brahmapuram fire
വിഷപ്പുക: ഇന്ന് മുതൽ വീടുകളിൽ കയറി വിവരശേഖരണം
ലഭ്യമാകുന്ന വിവരങ്ങൾ അപ്പോൾ തന്നെ പരിശോധിക്കാനും ക്രമീകരണങ്ങൾ ഏർപ്പെടുത്താനും സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
 
		
      																					
              
              
            കൊച്ചി | ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ വിഷപ്പുക മൂലം വായു മലിനീകരണമുണ്ടായ സ്ഥലങ്ങളിൽ നടത്തുന്ന ആരോഗ്യ സർവേ ഇന്ന് ആരംഭിക്കും. ഇതിന്റെ ഭാഗമായി ആശാ പ്രവർത്തകർക്ക് പരിശീലനം നൽകി. മൂന്ന് സെഷനുകളിലായി 202 ആശാപ്രവർത്തകർക്കാണ് പരിശീലനം നൽകിയത്.
പൊതുജനാരോഗ്യ വിദഗ്ധ ഡോ. സൈറു ഫിലിപ്പിന്റെ നേതൃത്വത്തിലാണ് ആരോഗ്യ വകുപ്പും ആരോഗ്യ വിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച പരിശീലനം പൂർത്തീകരിച്ചത്. ഓരോ വീട്ടിലും കയറി ആരോഗ്യസംബന്ധമായ വിവരങ്ങൾ ശേഖരിക്കും. ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ചാണ് വിവരങ്ങൾ ചേർക്കുക. ലഭ്യമാകുന്ന വിവരങ്ങൾ അപ്പോൾ തന്നെ പരിശോധിക്കാനും ക്രമീകരണങ്ങൾ ഏർപ്പെടുത്താനും സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. കാക്കനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ സ്പെഷ്യാലിറ്റി റെസ്പോൺസ് സെന്റർ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തന സജ്ജമാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇന്ന് മുതൽ ഇത് പ്രവർത്തനമാരംഭിക്കും. പുക ശ്വസിച്ചതുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകൾ ഉള്ളവർക്ക് മതിയായ വിദഗ്്ധ ചികിത്സ ഉറപ്പുവരുത്താൻ ഇതിലൂടെ സാധിക്കും.
സംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളജുകളിലെ മെഡിസിൻ, പൾമണോളജി, ഓഫ്ത്താൽമോളജി, പീഡിയാട്രിക്, ഡെർമറ്റോളജി എന്നീ വിഭാഗം ഡോക്ടർമാരുടെ സേവനം ലഭ്യമാക്കും. എക്സ്റേ, അൾട്രാസൗണ്ട് സ്‌കാനിംഗ്, എക്കോ, കാഴ്ച പരിശോധന എന്നീ സേവനങ്ങൾ ലഭ്യമാകും. ഇതിനു പുറമെ, എല്ലാ അർബൻ ഹെൽത്ത് സെന്ററുകളിലും ശ്വാസ് ക്ലിനിക്കുകളും പ്രവർത്തനമാരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച മൊബൈൽ മെഡിക്കൽ യൂനിറ്റുകളിൽ ഇന്നലെ 73 പേർ ചികിത്സ തേടി. തമ്മനം, പൊന്നുരുന്നി ഭാഗങ്ങളിലാണ് നിലവിൽ മൊബൈൽ യൂനിറ്റുകൾ ഉള്ളത്.
ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങളെയും അനുബന്ധ രോഗാവസ്ഥകളെയും നിരീക്ഷിക്കുക, അടിയന്തര വൈദ്യ സഹായം ഫീൽഡ്തലത്തിൽ ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് മൊബൈൽ മെഡിക്കൽ യൂനിറ്റുകൾ പ്രവർത്തിക്കുന്നത്. തിങ്കളാഴ്ച രണ്ട് യൂനിറ്റുകളെയായിരുന്നു ഇതിനായി ചുമതലപ്പെടുത്തിയിരുന്നത്. ഇതിൽ ഒരെണ്ണം ആസ്റ്റർ മെഡിസിറ്റിയും രണ്ടാമത്തേത് ദേശീയ ആരോഗ്യ ദൗത്യവുമാണ് നടത്തുന്നത്. ചമ്പക്കര, വൈറ്റില, വെണ്ണല എന്നിവിടങ്ങളിലാണ് ഇതിനോടകം മൊബൈൽ യൂനിറ്റുകൾ സന്ദർശിച്ചത്.
ചമ്പക്കര എസ് എൻ ഡി പി ഹാളിന് സമീപം കുന്നര പാർക്കിൽ 25 പേരായിരുന്നു ചികിത്സ തേടിയെത്തിയത്. വൈറ്റില കണിയാമ്പുഴ എസ് ടി വൈ എൽ പി സ്‌കൂളിൽ 21 പേരും വെണ്ണലയിൽ 27 പേരും ചികിത്സ തേടി. യൂനിറ്റുകളിൽ മെഡിക്കൽ ഓഫീസർ, നഴ്സിംഗ് ഓഫീസർ, നഴ്സിംഗ് അസിസ്റ്റന്റ് എന്നിവരുടെ സേവനവും അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനുള്ള സ്റ്റെബിലൈസേഷൻ സംവിധാനവും നെബുലൈസേഷൻ അടക്കമുള്ള സേവനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. മിനി സ്‌പൈറോമീറ്റർ അടക്കമുള്ളവയും ഒരുക്കിയിട്ടുണ്ട്.

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          
