Connect with us

Kerala

മലയാളി വിദ്യാര്‍ഥികള്‍ക്ക് നേരെ അക്രമം; മധ്യപ്രദേശ് ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ച് മന്ത്രി ബിന്ദു

സംഭവത്തിനു പിന്നിലെ വംശീയ-വിഭാഗീയ മനസ് ഒരിക്കലും പൊറുപ്പിച്ചു കൂടാത്തതാണ്.

Published

|

Last Updated

തിരുവനന്തപുരം | ഇന്ദിരാഗാന്ധി നാഷണല്‍ ട്രൈബല്‍ യൂനിവേഴ്സിറ്റിയില്‍ മലയാളി വിദ്യാര്‍ഥികളോട് അതിക്രമം നടത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു മധ്യപ്രദേശ് ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ചു.

സര്‍വകലാശാലാ കാമ്പസിനുള്ളിലെ നിയന്ത്രിത പ്രദേശത്തുള്ള കുടിവെള്ള ടാങ്കില്‍ കയറിയതിനാണ് കുട്ടികളെ കൈയേറ്റം ചെയ്തത്. കുട്ടികള്‍ ചെയ്തത് പെരുമാറ്റച്ചട്ട ലംഘനമാണെങ്കിലും അവരെ ശാരീരികമായി ആക്രമിക്കുന്നത് ഒരിക്കലും ന്യായീകരിക്കാവുന്നതല്ലെന്ന് മന്ത്രി ഡോ. മോഹന്‍ യാദവിനയച്ച കത്തില്‍ മന്ത്രി പറഞ്ഞു.

സംഭവത്തിനു പിന്നിലെ വംശീയ-വിഭാഗീയ മനസ് ഒരിക്കലും പൊറുപ്പിച്ചു കൂടാത്തതാണ്. മാനുഷിക മൂല്യങ്ങളുടെയും ലിബറല്‍ തത്വങ്ങളുടെയും വിളക്കുമാടമായി പ്രവര്‍ത്തിക്കേണ്ട സര്‍വകലാശാലാ കാമ്പസില്‍ ഇങ്ങനെയൊരു ഹീനപ്രവൃത്തി ഒരുതരത്തിലും ഉണ്ടായിക്കൂടാ. നീചമായ ഈ അക്രമ പ്രവൃത്തിക്ക് രാജ്യത്തെ ഒരു നിയമത്തിന്റെയും അംഗീകാരമില്ല. മധ്യപദേശ് സര്‍ക്കാര്‍ ഒരിക്കലും അതിനു കൂട്ടുനില്‍ക്കില്ലെന്നു കരുതുന്നു. കാമ്പസിലെ കേരളീയ വിദ്യാര്‍ഥി സമൂഹത്തിന്റെ ആത്മവിശ്വാസം വീണ്ടെടുക്കുന്നതിനു പ്രത്യേക പരിഗണന നല്‍കണമെന്നും മന്ത്രി ബിന്ദു അഭ്യര്‍ഥിച്ചു.

 

Latest