ മാനുഷിക മൂല്യങ്ങളുടെയും ചരിത്രമാണ് ഹിജ്റയുടേത്. പ്രസ്തുത യാത്രയുടെ പൊരുളും വഴിയും തേടിയുള്ള അന്വേഷണ സംഘത്തോടൊപ്പം ചേര്‍ന്ന് അവതാരകന്‍ നടത്തിയ പഠനങ്ങളുടെ ദൃശ്യാവിഷ്‌കാരമാണ് ഹിജ്റ എക്സ്പെഡിഷന്‍. നാളെ വൈകിട്ട് 5.30ന് തുടങ്ങുന്ന പരിപാടിയില്‍ മദ്ഹ് പാരായണം, ഖവാലി തുടങ്ങിയ അവതരണങ്ങള്‍ നടക്കും. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷന്‍ പട്ടുവം കെ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരിയുടെ നേതൃത്വത്തില്‍ ഹിജ്റ എക്സ്‌പെഡിഷന്‍ ദൃശ്യാവിഷ്‌കാരം നടക്കും.
മുഹമ്മദ് റഫീഖ് അമാനി തട്ടുമ്മല്‍ അധ്യക്ഷത വഹിക്കും. സമസ്ത കേന്ദ്ര മുശാവറ അംഗം പരിയാരം അബ്ദുര്‍റഹ്്മാന്‍ മുസ്ലിയാര്‍, ഐ സി എഫ് യു എ ഇ നാഷനല്‍ പ്രസിഡന്റ് മുസ്തഫ ദാരിമി കടാങ്കോട്, സമസ്ത ജില്ലാ സെക്രട്ടറി പി പി അബ്ദുല്‍ ഹകീം സഅദി, കേരളാ മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് പി കെ അലി കുഞ്ഞി ദാരിമി, എസ് വൈ എസ് ജില്ലാ സെക്രട്ടറി സമീര്‍ ചെറുകുന്ന്, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് ബി എ അജീര്‍ സഖാഫി, എസ് ജെ എം ജില്ലാ പ്രസിഡന്റ് വി വി അബൂബക്കര്‍ സഖാഫി, എസ് എം എ ജില്ലാ സെക്രട്ടറി പി കെ അബ്ദുര്‍റഹ്്മാന്‍ സംബന്ധിക്കും. കുടുംബങ്ങളോടൊപ്പം പരിപാടി ശ്രവിക്കാന്‍ സൗകര്യമൊരിക്കിയിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് റഫീഖ് അമാനി തട്ടുമ്മല്‍, മുസമ്മില്‍ ചൊവ്വ, നവാസ് കൂറാറ, ഡി സി യൂനുസ് പങ്കെടുത്തു.